കര്‍ഷകരെ അപമാനിക്കുന്ന ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി

rahulന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ ബജറ്റ് കര്‍ഷകരെ അപമാനിക്കുന്ന തരത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം 17 രൂപയോളമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ട്വിറ്റര്‍ പേജിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

കര്‍ഷകര്‍ക്കായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വാദം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ഇതുവഴി ലഭിക്കും. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുമെന്നും 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നുമാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞത്. 2 ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് തുക നല്‍കുക.

സാമ്പത്തിക സര്‍വ്വേ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ പോലും തയ്യാറാകാത്ത ബിജെപിയുടെ പൊളളത്തരം വെളിവാക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ . മോഡി സര്‍ക്കാര്‍ പുറത്ത് വിടാന്‍ ആഗ്രഹിക്കാത്ത രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് സര്‍വ്വേ റിപ്പോര്‍ട്ട് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ബജറ്റിലെ മോഡിയുടെ അവകാശവാദങ്ങള്‍. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നായിരുന്നു ദേശീയ സ്ഥിതിവിവര കമ്മീഷന്റെ റിപ്പോര്‍ട്ട്. 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

മോഡി സര്‍ക്കാരിന്റെ ബജറ്റിനെ ചോദ്യംചെയ്ത് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം രംഗത്തെത്തിയിരുന്നു. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ രാജ്യത്ത് നിലനില്‍ക്കെ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്ന് പറയുന്നതെങ്ങനെയെന്ന് ചിദംബരം ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയാണ് ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബിജെപി തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment