Flash News

ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തിന്റെ വിശ്വാസ്യത തകര്‍ക്കരുത് (എഡിറ്റോറിയല്‍)

January 23, 2019

EVM-VVPATഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമായ വോട്ടിംഗ് മെഷീന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തു കൊണ്ട് വിദേശത്തിരുന്ന് ഒരു ഇന്ത്യന്‍ പൗരന്‍ വിവാദ വാര്‍ത്താസമ്മേളനം നടത്തിയത്. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ മുന്‍കൈയെടുത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷനെയും രാജ്യത്തെ പ്രധാന പാര്‍ട്ടികളുടെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയതു കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ മാത്രം. പത്രസമ്മേളനം നടത്തിയ സയീദ് ഷൂജ, താന്‍ നേരത്തേ ഇലക്‌ട്രോണിക്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയിലെ സാങ്കേതിക വിദഗ്ധനായിരുന്നു എന്നാണു പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ തിരിച്ചറിയല്‍ മുതല്‍, വിവാദ വെളിപ്പെടുത്തല്‍ വരെ എല്ലാം ദുരൂഹമാണ്. എന്നാല്‍, ഉന്നയിക്കപ്പെട്ട ആരോപണം ഇന്ത്യയില്‍ മാത്രമല്ല, വിദേശങ്ങളില്‍പ്പോലും വലിയ അനുരണനങ്ങളുണ്ടാക്കുന്നു.

പത്തു വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിലെയും ഇലക്‌ട്രോണിക്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയിലെയും എന്‍ജിനീയര്‍മാര്‍ ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. 1982ല്‍ കേരളത്തില്‍ വടക്കന്‍ പറവൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിക്കുകയും 1999ലെ ദേശീയ പൊതു തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ച്ചയായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്തതാണ് ഇലക്‌ട്രോണിക് വോട്ടിങ് സമ്പ്രദായം. അതിന്‍റെ വിശ്വാസ്യത രാജ്യത്തിനകത്തു തന്നെ പല കേന്ദ്രങ്ങളും ചോദ്യം ചെയ്തിട്ടുള്ളതും പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിട്ടുള്ളതുമാണ്. തന്നെയുമല്ല, ഗോഹട്ടി ഹൈക്കോടതി അടക്കം പല കോടതികളിലും ഇതു സംബന്ധിച്ച കേസുകളും നിലവിലുണ്ട്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27ന് ഏഴു ദേശീയ പാര്‍ട്ടികളുടെയും 51 പ്രാദേശിക കക്ഷികളുടെയും പ്രതിനിധികളെ തെരഞ്ഞെടുപ്പു കമ്മിഷന്‍ ക്ഷണിച്ചുവരുത്തി, വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യത തെളിയിച്ചതാണ്. പക്ഷേ, അടുത്ത പൊതു തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ മതിയെന്നായിരുന്നു 17 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഈ ആവശ്യം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ സാന്നിധ്യത്തില്‍ വിദേശത്തിരുന്ന് സയീദ് ഷൂജയുടെ വാര്‍ത്താസമ്മേളനം എന്നതും എടുത്തു പറയണം.

ഇലക്‌ട്രോണിക് വോട്ടെടുപ്പ് പ്രാകൃതമോ അപരിഷ്കൃതമോ അല്ല. ഇന്ത്യയെപ്പോലെ വളരെ വിസ്തൃതവും നൂറുകോടിയോളം വോട്ടര്‍മാരുമുള്ള ഒരു രാജ്യത്ത് വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഫലപ്രദവും വേഗത്തിലുമാക്കുന്നതിന് ഈ സമ്പ്രദായം അനുയോജ്യമാണ്. പക്ഷേ, അതിന്‍റെ വിശ്വാസ്യത കൂടി ഉറപ്പു വരുത്താന്‍ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മിഷനു ബാധ്യതയുമുണ്ട്. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണം മറികടക്കാന്‍, വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് (വിവിപാറ്റ്) എന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയാല്‍ അതിന്‍റെ പേപ്പര്‍ പ്രിന്‍റ് വോട്ടിങ് മെഷീന്‍ തന്നെ കൗണ്ടര്‍ ഫോയിലായി പ്രിന്‍റ് ചെയ്തു സൂക്ഷിക്കുന്നതാണ് ഈ സമ്പ്രദായം. ഫലപ്രഖ്യാപനത്തിനു ശേഷം ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമോ കേസുകളോ ഉണ്ടായാല്‍ വോട്ടര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വിവിപാറ്റ് പരിശോധിച്ച് വോട്ട് ഉറപ്പാക്കാനാകും. ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വിവിപാറ്റ് ഏർപ്പെടുത്തും.

ലോകത്തെ വന്‍കിട ബാങ്കുകളുടെ സ്വകാര്യ സര്‍വറുകളിലേക്കു വരെ കംപ്യൂട്ടര്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്ന ഇക്കാലത്ത്, ഏത് ഇലക്‌ട്രോണിക് ഉപകരണത്തിന്‍റെയും സ്വകാര്യത തകര്‍ക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ ഹാക്കര്‍മാര്‍ക്കു കഴിയും. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങളെല്ലാം മറികടക്കാനുള്ള മികവ് അത് ഏര്‍പ്പെടുത്തുന്ന സാങ്കേതിക വിദഗ്ധര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ, വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കുകയല്ല, കൃത്രിമം കാണിക്കാനുള്ള പഴുതുകള്‍ ഇല്ലാതാക്കുകയാണു വേണ്ടത്. വോട്ടിങ് മെഷീന്‍റെ വരവോടെ, ബാലറ്റ് പേപ്പര്‍ ഒഴിവാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനു മാത്രം 10,000 ടണ്‍ കടലാസാണ് ലാഭിക്കുന്നത്. ബാലറ്റ് പെട്ടികള്‍ കൈകാര്യം ചെയ്യുന്ന ചെലവ്, സൂക്ഷിക്കുന്നതിലെ എളുപ്പം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിഫലത്തിലെ കുറവ്, വോട്ടെണ്ണലിന്‍റെ വേഗം തുടങ്ങി പല നേട്ടങ്ങളുമുണ്ട് വോട്ടിങ് മെഷീന്.

തെരഞ്ഞെടുപ്പിനു മുന്‍പ്, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളില്‍ വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനവും സുതാര്യതയും വിവിപാറ്റിന്‍റെ വിശ്വാസ്യതയും ഉറപ്പാക്കി, വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ ദൂരീകരിക്കണം. വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുണ്ടാകുന്ന മുഴുവന്‍ സംശയങ്ങളും മാറ്റിയെടുക്കാന്‍ ഇനിയുള്ള മൂന്നു മാസക്കാലം തെരഞ്ഞെടുപ്പു കമ്മിഷന്‍ മുന്നോട്ടു വരണം. ജനാധിപത്യ സംരക്ഷണത്തിനും ജനകീയ സര്‍ക്കാരുകള്‍ക്കും വേണ്ടി സഹസ്രകോടികള്‍ ചെലവഴിച്ചു നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയ്ക്കു കളങ്കം വരുത്തുന്ന തരത്തില്‍ ആരെങ്കിലും ബോധപൂര്‍വം ശ്രമിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനും നീതിന്യായ കോടതികളും മുന്നിട്ടിറങ്ങുകയും വേണം. കാര്യമായ ഒരു തെളിവുമില്ലാതെ, വോട്ടിങ് മെഷീന്‍റെ വിശ്വാസ്യത വിദേശത്തിരുന്നു വെല്ലുവിളിച്ച സയീദ് ഷൂജയ്ക്കെതിരേ ശക്തമായ നിയമപോരാട്ടവും അനിവാര്യം തന്നെ.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top