ചിക്കാഗോ: ധ്രുവങ്ങളിലെ ന്യൂനമര്‍ദ്ദമേഖലകളില്‍ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റില്‍ യുഎസ് വിറയ്ക്കുന്നു. അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ 10 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. താപനില അപാരമായ നിലയില്‍ താഴ്ന്ന ‘പോളാര്‍ വോര്‍ടെക്സ്’ പ്രതിഭാസത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ശീതക്കൊടുങ്കാറ്റിലും മഞ്ഞു വീഴ്ചയിലുമായി നിരവധി പേര് ദുരിതം അനുഭവിക്കുന്നതായി വിവരങ്ങള്‍ പുറത്തു വരുന്നു.
ഉത്തരധ്രുവത്തില്‍ കറങ്ങിത്തിരിയുന്ന പോളാര്‍ വോര്‍ടെക്സ് എന്ന ന്യൂനമര്‍ദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കന്‍ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ചിക്കാഗോ അടക്കമുള്ള വടക്കന്‍ പ്രദേശങ്ങളില്‍ മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുമെന്ന് നാഷണല്‍ വെതര്‍ സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്തു.
പലയിടങ്ങളിലും അഞ്ചടിയുടെ മുകളിലാണ് മഞ്ഞ് പുതഞ്ഞ് കിടക്കുന്നത്. നിരവധി പേര് വാഹനങ്ങളിലും വീടുകളിലും കുടുങ്ങി. റോഡുകളിലെ മഞ്ഞു നീക്കാനായി നൂറോളം സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ കനത്ത ശീതകാറ്റടിക്കുന്നുണ്ട്. നദികളിലെ വെള്ളച്ചാട്ടത്തെ ഐസുചാട്ടം എന്ന് വിളിക്കേണ്ട സ്ഥിതിയായിരിക്കുന്നു. യുഎസ്സിന്റെ വടക്കുകിഴക്കന്‍ മേഖലകളിലാണ് തണുപ്പ് അപകടകരമാംവിധം ഉയര്‍ന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകള്‍ മുതല്‍ മെയ്നെ വരെയുള്ള പ്രദേശങ്ങളില്‍ കടുത്ത തണുപ്പ് ബാധിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച അലബാമ, ചിക്കാഗോ തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
പുജ്യം ഡിഗ്രിക്കു താഴേക്ക് താപനില താഴ്ന്നതോടെ നഗരങ്ങളില്‍ ‘ഉഷ്ണകേന്ദ്ര’ങ്ങള് തുടങ്ങിയിട്ടുണ്ട് സര്‍ക്കാരുകള്‍. നൂറുകണക്കിന് സ്കൂളുകള്‍ പൂട്ടിക്കിടക്കുകയാണ്. ആയിരത്തിലധികം വിമാനയാത്രകള്‍ ഇതിനകം റദ്ദാക്കപ്പെട്ടിട്ടുണ്ട്.
മരവിപ്പിക്കുന്ന കാറ്റ് പല സ്ഥലങ്ങളിലും വീശിക്കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഡക്കോട്ട മുതല്‍ പെന്‍സില്‍വാനിയ വരെയുള്ള സംസ്ഥാനങ്ങളില്‍ 50 ദശലക്ഷത്തിലധികം ആളുകളെ അതിശൈത്യം ബാധിക്കും. ഇല്ലിനോയിസ്, മിഷിഗണ്‍, വിസ്കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് പോസ്റ്റല്‍ മെയില്‍ സര്‍വ്വീസുകള്‍ വിതരണം പല സ്ഥലങ്ങളിലും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
സാധ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കി ജനജീവിതം സുഗമമാക്കാന്‍ ശ്രമം നടത്തുവാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചു വരുന്നു. യാത്ര ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പത്ത് മിനിറ്റു നേരം തണുത്ത കാലാവസ്ഥയില്‍ കഴിഞ്ഞാല്‍ അത് ശീതവീക്കത്തിന് (frostbite) കാരണമാകും. ജീവാപായ സാധ്യതയുള്ള ഒരു സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news