ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന യുവതികള്‍ രണ്ടു വട്ടം ആലോചിക്കുക !

t_7_InPixioസ്ത്രീയും പുരുഷനും തുല്യനീതി  അര്‍ഹിക്കുന്നവരാണെന്നും ജീവിതത്തിന്റെ ഏതു മണ്ഡലങ്ങളിലും ഈ തുല്യത ബാധകമാവുകയും വേണമെന്നും പ്രശസ്ത കഥാകൃത്ത് ടി. പത്മാനാഭന്‍. അടുത്ത കാലത്തായി കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ചാണല്ലൊ. അതിന്റെ പേരില്‍ ശബരിമല ഒരു യുദ്ധക്കളമാക്കി മാറ്റിയിരിക്കയാണ്. സ്ത്രീ സമത്വത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത്‌പോലെ ആര്‍ത്തവം അശുദ്ധിയാണെന്നും വിശ്വസിക്കുന്നില്ല. അത് സ്ത്രീകളുടെ ശാരീരികമായ ഒരു പ്രതിഭാസം മാത്രമാണ്. അവിടെ അശുദ്ധിയുടെതായ യാതൊന്നുമില്ല.

പക്ഷെ യുവതികള്‍ ശബരിമലയില്‍ പോകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് മലയാളത്തില്‍ കഥകളുടെ കുലപതിയായ  ടിപത്മനാഭന്‍ ‘തന്മ’ മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് പേരു കേട്ട നാടായി കേരളം മാറിയിട്ടുണ്ട്. പണ്ടൊക്കെ ഡല്‍ഹിയിലും ബീഹാറിലും മറ്റുമായിരുന്നു ഇത്തരം അവസ്ഥ അത്യന്തം നീചമായ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേന പത്രങ്ങളിലും ചാനലുകളിലും വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച കേസുകളും വിധികളും നമ്മള്‍ വായിക്കുന്നു. നൂറുവയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്ത ചെറുപ്പക്കാരന്റെ കഥ നമ്മള്‍ വായിച്ചതാണ്. ഏതാനും മാസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ ഉപദ്രവിച്ച് ധീരയുവാക്കളുടെ കഥകളും അറിയാത്തതല്ല. ശബരിമല ഒരു കാനന പ്രദേശമാണ്. ഇവിടേയ്ക്ക് പോകുന്ന യുവതികള്‍ സുരക്ഷിതരാണോ എന്ന് ചിന്തിക്കണം,. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരം ഏറണാകുളമാണ്. ഏറ്റവും വലിയ ജനവാസ കേന്ദ്രവും ഏറണാകുളം തന്നെ അവിടുത്തെ ഏറ്റവും ജനത്തിരക്കുള്ള നിരത്ത് എംജി.റോഡാണ്. അടുത്തകാലത്തെ എം ജി റോഡിലൂടെ പട്ടാപ്പകല്‍ നടന്നുപോവുകയായിരുന്ന ഉന്നത ബിരുദദാരിയായ ഒരു ഉദ്യോഗസ്ഥയുവതിയെ ഒരു യുവാവ് ആളുകള്‍ നോക്കി നില്‍ക്കേ ആക്രമിക്കുകയുണ്ടായി. യുവാവും ഉന്നത ബിരുദദാരിയും ഉദ്യോഗസ്ഥനുമാണ്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നടന്നുവരുന്നുമുണ്ട്.

ശബരിമലയിലേക്ക് പോകുന്ന യുവതിക്ക് മൂത്ര ശങ്കയുണ്ടായാല്‍  പുരുഷന്മാരെ പോലെ അലക്ഷ്യമായി റോഡരികില്‍ അത് നിര്‍വഹിക്കാന്‍ സാദ്ധ്യമല്ല. സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ എത്രതന്നെ ശ്രമിച്ചാലും ഇടയ്ക്കിടക്ക് സന്നിധാനത്ത് എത്തുന്ന സ്ത്രീകള്‍ക്കായി ആയിരക്കണക്കിന് ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കാനും സാധിച്ചെന്നുവരില്ല. ഈ സാഹചര്യത്തില്‍ യുവതികള്‍ റോഡ് വിട്ട് കാട്ടില്‍ അല്‍പ്പം മറയുള്ള സ്ഥലത്തേയ്ക്ക് കയറി പോയാല്‍ സ്ഥിതി എന്താവും?  എറണാകുളത്തെ തിരക്കേറിയ പാതയില്‍ പട്ടാപ്പകല്‍ യുവതിയെ മാനം ഭംഗപ്പെടുത്താന്‍ മടിക്കാത്ത യുവാവിന്റെ മനോഭാവക്കാര്‍ ശരണപാതയില്‍ ഉണ്ടാവില്ലെന്ന് പറയാന്‍ സാധിക്കുമോ?

ഒരിക്കല്‍ കൂടി വിനയപൂര്‍വ്വം ചോദിക്കട്ടെ, സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ചു കാണാന്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ലയെന്ന് സ്ഥാപിക്കാനോ അല്ല  ഈ ചോദ്യം. കേരളത്തില്‍, ഇന്ത്യയില്‍ ആരാധനാലയങ്ങളില്‍ പ്രവേശനം ലഭിക്കാത്തതാണോ സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നം?  ദാരിദ്ര്യം നിമിത്തം നൊന്തുപെറ്റ കുഞ്ഞുങ്ങളെ വില്‍ക്കേണ്ടി വന്ന അമ്മമാരുടെ കഥകള്‍ നമ്മള്‍ വായിക്കാറില്ലേ സമാനമായ എന്തെല്ലാം പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ ഇന്നും പുരുഷനമാരോടൊപ്പം മുന്‍ പന്തിയില്‍ എത്തിയിട്ടുണ്ടോ? സ്ത്രീകള്‍ നേരിടുന്ന നീറുന്ന പല പ്രശ്‌നങ്ങളോടും പ്രതികരിക്കാതെ  പരിഹാരം കാണാന്‍ ശ്രമിക്കാതെ ഒരു ശബരിമല പ്രവേശനത്തിന്റെ പേരില്‍ സമയം ചിലവിടുന്നതിനെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ചിന്തിക്കാത്തെന്താണ്?  ആരാധനയുടെ പേരില്‍ നടക്കുന്ന രാഷ്ടീയ പോര് മാത്രമാണ്  ഇപ്പോള്‍ നടക്കുന്നത് ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും  ബിജെപിയുമാണ്. കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാനാവില്ല. മറിച്ചായാല്‍ വലിയ കൃത്യവിലോപമാവും അതിനും ശിക്ഷ അനുഭവിക്കേണ്ടതായും വരും. ക്ഷേത്ര പ്രവേശനത്തിന് വന്നെത്തുന്ന യുവതികള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥവുമാണ്.

ബിജെപിയെയും കോണ്‍ഗ്രസിനേയും സംബന്ധിച്ചു പറഞ്ഞാല്‍ നേരത്തെ അവര്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരാണ് പ്രത്യേകിച്ചും ദേശീയ  നേതാക്കള്‍. പിന്നീടാണ് ആചാരലംഘനത്തിന്റെ പേര് പറഞ്ഞ് സമരത്തിന് ഇറങ്ങിയതും. രാഷ്ട്രീയമായ വലിയ ലാഭം പ്രതീക്ഷിച്ചാണ് അവരുടെ നീക്കമെന്ന് ജനത്തിന് നന്നായി അറിയാം. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ യാഥാര്‍ഥ്യം തിരിച്ചറിയണം. കേരളത്തിന് ഇന്ന് ശബരിമല പ്രക്ഷോഭമല്ല പ്രധാനം. ഒരു മഹാപ്രളയത്തിന്റെ  ആഘാതങ്ങളില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല. പ്രകൃതി ക്ഷോഭത്തിന്റെ  ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാന്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ ശ്രദ്ധയും കഴിവുകളും വിനിയോഗിക്കേണ്ട ഒരു സന്ദര്‍ഭത്തില്‍ ആരാധനയുടെ പേരില്‍ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളില്‍ ചിലവിടേണ്ടി വരുന്നുവല്ലോ ഒന്ന് ഓര്‍ക്കുമ്പോള്‍ ദുഖം തോന്നുന്നു. നമുക്കെല്ലാം സല്‍ബുദ്ധി  ഉണ്ടാവട്ടെ, രാഷ്ട്രീയ നേതാക്കള്‍ക്ക് സനമനസ് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment