അമൃതപുരി: അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1, 2 തീയതികളില്‍ സംഘടിപ്പിച്ച വന്ധ്യത മാറ്റാനുള്ള ആയുര്‍വേദ ചികിത്സാ രീതികളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാര്‍ ‘പ്രജ്ഞാനം’ കേരള ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി സദാശിവം അമൃതാനന്ദമയി മഠത്തില്‍ ഉത്ഘാടനം ചെയ്തു.
ഇന്ത്യയില്‍ വന്ധ്യതാ ചികിത്സാ സൗകര്യങ്ങള്‍ കുറവാണെന്നും ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാശാഖകളുടെ സഹകരണം ഇക്കാര്യത്തില്‍ വേണ്ടിവരുന്നത് അതുകൊണ്ടുകൂടിയാണെന്നും ഗവര്‍ണര്‍ പി സദാശിവം തന് റെഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആധികാരികമായ ഗവേഷണങ്ങളിലൂടെ വന്ധ്യതാ ചികിത്സയില്‍ ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. മറ്റു ചികിത്സാ ശാഖകളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ആയുര്‍വേദം വന്ധ്യതയ്ക്ക് പരിഹാരം കാണുന്നതെന്നും ചികിത്സയോടൊപ്പം ശരിയായ ബോധവല്‍ക്കരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ധ്യതാ ചികിത്സ ഉള്‍പ്പെടെയുള്ള വിവിധ ഗവേഷണങ്ങള്‍ക്ക് അമൃതാ സ്കൂള്‍ ഓഫ് ആയുര്‍വേദ നല്കുന്ന പ്രധാന്യത്തെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.
സെമിനാറിന്റെ ഉത്ഘാടന ചടങ്ങില്‍ മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. മനസ്സ് ശുദ്ധമാക്കി വെച്ചാല്‍ മനഃസംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും സമാധാനം കൈവരിക്കാന്‍ നല്ല ചിന്തകളെക്കൊണ്ട് മനസ്സു നിറച്ചാല്‍ മതിയാകുമെന്നും എന്നതാണ് അമ്മയുടെ സന്ദേശമെന്ന് അദ്ദേഹം തന് റെഅനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടര്‍ ബ്രഹ്മചാരി ശങ്കര ചൈതന്യ സ്വാഗത പ്രസംഗം നടത്തി. സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മിതാലി മുഖര്‍ജി, അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പാള്‍ ഡോ എം ആര് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
10 സംസ്ഥാനങ്ങളിലെ നാല്പതോളം ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നായി 1200 ലധികം പ്രതിനിധികള്‍ ‘പ്രജ്ഞാനം’ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news