പെന്‍‌ഷന്‍‌കാര്‍ക്കും ചെറിയ വരുമാനക്കാര്‍ക്കും ആദായ നികുതിയില്‍ വന്‍ ഇളവു വരുത്തി കേന്ദ്ര ബജറ്റ്; ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

im_0ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ധനകാര്യ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു . അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദായ നികുതിപരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷം രൂപയില്‍ തുടരും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000രൂപ ആക്കി. ഇതോടെ ഏഴ് ലക്ഷം രൂപവരെ ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കും. എന്നാൽ ഈ സാമ്പത്തിക വര്‍ഷം, നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. വാടക ഇനത്തിൽ 2.4 ലക്ഷം വരെയും നികുതി ഇളവ് ലഭിക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതിദായകർക്ക് ഗുണം ലഭിക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനം.ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു.

2022-ഓടെ നവഭാരതം നിര്‍മിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും മന്ത്രി പറഞ്ഞു. വീടും കക്കൂസും വൈദ്യുതിയും ലഭ്യമാകും. തീവ്രവാദവും ജാതീയതയും സ്വജനപക്ഷപാതവുമില്ലാത്ത ഇന്ത്യയാണ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെയെന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയല്‍ ആശംസിച്ചു. അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്. രാജ്യം വികസനത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്നും അദ്ദേഹം ബഡ്ജറ്റില്‍ വ്യക്തമാക്കി

നവ ഭാരതത്തിനായി വിവിധ പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാങ്കിങ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നൂതന പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നെന്നും ഇതുവരെ കിട്ടാത്ത കടങ്ങളെക്കുറിച്ച് കേന്ദ്രം റിസര്‍വ് ബാങ്കിനോട് കണക്കുകള്‍ ചോദിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നോട്ട് നിരോധനം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിച്ചു. ബിനാമി ഇടപാടുകള്‍ തടഞ്ഞുവെന്നും ബജറ്റില്‍ പറഞ്ഞു.

ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ബിജെപി ട്രഷററായ പീയൂഷ് ഗോയലിന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാനാകുമെന്നും പ്രതിപക്ഷം ചോദിച്ചു. ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആദായ നികുതി പരിധി 5 ലക്ഷമാക്കുമെന്നാണ് തിവാരിയുടെ ട്വീറ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്‌.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ :

*ആദായനികുതി പരിധി 5 ലക്ഷം രൂപയാക്കി
*ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും
*എട്ടു കോടി സൗജന്യഎല്‍പിജി കണക്ഷന്‍കൂടി നല്‍കും
*ഇഎസ്‌ഐ പരിധി 21,000 ആയി വര്‍ധിപ്പിക്കും
*ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തും
*ആദായനികുതി പരിശോധന ഓണ്‍ലൈന്‍ വഴി
*റെയില്‍വേയ്ക്ക് 64,587 കോടി രൂപ
*ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍
*ഗോ പരിപാലത്തിന് 750 കോടി, വായ്പകള്‍ക്ക് പലിശ ഇളവ്
*തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി
*ധനകമ്മി 3.4 ശതമാനമാക്കി

ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

newsrupt_2018-08_f2a32f25-53e3-48fe-aa77-033c5e794baf_cm_pvകേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നത്.

കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുകയില്‍ 26,639 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ നികുതി വരുമാനത്തിലുണ്ടായിട്ടുള്ള കുറവിനു പുറമെ 38,265 കോടി രൂപ ജിഎസ്ടി കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ചിരകാല ആവശ്യമായിരുന്നു എയിംസ്. ബജറ്റില്‍ അനുമതിയില്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്തെ നേരത്തെ അറിയിച്ചത്. ഇത്തവണത്തെ ബജറ്റിലും കേരളത്തിന് ഇത് അനുവദിച്ചിട്ടില്ല. എന്നാല്‍, മറ്റു ചില സംസ്ഥാനങ്ങളില്‍ പുതുതായി പ്രഖ്യാപിക്കുകയും ചെയ്തു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ മിണ്ടാട്ടമില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ല.

റബ്ബര്‍ വില സ്ഥിരതാ ഫണ്ടിനെക്കുറിച്ചും ബജറ്റ് മൗനമാണ് അവലംബിച്ചിരിക്കുന്നത്. മാത്രമല്ല, ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവ് നല്‍കും എന്ന പ്രഖ്യാപനം കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കും.

40 വര്‍ഷത്തെ എറ്റവും വഷളായ തൊഴില്‍ നിലയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത് എന്ന് എന്‍.എസ്.എസ്.ഒ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് പുറത്തുവിടാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ നിന്ന് അവശേഷിക്കുന്ന രണ്ട് പേരും രാജിവച്ചത്. ആ ഘട്ടത്തിലാണ് ഇന്ത്യയിലെ യുവാക്കള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ ദായകരാണ് എന്ന ബജറ്റ് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ചലിപ്പിക്കാനോ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ ഉള്ള വിഹിതം ഈ ബജറ്റിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

65 കോടി ആളുകള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് 75,000 കോടി രൂപ മാത്രം നീക്കിവെച്ചുകൊണ്ട് കര്‍ഷകര്‍ക്കായി ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ആ മേഖലയിലെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്നതിന് ഉദാഹരണമാണ്.

കള്ളപ്പണം ഇല്ലാതാക്കി ഒരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നല്‍കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പെ വാഗ്ദാനം നല്‍കിയവരാണ് അതൊന്നും നിറവേറ്റാതെ കള്ളപ്പണമില്ലാതാക്കി എന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്. റദ്ദാക്കിയ നോട്ടുകളുടെ 99.3 ശതമാനവും തിരികെ എത്തിയിട്ടും അതിലൂടെ കള്ളപ്പണം ഇല്ലാതാക്കി എന്ന് പറയുന്നത് അസംബന്ധമാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയും ബജറ്റിലില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതത്തിന്റെയും കുതിച്ചുയരുന്ന വിലയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടപെടലും ബജറ്റില്‍ കാണാനില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതല്‍ നല്ല നിലയില്‍ നടപ്പിലാക്കിയിട്ടുള്ളതാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment