മാനവ സാഹോദര്യമാണ് ലോകത്തിനാവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

pope-1അബുദാബി: യുദ്ധത്തിനും നീതിനിഷേധത്തിനുമെതിരെ കൈകോര്‍ക്കാമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവസഹോദര്യമാണ് ലോകത്തിന് ആവശ്യം. ലോകത്തിലെ വ്യത്യസ്ത മതങ്ങളുടെ പ്രതിനിധികള്‍ എന്നനിലയ്ക്ക് യുദ്ധത്തിനെതിരേ നിലകൊള്ളുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്നും മാര്‍പാപ്പ പറഞ്ഞു. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബിയില്‍ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന വിശ്വമാനവ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യെമനിലെയും സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയും യുദ്ധസാഹചര്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാന്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. എല്ലാതരം അതിക്രമങ്ങളും നിസ്സംശയം എതിര്‍ക്കപ്പെടണം. ഒരുതരത്തിലുള്ള ഹിംസപ്രവൃത്തികളും മതത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടരുത്. ഭീകരവാദത്തിനും വെറുപ്പിനുമെതിരെ ശക്തമായി നിലകൊള്ളുന്നതിനോടൊപ്പം എല്ലാ വിഭാഗക്കാര്‍ക്കും വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാനുള്ള അവസരമൊരുക്കുന്ന രാജ്യമായ യുഎഇയില്‍ വന്ന് സംസാരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ലോകത്തിന്റെ സമാധാനപൂര്‍ണമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് രണ്ടാമതൊരു മാര്‍ഗമില്ല. ‘ഒരുമിച്ച് നല്ല ഭാവി സ്വപ്നംകണ്ട് പ്രവര്‍ത്തിക്കാം, അല്ലെങ്കില്‍ എല്ലാം നശിച്ച് ഇല്ലാതാവുന്നത് കാണാം’. ഇതു മാത്രമാണ് വഴി. യു.എ.ഇ. മുറുകെപ്പിടിക്കുന്ന സഹിഷ്ണുതാമൂല്യങ്ങള്‍ ലോകത്തിന് ഏറെ പ്രതീക്ഷനല്‍കുന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. ”അസലാമു അലൈക്കും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി” എന്നു പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിന് തുടക്കം കുറിച്ചത്.

ഇന്ന് നാം ദൈവനാമത്തില്‍ സമാധാനത്തിനുവേണ്ടി ഒരുമിക്കുന്നു. ലോകത്തിന്റെ അസ്ഥിരതകള്‍ക്കെതിരെ ശക്തമായ സാന്നിധ്യമായി നാം ഒരൊറ്റ കുടുംബമായി മാറേണ്ടിയിരിക്കുന്നു. ഈ ലോകത്തിലെ എല്ലാവര്‍ക്കും ഒരുപോലെ അവകാശബോധത്തോടെ ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാവണം. ആരും ആരുടെയും താഴെയോ മുകളിലോ അല്ല. നാം എല്ലാവരും ഒന്നാണ്. ഓരോ മനുഷ്യജീവിയുടെയും പവിത്രതയിലൂടെയല്ലാതെ നമുക്ക് സ്രഷ്ടാവിനോടുള്ള സ്‌നേഹം പ്രടകടമാക്കാന്‍ കഴിയില്ല. മനുഷ്യകുലത്തിലെ ഒരംഗമായി മാത്രം നാമോരോരുത്തരും നമ്മളെ സങ്കല്‍പിച്ചുനോക്കൂ. പ്രസ്താവനകളില്‍ മാത്രമൊതുങ്ങാത്ത സഹോദര്യത്തെക്കുറിച്ചും സങ്കല്‍പ്പിച്ചുനോക്കൂ, മതങ്ങള്‍ ആളുകളെ വേര്‍തിരിക്കാത്ത സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് ചിന്തിക്കൂ… ഇതെല്ലാം നടപ്പാക്കാന്‍ കഴിയുന്നതേയുള്ളൂ. ഒരു കുടുംബം എങ്ങനെയാണ് അതിലെ അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്, അതുപോലെ ലോകത്തിനും സാഹോദര്യം നിലനിര്‍ത്താന്‍ സാധ്യമാണ്. തുറന്നുള്ള സംസാരം വേണമെന്നു മാത്രം മാര്‍പാപ്പ പറഞ്ഞു.

നീതിനിഷേധത്തിനു പകരം ലോകത്തിനാവശ്യം സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമാണ് നാം ലോകമാവുന്ന വലിയ വീട്ടിലെ അംഗങ്ങളാവുന്നത്. ഹൃദയംകൊണ്ടുള്ള പ്രാര്‍ഥനയും തെളിവാര്‍ന്ന ആശയവിനിമയവും ലോകത്തില്‍ സാഹോദര്യം സൃഷ്ടിക്കും. സമാധാനത്തോടെ സംസാരിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്. സ്വര്‍ഗത്തില്‍നിന്നുള്ള ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് ഭൂമിയില്‍ പൂര്‍ത്തീകരണമുണ്ടാവുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും ഉറപ്പാക്കുന്നതിന് മതനേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്: ഡോ.അഹമ്മദ് അല്‍ ത്വയ്യിബ്‌

Pope-Francis-in-UAE-04അബുദാബി: മതനേതാക്കളെക്കുറിച്ച് ഇസ്ലാം മത പണ്ഡിതന്‍ പ്രഭാഷണം നടത്തി. മതനേതാക്കള്‍ സമാധാന സന്ദേശകാരവണമെന്ന് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബിയില്‍ നടക്കുന്ന വിശ്വ മാനവ സാഹോദര്യ സമ്മേളനത്തില്‍ മുതിര്‍ന്ന ഇസ്‌ലാം മത പണ്ഡിതനും വാഗ്മിയുമായ അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബ് പറഞ്ഞു. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും ഉറപ്പാക്കുന്നതിന് മതനേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്.

നേതാക്കളുടെ വാക്കുകളാണ് വിശ്വാസികള്‍ പിന്തുടരുന്നത്. തീവ്ര മതവാദങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും കൈമുതലാക്കിയവരെ നേരിടേണ്ടത് അചഞ്ചലമായ ധൈര്യം കൊണ്ടാണ്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ മുസ്‌ലിം കൗണ്‍സില്‍ ഫോര്‍ എല്‍ഡേഴ്‌സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനായി ലോക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് യുഎഇ നടത്തിയ വിശ്വമാനവ സാഹോദര്യ സമ്മേളനം മഹത്തരമായ നീക്കമാണ്. ഇതിന് നേതൃത്വം നല്‍കിയ ഭരണാധികാരികള്‍ അനുമോദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം യുഎഇയില്‍ ഇന്ന് അലയടിക്കും; പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 1.35 ലക്ഷം ജനങ്ങള്‍

Pope-Francis-in-UAE-06അബുദാബി: സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ പര്യടനം തുടരുന്നു.
ഞായറാഴ്ച രാത്രി അബുദാബിയില്‍ എത്തിയ പാപ്പയ്ക്ക് രണ്ടാംദിവസം സന്ദര്‍ശനങ്ങളുടെയും ഹ്രസ്വപ്രഭാഷണങ്ങളുടെയും ദിനമായിരുന്നു. യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവ സാഹോദര്യത്തിന്റെയും ബഹുസ്വരതയുടെയും ചിന്തകളോട് ചേര്‍ന്നുനിന്നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പര്യടനം.

തിങ്കളാഴ്ച ഉച്ചക്ക് യുഎഇ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യുഎഇ രാഷ്ട്രനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്നതായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായിട്ടായിരുന്നു പാപ്പയുടെ ആദ്യ കൂടിക്കാഴ്ച.

രാജകുടുംബാംഗങ്ങളായ ശൈഖ് സൈഫ്, ശൈഖ് മന്‍സൂര്‍, ശൈഖ് അബ്ദുള്ള തുടങ്ങി ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. യുഎഇ സൈനിക ബാന്‍ഡിന്റെ അകമ്പടിയോടെയാണ് മാര്‍പാപ്പയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചത്. സൈനിക കുതിരകളുടെ മാര്‍ച്ച് പാസ്റ്റ്, 21 ഗണ്‍ സല്യൂട്ട് തുടങ്ങിയ എല്ലാ ഉപചാരങ്ങളോടെയുമായിരുന്നു കൊട്ടാരത്തില്‍ മാര്‍പാപ്പയ്ക്ക് നല്‍കിയ രാജകീയ സ്വീകരണം.ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചക്കിടയില്‍ മേഖലയിലെ സമാധാനശ്രമങ്ങളും ചര്‍ച്ചയായി.

യുഎഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക് സന്ദര്‍ശനമായിരുന്നു പാപ്പയുടെ അടുത്ത ചടങ്ങ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഇസ്ലാമിക തീര്‍ത്ഥാടനകേന്ദ്രമായി എണ്ണപ്പെടുന്ന ഗ്രാന്റ് മോസ്‌കിലേക്ക് കത്തോലിക്കാ വിശ്വാസി സമൂഹത്തിന്റെ ആത്മീയാചാര്യന്‍ എത്തുന്നത് പകര്‍ത്താന്‍ ലോകത്തിന്റെ വിവിധകോണുകളില്‍നിന്നുള്ള വന്‍ മാധ്യമസംഘം എത്തി. വൈകിട്ട് അഞ്ചോടെ ഈജിപ്തിലെ ഇസ്‌ലാമിക പണ്ഡിതനായ അല്‍ അസര്‍ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയിബുമൊത്തായിരുന്നു മാര്‍പാപ്പയുടെ പള്ളി സന്ദര്‍ശനം. ഇരുവരും തമ്മില്‍ചര്‍ച്ചയും നടന്നു.

തുടര്‍ന്ന് നഗരത്തിലെ ചരിത്രസ്മാരകമായ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന വിശ്വമാനവ സാഹോദര്യ സമ്മേളനത്തിലും മാര്‍പാപ്പ സംസാരിച്ചു.മാര്‍പാപ്പ പങ്കെടുക്കുന്ന പ്രധാന ചടങ്ങ് ഇന്നാണ്. അബുദാബി ശൈഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പൊതുപരിപാടിയിലും 1.35 ലക്ഷം പേര്‍ പങ്കെടുക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുലര്‍ച്ചെ അഞ്ചുമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിദൂരസ്ഥലങ്ങളില്‍നിന്ന് വിശ്വാസികളുമായി പ്രത്യേക ബസുകള്‍ ഇന്നലെ രാത്രി പതിനൊന്നു മുതല്‍ തന്നെ അബുദാബിയിലേക്ക് യാത്ര തിരിച്ചു. ഈ പരിപാടിക്കുശേഷം ഇന്ന് വൈകിട്ട് മാര്‍പാപ്പ വത്തിക്കാന്‍ സിറ്റിയിലേക്ക് മടങ്ങും.യുഎഇയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചതായിരുന്നു ഈ സന്ദര്‍ശനം. ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനായി മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ജനങ്ങളാണ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്്‌റ്റേഡിയത്തില്‍ എത്തുന്നത്.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment