Flash News

പണം കൊണ്ട് പെരുമഴ പെയ്യിച്ച അമേരിക്കന്‍ മലയാളി സംഘടനകള്‍

February 7, 2019 , പി.പി. ചെറിയാന്‍

perumazha-1അമേരിക്കന്‍ മലയാളി സംഘടനകള്‍ ജനുവരി മാസം കേരളത്തില്‍ അമ്മ മലയാളത്തിന് സമ്മാനിച്ചത് ക്യാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം!

വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, പ്രവാസി മലയാളി ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ മലയാള ഭാഷയേയും, മലയാളി മാധ്യമ പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിനോടൊന്ന് മത്സരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് നല്‍കിയത്. ഭാഗ്യവശാല്‍ ഈ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഈ ലേഖകനും ലഭിച്ചു.

ജനുവരി 13-ന് ഞായറാഴ്ച ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ എറണാകുളം ടാജ് ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സിലും, ബോള്‍ഗാട്ടി പാലസില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങുകള്‍ അമേരിക്കന്‍ പ്രൗഡിയെപ്പോലും വെല്ലുന്ന വിധത്തിലായിരുന്നു. ലക്ഷക്കണക്കുന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്റ്റേജുകളും ഇരിപ്പിടങ്ങളും ചടങ്ങിന്‍രെ ശോഭ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച ചടങ്ങില്‍ മുഖ്യമന്ത്രി കൃത്യ സമയത്തുതന്നെ എത്തിച്ചേര്‍ന്നു. പത്ത് മിനിറ്റ് വേദിയില്‍ ചിലവഴിച്ചു. ഒന്നോ രണ്ടോ അവാര്‍ഡുകള്‍ വിതരണം ചെയ്ത് വേദി വിട്ടിറങ്ങിയതോടെ അതുവരെ നിറഞ്ഞു കവിഞ്ഞിരുന്ന ഓഡിറ്റോറിയം മിക്കവാറും കാലിയായി.

ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ബോള്‍ഗാട്ടി പാലസില്‍ ഐ.പി.സി.എന്‍.എയുടെ പരിപാടികള്‍ ആരംഭിക്കേണ്ടിയിരുന്നത് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇതിനിടയില്‍ ചില എം.എല്‍.എമാരും സ്ഥലത്തെത്തിയിരുന്നു. എട്ടുമണിയോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു. ചുരുക്കം ചില വാക്കുകള്‍ സംസാരിച്ചു വേദി വിട്ടിറങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം എം.എല്‍.എമാരും ഭൂരിപക്ഷം കാണികളും സ്ഥലംവിട്ടിരുന്നു. പിന്നീട് ഇരു വേദികളിലും മിക്കവാറും ഒഴിഞ്ഞുകിടക്കുന്ന കസേരകളെ സാക്ഷിയാക്കി നേതാക്കന്മാര്‍ നടത്തിയ പ്രസംഗം നോക്കി നില്‍ക്കാന്‍തന്നെ കൗതുകമായിരുന്നു.

ഈ രണ്ടു പരിപാടികള്‍ക്കുംമുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ ജനുവരി ആറിനു പ്രവാസി മലയാളി ഫെഡറേഷനും, ജനുവരി മുപ്പതിനു തലസ്ഥാനത്ത് ഫൊക്കാന “ഭാഷയ്‌ക്കൊരു ഡോളര്‍’ ചടങ്ങുകളും സംഘടിപ്പിച്ചത് ഇതില്‍ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല.

ഈ ചടങ്ങുകളിലൊക്കെ പ്രതിഫലിച്ചത് മലയാള സാഹിത്യത്തേയും, മാധ്യമ പ്രവര്‍ത്തകരേയും അമേരിക്കന്‍ മലയാളികള്‍ എത്രമാത്രം ആദരിക്കുകയും കരുതുകയും ചെയ്യുന്നു എന്നുള്ളതാണ്. കേരളത്തില്‍ മലയാള ഭാഷയുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും ഇതില്‍ നിഴലിച്ചിരുന്നു.

ഭാഷയ്‌ക്കൊരു ഡോളര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റു മൂന്നു പ്രൗഢഗംഭീര ചടങ്ങുകളിലും പങ്കെടുത്തുകഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നും ആയിരക്കണക്കിന് ഡോളര്‍ ചിലവഴിച്ച് ഇതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന സംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും നേരില്‍ കണ്ട് ചടങ്ങുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായുന്നതിനുള്ള അവസരം ലേഖകന്‍ പാഴാക്കിയില്ല.

കേരളത്തില്‍ എത്തിച്ചേര്‍ന്ന പലരും അമേരിക്കയിലും, കേരളത്തിലും സംഘടിപ്പിച്ച പുരസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ളവരായിരുന്നതിനാല്‍ ഒരു താരതമ്യ പഠനത്തിനും അവസരം ലഭിച്ചു.

മലയാള ഭാഷയുടെ ഈറ്റില്ലമായ കേരളത്തിലാണോ, അതോ മലയാള ഭാഷയുടെ മരണമൊഴി മുഴങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയിലാണോ, അമ്മ മലയാളത്തെ കൈത്താങ്ങല്‍ നല്‍കി പരിപോഷിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് എല്ലാവരും ഒരേ ഉത്തരം തന്നെയായിരുന്നു നല്‍കിയത് “അമേരിക്കയില്‍ തന്നെ’, അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ഓരോ ചടങ്ങുകളിലും മലയാള ഭാഷയെ മാറോടണച്ച് മക്കള്‍തുല്യം സ്‌നേഹിക്കുന്ന അമേരിക്കന്‍ എഴുത്തുകാരും, അമേരിക്കന്‍ മലയാളി ഓണ്‍ലൈന്‍, അച്ചടി മാധ്യമപ്രവര്‍ത്തരും. അവരുടെ നഷ്ടങ്ങളുടേയും പരാജയങ്ങളുടേയും പല്ലവി വേദികളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിടുമ്പോള്‍ ഇതിനനുകൂലമായി പ്രതികരിക്കുന്നതിനോ, ഇവരെ ഉദ്ധരിക്കുന്നതിനോ ഈ സംഘടകള്‍ എന്താണ് ചെയ്യുന്നത്? മറുപടി പ്രതീക്ഷിച്ചതുപോലെ തന്നെ. “അവരേയും ഞങ്ങള്‍ പ്ലാക്കുകയും, ഷാളുകളും നല്‍കി ആദരിക്കുന്നുണ്ടല്ലോ?’ കേരളത്തില്‍ നല്‍കുന്നതുപോലെ ഒരു “പെനി’യെങ്കിലും ഇവരുടെ ആശ്വാസത്തിനായോ പ്രയാസങ്ങള്‍ക്കായോ ഈ സംഘടനകള്‍ ചിലവഴിക്കുന്നുണ്ടോ? നിശബ്ദത മാത്രമായിരുന്നു ഇതിനുള്ള മറുപടി.

സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലും സംഭാവനയായും അമേരിക്കന്‍ മലയാളികളില്‍ നിന്നും ഇരന്നുവാങ്ങുന്ന ഡോളര്‍ കെട്ടുകണക്കിന് രൂപയായി കേരളത്തിലെ മലയാള ഭാഷയേയും, എഴുത്തുകാരേയും മാധ്യമ പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കുന്നതിന് ഇവിടെയുള്ള സംഘടനാ നേതാക്കള്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥയുടെ ഒരംശം പോലും കോരളത്തില്‍ കോടിക്കണക്കിനു മൂലധനമുള്ള മാധ്യമങ്ങളോ, സംഘടനകളോ തിരിച്ചു കാണിക്കുന്നില്ല എന്നത് വേദനയെടുകൂടി തന്നെ തുറന്നുപറയേണ്ടിയിരിക്കുന്നു.

വര്‍ഷങ്ങളായി മാധ്യമ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി ക്യാഷ് അവാര്‍ഡുകള്‍ കേരളത്തിലും അമേരിക്കയിലും വിതരണം ചെയ്യുകയും, കേരളത്തിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും, അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളെന്ന് വീറോടെ വാദിക്കുകയും ചെയ്യുന്ന ഇതര സംഘടനകളും, ഇവിടെ ഊര്‍ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയെ അല്‍പമെങ്കിലും നിലനിര്‍ത്തുന്നതിന് എന്തു പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.?

പ്രഗത്ഭരായ എഴുത്തുകാരേയും, മാധ്യമ പ്രവര്‍ത്തകരേയും കണ്ടെത്തി അവരെ ആദരിക്കുന്നതിനും ക്യാഷ് അവാര്‍ഡുകള്‍ നല്കുന്നതിനും ലേഖകനും സര്‍വ്വാത്മനാ പിന്തുണ നല്‍കുന്നു. എന്നാല്‍ പിറന്ന മണ്ണിനോട് മനസ്സില്ലാ മനസ്സോടെ യാത്രപറഞ്ഞ് ഉപജീവനാര്‍ത്ഥമോ, മറ്റു പല ലക്ഷ്യങ്ങളോടെയോ അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പ്രവാസി മലയാളികളുടെ പുതിയ തലമുറ മലയാള ഭാഷയില്‍ നിന്നും അന്യപ്പെട്ടു പോകുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവാസി മലയാളികളില്‍ ചുരുക്കംചിലരെങ്കിലും ഇവിടെയും മലയാള ഭാഷ നിലനില്‍ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ്. തിരക്കുപിടിച്ച ജീവിതചര്യകളിലും, സമയം കണ്ടെത്തി എഴുത്തുകളിലൂടെയും മാധ്യമങ്ങളിലൂടെയും മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും, നിലനിര്‍ത്തുന്നതിനും ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഒരു കൈത്താങ്ങ് കൊടുക്കുന്നതിന് എന്തുകൊണ്ട് അമേരിക്കയിലെ വന്‍ സംഘടനകള്‍ തയാറാകുന്നില്ല എന്നതു ചോദ്യചിഹ്‌നമായി തന്നെ നിലനില്‍ക്കുന്നു. നല്ല ലക്ഷ്യങ്ങളോടെ ആരംഭിച്ച നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും, സാമ്പത്തിക ഞെരുക്കത്താല്‍ അടച്ചുപൂട്ടേണ്ടിവന്നിരിക്കുന്ന, സ്വന്തം പോക്കറ്റില്‍ നിന്നായാലും പണംമുടക്കി പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്, കേരളത്തില്‍ വിതരണം ചെയ്യുന്നതിന് അമേരിക്കന്‍ മലയാളികളില്‍ നിന്നും പിരിച്ചെടുക്കുന്ന സംഖ്യയുടെ ഒരംശമെങ്കിലും നല്‍കിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു.

കഴിഞ്ഞ വര്‍ഷാവസാനം അറ്റ്‌ലാന്റയില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന, ഇവിടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനാറോളം യുവ പ്രതിഭകള്‍ക്കാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

ലക്ഷക്കണക്കിന് ഡോളര്‍ മലയാള ഭാഷയേയും മാധ്യമ പ്രവര്‍ത്തകരേയും ആദരിക്കുന്നതിന് അമേരിക്കന്‍ സംഘടനകള്‍ കേരളത്തില്‍ വിതരണം ചെയ്യുമ്പോള്‍ ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഒരു പാലമിട്ടാല്‍ ഇരുവശത്തേക്കുമുള്ള ദൂരം തുല്യമാണെന്ന തത്വം അംഗീകരിക്കുവാന്‍ കേരളത്തില്‍ ആരെങ്കിലും ഇതേവരെ തയാറായിട്ടുണ്ടോ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top