ഷഷ്ഠിപൂര്‍ത്തി നിറവില്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

Newsimg1_29245385ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ശനിയാഴ്ച ഷഷ്ടിപൂര്‍ത്തി. ആഗോള കത്തോലിക്കാ സഭയുടെ നയതന്ത്രജ്ഞനായി തിളങ്ങിയ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഫരീദാബാദ് രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായിട്ട് ഏഴു വര്‍ഷമായി. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു ഫലപ്രദമായ നേതൃത്വം നല്‍കാനും പുതുതായി രൂപീകരിച്ച രൂപതയെ വളര്‍ച്ചയുടെ വിവിധ തലങ്ങളിലേക്കു കൈപിടിച്ചുയര്‍ത്താനും കഴിഞ്ഞ ഇടയന് ഷഷ്ടിപൂര്‍ത്തി ജീവിതയാത്രയിലെ മറ്റൊരു നാഴികക്കല്ലു മാത്രം. സഹവൈദികരും സന്യസ്തരും വിശ്വാസികളും നല്‍കിയ വലിയ പിന്തുണയാണു ദൈവനിയോഗം നന്നായി നിര്‍വഹിക്കാന്‍ വഴിതെളിച്ചതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ദീപികയോടു പറഞ്ഞു.

ജസോളയിലെ ഫാത്തിമ മാതാവിന്‍റെ പള്ളിയില്‍ ഫെബ്രുവരി രണ്ടിന് (ശനി) പ്രത്യേക കൃതജ്ഞതാ ബലിയോടെയാണു ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്നത്. രാവിലെ പത്തിന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും പങ്കുചേരും. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

നാല്പതു വര്‍ഷം മുന്പ് 1978ല്‍ ഉത്തരേന്ത്യയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിലേക്ക് കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തോടെ തുടക്കം കുറിച്ച ഡല്‍ഹി സീറോ മലബാര്‍ മിഷന്‍റെ പൂര്‍ത്തീകരണമായിരുന്നു ഫരീദാബാദ് രൂപതയും പ്രഥമ ഇടയനായുള്ള ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസിന്‍റെ നിയമനവും. 2012 മേയ് 26ന് ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്ന ആര്‍ച്ച്ബിഷപ്പിന്‍റെ സ്ഥാനാരോഹണ ചടങ്ങു മുതല്‍ വലിയ വിജയങ്ങളുടെ പരന്പരയാണു ഫരീദാബാദ് രൂപതയ്ക്ക് ഈ ഇടയന്‍ സമ്മാനിച്ചത്.

ദേശീയ തലസ്ഥാനത്തിനു പുറമെ ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളും യുപിയിലെ ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍ ജില്ലകളും ഉള്‍പ്പെട്ട 9.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള അതിവിശാലമായ ഫരീദാബാദ് രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയുടെ വേഗം അതിശയിപ്പിക്കും. ജര്‍മനിയിലെ വത്തിക്കാന്‍ നുണ്‍ഷിയേച്ചറിന്‍റെ ഉപമേധാവി സ്ഥാനത്തു നിന്നു ഹിന്ദിയും മലയാളവും സംസാരിക്കുന്ന പതിനായിരക്കണക്കിനു വിശ്വാസിസമൂഹത്തെ നയിക്കാനെത്തിയ പിതാവ് പക്ഷേ അന്പരപ്പിക്കുന്ന വേഗതിയിലാണ് രൂപതയിലെ പ്രിയ ഇടയനായി മാറിയത്. അന്പത്തിരണ്ടാം വയസില്‍ തുടങ്ങിയ ദൗത്യം ഏഴു വര്‍ഷം പിന്നിടുന്‌പോള്‍ രൂപതയ്ക്കും സീറോ മലബാര്‍ സമൂഹത്തിനും ദൈവകൃപയുടെയും സംതൃപ്തിയുടെയും കാലങ്ങളായി.

സീറോ മലബാര്‍ സഭയുടെ വടക്കേയിന്ത്യയിലെ പ്രഥമ രൂപതയുടെ ശൈശവാവസ്ഥ പിന്നിടുന്ന ആദ്യ വര്‍ഷത്തില്‍ തന്നെ ഡല്‍ഹി നഗരമധ്യത്തിലെ കരോള്‍ ബാഗിള്‍ വിശാലമായ രൂപതാ ആസ്ഥാനം സ്വന്തമാക്കാനായത് മാര്‍ കുര്യാക്കോസിന്‍റെ നേതൃപാടവത്തിന്‍റെ ചെറിയൊരു ഉദാഹരണമായിരുന്നു. തുടര്‍ന്നിങ്ങോട്ടു പുതിയ ഇടവകകളും ദിവ്യബലി കേന്ദ്രങ്ങളും വൈദിക സെമിനാരിയും ആശുപത്രിയും സ്കൂളും മുതല്‍ ഫരീദാബാദ് രൂപത നേടിയ കുതിപ്പിന് സമാനതകളില്ല. പഞ്ചാബിലെ സഭയുടെ വളര്‍ച്ചയുടെ പ്രതീകമായി വിശുദ്ധ ബൈബിള്‍ വരെ പഞ്ചാബി ഭാഷയിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. കൊടും തണുപ്പില്‍ വിറങ്ങലിക്കുന്ന ജമ്മു കാഷ്മീരിലെ ലഡാക്കില്‍ അടക്കം വിശ്വാസി സമൂഹത്തിനായി തുടങ്ങിയ നിരവധിയായ ദിവ്യബലി കേന്ദ്രങ്ങളുടെ പിന്നിലും ഇടയന്‍റെ പ്രത്യേക മികവുണ്ട്.

