റവന്യു സംഘത്തെ തടഞ്ഞവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ദേവികുളം സബ് കളക്ടര്‍

renuraj-s-rajendranതൊടുപുഴ: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ ദേവികുളം സബ് കളക്ടര്‍ പരാതി നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് പരാതി നല്‍കിയത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം വിശദമായ പരാതി നല്‍കും.

മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരം കൈയ്യേറി പഞ്ചായത്ത് നിര്‍മ്മിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിനാണ് ദേവികുളം റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നത്. എന്നാല്‍ നിര്‍മ്മാണം തുടര്‍ന്നതിനാൽ ദേവികുളം സബ്കളക്ടര്‍ രേണു രാജിന്റെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ എത്തി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയം എം.എല്‍.എ എസ്. രാജേന്ദ്രന്‍ അടക്കമുള്ള സി പി എം പ്രവര്‍ത്തകര്‍ എത്തി റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്.

കെട്ടിടനിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചാണ് എം.എല്‍.എ. ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ സബ് കളക്ടറെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പ്രതികരിച്ചിരുന്നു.

സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സബ് കളക്ടര്‍ തന്നോട് പോയി പണിനോക്കാന്‍ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ എം.എല്‍.എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടര്‍ നിഷേധിച്ചു. എം.എല്‍.എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിര്‍മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment