ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. കുര്‍ബ്ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു; യുഎ‌ഇയ്ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം

baliഅബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎ‌ഇയിലെ ദിവ്യബലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് വിശുദ്ധ കുര്‍ബാന നടത്തിയത്. ദിവ്യബലിക്കു മുമ്പായി മൊബീല്‍ വാഹനത്തില്‍, മാര്‍പാപ്പ സ്റ്റേഡിയത്തിലുള്ള ജനക്കൂട്ടത്തിന് ആശിര്‍വാദം നല്‍കി.

ഭൂരിപക്ഷം പേര്‍ക്കും തൊട്ടടുത്തു കാണാവുന്ന തരത്തില്‍ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാണ് മാര്‍പാപ്പ വന്നത്. പത്തു ലക്ഷത്തോളം ആളുകള്‍ മാര്‍പാപ്പയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേര്‍ക്കാണ് പാസ് നല്‍കിയത്.

mass1ദിവ്യബലി അര്‍പ്പിച്ച സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്കു വരുന്നതിനു മുമ്പായി അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും ചെയ്തു.മുഴുവനാളുകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിരുന്നു.

ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് പാപ്പ

അബുദാബി: യുഎഇയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം കൂടി. മാര്‍പാപ്പയുടെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ത്ഥനകള്‍ അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ശാന്തിയും സമാധാനവും ആശ്വാസവും പകര്‍ന്ന് കുര്‍ബാന അര്‍പ്പിച്ചു.

mass2യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുര്‍ബാന ആരംഭിച്ചത്. ഈ ധന്യനിമിഷം വിശ്വാസികള്‍ക്കും പ്രദേശവാസികള്‍ക്കും അനുഗ്രഹമായി.ഇത്തരമൊരു ആഘോഷം സമാപിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ് പകരുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാന അവസാനിപ്പിച്ച് പറഞ്ഞു. ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

ബിഷപ് ഹിന്ദറിന് ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. എന്റെ സന്ദര്‍ശനത്തിനു വേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. എല്ലാ മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കും ബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കും ഇവിടെ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിങ്ങള്‍ മറക്കരുത്- പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.

papa8ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിതായിരുന്നു വാദകന്‍. വിവിധ എമിറേറ്റുകളില്‍ നിന്നായി രാത്രിയില്‍ തന്നെ ബസുകളില്‍ വിശ്വാസികള്‍ പുറപ്പെട്ടിരുന്നു. 2500ലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനല്‍കിയത്. കുര്‍ബാനയ്ക്കു മുന്‍പ് മാര്‍പാപ്പ സെന്റ് ജോസഫ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു.

ഇവിടെ രോഗികളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറോളം പേരെ ആശീര്‍വദിച്ചു.1.35 ലക്ഷം വിശ്വാസികള്‍ ആണു യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ പങ്കെടുത്തത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാര്‍ത്ഥനാഗീതം ആലപിച്ചത്. കൈകൊണ്ടു നിര്‍മിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടില്‍ നിന്നാണ് കൊണ്ടുവന്നത്.

സമാധാനം കാംക്ഷിക്കുന്നവരുടെ കൂടെയാണ് ദൈവം: ഫ്രാന്‍സിസ് മാര്‍പാപ്പ

pap1അബുദാബി: സാഹോദര്യ സന്ദേശവുമായി മാര്‍പാപ്പ.’അസ്‌ലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് മാര്‍പാപ്പ പ്രസംഗം ആരംഭിച്ചത്. സമാധാനം നിങ്ങളോടു കൂടെ എന്നായിരുന്നു അടുത്ത വരി. സന്ദര്‍ശനം വിജയകരമാക്കുന്നതിന് പ്രയത്‌നിച്ച ഒരോരുത്തരോടും മാര്‍പാപ്പ നന്ദി പറഞ്ഞു. ‘സന്ദര്‍ശനത്തിന്റെ മുദ്ര ഒലിവിലയുമായി പറക്കുന്ന പ്രാവാണ്. അതൊരു പ്രതീകമാണ്. മനുഷ്യകുലത്തെ വലിയ പ്രളയത്തില്‍ നിന്നു രക്ഷിക്കാന്‍ ദൈവം നോഹയുടെ പേടകം ഉപയോഗിച്ചതിന്റെ പ്രതീകം.

സമാധാന സംരക്ഷണത്തിനായി നാമും ഇന്ന് ഒരു വീടായി സാഹോദര്യത്തിന്റെ പേടകത്തില്‍ പ്രവേശിക്കുകയാണ്.’ ദൈവം സൃഷ്ടാവായതിനാലാണ് ലോകം ഒരു കുടുംബമായിരിക്കുന്നത്. എല്ലാവര്‍ക്കുമായി അധിവസിക്കാനാണ് അദ്ദേഹം ഭൂമിയെ വീടായി നമുക്ക് തന്നിരിക്കുന്നത്. ഇവിടെ എല്ലാവരും സമന്മാരാണ്. അതാണ് സാഹോദര്യത്തിന്റെ അടിസ്ഥാനവും. ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് അധീശത്വം ഉറപ്പിക്കാന്‍ അവകാശമില്ല. എല്ലാവരിലും അന്തര്‍ലീനമായിരിക്കുന്ന നന്മകളെ പരിപോഷിപ്പിക്കാതെ സൃഷ്ടാവിനെ ആദരിക്കാനാവില്ല. ദൈവത്തിനു മുന്നില്‍ എല്ലാവരും ഒന്നുപോലെയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കാഴ്ചയാണ് വളര്‍ത്തേണ്ടത്.

pappa3വേര്‍തിരിവ് പാടില്ല. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തേണ്ടത്. അതിനാല്‍ എല്ലാ രൂപത്തിലുമുള്ള അതിക്രമങ്ങളെ സംശയാതീതമായി ഒരു നിമിഷം പോലും പാഴാക്കാതെ അപലപിക്കണം. നമ്മള്‍ ഒരുമിച്ചു നിന്നാല്‍ നല്ല ഭാവി കെട്ടിപ്പടുക്കാം. അല്ലെങ്കില്‍ ഭാവിയേ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കിടയിലും സംസ്‌കാരങ്ങള്‍ക്കിടയിലും മതങ്ങള്‍ പാലങ്ങള്‍ പണിയാതെ പറ്റില്ല. നമുക്കൊരുമിച്ച് ഭാവി രൂപപ്പെടുത്താം. അതല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല.

മാനവ സമൂഹത്തില്‍ യോജിപ്പിന്റെ തലങ്ങളും ഭാവിപ്രതീക്ഷകളും വളര്‍ത്താന്‍ ധാര്‍ഷ്്ട്യവും കാപട്യവുമില്ലാതെ മതങ്ങള്‍ കൂടുതല്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ നീതിയുടെയും ചിറകുകള്‍ സമാധാന പ്രാവിന് പറക്കാന്‍ അനിവാര്യമാണ്. ആത്മാവിന്റെ വിഭവങ്ങള്‍ പരിപോഷിപ്പിക്കാന്‍ വിദ്യാഭ്യാസം ആവശ്യമാണ്. ഭുമിയിലെ സമ്പന്ന ഉറവിടങ്ങള്‍ മാത്രമല്ല ഹൃദയങ്ങളിലെ സമ്പന്ന സ്രോതസ്സുകളെയും കണ്ടെത്തണം. യുവാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. അവനവനെ അറിയുന്നതിനു പുറമേ സഹോദരങ്ങളെും അറിയണം.

mass3അതിക്രമങ്ങളും വിദ്യാഭ്യാസവും വിപരീത ദിശയില്‍ ചരിക്കുന്നവയാണ്. സാഹോദര്യത്തിന്റെ ശത്രു താന്‍പോരിമയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകള്‍ക്കും ഇതു ഭീഷണിയാണ്. സ്വാതന്ത്ര്യമില്ലെങ്കില്‍ നമ്മള്‍ മനുഷ്യകുലത്തിലെ അംഗങ്ങളാവില്ല. അടിമകളായിരിക്കും. ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ് മത സ്വാതന്ത്ര്യം. എന്നാല്‍ ഇത് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം മാത്രമല്ല. മറ്റുള്ളവരെ സ്വന്തം സഹോദരീ സഹോദരന്മാരായി കാണാനാകുന്നതു കൂടിയാണ്. ഇങ്ങനെ അല്ലാതായാല്‍ ദൈവത്തിന്റെ പേരിലായാലും ഒരു മനുഷ്യപ്രസ്ഥാനങ്ങള്‍ക്കും നിലനില്‍ക്കാനാവില്ല. അന്യരോടുള്ള കരുതലാണ് സംവാദത്തിന്റെ ഹൃദയം.

ഇതാകട്ടെ ഉദ്ദേശ്യശുദ്ധിയിലെ ആത്മാര്‍ഥതയിലാണ് നിലകൊള്ളുന്നത്. ഉള്ളില്‍ ഒന്നു കരുതിയിട്ട് പുറമേ മറ്റൊന്നു കാണിക്കുന്നത് ശരിയല്ല. ഹൃദയങ്ങളില്‍ നിന്നുള്ള പ്രാര്‍ഥന സാഹോദര്യം നിലനിര്‍ത്തും. ഭാവിയിലും സാഹോദര്യം നിലനില്‍ക്കണമെങ്കില്‍ പരസ്പരം കരുതലോടെ പ്രാര്‍ഥിക്കണം. ദൈവമില്ലാതെ ഒന്നും സാധ്യമല്ല. ദൈവമുണ്ടെങ്കില്‍ എല്ലാം ശുഭകരമാവും. ഏതു ആചാരങ്ങളുമായിക്കൊള്ളട്ടെ, ദൈവഹിതത്തോടു പൂര്‍ണമായി യോജിക്കണം. അങ്ങനെയായാല്‍ എല്ലാവരെയും സഹോദരരായി കാണാം. അങ്ങനെ നാനാത്വത്തില്‍ ഏകത്വം കണ്ടെത്താനാകുമെന്നും മാര്‍പാപ്പ പറഞ്ഞു.

pop2‘മരുഭൂമിയായിരുന്ന ഇവിടം രാഷ്ട്രത്തലവന്മാരുടെ ദീര്‍ഘവീക്ഷണവും പാടവവും കൊണ്ട് സമ്പന്നവും താമസയോഗ്യവുമായി. വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അടുക്കാന്‍ പ്രതിബന്ധമായി നിന്ന മരുഭൂമി ഇന്ന് അവയുടെ സംഗമഭൂമിയായി. കുറച്ചു ദിനങ്ങള്‍ കൊണ്ടല്ല ഇവ ഫലഭൂയിഷ്ഠമായത്. ഇനിയും കാലങ്ങളോളം ഇതു നിലനില്‍ക്കും. മണലും അംബരചുംബികളും ഒന്നിക്കുന്ന ഇവിടം വികസനത്തിന്റെ ഇടമായി, കിഴക്കും പടിഞ്ഞാറും തെക്കും വടക്കും സന്ധിക്കുന്ന ഭൂമിയാകും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമാണ് നിലനില്‍പ്പുള്ളത്. എല്ലാവരെയും ഉള്‍ക്കൊള്ളാത്ത വികസനത്തിന് ഭാവി മാനവസമൂഹത്തെ രൂപപ്പെടുത്താനാവില്ല. വന്‍ ജോലി സാധ്യതകള്‍ സൃഷ്ടിച്ചതിലൂടെ ഇവിടം വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ അഭയകേന്ദ്രമായി. ആത്മീയ പക്വത വളര്‍ത്താന്‍ വിവിധ മതസ്ഥര്‍ക്ക് ആരാധനാ ഇടങ്ങളും ഇവിടെ നല്‍കി. ഈ വഴിയേ തന്നെ മുന്നോട്ടു പോകാന്‍ യുഎഇയിലെ ഭരണാധികാരികള്‍ക്ക് കഴിയട്ടെ.’

pop6വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പേരു സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, അബുദാബി കിരീടാവകാശിക്കു സമ്മാനിച്ചത് വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഉപഹാരം തന്നെ. 1219 ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍ കമീലുമായി കൂടിക്കാഴ്ച നടത്തിയത് ആലേഖനം ചെയ്ത ചിത്രം. അന്നത്തെ സന്ദര്‍ശനത്തിന്റെ എണ്ണൂറാം വാര്‍ഷികമാണിപ്പോള്‍. അതിന്റെ ഓര്‍മയ്ക്കായി കൂടിയായിരുന്നു ഈ സന്ദര്‍ശനം. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റണേ’ എന്ന വിശുദ്ധന്റെ പ്രാര്‍ഥനയാണ് മാര്‍പാപ്പ സന്ദര്‍ശന പ്രമേയമായി സ്വീകരിച്ചതും.

ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ന്യായീകരിക്കാന്‍ ആകില്ല. സഹോദരങ്ങള്‍ തമ്മില്‍ പോരടിക്കുന്നതു ദൈവത്തിനു വേണ്ടിയാണെന്നു പറയുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദ. ആരാധനയ്ക്കുള്ള അനുമതി മാത്രമല്ല, എല്ലാവരെയും സഹോദരങ്ങളായി കാണുന്നതാണു യഥാര്‍ഥ മതസ്വാതന്ത്ര്യം. ആയുധത്തിന്റെ ശക്തികളെ നേരിടാന്‍ മുസ്‌ലിം, ക്രിസ്ത്യന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങണം. യെമന്‍, സിറിയ, ഇറാഖ്, ലിബിയ യുദ്ധങ്ങളുടെ പരിണിതഫലം നമ്മുടെ കണ്‍മുന്നിലുണ്ട്. സമാധാനം കാംക്ഷിക്കുന്നവരുടെ കൂടെയാണു ദൈവം.

pop3 pop4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment