വോട്ട് നോട്ടമിട്ടുള്ള കേന്ദ്രബജറ്റ് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം: ഇന്‍ഫാം

Title 2019കോട്ടയം: വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിലെ വോട്ട് നോട്ടമിട്ടുള്ള കേന്ദ്രബജറ്റിലെ കര്‍ഷകക്ഷേമ പ്രഖ്യാപനങ്ങള്‍ കര്‍ഷകര്‍ക്ക് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നും നാലരവര്‍ഷക്കാലം കൊണ്ട് കാര്‍ഷിക ഗ്രാമീണ മേഖലയെ തകര്‍ത്തവര്‍ നാലുമാസംകൊണ്ട് കര്‍ഷകരെയൊന്നാകെ രക്ഷിക്കുമെന്ന ഇടക്കാല ധനമന്ത്രിയുടെ ഇടക്കാലബജറ്റ് പ്രഖ്യാപനം വിചിത്രമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

നാലുവര്‍ഷംകൊണ്ട് രാജ്യത്തിന്‍റെ പൊതുക്കടം 49 ശതമാനം വര്‍ദ്ധിച്ച് 82 ലക്ഷം കോടിയിലെത്തിയിരിക്കുമ്പോള്‍ വരുന്ന ഏഴുവര്‍ഷംകൊണ്ട് കമ്മി കുറയ്ക്കുമെന്ന പ്രഖ്യാപനം വിചിത്രമാണ്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടെത്തുന്ന പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി ഗ്രാമീണ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. കിസാന്‍ ക്രഡിറ്റ് കാര്‍ഡിലെ 2 ശതമാനം പലിശയിളവ് ആവര്‍ത്തനമാണ്. 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും നടപടിക്രമങ്ങളില്‍ മുന്നോട്ടുപോകുവാനുള്ള സാധ്യത മങ്ങുന്നു.

പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളേണ്ടവര്‍ 2 ശതമാനം പലിശയിളവ് മാത്രം പ്രഖ്യാപിച്ചത് ദുഃഖകരമാണ്. റബര്‍, കുരുമുളക്, ഏലം ഉള്‍പ്പെടെ വിവിധ വിളകള്‍ക്ക് യാതൊരുവിധ സഹായവുമില്ലാത്ത ബജറ്റ് കേരളത്തിലെ കര്‍ഷകര്‍ക്ക് വന്‍ ഇരുട്ടടിയാണ്. ഫിഷറീസിനുവേണ്ടി പ്രത്യേക വകുപ്പ് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദനച്ചെലവിന്‍റെ ഒന്നരയിരട്ടിയായി അടിസ്ഥാനവില, കര്‍ഷകവരുമാനം ഇരട്ടിയാക്കും എന്നിങ്ങനെ നിരന്തരം ആവര്‍ത്തിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പിലായിട്ടില്ല. മുന്‍വര്‍ഷങ്ങളിലെ ബജറ്റുകളിലെ ഒട്ടേറെ ക്ഷേമപ്രഖ്യാപനങ്ങള്‍ക്കുശേഷം കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ വീണ്ടും നടപടികള്‍ക്ക് അവസരമില്ലാത്തതും, അപ്രായോഗികവുമായ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചിരിക്കുന്നു. നോട്ടുനിരോധനത്തിന്‍റെയും മുന്നൊരുക്കമില്ലാത്ത ജിഎസ്ടി നടപ്പാക്കലിന്‍റെയും ദുരിതം പേറുന്ന ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് രക്ഷനേടാനുള്ള പിടിവള്ളികളൊന്നും ഈ ബജറ്റിലില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവിലപോലും കര്‍ഷകന് ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരക്ഷാപ്രഖ്യാപനം ആവര്‍ത്തിക്കുന്നത് വിരോധാഭാസമാണ്.

2014ലെ ബജറ്റിനുശേഷം കര്‍ഷകര്‍ നേരിട്ട വന്‍ വിലത്തകര്‍ച്ചയും രാജ്യത്തുടനീളമുണ്ടായ കര്‍ഷക ആത്മഹത്യകളും കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ മറച്ചുവച്ചു. കാര്‍ഷികദുരിതവും തൊഴിലില്ലായ്മയും മറികടക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും ബജറ്റിലില്ലെന്നു മനസിലാക്കണമെങ്കില്‍ കഴിഞ്ഞ അഞ്ചു ബജറ്റുകളിലെ പ്രഖ്യാപനങ്ങളുമായി താരതമ്യപഠനം വേണം. ഗ്രാമങ്ങളിലെ കൃഷി ഉപേക്ഷിച്ച് ജോലിതേടി നഗരങ്ങളിലേയ്ക്കൊഴുകുന്ന ഇന്ത്യയിലെ കര്‍ഷകജനതയ്ക്കും ഗ്രാമീണ യുവാക്കള്‍ക്കും കൃഷിയില്‍ കൂടുതല്‍ പ്രതീക്ഷനല്‍കാന്‍ ഈ ബജറ്റിനായിട്ടില്ല. അടിസ്ഥാനവില നിശ്ചയിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കാര്‍ഷികോല്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും നിര്‍ദ്ദേശിക്കാത്ത കേന്ദ്രബജറ്റ് ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് നിരാശവിതയ്ക്കുന്നതാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News