സെന്‍‌കുമാറിനെപ്പോലെയുള്ള പോലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്ന് മേജര്‍ രവി

major-raviഐ എസ് ആര്‍ ഓ മുന്‍ ശാസ്തജ്ഞ്ജന്‍ നമ്പി നാരായണന് രാജ്യം പത്മ പുരസ്കാരം നല്‍കി ആദരിച്ചതിനെതിരെ വിമര്‍ശിച്ച മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത് . നമ്പി നാരായണനെതിരെ സെന്‍കുമാറിന്റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലെയുള്ള പോലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ സ്വാര്‍ത്ഥ ലാഭത്തിനായാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മാത്രമല്ല, നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നമ്പി നാരായണനെതിരെ സെന്‍കുമാര്‍ നടത്തിയ പ്രസ്താവനകള്‍ പരിഹാസ്യമാണ്. അവ എന്നെ ഏറെ വേദനിപ്പിച്ചു. ഒരു വ്യക്തിക്ക് പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അങ്ങിനെയുള്ള തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല. കേരളത്തിന്റെ മുന്‍ ഡി ജി പി ഇപ്പോള്‍ സമൂഹത്തിന് വേണ്ടിയല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സെന്‍കുമാറിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും ഒരു സീറ്റ് കിട്ടണം, അല്ലെങ്കില്‍ ഒരു ഗവര്‍ണര്‍ സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണം.’

‘അദ്ദേഹം ഏത് പാര്‍ട്ടിക്ക് വേണ്ടിയാണോ സംസാരിക്കുന്നത് ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപ്പോലും അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. വ്യക്തിലാഭത്തിനുവേണ്ടി സെന്‍കുമാറിനെ പോലെ ചില പോലീസുകാരുടെ പ്രവര്‍ത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തത്. സെന്‍കുമാറിനെതിരായി നമ്പി നാരായണന്‍ കേസ് കൊടുത്തിട്ടുണ്ട്. നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ല.’ മേജര്‍ രവി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment