ഓര്‍മ്മകളില്‍ ഒരു തുളസിക്കതിര്‍ പോലെ! (അദ്ധ്യായം : കണി)

Ormakalil oru-1മേടപ്പുലരിയുടെ തങ്കവെളിച്ചമരിച്ചിറങ്ങുന്ന വാകക്കൊമ്പിലിരുന്ന് പാടുന്ന ഏതോ ഒരു കിളിയുടെ ഉണര്‍ത്തു പാട്ടാണ്, പതിവിലും നേരത്തെ എന്നെ വിളിച്ചുണര്‍ത്തിയത്. മതിവരാത്ത ഉറക്കം കണ്‍പോളകളില്‍ തൂങ്ങിയാടുന്നു. ഞാനൊന്ന് മുരി നിവര്‍ത്തി, ഞെളിപിരി കൊണ്ടു. എഴുന്നേറ്റ് ഇറയത്ത് തൂക്കിയ പാളയില്‍ നിന്നും ലേശം ഉമിക്കരിയെടുത്ത്, മുറ്റത്തേക്കിറങ്ങി. പല്ലു തേച്ച്, മുഖം കഴുകി കിണറ്റുകരയില്‍ നിന്നു വരുമ്പോള്‍, കണ്ണുകള്‍ തൊടിയുടെ പടിഞ്ഞാറേ അതിരിലുടക്കി.

അവിടെ, പൂത്തു നില്‍ക്കുന്ന സുവര്‍ണ്ണകത്തിന്നരികിലെ മൈലാഞ്ചിയില്‍ നിന്നും ഇലയുരിഞ്ഞെടുക്കുന്നു; പ്രഭാതമായിട്ടും അസ്തമിക്കാന്‍ മറന്നുപോയൊരു നക്ഷത്രം! ആഹ.. നല്ല കണി.. കൗതുകം കൊണ്ടെന്റെ കണ്ണുകള്‍ ഒരച്ചിങ്ങയോളം വികസിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കണ്ണുകളെ ആ പ്രഭാമയി റാഞ്ചിയെടുത്തിരിക്കുന്നു.

സ്വപ്നാടനത്തിലെന്നവണ്ണം ഞാനങ്ങോട്ട് നടന്നു. കാലൊച്ച കേട്ടവള്‍ തിരിഞ്ഞു നോക്കി. പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ ആ കണ്ണുകളില്‍ പരിഭ്രമം തിരയിളകി. “ആരാ” എന്ന ഒറ്റവാക്കിലൊതുങ്ങി എന്റെ ചോദ്യം. തമ്പാപ്രക്കുന്നിലെ കുറ്റിക്കാടുകളില്‍ നിന്നും താഴേക്ക്, വീടുകളുടെ അടുക്കളപ്പുറങ്ങളിലേക്ക്, അന്നം തേടിപ്പറക്കുന്ന ചാണാക്കിളികളുടെ കലപില ശബ്ദവും, അതിന് കൂട്ടായി മരച്ചില്ലകളില്‍ നിന്ന് അണ്ണാന്മാരുടെ ചിലയ്ക്കലും. അവയ്ക്കിടയില്‍ അവളുടെ മാരുതമര്‍മരം പോലുള്ള മറുപടി കേട്ടു.

“തമ്പാപ്രയിലെയാ.”

തമ്പാപ്രയിലെയോ? അവിടെയിപ്പോ ഇങ്ങിനെ ഒരാളുണ്ടോ? എനിക്ക് സംശയം ബാക്കി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലെങ്കിലും, എന്റെ കുതൂഹലം പൂണ്ട നിര്‍ത്തം കണ്ടപ്പോള്‍ അവള്‍ സ്വയം പറഞ്ഞു.

“ദേവകി ടീച്ചറുടെ മോളാ…”

ഓ.. അങ്ങിനെ.. ഇപ്പോള്‍ മനസ്സിലായി. അപ്പോള്‍ അമ്മ വീട്ടിലേക്ക് ഒഴിവുകാലത്ത് വിരുന്നു വന്നതാണ്.

ഇതിപ്പോളെന്തിനാണാവോ മൈലാഞ്ചി. അതും ഇത്ര രാവിലെ. മനസ്സില്‍ സംശയം അങ്കുരിച്ചെങ്കിലും ചോദിച്ചില്ല. പകരം, ഒരു കമ്പൊടിച്ച് അവളുടെ നേരെ നീട്ടി.

“കൊണ്ടുപോയി, നനവ് കിട്ടുന്നിടത്ത് കുത്തിയാല്‍ മതി. അവിടെയും ഉണ്ടാകും” എന്ന് മാത്രം പറഞ്ഞു. മറുപടിക്ക് അമാന്തമുണ്ടായില്ല.

“അതിന് ഞാനിവിടെ കുറച്ചല്ലേ ഉണ്ടാകൂ. പിന്നെന്തിനാ…?”

ആ പഷ്ട്. അവളുടെ അഞ്ജനമെഴുതിയ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“താന്‍ നട്ട എത്ര മരത്തിന്റെ തണലില്‍ താനിരിന്നിട്ടുണ്ട്?”

ആ മുഖമാകെ ജാള്യത പരന്നു. ഞാനത്രയൊന്നും ഓര്‍ത്തില്ലാട്ടോ, എന്നെന്നോട് മൗനമായി പറഞ്ഞു കൊണ്ടവള്‍, എന്റെ കണ്ണുകളിലേക്കും, താഴെ മണ്ണിലേക്കും നയനങ്ങളെ മാറിമാറി പ്രതിഷ്ഠിച്ചു.

എന്റെ ചുണ്ടില്‍ അവാച്യമായ ഒരനുഭൂതിയുടെ പുഞ്ചിരി പിറന്നു.

“എന്താ തന്റെ പേര്?”

ചില നിമിഷങ്ങള്‍, അവളുടെ മിഴികളെന്റെ കണ്ണിന്റെ ആഴങ്ങളില്‍ നീന്തിക്കളിച്ചു. പിന്നെ ഞാന്‍ നീട്ടിയ കമ്പ് വാങ്ങിക്കുന്നതിനിടയില്‍ ഒരു മൃദു മന്ത്രണം പോലെ പറഞ്ഞു.

“തുളസി”

ഒരു ചെറു പുഞ്ചിരിയുടെ മേമ്പൊടിയോടെ, ഞാനാത്മഗതം പോലെ പറഞ്ഞു.

“തന്നെ കുറച്ച് കൂടി പ്രകാശമുള്ളൊരു പേര് വിളിക്കാമായിരുന്നു ടീച്ചര്‍ക്ക്.”

എനിക്ക് തിരിച്ചറിയാനാവാത്തൊരു വികാരസാഗരമാ മിഴികളിലിരമ്പുന്നത് ഞാന്‍ കണ്ടു. ഏതാനും ചില നിമിഷങ്ങള്‍ അവള്‍ എന്റെ മിഴികളില്‍ മിഴി പാകി ഒന്നും മിണ്ടാതെ നിന്നു. പിന്നെ, കണ്ണുകള്‍ കൊണ്ട് എന്നോട് യാത്ര ചോദിച്ച്, അവള്‍ പോയി. ഇടവഴിയിലൂടെ നടന്നു പോകുന്ന അവളെയും നോക്കി ഒരു ശിലാ പ്രതിമ പോലെ നില്‍ക്കുമ്പോള്‍, ഇടവഴിയുടെ അങ്ങേ അറ്റത്ത് എത്തുമ്പോഴെങ്കിലും അവളൊന്നു തിരിഞ്ഞു നോക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. ഇച്ഛാഭംഗം കൊണ്ട് കോടിയ മുഖവുമായി ഞാനങ്ങനെ വെറുതെ നോക്കി നിന്നു.

ജീവിതത്തില്‍ ആദ്യമായിട്ടാണ് അവളെ കാണുന്നതെങ്കിലും, അങ്ങിനെ അല്ലാത്ത പോലെ. എങ്ങിനെയാണ് ഞങ്ങള്‍ തമ്മില്‍ പരിചയം? അറിയില്ല. പക്ഷെ ഒന്നറിയാം. ഇവളെന്റെ ആരൊക്കെയോ ആണ്. മണ്ണില്‍ ചില ബന്ധങ്ങള്‍ അങ്ങിനെയാണ്. കാണുന്ന മാത്രയില്‍ തന്നെ ഓടിവന്നൊരു കസേരയും വലിച്ചിട്ട് നമ്മുടെ ഹൃദയത്തിലങ്ങോട്ട് കേറിയിരിക്കും. അതിനവര്‍ നമ്മുടെ സമ്മതമൊന്നും ചോദിക്കാറില്ല!

“മതിയെടാ, മതി. അവളെയിങ്ങനെ നോക്കിയത് മതി… ഓന്ത് ചോരകുടിക്കാന്‍ നോക്കുന്ന പോലുണ്ടല്ലോ.. വാ.. ഇനി വന്ന് വല്ലതും തിന്നൊ..”

ഇളയുമ്മയുടെ ശബ്ദമാണെന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. നോക്കുമ്പോള്‍ കണ്ടു. മുറ്റത്ത് നിന്ന് സാകൂതം എന്നെയും നോക്കി നില്‍ക്കുന്നു. ഉം….. പണിയായി. നാക്കിന് ലൈസന്‍സില്ലാത്ത ഇനമാണ്. ഇനിയിപ്പോള്‍ ഞാനൊരു നായര് പെണ്ണിന്റെ വായില്‍ നോക്കി ഒലിപ്പിച്ചിരുന്നു എന്ന് കുടുംബം മുഴവന്‍ എത്തിക്കും. മച്ചുനിച്ചികളൊക്കെ അറിഞ്ഞാല്‍ പിന്നെ തീര്‍ന്നു. കോമ്പല്ലും കൂര്‍ത്ത നഖങ്ങളും ഉള്ള കൂട്ടത്തിലാണവര്‍. മനുഷ്യനെ പച്ചയ്ക്ക് തിന്നുകളയും. ശിഷ്ട ജീവിതം തമ്പാപ്രക്കുന്നിന്റെ ഉച്ചിയിലെ മൊട്ടപ്പാറയില്‍ തപസ്സിരുന്നാല്‍, അതാവും നന്നാവുക. ഞാന്‍ അവര്‍ക്ക് മുഖം നല്‍കാതെ നേരെ അകത്തേക്ക് കയറി. മഹാഭാഗ്യം, എന്തോ, അവര്‍ പിന്നെ അതിന്റെ പിന്നാലെ കൂടിയില്ല.

ഇതെന്റെ ഉമ്മ വീടാണ്. പട്ടണത്തിലെ വീട് വിറ്റ് ഈ മലഞ്ചെരുവില്‍ വന്ന് താമസിമാക്കിയതിന്റെ പേരില്‍ വല്ല്യുപ്പ കുറച്ചൊന്നുമല്ല മക്കളുടെ പഴി കേട്ടിട്ടുള്ളത്. ഇവിടെ ഇപ്പോള്‍ വല്ല്യുമ്മയും ഇളയുമ്മയും മാത്രമാണ് താമസം. ഞാന്‍ അവധി ദിവസങ്ങളില്‍ ഇവര്‍ക്ക് തുണയ്ക്ക് വേണ്ടി വരുന്നതാണ്. ഇതൊരു മുക്കാലേക്കര്‍ പുരയിടമാണ്. പഴയ ഒരു വീട്. ചുറ്റുപാടും ഹിന്ദുക്കള്‍ മാത്രം താമസിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വളപ്പില്‍ വലിയൊരു കുളമുണ്ട്. അതിനരികില്‍ ശങ്കരേട്ടന്റെ വളപ്പില്‍ ഞങ്ങളുടെ അതിരിനോട് ചേര്‍ന്ന് ഒരു ആലും, ആലിന്‍ ചുവട്ടില്‍ പ്രതിഷ്ഠയും പൂജയുമുള്ള ഒരു മണ്ഡപവുമുണ്ട്.
ശങ്കരേട്ടന്റെ ഭാര്യ ഇട്ടേക്കി. മകന്‍ മുരളി, മകള്‍ കാളി. മറ്റൊരു അയല്‍വാസി ചാത്തന്‍ കുട്ടി. അദ്ദേഹത്തിന്റെ ഭാര്യ കൊറ്റിക്കുട്ടി. മകനൊരുത്തനുണ്ട്. പ്രകാശന്‍. മകള്‍ മിനിക്കുട്ടിയെ കല്യാണം കഴിച്ചിരിക്കുന്നത് രാജേട്ടന്‍, ഇവിടെ തന്നെയാണ് താമസം. പിന്നെയും ഒരുപാട് വീടുകളുണ്ട് താഴ്ഭാഗത്ത്. കുറച്ചപ്പുറത്താണ് തമ്പാപ്ര തറവാട്. പഴയ ജന്മികളായിരുന്നു. ആ തറവാടിന്റെ പേരിലാണ്, ഇവിടം അറിയപ്പെട്ടിരുന്നത്. അങ്ങിനെയാണ് ഈ കാണുന്ന കുന്നിന് തമ്പാപ്രക്കുന്ന് എന്ന് പേര് വന്നത്. കുന്നിന്റെ ഇങ്ങേ ചരിവ് മുഴുവന്‍ കശുമാന്തോട്ടമാണ്. നിറയെ കുറ്റിക്കാടും. അപ്പുറത്ത് റബര്‍ ആണ്. താഴെയുള്ള വീടുകള്‍ കഴിഞ്ഞാല്‍ പിന്നെ വിശാലമായ പാടമാണ്. അതിന്റെ നടുക്ക് കൂടി ഒരു ചെമ്മണ്‍ റോഡുണ്ട്. അത് ഊരക മലയിലേക്കും മറ്റുമൊക്കെ പോകുന്നു. പാടത്തിന്റെ അപ്പുറം പിന്നെയും മലഞ്ചെരുവുകളാണ്. നിറയെ കവുങ്ങും തെങ്ങും ഉള്ള മലഞ്ചെരുവ്.

പാടത്തിന്റെ ഇക്കരെ ഒരുമിച്ച് ഒരൊറ്റ മതില്‍ കെട്ടിനകത്ത്, മൂന്നമ്പലങ്ങള്‍. വേട്ടക്കൊരു മകന്‍, ശിവപാര്‍വതി, മഹാവിഷ്ണു എന്നിങ്ങനെ പ്രതിഷ്ഠകള്‍. ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ദേവിക്കൊരു എഴുന്നള്ളത്തുണ്ട്, ആലിന്‍ ചുവട്ടിലെ മണ്ഡപത്തിലേക്ക്. അന്ന് അമ്മാവന്മാരും അവരുടെ കുടുംബവും ഒക്കെ വരും.

എന്നാല്‍ പിന്നെ വാകയിലൊരു ഊഞ്ഞാല് കെട്ടണം. പൊടിമക്കളെ നീന്തല്‍ പഠിപ്പിക്കണം. തമ്പാപ്രക്കുന്നിലേക്ക് തെച്ചിപ്പഴം പറിക്കാന്‍ പോകുന്ന മച്ചുനന്മാര്‍ക്കും മച്ചുനിച്ചികള്‍ക്കും കാവല്‍ പോകണം. പൊടിമക്കള്‍ തെച്ചിപ്പഴമാണെന്ന് കരുതി പാമ്പിന്‍കുരു പറിച്ച് കഴിക്കാതെ നോക്കണം. അങ്ങിനെ ജോലിയൊരു പാടുണ്ടാവും എനിക്ക്.

ആലില്‍ കെട്ടിയ കോളാമ്പി സ്പീക്കറിലൂടെ അറിയിപ്പുകള്‍ പറയുന്നത് കുട്ടേട്ടനോ കണാരേട്ടനോ ആവും. ഞങ്ങള്‍ മുതിര്‍ന്നവരും കുട്ടികളും എല്ലാം വെടിവഴിപാടിനു പേര് കൊടുക്കും. അത് മൈക്കിലൂടെ സ്വന്തം പേര് വിളിച്ചു പറയുന്നത് കേള്‍ക്കാനുള്ള കൗതുകം കൊണ്ടാണ്. കതിനാ വെടികളില്‍ കുലുങ്ങാറുണ്ട്, ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകള്‍. ഉറക്കമില്ലാത്ത ഒരു രാത്രിയും വിശ്രമമില്ലാത്ത രണ്ടു പകലുകളും ആണത്.

ഇവിടെ എന്റെ സാധാരണ ദിവസങ്ങള്‍ വായനശാലയും, തമ്പാപ്ര കുന്നുമൊക്കെയായി കഴിഞ്ഞു പോകും. കുന്നിന്‍ മുകളിലെ മൊട്ടപ്പാറയില്‍ ചെന്നിരുന്ന് വായിക്കാന്‍ നല്ല രസമാണ്. വിദൂരങ്ങളിലെ മലകളും, താഴെ പാടശേഖരങ്ങളും ഒക്കെയായി, ഹൃദയഹാരിയായ കാഴ്ചകളുടെ ഒരു മഹാഭണ്ഡാരമാണ് ആ പാറപ്പുറം.

തുളസിയെ കണ്ടതില്‍ പിന്നെ രണ്ടാഴ്ചയോളമായി. ഇന്ന് ഏകാദശി വ്രതം. കിണറ്റിന്‍ കരയിലെ തൈതെങ്ങില്‍ രണ്ടു കുല ഇളനീര്‍ മിനിഞ്ഞാന് മുതല്‍ ഇടിഞ്ഞു തൂങ്ങി കിടക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അതെല്ലാം വാടി താഴെ വീഴും. ഇളയുമ്മയാണ് പറഞ്ഞത്. ഏകാദശിയല്ലെ, തിരുമണിക്കര അമ്പലത്തില്‍ ഇന്ന് പരിപാടിയുണ്ടാവും. ഒരുപാട് ആള് വരും. അവര്‍ ഇളനീരെ കുടിക്കൂ. പറ്റുമെങ്കില്‍ കേറി ഇട്ടു അവിടെ കൊണ്ട് വിറ്റോളാന്‍.

അത് കൊള്ളാമെന്നു തോന്നി. കൈയ്യിലേക്ക് കുറച്ച് ചില്ല്വാനം വരുന്ന വഴിയാണ്. തൊടിയിലെ കശുവണ്ടി പെറുക്കി വിറ്റ് കുഴപ്പമില്ലാത്ത പൈസ ഞാന്‍ ഉണ്ടാക്കും. അങ്ങിനെ സ്വരൂപിച്ചെടുക്കുന്ന പൈസയാണ്, അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പോക്കറ്റ് മണി.

പിന്നെ ഒന്നും നോക്കിയില്ല. തെങ്ങിലേക്ക് വലിഞ്ഞു കയറി. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്ററോളം നാട്ടു വഴി താണ്ടണം തിരുമണിക്കര അമ്പലത്തിലേക്ക്. അല്ലെങ്കില്‍ പിന്നെ ഓട്ടോ വിളിച്ച് പോണം. കാശ് ഇത്തിരി ലഭിക്കാമല്ലോ എന്നോര്‍ത്തപ്പോള്‍ നാട്ടുവഴി നടക്കാം എന്നോര്‍ത്തു. അതൊരു മെനക്കേട് പിടിച്ച പണിയായിരുന്നു. അബദ്ധമായല്ലോ എന്ന് പോലും തോന്നിപ്പോയി.

പറങ്കൂച്ചിക്കാട്ടിലൂടെയും കുന്നിന്‍ ചെരുവിലൂടെയും ചെമ്മണ്‍ റോഡിലൂടെയുമൊക്കെയായി അമ്പലത്തിന്റെ അവിടെയെത്തിയപ്പോള്‍ സമയം പതിനൊന്നു മണി. ഞാനാണെങ്കില്‍ തളർന്ന് കിതച്ച് വായിലൂടെ പത വന്ന പോലെയായി. പക്ഷെ, കച്ചവടം ഉഷാറായി തന്നെ നടന്നപ്പോള്‍ ക്ഷീണമൊക്കെ ഞാൻ മറന്നു.

സംഗതി വാടിത്തുടങ്ങിയിരുന്നെങ്കിലും ഇളനീര്‍ പെട്ടെന്ന് പെട്ടെന്ന് ചെലവായിക്കൊണ്ടിരിന്നു. ഇനിയൊരു നാലഞ്ചെണ്ണം മാത്രമേ ബാക്കിയുള്ളൂ. അമ്പലത്തില്‍ നിന്നും ഏതോ ഒരു കാഥികന്‍ കഥാപ്രസംഗം അവതരിപ്പിക്കുന്നു. കൗതുകത്തോടെ കേട്ടിരിക്കുന്ന എന്നെ കുട്ടേട്ടന്റെ ശബ്ദമാണ് കച്ചവടത്തിലേക്ക് തിരികെ കൊണ്ട് വന്നത്.

നോക്കുമ്പോള്‍ കുട്ടേട്ടന്റെ കൂടെ ടീച്ചറുണ്ട്. പിന്നെ പതിനാലാം രാവുദിച്ച പോലൊരു പുഞ്ചിരിയുമായി അവളും.

“ആഹാ, ഇളനീര്‍ കച്ചോടമാണല്ലേ? എങ്ങിനെയുണ്ട്…?” എന്നോടങ്ങിനെ ചോദിച്ചുകൊണ്ട് ദേവകിട്ടീച്ചറുടെ നേരെ മുഖം തിരിച്ചു കുട്ടേട്ടന്‍. “ഓപ്പയ്ക്ക് മനസ്സിലായില്ലേ? ഞമ്മളെ…”

മുഴുവനാക്കാന്‍ സമ്മതിച്ചില്ല ടീച്ചര്‍. അതിനു മുന്‍പേ പറഞ്ഞു..

“ആ.. പിന്നെ അറിയാതെ.. ഉമ്മാക്കൊക്കെ സുഖല്ലേടാ? ഇക്കാക്കാനെ പോലെ പഠിക്കാനൊന്നും നില്‍ക്കാതെ കച്ചോടവും കൊണ്ട് നടക്കുകയാണോ നീയ്?”

ഞാന്‍ ഒരു ഇളിഭ്യച്ചിരിയും ചിരിച്ചങ്ങിനെ നില്‍ക്കുമ്പോള്‍ ടീച്ചര്‍ പിന്നെയും കുട്ടേട്ടനോട് വിസ്തരിക്കുകയാണ്.

“അല്ലെങ്കിലും മൂത്തേന്റെ ഗുണമൊന്നും ഇതിനു കിട്ടീട്ടില്ല. പണ്ട് സ്ളേറ്റില്‍ തുപ്പലുരുട്ടിക്കളിച്ചപ്പോ, ഞാനൊരു കുഞ്ഞി അടി വച്ച് കൊടുത്തേന്ന്, അരമണിക്കൂറാ പൂച്ച കാറുന്ന പോലെ കാറ്യേത്. ഞാനന്ന് പേടിച്ചു പകുതിയായീന്നു.”

ഒന്നാം ക്ലാസിലെ കാര്യമാണ് ടീച്ചര്‍ പറഞ്ഞത്. അടിയുടെ വേദന കാരണം ഇന്നും സംഭവം എനിക്ക് ഓര്‍മയുണ്ട്. പക്ഷെ ഇന്നിവിടെ ടീച്ചറെന്നോട് കാണിച്ചത് കൊലച്ചതിയാണല്ലോ എന്ന് ഞാന്‍, എന്നെ നോക്കി വായ പൊത്തിച്ചിരിക്കുന്ന തുളസിയെ കണ്ടപ്പോള്‍ മനസ്സിലോര്‍ത്തു. ഈ ടീച്ചര്‍ക്കിതെന്നാത്തിന്റെ സൂക്കേടാണെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ഹേയ്, ആളിപ്പോ നീ കരുത്യ പോലൊന്നുമല്ല ട്ടൊ. വല്ല്യ കമ്പ്യൂട്ടര്‍ കോയ്‌സൊക്കെ പഠിക്കുന്ന ആളാ. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സൊക്കെ കഴിഞ്ഞിപ്പോ പീജിക്കു പഠിക്ക്യാ. അല്ലേടാ?”

അത് കേട്ടപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം.. ആണോ എന്നര്‍ത്ഥത്തില്‍ അവരെന്നെ നോക്കുമ്പോള്‍ ഞാന്‍ കണ്ടു, തുളസിയുടെ മുഖത്ത് ചിരിയുടെ സ്ഥാനത്ത് പടരുന്ന കൗതുകം. ഞാനല്‍പം ഗമയോടെ ടീച്ചറെ നോക്കി തല കുലുക്കി. കുട്ടേട്ടന്‍ എന്നോടായി പറഞ്ഞു.

“നീ ഒരു മൂന്നെണം ഇങ്ങോട്ട് വെട്ടിത്തന്നെ..”

ഇളനീര്‍ കുടിച്ച് പൈസ എടുക്കുന്ന കുട്ടേട്ടനെ ഞാന്‍ തടഞ്ഞു..

“പൈസയൊന്നും വേണ്ടാട്ടോ..”

ആദ്യമൊന്നും സമ്മതിക്കാത്ത കുട്ടേട്ടന്‍ അവസാനം എന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ അടിയറവ് പറഞ്ഞു. പോകാന്‍ തിരിഞ്ഞ കുട്ടേട്ടന്‍ ഒന്ന് നിന്നു. പിന്നെയെന്നോട് ചോദിച്ചു.

“എടാ, നിന്റെ കൈയ്യില്‍ പുസ്തകങ്ങള്‍ വല്ലോമുണ്ടോ? വായനശാലേക്ക് പോണത് കാണാലോ. ഇവളുടെ തൊന്തരവ് സഹിക്കാന്‍ വയ്യ.”

തുളസിയെ ആണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ആ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. ഞാനൊന്ന് തലയാട്ടി.

“എന്നാല്‍ നീയിവള്‍ക്ക് വായിക്കാനെന്തെങ്കിലും കൊടുക്ക്. അവളങ്ങു വന്നോളും.”

ശരി എന്ന് തലയാട്ടിയപ്പോള്‍ അവര്‍ പോയി. നോക്കി നില്‍ക്കെ, വാഹനത്തിലേക്ക് കയറുന്നതിന്റെ മുന്‍പ് അവള്‍ ഒന്ന് തിരിഞ്ഞു നോക്കി. അന്നിടവഴിയില്‍ വച്ച് അവള്‍ മറന്നു പോയത്.

ആ വാഹനമകന്ന് പോകുന്നതും നോക്കി നില്‍ക്കെ ഒരു ചെറുപ്പക്കാരനെത്തി. ബാക്കിയുള്ള രണ്ടെണ്ണത്തില്‍ ഒരിളനീര്‍ ഞാനയാള്‍ക്ക് വെട്ടിക്കൊടുത്തു. ബാക്കിയുള്ളത് ഞാന്‍ കുടിച്ചു. കച്ചവടം കഴിഞ്ഞു. എല്ലാം കൊണ്ടും ഒരുപാട് ലാഭമുള്ള കച്ചവടം. മനസ്സില്‍ സന്തോഷത്തിന്റെ തുമ്പികള്‍ പറന്നു കളിക്കവെ, ഞാന്‍ ഒരു മൂളിപ്പാട്ടും പാടി, വീട്ടിലേക്ക് നേരെ വച്ച് പിടിച്ചു. മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന നാട്ടു പാതയിലൂടെ…..

(തുടരും)

Print Friendly, PDF & Email

Related News

Leave a Comment