Flash News

മോദി സര്‍ക്കാര്‍ ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കിയെന്ന് രാഷ്ട്രപതി

January 31, 2019

ram_3ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ രാജ്യത്തെ അഴിമതി തുടച്ചുമാറ്റിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്‌കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നാളെയാണ് കേന്ദ്രബജറ്റ്.

അഴിമതിയില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എല്ലാവര്‍ക്കും ലഭിക്കുന്ന, പട്ടിണിക്കാരായി ആരുമില്ലാത്ത ഇന്ത്യ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സമസ്ത മേഖലകളിലും രാജ്യത്തുടനീളം വളര്‍ച്ച കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് പൗരത്വ ഭേദഗതി ബില്‍ സഹായകരമാകുമെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഏറ്റവും വലിയ നടപടിയാണ് നോട്ടുനിരോധനമെന്നും അദ്ദേഹം പറഞ്ഞു.

ഉജ്ജ്വല പദ്ധതി പ്രകാരം ആറു ലക്ഷം കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു. കര്‍ഷകരെ കൂടുതല്‍ ശക്തരാക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MODI-2എന്നാല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ച കാര്യവും അഴിമതി വര്‍ദ്ധിച്ചെന്നുമുള്ള യഥാര്‍ത്ഥ ചിത്രം മറച്ചുവെച്ചാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനമെന്ന് വിലയിരുത്തുന്നു. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ആ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചതാകാം. കൃത്യം അഞ്ച് വര്‍ഷം മുന്‍പ് ഇതേ സമയത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി ഘോരഘോരം പ്രസംഗിച്ചത് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് എതിരെയാണ്. യുവാക്കളെ വഞ്ചിക്കുകയാണ് എന്നൊക്കെ പ്രസംഗിച്ചെങ്കിലും അധികാരത്തിലേറിയിട്ട് രാജ്യത്തെ യുവാക്കള്‍ നേരിടുന്ന വലിയ പ്രശ്‌നമായ തൊഴിലില്ലായ്മയ്ക്ക് എന്തെങ്കിലും പരിഹാരമായോ എന്ന് ചോദിച്ചാല്‍ ഇല്ല. മാത്രമല്ല കഴിഞ്ഞ 45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ ഇപ്പോഴത്തെ തൊഴിലില്ലായ്മ.

45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) 2017-18 വര്‍ഷത്തെ തൊഴില്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 6.1 ശതമാനമാണ് 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്ത് വിട്ടിരിക്കുന്നത്. 1972-73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് എന്ന പരാമര്‍ശം പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുണ്ട്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഡിസംബറില്‍ ഈ റിപ്പോര്‍ട്ട് സമര്‍ച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. 2016ല്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ തൊഴില്‍ റിപ്പോര്‍ട്ടാണിതെന്ന് പ്രത്യേകതയും ഉണ്ട്.

ഇടക്കാല ബജറ്റിന് തൊട്ടുമുമ്പായി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത് മൂര്‍ച്ചയേറിയ ആയുധം കൂടിയാണിത്.ഇതിന് മുമ്പ് 1972-73 കാലഘട്ടത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ (5.3%) തൊഴിലില്ലായ്മയെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ ഉയര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ റെക്കോര്‍ഡിലെത്തി ഏറ്റവും ഭീതിതമായ അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ പ്രാതിനിധ്യം വളെര കുറവാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും മലയാളിയുമായ പി.സി.മോഹനന്‍, അംഗം ജെ.വി.മീനാക്ഷി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത് കാര്യമായ ക്ഷീണമുണ്ടാക്കുമെന്നുള്ളതുകൊണ്ടാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top