ജനാധിപത്യത്തിന്റെ ശക്തിപോലെ തന്നെ പ്രധാനമാണു ജനപ്രാതിനിധ്യ നിയമങ്ങളുടെ പ്രസക്തിയും സംശുദ്ധിയും. വ്യക്തിശുചിത്വവും സേവന തത്പരതയുമാണ് ഓരോ സ്ഥാനാര്‍ഥിയെയും ജനപ്രിയരാക്കുന്നത്. അതിനൊപ്പം മികച്ച പ്രതിപക്ഷ ബഹുമാനവും അവരെ ജനകീയരാക്കുന്നു. ഇതെല്ലാം മറന്നും മാറ്റിവച്ചും കേവല നേട്ടത്തിനായി എന്തു നെറികേടുകള്‍ക്കും ചൂട്ടുപിടിക്കുന്നതാണ് ജനാധിപത്യത്തിന്റെ സംശുദ്ധി കുറയ്ക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ശക്തമായ ജനാധിപത്യ ബോധവുമുള്ള കേരളീയരിലും ജനപ്രാതിനിധ്യ നിയമങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ് അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പ് കേസുകളും പ്രതികൂല വിധികളും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഇടതു സ്വതന്ത്രന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി അതില്‍ അവസാനത്തേതാണ്.
2004ല്‍ പഴയ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതാണ് സമീപകാലത്തെ ഇത്തരത്തിലുള്ള ആദ്യത്തെ വിധി. വര്‍ഗീയ പരിഗണനകള്‍ ലഭിക്കുന്നതിനു വേണ്ടി വോട്ടര്‍മാര്‍ക്കിടയില്‍ തോമസ് ലഘുലേഖകള്‍ വിതരണം ചെയ്തെന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി ഇസ്മായിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതിനെതിരേ തോമസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി നേടാനായില്ല. രണ്ടു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട തോമസിന് അന്നത്തെ വിധി വലിയ തിരിച്ചടിയായിരുന്നു.
പിറവം നിയമസഭാ മണ്ഡലത്തില്‍ 2004ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ഥി എം.ജെ. ജേക്കബിനെതിരേ, യുഡിഎഫിലെ ടി.എം. ജേക്കബ് നല്കിയ ഹര്‍ജിയിലും സമാന വിധി ഉണ്ടായി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച എം.ജെ. ജേക്കബ് അനുകൂല വിധി നേടി.
2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ കേസുണ്ടായതും പ്രതികൂല വിധി ഉണ്ടായതും. അഴീക്കോട് മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി ആദ്യം റദ്ദാക്കിയത്. എതിര് സ്ഥാനാര്‍ഥിയായിരുന്ന ഇടതുമുന്നണിയിലെ എം.വി. നികേഷ് കുമാര്‍ നല്കിയ ഹര്‍ജി അംഗീകരിച്ച കോടതി, ഷാജി വോട്ട് നേടാന്‍ വര്‍ഗീയത ആയുധമാക്കിയെന്നാണു പറഞ്ഞത്. തന്റെ അറിവോടെയോ സമ്മതത്തോടെയോ പുറത്തിറക്കിയ ലഘുലേഖകളല്ല, കേസിനാസ്പദമായ രേഖയെന്നു ഷാജി വാദിച്ചെങ്കിലും തെളിവുകള്‍ എതിരായിരുന്നു. ശമ്പളവും അലവന്‍സുകളും യാത്രാ ബത്ത പോലുമില്ലാതെ, നിയമസഭാംഗത്വം നിലനിര്‍ത്തിയിരിക്കുന്ന ഷാജി, നിയമ പോരാട്ടം തുടരുകയാണ്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനെതിരേ ബിജെപിയിലെ കെ. സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അബ്ദുള്‍ റസാഖ് അന്തരിച്ചു. ഇതേത്തുടര്‍ന്നു ഹര്‍ജി പിന്‍വലിക്കുന്നോ എന്ന കോടതിയുടെ ചോദ്യത്തിനു തുടരാനാണു തീരുമാനമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഈ കേസുകളിലെല്ലാം തെരഞ്ഞെടുപ്പില്‍ മതതാത്പര്യങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണു കോടതി കണ്ടെത്തിയത്. ഇതു ജനപ്രാതിനിധ്യ നിയമങ്ങള്‍ക്ക് എതിരാണ്.
നിയമപരം മാത്രമല്ല, ധാര്‍മികതയുടെ കൂടി ലംഘനമാണ് രാഷ്ട്രീയത്തിലേക്കു മതങ്ങളെയും അതിന്റെ സ്വാധീനങ്ങളെയും കൊണ്ടുവരുന്നത്. നിയമങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ സീറ്റ് വിഭജനം വരെ എല്ലാത്തിലും മതവും ജാതിയും മുഖ്യ പരിഗണന ആക്കാറുണ്ട് എല്ലാ കക്ഷികളും. തീവ്ര നിലപാടുകളുള്ള ഇടതുപക്ഷ പാർട്ടികള്‍ പോലും അതില്‍ നിന്നു ഭിന്നമല്ല. ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതു കൊണ്ട് മാത്രം, തെരഞ്ഞെടുപ്പിലെ ജാതി, മത സ്വാധീനം കുറയാന്‍ പോകുന്നില്ല.
തെരഞ്ഞെടുപ്പില്‍ ഇത്തരം സ്വാധീനങ്ങള്‍ ശക്തമാകുന്നതാണ് പല പ്രീണനങ്ങള്‍ക്കും കാരണം. പ്രീണിപ്പിക്കപ്പെടുന്നവരുടെ സ്വാധീനം, മറ്റുള്ളവരെ ദുര്‍ബലപ്പെടുത്തും. സമൂഹത്തില്‍ ഇന്നു കാണുന്ന പല അസമത്വങ്ങള്‍ക്കും കാരണം ഇത്തരം പ്രീണനങ്ങളാണ്. അതൊഴിവാക്കാനുള്ള നിയമനിര്‍മാണമല്ല, രാഷ്ട്രീയ കക്ഷികളുടെ മനസാന്നിധ്യവും നീതിബോധവുമാണ് ജാതി മത വോട്ട് ബാങ്കുകളില്‍ നിന്ന് ജനാധിപത്യത്തെ മോചിപ്പിക്കേണ്ടത്.
ചീഫ് എഡിറ്റര്‍