Flash News

അതിശൈത്യം ഷിക്കാഗോയെ മരവിപ്പിക്കുന്നു; വിവിധ സ്ഥലങ്ങളിലായി 21 പേര്‍ മരിച്ചു

February 2, 2019

AMERICAകൊടും തണുപ്പില്‍ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. ധ്രുവക്കാറ്റില്‍ തണുത്തുറഞ്ഞ മധ്യപടിഞ്ഞാറന്‍ അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഉത്തരധ്രുവത്തിലെ അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്ന പോളാര്‍ വെര്‍ടെക്‌സ് എന്ന കാറ്റ് ദിശ തെറ്റിയടിക്കാന്‍ തുടങ്ങിയതോടെയാണ് അമേരിക്കന്‍ നഗരങ്ങള്‍ കടുത്ത മഞ്ഞിന്റെ പിടിയില്‍ അമര്‍ന്നത്. ചില ഭാഗങ്ങളില്‍ -29 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് രേഖപ്പെടുത്തി. -29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മുകളിലേക്ക് താപനില താഴുമ്പോള്‍ ഏതുനിമിഷവും ഐസാകുന്ന അവസ്ഥയിലാണ് ഷിക്കാഗോ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഷിക്കാഗോയുടെ കൊടുംതണുപ്പ് വെളിപ്പെടുത്തുന്ന വീഡിയോകളാണ്. തിളച്ച വെള്ളത്തിനുപോലും രക്ഷയില്ലാത്തത്ര തണുപ്പ്. തിളപ്പിച്ച വെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുമ്പോള്‍ മഞ്ഞായി മാറുന്ന ദൃശ്യങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധിയാളുകളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ഞുമലയായി നില്‍ക്കുന്ന ക്ലോസറ്റ് പോലും തണുപ്പിന്റെ ഭീകരത എത്രത്തോളമെന്ന് വെളിവാക്കുന്നു. ഇതിന് പുറമെ നനഞ്ഞ മുടിയുമായി പുറത്തിറങ്ങിയ യുവതിയുടെ മുടി ഐസായതും മഞ്ഞ്, റെയില്‍ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ റെയില്‍ പാളത്തില്‍ തീയിടുന്നതും സോപ്പ് കുമിള തണുത്തുറയുന്ന വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രദേശവാസികളോട് വീടിന് പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കാനും സംസാരം കഴിയുന്നതും പരിമിതപ്പെടുത്താനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിശൈത്യത്തില്‍ ഇതുവരെ 21 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90 മില്യണ്‍ ജനങ്ങള്‍ അഥവാ അമേരിക്കയിലെ മൂന്നിലൊന്നു പേര്‍ -17 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുളള കാലാവസ്ഥ അനുഭവിച്ചെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച അമേരിക്കയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായി രേഖപ്പെടുത്തിയത് മിനിസോട്ടയിലെ കോട്ടണ്‍ ആണ്. മൈനസ് 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. 2014 ലെ അതിശൈത്യം രാജ്യത്തിന് അഞ്ചു ബില്യണ്‍ ഡോളറിന്റെ കെടുതികളാണ് ഉണ്ടാക്കിയതെങ്കില്‍ ഇക്കുറി അതു കടത്തി വെട്ടുമെന്നുറപ്പാണ്. അതിശൈത്യത്തെ തുടര്‍ന്ന് 2300ലധികം വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വരികയും 3500 ലധികം സര്‍വ്വീസുകള്‍ വൈകുകയും ചെയ്തുവെന്നാണ് കണക്ക്. പല നഗരങ്ങളും ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ ഡിസംബറില്‍ യു.എസിലെ മിനിപൊളിസ് സെന്റ് പോള്‍ പ്രദേശത്ത് -53 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ധ്രുവങ്ങള്‍ക്ക് സമീപത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം യൂറോപ്പിലേക്കും യു.എസിലേക്കും നീങ്ങുന്നതാണ് താപനില താഴാന്‍ കാരണം.

candis-peinഅതിനിടെ ഷിക്കോഗോയിലെ തെരുവുകളില്‍ കഴിയുന്ന ഭവനരഹിതര്‍ക്ക് സഹായഹസ്തവുമായി കാന്‍ഡിസ് പെയ്‌ന്‍ എന്ന യുവതി രംഗത്തെത്തിയത് നിരവധി പേര്‍ക്ക് ആശ്വാസമായി. ഇരുപതോളം ഹോട്ടല്‍ മുറികള്‍ റിസര്‍‌വ്വ് ചെയ്ത് ഈ യുവതി എഴുപതു പേര്‍ക്കാണ് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. തുടര്‍ന്ന് കാന്‍ഡിസ് ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സുഹൃത്തുക്കളില്‍ പലരും സഹായവുമായെത്തി. അവരില്‍ പലരും തണുപ്പില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതെങ്ങനെയെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നുവെന്നും ഈ വിവരം അറിഞ്ഞതോടെ തനിക്കൊപ്പം കൂടിയെന്നും കാന്‍ഡിസ് പറഞ്ഞു.

മുറികളില്‍ തങ്ങുന്നവര്‍ക്കായി ഭക്ഷണപ്പൊതികളും കമ്പിളി വസ്ത്രങ്ങളും കാന്‍ഡിസിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്താന്‍ താന്‍ വെറുമൊരു നിമിത്തമായി എന്നാണ് കാന്‍ഡിസ് പറയുന്നത്. സഹായം ലഭിച്ചവര്‍ തങ്ങളെ സഹായിച്ചതിന് കാന്‍ഡിസിനോട് അതിയായ നന്ദി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൂജ്യം ഡിഗ്രിയ്ക്കും താഴെയെത്തിയ താപനില മൈനസ് 29 വരെ ഷിക്കാഗോയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. വിമാന, റെയില്‍, റോഡ് ഗതാഗതം താറുമാറായ അവസ്ഥയിലാണ്. വാര്‍ത്താവിനിമയ മാര്‍ഗങ്ങളും തകരാറിലായിട്ടുണ്ട്. കൊടും ശൈത്യം മൂലമുള്ള 15 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

https://twitter.com/omnidigit/status/1090805117237035009

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top