Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 18) : എച്മുക്കുട്ടി

February 2, 2019

Vyazhavattam 18ആ കേസ് കഴിഞ്ഞ് അഞ്ചാം ദിവസത്തിലാണ് മോന്റെ സ്‌കൂളില്‍ അവളും ചേട്ടത്തിയമ്മയും കൂടി പോയത്. അവന്റെ ടിസി അവളെ അറിയിക്കാതെ അയാള്‍ക്ക് മാത്രമായി നല്‍കരുതെന്ന് അവള്‍ സ്‌കൂളില്‍ എഴുതിക്കൊടുത്തിരുന്നു. കുട്ടിയുടെ കസ്റ്റഡി കോടതി അവള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും അവള്‍ സ്‌ക്കൂളില്‍ അറിയിച്ചിരുന്നു. സ്‌കൂളധികൃതര്‍ അവളെ ചതിക്കുകയില്ലെന്നായിരുന്നു അവളൂടെ ധാരണ.

അയാള്‍ വന്ന് അവന്റെ ടി സി വാങ്ങിക്കഴിഞ്ഞു എന്ന മറുപടിയാണ് അവളെ എതിരേറ്റത്. അയാള്‍ അച്ഛനാണെന്നും അവള്‍ കുഞ്ഞിനെ വേണ്ടാന്ന് വെച്ചുവെന്ന് അയാള്‍ പറയുമ്പോള്‍ കൂടുതല്‍ അന്വേഷിക്കേണ്ട ബാധ്യത അവര്‍ക്കില്ലെന്നും അതുകൊണ്ട് ടി സി കൊടുത്തുവെന്നും അവര്‍ കൈകഴുകി. ഏതു സ്‌ക്കൂളിലേക്ക് മാറ്റുന്നുവെന്ന് അയാള്‍ പറഞ്ഞില്ല. അവര്‍ ചോദിച്ചുമില്ല. മോന്റെ അച്ഛനല്ലേ അയാള്‍ .. അച്ഛന്റെ കൂടെ കുഞ്ഞിനു എവിടേയും പോകാം. അത് ചോദിക്കാന്‍ ഈ ലോകത്തില്‍ ആര്‍ക്കാണധികാരം?

അവള്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് നല്‍കിയ മകന്റെ കസ്റ്റഡി അവള്‍ക്കെന്ന കോടതി വിധി ഒരു വനിതാ ജഡ്ജി വിധിച്ച വെറും പെണ്‍വിധിയായി സ്‌കൂള്‍ മേശക്കുള്ളിലിരുന്നു കരഞ്ഞു.

യഥാര്‍ഥത്തില്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് അവനെ വേണ്ടായിരുന്നുവല്ലോ. അതുകൊണ്ട് കിട്ടിയ ആദ്യ ചാന്‍സില്‍ അവര്‍ അവനെ ഏറ്റവും വേഗം ഒഴിവാക്കി.

ഡൈവോഴ്‌സ് കേസിന്റെ തീയതിയില്‍ അവള്‍ കോടതിയില്‍ വരേണ്ടെന്നും വക്കീല്‍ അവളെ പ്രതിനിധീകരിക്കാമെന്നും പറഞ്ഞതനുസരിച്ച് അവള്‍ കോടതിയില്‍ പോയില്ല.

അയാള്‍ വന്നു തനിയെ .. മകനെകൊണ്ടു വന്നില്ല.

വനിതാ ജഡ്ജിയോട് അയാള്‍ മജിസ്‌ട്രേറ്റിനോട് സംസാരിച്ചതിലധികം രൂക്ഷമായിട്ടാണ് സംസാരിച്ചത്. ജഡ്ജിയായാലും വെറുമൊരു പെണ്ണല്ലേ …

അയാള്‍ക്ക് കിട്ടിയ അവളുടെ ഹര്‍ജി കോപ്പിയില്‍ അവളുടെ ഒപ്പില്ലെന്നും വക്കീലിന്റെ സീലില്ലെന്നും അയാള്‍ ചൂണ്ടിക്കാട്ടി. മറുപടി തന്നു കഴിയുമ്പോള്‍ വേറെ ഹര്‍ജിയാണവളുടെ എന്ന് പറഞ്ഞ് പറ്റിക്കാമെന്ന് കരുതേണ്ട എന്ന് അയാള്‍ ജഡ്ജിയെ താക്കീതു ചെയ്തു. ജ്ഡ്ജിയായി മേടയില്‍ കയറി ഇരുന്നാല്‍ പോരാ കോടതിയിലെ ഇമ്മാതിരി സാങ്കേതികപ്രശ്‌നങ്ങള്‍ നോക്കാന്‍ പഠിക്കണമെന്ന് അയാള്‍ ജഡ്ജിയെ പുച്ഛിച്ചു.

വനിതാ ജഡ്ജി സ്വാഭാവികമായും ക്ഷുഭിതയായി.

അവരുടെ ജോലി അയാള്‍ അവരെ പഠിപ്പിക്കേണ്ടെന്നും ഭാര്യ എഴുതിയ ഹര്‍ജിക്ക് മറുപടി കൊണ്ടുവരികയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ വക്കീല്‍ എന്നവര്‍ പറഞ്ഞപ്പോഴേക്കും ചൂണ്ടുവിരലുയര്‍ത്തി അയാള്‍ അവരെ തടഞ്ഞു.

സ്വയം വാദിച്ചോളാമെന്ന് അയാള്‍ പ്രഖ്യാപിച്ചു. മറുപടി എഴുതിക്കൊണ്ടുവരാന്‍ വനിതാ ജഡ്ജിയും അയാള്‍ക്ക് രണ്ടര മാസം സമയം നല്‍കി.

അപ്പോഴേക്കും തീവ്രമായ താടി വേദന അവളെ പിടികൂടിയിരുന്നു. അവളുടെ അമ്മയ്ക്ക് തീരെ വയ്യെന്ന വിവരവും അപ്പോഴാണവള്‍ക്ക് കിട്ടിയത്. ബാക്കിയെല്ലാം നീക്കിവെച്ച് അവളും ചേട്ടത്തിയമ്മയും ഒന്നിച്ച് അവളുടെ വീട്ടിലേക്ക് ഉടനെ യാത്ര തിരിച്ചു.

പിന്നീടുള്ള ദിനങ്ങള്‍ അവള്‍ക്ക് കഠിന വേദനയുടെ ദിനങ്ങളായിരുന്നു. മകന്റെ അടി അവളുടെ താടിയെല്ലില്‍ പരിക്കുണ്ടാക്കിയിരുന്നു. മുഖമാകെ നീരു വെച്ചു വീങ്ങിയിരുന്നു. എങ്കിലും അത് കണ്ടുപിടിയ്ക്കാനും ചികില്‍സിക്കാനും ആവശ്യത്തിലുമധികം സമയമെടുത്തു. അങ്ങനൊരു കാര്യം ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. അതുകൊണ്ട് സൈനസിനും പല്ലിനുമൊക്കെ ആവും കേടെന്ന് കരുതി കുറെ സമയം അങ്ങനെ വെറുതേ പോയി. പിന്നെ മൌനവും മരുന്നുമായി അവളുടെ ചികില്‍സ.

രോഗിണിയാണെങ്കിലും അമ്മയ്‌ക്കൊപ്പമായിരുന്നു എന്നതാണ് അവള്‍ക്കുണ്ടായ ഒരു സമാധാനം. അമ്മയുടെ അസുഖവും അവള്‍ക്ക് നല്ല ഉല്‍ക്കണ്ഠ നല്‍കിയിരുന്നു. അമ്മയും അവളും അനിയത്തിയും കൂടി ഒത്തിരി സമയം ആശുപത്രികളില്‍ മാത്രമായി ചെലവാക്കി.

പൊടുന്നനെ അവള്‍ക്ക് വല്ലാത്ത പനി ബാധിച്ചു. അത് ഹെര്‍പിസ് സോസ്റ്റര്‍ എന്ന രോഗമായി മാറാന്‍ അധിക നേരമെടുത്തില്ല. അതി തീവ്രമായിരുന്നു രോഗബാധ. അവളുടെ പുറവും മുലത്തടവും മുലയിടുക്കും നിറയെ തീവ്രനൊമ്പരമുള്ള വെളുത്ത കുരുക്കള്‍ പൊന്തി.. വേദനയില്‍ തുടിച്ച് കണ്ണീരൊഴുക്കിക്കൊണ്ട് അവള്‍ വീട്ടില്‍ കിടന്നു.

രോഗം ബാധിച്ചപ്പോള്‍ പിന്നെയും അവളുടെ മനം ദുര്‍ബലമായി. അവള്‍ അവനു തുടരെത്തുടരെ മെസ്സേജുകള്‍ അയച്ചു. അവനെ വിളിച്ചു. അവന്‍ ഒരു സന്ദേശവുമയച്ചില്ല, അവളെ വിളിച്ചില്ല. അവന്‍ വാട്ട്‌സാപ്പില്‍ നിന്നും ഫേസ് ബുക്കില്‍ നിന്നും അവളെ ഒഴിവാക്കിയിരുന്നു. അമ്മായിയേയും അവന്‍ ഒഴിവാക്കി. അവന്റെ ഒരു വിവരവും അവള്‍ക്ക് കിട്ടരുതെന്ന കാര്യത്തില്‍ അയാളും അവനും അതീവ ശ്രദ്ധവെച്ചു. അമ്മ അവനെ വേണ്ടാ എന്ന് പറഞ്ഞുവെന്ന് അവന്‍ തന്നെ എല്ലാവരോടും പറഞ്ഞു നടക്കുകയാണെന്ന് ,അവന്റെ അച്ഛനെപ്പോലെ പീഡനത്തിന്റെ ഇരയായി കളിക്കുകയാണെന്ന് അവളുടെ കൂട്ടുകാരികള്‍ അറിയിച്ചു. എങ്കിലും ‘എനിക്ക് നിന്റെ ഒച്ച കേള്‍ക്കണമെന്ന് എനിക്ക് ഒട്ടും വയ്യെന്ന് ‘അവള്‍ മെസ്സേജ് അയച്ചതിന്റെ പിറ്റേന്ന് അവന്‍ വിളിക്കാതിരുന്നില്ല. ‘ഹലോ ഹലോ’ എന്ന് മാത്രം ശബ്ദിച്ച് അവന്‍ ഫോണ്‍ വെച്ചു,അവള്‍ ആവശ്യപ്പെട്ട പോലെ അവന്‍ ഒച്ച കേള്‍പ്പിച്ചുവല്ലോ .

അവന്റെ പരിഗണനയില്ലായ്മയും അതിക്രൂരമായ ആ നിന്ദയും അവളെ ദൌര്‍ബല്യത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു സത്യത്തില്‍ . പിന്നെ അവള്‍ അവനെ അന്വേഷിച്ചതേയില്ല.

രണ്ടു മാസം ജോലിക്ക് പോകാനാകാതെ അവള്‍ അമ്മയുടെ വീട്ടില്‍ രോഗിണിയായിക്കിടന്നു. അമ്മയ്ക്കും ബ്ലഡ് പ്രഷറിന്റെയും ഷുഗറിന്റേയും അസുഖം കൂടി വരികയായിരുന്നു. അവനും അയാളും അവളെ വിളിക്കുന്നുണ്ടെന്ന നാട്യത്തിലാണ് അവള്‍ അമ്മയ്ക്ക് മുന്നില്‍ അഭിനയിച്ചത്. അമ്മയെ വയസ്സുകാലത്ത് ഒരു കാരണവശാലും വേദനിപ്പിക്കരുതെന്ന് അവള്‍ക്കുണ്ടായിരുന്നു.

ചേട്ടത്തിയമ്മ കാണാന്‍ വന്നപ്പോള്‍ അവള്‍ വീണ്ടും ദുര്‍ബലയായി.

‘എന്തുകൊണ്ട് അവന്‍ എന്നെ മറന്നു ചേച്ചീ…ഞാന്‍ അത്ര മോശപ്പെട്ട അമ്മയായിരുന്നുവോ?’ എന്ന് ചോദിച്ച് അവള്‍ തോരാതെ കണ്ണീരൊഴുക്കി..

‘ഞാന്‍ ഓഫീസില്‍ നിന്ന് വന്നാല്‍ അവന്‍ എന്നെ ചുറ്റിപ്പറ്റി നില്‍ക്കും… എല്ലായ്‌പ്പോഴും ഒപ്പമുണ്ടാവും.. പഠിക്കാന്‍ പറയുന്നതും കുളിക്കാന്‍ പറയുന്നതും അവന് ഇഷ്ടമായിരുന്നില്ല. എനിക്ക് മിടുക്കന്‍ കുട്ടിയാവേണ്ട അഴുക്കക്കുട്ടിയായി ഇരുന്നാല്‍മതി എന്ന് വാശി പിടിക്കും.. എന്നാലും ഞാന്‍ അമ്മേടെ പൊന്നുകുട്ടിയാണെന്ന് പറയും.. അവന്‍ എനിക്ക് എത്ര ഉമ്മ തരുമായിരുന്നു.. ഞാനും അവനും കൂടി മാളുകളില്‍ കറങ്ങി നടക്കുമായിരുന്നു. എല്ലാ പെണ്ണുടുപ്പുകളും അവനും എന്റൊപ്പം തൊട്ടു നോക്കും… ‘ഉം ..എന്താ മിനുസം’ എന്ന് അന്തം വിടും.. അവനാശിച്ച യാതൊന്നും അങ്ങനെ വേണ്ടത്ര വാങ്ങിക്കൊടുക്കാന്‍ അന്ന് എനിക്ക് കഴിഞ്ഞിരുന്നില്ല. പണമൊക്കെ അവന്റെ അച്ഛന്റെ കസ്റ്റഡിയിലായിരുന്നുവല്ലോ. ഞാന്‍ അവന്റെ ഒപ്പം ക്രിക്കറ്റും ഫുട്‌ബോളും കരാട്ടേയും ഒക്കെ പ്രാക്റ്റീസിനു പോയിരുന്നു .. നേരം കിട്ടുമ്പൊഴൊക്കെയും. മറ്റു കുട്ടികള്‍ അവനെ പരിഹസിച്ചാല്‍ അവന്‍ കരയും.. ഞാന്‍ മിടുക്കനല്ലേ അമ്മാ എന്ന് എന്നോട് ചോദിച്ച് ഉറപ്പു വരുത്തും. ടോയ് ലറ്റിലിരിക്കുമ്പൊഴും അവന്‍ എന്നോട് സംസാരിക്കുമായിരുന്നു. എനിക്കറിയാവുന്ന സകല കഥകളും ഞാനവനു പറഞ്ഞുകൊടുത്തിട്ടുണ്ട്. എനിക്ക് മാത്രമേ അവന്‍ ലിപ്കിസ് തരുമായിരുന്നുള്ളൂ. പണ്ട് ഇന്ദു കുറെ വട്ടം ചോദിച്ചിട്ട് ഒരെണ്ണം കൊടുത്തു… എന്നിട്ട് ഓടി വന്ന് എന്നോട് പറഞ്ഞു.. ,’ഇന്ദു ചേച്ചി പിച്ചക്കാരെപ്പോലെ ഇങ്ങനെ താ താ ന്ന് ചോദിച്ചപ്പോ എന്തെങ്കിലുമാവട്ടെ എന്ന് വെച്ച് ഒരു ലിപ് കിസ് അങ്ങട് കൊടുത്തു. അമ്മയ്ക്ക് തരണപോലെ മുറുക്കി അല്ല… ചുമ്മാ.. ഇങ്ങനെ ..ജസ്റ്റ്.. കിളി കൊത്തണ പോലെ ‘

ചേട്ടത്തിയമ്മ ഓര്‍ക്കാതിരുന്നില്ല ..

‘എനിക്കാദ്യം ലിപ് കിസ് തന്ന ധീര വീര പുരുഷനാണിവന്‍ ‘എന്നൊക്കെ ഇന്ദു അവനെ എടുത്തുകൊണ്ട് നടന്ന് കൊഞ്ചുമായിരുന്നത്..

അവളിലെ അമ്മ കരയുക തന്നെയായിരുന്നു.

‘അവന്‍ എന്നെ ഇങ്ങനെ വെറുത്തുവല്ലോ… ഇത്രയ്ക്ക് അകന്നു പോയല്ലോ… എനിക്ക് വയ്യ എന്നറിഞ്ഞാല്‍ അവന്‍ മുറിയില്‍ നിന്ന് പോവില്ല. ഗുളിക കൊണ്ടുവന്നു തരും, വെള്ളം തരും. ആ അവന്‍ ഇപ്പോള്‍ എന്നോട് മിണ്ടുന്നു പോലുമില്ല. ഞാന്‍ അവനെ വളര്‍ത്തിയതില്‍ എന്താണിത്ര അപകടം പറ്റിയത്… അച്ഛന്‍ ഫുള്‍ടൈം എന്നെ കുറ്റം പറഞ്ഞുകൊടുത്തിരുന്നു. അതൊക്കെ കേട്ടാലും അവനു നല്ല ശീലമായിരിക്കുമ്പോള്‍ അവന്‍ പറയും ‘ ഇതൊക്കെ അച്ഛന്റെ വിദ്യയാണ്…നമ്മളെ തമ്മില്‍ അടിപ്പിക്കാന്‍.. എനിക്കൊക്കെ മനസ്സിലാകുന്നുണ്ട് …പെണ്ണുങ്ങളുടെ കൈയില്‍ പണം കൊടുക്കരുതെന്ന് അച്ഛന്‍ എനിക്ക് പറഞ്ഞുതന്നു. പെണ്ണുങ്ങള്‍ സ്വയം സമ്പാദിച്ച പണമോ എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി. എന്നാലും ഞാന്‍ ഒന്നും ചോദിച്ചില്ല.’ അന്നവന്‍ അച്ഛനെ കളിയാക്കി ചിരിച്ചത് എനിക്കിന്നും ഓര്‍മ്മയുണ്ട്. ഞാന്‍ അവനോട് ആരേയും കുറ്റം പറഞ്ഞു കൊടുത്തിട്ടില്ല. അവന്റെ അച്ഛനെ എന്നല്ല ഈ ലോകത്താരേയും.. ഇനി അതായിരുന്നോ ഞാന്‍ ചെയ്ത തെറ്റ് ?വഴക്ക് ഒഴിവാകട്ടെ എന്ന് കരുതി അവന്റെ അച്ഛന് എപ്പോഴും ഞാന്‍ വഴങ്ങിയതായിരുന്നുവോ എന്റെ തെറ്റ്? ‘

ചേട്ടത്തിയമ്മ അവളുടെ കണ്ണു തുടച്ചു… അവര്‍ വാക്കുകള്‍ ഒരോന്നായി തെരഞ്ഞെടുത്ത് അതീവ സൂക്ഷ്മതയോടെ ഉപയോഗിച്ചു.

‘നീ കരയാതിരിക്കു. അമ്മമാര്‍ വീട്ടിലിരിക്കുകയും അച്ഛന്മാര്‍ ജോലിക്ക് പോകുകയും ചെയ്യുമ്പോള്‍ കുട്ടികളും വീടും കുറെയൊക്കെ അമ്മമാരുടെ നിയന്ത്രണത്തില്‍ ആയിരിക്കും. അച്ഛന്മാര്‍ വീട്ടു നടത്തിപ്പിലെ നിത്യജോലിച്ചുമതലകള്‍ ഏല്‍ക്കാന്‍ മടിക്കും. അതൊരു ഇമ്മീഡിയറ്റ് പ്രൊഡക് ഷന്‍ റിസല്‍റ്റ് കിട്ടാത്ത ഉത്തരവാദിത്തമാണല്ലോ. പിന്നെ അത്രയും ഭാരം കുറഞ്ഞു കിട്ടുകയില്ലേ ജീവിതത്തില്‍ . അതുകൊണ്ട് വീടിന്റെയും കുട്ടികളുടേയും പറ്റാവുന്ന കാര്യങ്ങളൊക്കെ അമ്മമാരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ‘അമ്മയുടെ അദ്ധ്വാനം കണ്ടില്ലേ..നിനക്ക് വേണ്ടിയല്ലേ’ എന്നൊക്കെ പറയുകയും ചെയ്യും.

ജോലിക്ക് പോകുന്ന ആണുങ്ങള്‍ അധികവും പൊതുവേ വീടിനെ വിശ്രമിക്കാനുള്ള ഒരു സ്ഥലമായാണ് കാണുക. അതുകൊണ്ടാണ് കുറെയൊക്കെ അമ്മത്ത്യാഗങ്ങളേയും സ്‌നേഹങ്ങളേയും കുറിച്ച് ആണുങ്ങള്‍ പലപ്പോഴും വളരെ വാചാലരാകുന്നത് . തിരിച്ച് സ്ത്രീകള്‍ ‘അച്ഛന്‍ നമുക്ക് വേണ്ടിയല്ലേ കഷ്ടപ്പെടുന്നേ … മോന്‍ കണ്ടില്ലേ അച്ഛന്റെ അദ്ധ്വാനം.. എത്ര ജോലിയാ അച്ഛന്‍ എടുക്കുന്നേ’ എന്നൊക്കെ അച്ഛന്റെ അദ്ധ്വാനത്തെയും മക്കളുടെ മുന്നില്‍ പൊലിപ്പിച്ച് കാണിക്കും. കുടുംബം നടത്തിക്കൊണ്ടു പോവാന്‍ ഇത്തരം ചില സൌകര്യങ്ങളില്‍ അധിഷ്ഠിതമായ പരസ്പരസഹായസഹകരണങ്ങള്‍ ആവശ്യമാണ്. അടുത്ത കുടുംബങ്ങള്‍ക്ക് അടിത്തറ പാകലും അങ്ങനെയാണരംഭിക്കുന്നത്.

അവള്‍ അര്‍ദ്ധസമ്മതത്തില്‍ മൂളി.

വീട്ടുജോലികള്‍ മാത്രം ചെയ്യുന്ന സ്ത്രീകള്‍ ആണുങ്ങളേയും മക്കളേയും അവരുടെ പൂര്‍ണ ആശ്രയത്തിലാക്കുന്നത് എല്ലാ ജോലിയും എപ്പോഴും എടുത്തും ചെയ്യുന്ന ത്യാഗങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിച്ചും ‘ഞാനില്ലെങ്കില്‍ ഈ വീട് അസ്തമിച്ചു’ എന്ന് ഭാവിച്ചും ഒക്കെ തന്നെയാണ്. അമ്മമാര്‍ സഹിക്കുന്ന എല്ലാ വേദനകള്‍ക്കും ത്യാഗങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമുള്ളില്‍ പൊതുസമൂഹം ആണിനും പെണ്ണിനും ഇമ്മാതിരി ചില തമാശക്കളികള്‍ക്ക് ധാരാളം അവസരവും അംഗീകാരവും നല്‍കുന്നുണ്ട്. കാരണം ഇത്തരം ചില കളികളിലൂടെയാണ് നമ്മുടെ കുടുംബങ്ങള്‍ നിലനില്‍ക്കുന്നത്.. പുലരുന്നത്.

ചേട്ടത്തിയമ്മ പറയുന്നത് കേട്ട് അവളുടെ മനസ്സ് ഷോക്കേറ്റ പോലെ പിടഞ്ഞുണര്‍ന്നു. ഞാനില്ലെങ്കില്‍ എന്റെ വീട് ഇല്ലാതാകുമെന്ന് പറയാറുള്ള കൂട്ടുകാരികളുടെ മുഖങ്ങള്‍ അവള്‍ ഓര്‍ക്കുകയായിരുന്നു.

‘പിന്നെ ശരിക്കും തന്റെ പെണ്ണിനോടും മക്കളോടും സ്‌നേഹമുള്ള ആണുങ്ങളാകട്ടേ എന്തു പ്രശ്‌നം വന്നാലും തന്റെ പെണ്ണിനെ മക്കളുടെ മുന്നില്‍ താഴ്ത്തിക്കാണിക്കില്ല. മക്കളുടെ എന്നല്ല ആരുടെ മുന്നിലും താഴ്ത്തിക്കാണിക്കില്ല. അവരുടെ ഇന്റഗ്രിറ്റി അതിനവരെ ഒരിക്കലും അനുവദിക്കില്ല. അവര്‍ എണ്ണത്തില്‍ കുറവായിരിക്കും.
പക്ഷെ,അവരുണ്ട്…ഈ ലോകത്ത്. അതുപോലെയുള്ള പെണ്ണുങ്ങളുണ്ട്. അച്ഛനമ്മമാരെ ഇകഴ്ത്തിക്കാണിക്കാതെ തന്നെ ശരിക്കും അവര്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ സത്യമെന്ത് എന്ന് തിരിച്ചറിയുന്ന മക്കളുമുണ്ട്. ‘

അവള്‍ ഒരു പ്രേതത്തെപ്പോലെ ചേട്ടത്തിയമ്മയെ തുറിച്ചു നോക്കി.

നിന്റെ കാര്യത്തില്‍ നിന്നോളം പ്രൊഫെഷണല്‍ വിജയം കിട്ടാതെയിരുന്ന, നിന്നോളം പണം സമ്പാദിക്കാന്‍ കഴിയാതെ പോയ, ഏറ്റവും മോശമായി മടി പിടിച്ച് വീട്ടിലിരുന്ന അയാള്‍ സ്വന്തം വെറുതേ ഇരിപ്പിനെ ന്യായീകരിക്കാന്‍ നിന്റെ ജോലിയെ ഇകഴ്ത്തി, നിന്റെ എല്ലാ വീഴ്ചകളെയും ആവശ്യത്തിലും എത്രയോ അധികം പര്‍വതീകരിച്ചു. നിന്നെ എല്ലാ രീതിയിലും കണ്‍ട്‌റോള്‍ ചെയ്യാന്‍ അയാള്‍ നിന്റെ പണം മാത്രമല്ല അവനെയും ഉപയോഗിച്ചു..

അവള്‍ ശരി വെയ്ക്കുന്നതു പോലെ തലയാട്ടി.

ഞാനുള്‍പ്പടെയുള്ള നിന്റെ വീട്ടുകാര്‍ അയാളെ ദേഷ്യപ്പെടുത്തേണ്ട എന്ന് കരുതി നിന്റെ വീട്ടില്‍ നിന്നകന്നു നിന്നു. ഫോണ്‍ പോലും ചെയ്യാതിരുന്നു. നിന്റെ മകന് ഞങ്ങളോട് അടുപ്പമില്ലാതായതിനു അതും ഒരു കാരണമാണ്. നിന്റെ ചേട്ടന്‍ എത്ര പ്രാവശ്യം നിന്റെ സ്ഥലത്ത് കോണ്‍ഫ്രന്‍സിനും മറ്റും വന്നിട്ടുണ്ട്. ഞാന്‍ നിര്‍ബന്ധിച്ചാല്‍ കൂടി നിന്റെ ഭര്‍ത്താവിനെ ഫേസ് ചെയ്യാന്‍ മടിച്ച് അവിടെ കയറാതെ മടങ്ങി വരും. അതൊക്കെ ശരിക്കും നിന്നെ അയാളുടെ കാരുണ്യത്തില്‍ ഉപേക്ഷിച്ചതു മാതിരിയായി. മോനു നിന്റെ വീട്ടുകാരില്‍ ആരുമായും ഒരു ബന്ധവുമില്ലാതായി.

അവള്‍ പറഞ്ഞു. ‘ഞാനും പറഞ്ഞിട്ടുണ്ടല്ലോ , വിളിക്കണ്ടാ… മോന്റെ അച്ഛനെ ദേഷ്യപ്പെടുത്തണ്ടാ… പലദിവസങ്ങള്‍ വഴക്കായിത്തീരും എന്നൊക്കെ ..അനിയത്തി വിളിച്ചപ്പോള്‍ പോലും പലപ്പോഴും ഞാന്‍ ഫോണില്‍ ശരിക്ക് സംസാരിച്ചിട്ടില്ല ‘

അത് കേള്‍ക്കാത്ത പോലെ ചേട്ടത്തിയമ്മ തുടര്‍ന്നു.

അയാള്‍ പകല്‍ മുഴുവന്‍ കുറ്റം പറഞ്ഞു കൊടുത്താലും വൈകീട്ട് നിന്നെ കാണുമ്പോള്‍ അതൊന്നും പൂര്‍ണവിശ്വാസത്തില്‍ എടുക്കാന്‍ അവനു കഴിഞ്ഞിരുന്നില്ല. നീ വീട് വിട്ടപ്പോള്‍ പിന്നെ നിന്റെ കുറ്റങ്ങള്‍ കേള്‍ക്കല്‍ മാത്രമായി അവന്റെ ജീവിതം. നിരന്തരമായി കള്ളം പറഞ്ഞുകൊടുത്താല്‍ ആ കള്ളങ്ങള്‍ നമുക്ക് പോലും സത്യമായി തോന്നും. കുട്ടികളുടെ ഓര്‍മ്മകള്‍ കൂടി അങ്ങനെ മായ്ക്കാനും പുനര്‍സൃഷ്ടിക്കാന്‍ കഴിയും. ഒരേ കാര്യം പലവട്ടം പറഞ്ഞാല്‍ അത് നടന്നതായി തന്നെ കുട്ടികള്‍ക്ക് തോന്നും.. നമ്മള്‍ മുതിര്‍ന്നവര്‍ക്ക് പോലും അങ്ങനെ തോന്നും.. കുഞ്ഞായിരിക്കുമ്പോള്‍ അവനെ നോക്കാനായി അയാള്‍ ജോലി ഉപേക്ഷിച്ചു … അങ്ങനെ അച്ഛന്‍ കാശില്ലാതെ ദരിദ്രനായി എന്നയാള്‍ പറയുമ്പോള്‍ അവന്റെ ഉള്ളില്‍ കുറ്റബോധമുണ്ടാവുന്നുണ്ട്. അവന് സഹതാപമുണ്ടാവുന്നുണ്ട്. അച്ഛനെ പണക്കാരനാക്കേണ്ടത് അവന്റെയും കൂടി ഉത്തരവാദിത്തമായി അവന്‍ അറിയുന്നുണ്ട്. അച്ഛന്റെ പണം മുപ്പതു ലക്ഷം രൂപ അമ്മ എടുത്തുകൊണ്ടുപോയി എന്ന് പറയുമ്പോള്‍ അത് അമ്മ തിരികെ കൊടുക്കേണ്ടതാണെന്ന് അവന്‍ വിചാരിക്കുന്നുണ്ട്. അച്ഛന്‍ ഉണ്ണുന്നില്ല, അച്ഛന്‍ കരയുന്നു, കുളിക്കുന്നില്ല, സദാ സിഗരറ്റ് വലിക്കുന്നു, രാത്രി ഉറങ്ങുന്നില്ല, അച്ഛന്‍ മെലിഞ്ഞു, അച്ഛന്‍ അമ്മയോട് മാപ്പ് പറഞ്ഞില്ലേ? അച്ഛന്‍ അമ്മയെ മിസ്സ് ചെയ്യുന്നതുകൊണ്ടാണത് എന്ന് അവന്‍ വിശ്വസിക്കുന്നു. അവന്‍ വാങ്ങരുത് കഴിക്കരുത് എന്നൊക്കെ പറഞ്ഞ സാധനങ്ങള്‍ ഇപ്പോള്‍ അച്ഛന്‍ അവന് കൊടുക്കുന്നുണ്ട്. മോന്‍ പറയുന്നതു പോലെ അച്ഛന്‍ ചെയ്യാം എന്ന് അയാള്‍ പറയുമ്പോള്‍ അയാള്‍ മാറി എന്ന് തന്നെ അവന്‍ വിശ്വസിക്കുന്നു. നീ അയാളെപ്പോലെ അല്ല, ഇപ്പോഴും ഉണ്ണുകയും ഉറങ്ങുകയും കൃത്യമായി ജോലിക്ക് പോവുകയും ചെയ്യുന്നുണ്ട്. നിനക്ക് അച്ഛനെയന്നല്ല അവനെപ്പോലും മിസ്സ് ചെയ്യുന്നില്ലെന്ന് അവന്‍ കരുതുന്നു. അവന്റെ കണ്ണില്‍ നീയാണ് വാശി പിടിച്ച് ആ വീട്ടില്‍ പോവാതിരിക്കുന്നത്.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അവള്‍ വിമ്മിവിമ്മി പറഞ്ഞു.

‘ആദ്യത്തെ ഒത്തു തീര്‍പ്പിനു ഞാന്‍ വഴങ്ങുമ്പോള്‍ മോന് എന്നോട് ഇത്ര വെറുപ്പുണ്ടായിരുന്നില്ല. അപ്പോള്‍ അയാള്‍ക്ക് അവനെ അധിക സമയം കൈയില്‍ കിട്ടി.. അവനെ കൂടുതല്‍ക്കൂടുതല്‍ കഥകള്‍ പറഞ്ഞ് പഠിപ്പിച്ചു, പഠിക്കാന്‍ മടിയുള്ള കളിക്കാന്‍ മടിയുള്ള എല്ലാം ചെയ്യാന്‍ മടിയുള്ള അവനെ ഒന്നിനും നിര്‍ബന്ധിക്കാതെ പൂര്‍ണസ്വാതന്ത്ര്യം നല്‍കി അവന്റെ ഇഷ്ടത്തിനു വിട്ട് അവന്റെ പ്രീതിയും വിശ്വസ്തതയും നേടാന്‍ അയാള്‍ക്ക് അവസരം കിട്ടി … അവനെക്കൊണ്ട് ഫോണും കമ്പ്യൂട്ടറും പരതിക്കുകയും മറ്റും ചെയ്യുന്നത് ഒത്തിരി ത്രില്ലുള്ള കാര്യമാണെന്ന് അവനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. പ്ലോട്ടിംഗും പ്ലാനിംഗും അമ്മയ്‌ക്കെതിരേ ആണെങ്കില്‍ പോലും അതില്‍ മിടുക്കുണ്ടെന്ന് അവനെ ബോധ്യമാക്കാന്‍ അയാള്‍ക്ക് സമയവും സൌകര്യവും കിട്ടി.

അവള്‍ പിന്നെയും ഓര്‍ത്തോര്‍ത്ത് പൊട്ടിക്കരഞ്ഞു… ‘വക്കീല്‍ എന്നെ വാണ്‍ ചെയ്തിരുന്നു. അന്ന് അച്ഛനെ കൂടുതല്‍ തവണ കോടതി കയറ്റുന്നത് മോനെന്നോട് കൂടുതല്‍ വെറുപ്പുണ്ടാക്കിയാലോ എന്ന് കരുതി അദ്ദേഹം വേണ്ടെന്ന് വാണ്‍ ചെയ്തിട്ടും ഞാന്‍ ആ ഒത്തുതീര്‍പ്പിനു വഴങ്ങി.’

അവളുടെ കൈയില്‍ തടവിക്കൊണ്ട് ചേട്ടത്തിയമ്മ പിന്നെയും അലിവോടെ സംസാരിച്ചു.

എപ്പോഴും വെറുതെ ഇരിക്കുന്ന അയാള്‍ക്ക് ഒരു റ്റാര്‍ജെറ്റേ ഉള്ളൂ. അത് നീയാണ്. മകന്‍ നിന്നെ വേദനിപ്പിക്കുമ്പോള്‍ നീ തകര്‍ന്നു പോകുമെന്ന് അയാള്‍ക്കറിയാം. അവനു തുല്യമായി നിന്റെ മനസ്സില്‍ മറ്റൊന്നുമില്ലെന്നും അയാള്‍ക്കറിയാം. നീ കേസൊക്കെ അവസാനിപ്പിച്ച് ആ വീട്ടിലേക്ക് മടങ്ങുക എന്നതാണ് അയാളുടെ ആവശ്യം. അതിനുള്ള അയാളുടെ ഒരു ആയുധമാണവന്‍. നഷ്ടപ്പെട്ട് പോകുന്ന അയാള്‍ക്ക് കിട്ടേണ്ടിയിരുന്ന നിന്റെ ശമ്പളമോര്‍ത്ത് ഉരുകുകയാണ് അയാളുടെ മനസ്സ്. പണനഷ്ടം മാത്രമാണ് അയാളെ വേദനിപ്പിക്കുന്നത്. അതുകൊണ്ടാണ് അയാള്‍ ക്ഷീണിക്കുന്നത്. മോന് അത് മനസ്സിലാകുന്നില്ല. അവന്റെ ഇപ്പോഴുള്ള തെറ്റിദ്ധാരണകള്‍ മാറും.. അവന്‍ വലുതാവുകയാണ്..എല്ലാം അവന്‍ മനസ്സിലാക്കും.. നമുക്ക് അതിനാവുന്നതൊക്കെ ചെയ്യാം.. ഞാനില്ലേ കൂടെ , ധൈര്യമായിരിക്കു ‘

അവര്‍ സ്‌നേഹത്തോടെ അവളുടെ തലയില്‍ തടവി.. കണ്ണീരൊഴുകി ചുവന്ന കണ്ണുകളില്‍ മൃദുവായ പഞ്ഞി നനച്ചു തുടച്ചു. വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കരഞ്ഞുകരഞ്ഞു നീരു വെച്ച് ചുവന്ന കണ്‍തടങ്ങളില്‍ ചേര്‍ത്തു പിടിച്ചു.

അവളുടെ സഹപ്രവര്‍ത്തകരും ഡ്രൈവറും , മകനും അച്ഛനും കൂടി പാര്‍ക്കുന്ന ആ വീട്ടിലെ മെയിഡും, കൂട്ടുകാരികളുമായിരുന്നു അവളെ വിളിച്ചന്വേഷിച്ചിരുന്നത്. ആ മെയിഡ് പെണ്‍കുട്ടി മോനോട് ഒടുവില്‍ പറഞ്ഞു നോക്കി. അവന്റെ അമ്മ ഓഫീസില്‍ പോകാനാകാതെ രോഗിണിയായിക്കിടക്കുകയാണെന്ന് . അവന്‍ മറുപടിയായി പറഞ്ഞത്.. ‘അതമ്മയുടെ നാട്യമാണ്. ഇടയ്ക്കിടെ അസുഖമാണെന്ന് പറഞ്ഞ് ഡോക്ടറെ കാണാന്‍ പോകും. മരുന്നൊന്നും ശരിക്ക് കഴിക്കില്ല.. ഈ വിദ്യയൊന്നും അവനോട് നടപ്പില്ല.. അവന്‍ വലുതായി ‘എന്നായിരുന്നു.

അവള്‍ ആ മറുപടിയറിഞ്ഞ് നന്നെ വരണ്ട ഒരു ചിരി ഉതിര്‍ത്തു.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top