ഡല്‍ഹിയില്‍ അടക്കം സീറോ മലബാര്‍, ലത്തീന്‍ വിശ്വാസികള്‍ തമ്മിലുണ്ടായിരുന്ന അകല്‍ച്ച വളരെയധികം പരിഹിക്കാനും കത്തോലിക്കാ വിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദം പുനഃസ്ഥാപിക്കുന്നതിലും മാര്‍ കുര്യാക്കോസ് പ്രത്യേകം ശ്രദ്ധ ചെലുത്തി. സീറോ മലബാര്‍ സഭയുടെ പുതിയ രൂപതയുടെ വളര്‍ച്ചയുടെ ഓരോ പടവുകളും ദൈവകൃപയുടെ അടയാളങ്ങളാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് സാക്ഷ്യപ്പെടുത്തുന്നു.

ജനനം: 1959 ഫെബ്രുവരി ഒന്നിന് എറണാകുളം അതിരൂപതയിലെ കരിപ്പാശേരി സെന്‍റ് ഫ്രാന്‍സിസ് ഇടവകയില്‍ പരേതനായ ബി.വി. ആന്‍റണി ഏലിയ ദന്പതികളുടെ മകനായി ജനിച്ചു. വട്ടപ്പറന്പ് സര്‍ക്കാര്‍, മൂഴിക്കുളം സെന്‍റ് മേരീസ്, പുളിയനം സര്‍ക്കാര്‍ സ്കൂളുകളില്‍ പഠനം.

സെമിനാരി: 1973 മുതല്‍ തൃക്കാക്കര തിരുഹൃദയ മൈനര്‍, 1976 മുതല്‍ കാര്‍മല്‍ഗിരി സെന്‍റ് ജോസഫ്‌സ്, 1979 മുതല്‍ ആലുവ മംഗലപ്പുഴ സെന്‍റ് ജോസഫ്‌സ്.

വൈദികന്‍: 1983 ഡിസംബര്‍ 18ന് പട്ടം സ്വീകരിച്ചു. ഡിസംബര്‍ 21ന് പ്രഥമ ദിവ്യബലിയര്‍പ്പണം. ഉന്നത പഠനം: 1984 മുതല്‍ 88 വരെ കേരള സര്‍വകലാശാലയില്‍ മലയാള ഭാഷയില്‍ പഠനം. ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷനില്‍ പി.ജി. ഡിപ്ലോമ.

198990ല്‍ റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ ലാറ്റിന്‍ കാനന്‍ നിയമത്തിലും തുടര്‍ന്ന് 199091ല്‍ ഓറിയന്‍റല്‍ കാനന്‍ നിയമത്തിലും ലൈസന്‍ഷ്യേറ്റ്. 1994ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ അടിസ്ഥാനത്തില്‍ സ്വയംഭരണാധികാര സഭയ്ക്കായുള്ള നിയമത്തില്‍ ഗവേഷണത്തോടെ ഓറിയന്‍റല്‍ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ്. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ അതേ വര്‍ഷം പോസ്റ്റ് ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി. ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനീഷ് ഭാഷകളില്‍ ഡിപ്ലോമയും നേടി. ഹിന്ദി, അറബിക്, ലാറ്റിന്‍, ഗ്രീക്ക്, ഹിബ്രൂ ഭാഷകളും കൈകാര്യം ചെയ്യാനും മികവ് നേടി.

നയതന്ത്രജ്ഞന്‍: വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ ചേര്‍ന്ന ഫാ. കുര്യാക്കോസിന് തായ്‌ലന്‍ഡിലായിരുന്നു ആദ്യ പരിശീലനം. തുടര്‍ന്ന് കാമറൂണ്‍, ഗിനിയ ഇക്വറ്റോറിയല്‍ (രണ്ടാം സെക്രട്ടറി), ഇറാക്ക്, ജോര്‍ദാന്‍ (ഒന്നാം സെക്രട്ടറി), വെനസ്വേല (സെക്കന്‍ഡ് കൗണ്‍സിലര്‍), കോന്‍ഗോ, ഗാബണ്‍. വെനസ്വേലയിലെ ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിന്‍റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക നയതന്ത്ര ഇടപെടല്‍ നടത്താനുമായി.

തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം മിഷനില്‍ ഫസ്റ്റ് കൗണ്‍സിലര്‍, 2011 മുതല്‍ മെത്രാപ്പോലീത്തയാകുന്നതു വരെ ജര്‍മനിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിലെ ഉപമേധാവി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment