കോട്ടയം: കേരളത്തിലെ പ്രളയദുരിതമേഖലകളില് ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകളെ സംസ്ഥാനസര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും നിസാരവത്കരിക്കുന്നത് ദുഃഖകരമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
2018 ഒക്ടോബര്‍ 12ന് പ്രളയദുരിതമേഖലകളിലെ കര്‍ഷകവായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവിനെ ബാങ്കുകള്‍ അട്ടിമറിച്ച് ജപ്തി നടപടികള്‍ തുടര്‍ന്നിട്ടും കൃഷിവകുപ്പ് നോക്കുകുത്തിയാകുന്നു. വിവിധ പാക്കേജുകളും പ്രഖ്യാപനങ്ങളും നടത്തി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുകയല്ല മറിച്ച് കടക്കെണിയും വിലത്തകര്‍ച്ചയും മൂലം മരിച്ചുവീഴാനൊരുങ്ങുന്ന കര്‍ഷകരെ സംരക്ഷിക്കുകയാണ് ഭരണസംവിധാനങ്ങളുടെ ഉത്തരവാദിത്വം.
സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി പാക്കേജ് വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവെയ്ക്കുന്ന പ്രഖ്യാപനം മാത്രമാണ്. 2008 ല്‍ കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1800 കോടിയുടെ ഇടുക്കി പാക്കേജില്‍ 150 കോടിയോളം മാത്രമാണ് ചിലവഴിച്ചത്. ഇതിന്റെ തനിയാവര്‍ത്തനം മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ 5000 കോടിയുടെ പാക്കേജും. ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന സര്‍ക്കാരിന്റെ കര്‍ഷകസ്നേഹത്തിന്റെ കാപഠ്യം കര്‍ഷകര്‍ തിരിച്ചറിയണം. ഒരുമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം 4 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ബാങ്ക് ജപ്തി ഭീഷണിയില്‍ ഇതിനോടകം കേരളത്തില്‍ 26 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പ്രകൃതി ദുരന്തമേഖലയ്ക്കായി സര്‍ക്കാര്‍ നടത്തിയ മോറട്ടോറിയം ഉത്തരവ് അട്ടിമറിക്കുക മാത്രമല്ല, സര്‍ഫാസി നിയമത്തിന്റെ മറവില്‍ കര്‍ഷകഭൂമി ജപ്തി ചെയ്യുന്ന ബാങ്കുകളെ നിലയ്ക്കു നിര്‍ത്തുവാനും നിയന്ത്രിക്കാനും സാധിക്കാത്ത ഭരണനേതൃത്വങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയും നിഷ്ക്രിയത്വവും കേരളസമൂഹത്തിന് അപമാനമാണ്.
ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകര്‍ ഇന്‍ഫാമുമായി ബന്ധപ്പെടണം. കര്‍ഷകര്‍ വിഘടിച്ചുനില്ക്കാതെ സംഘടിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ധിക്കാരനിലപാടുകള്ക്കെതിരെ ശക്തമായി പ്രതികരിക്കാനാവൂ. ആത്മഹത്യ ഒരു പരിഹാരമാര്‍ഗ്ഗമായി കര്‍ഷകര്‍ കാണരുത്. കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങുവാന്‍ മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply