Flash News

ആഫ്രോ അമേരിക്കന്‍ ചരിത്രത്തില്‍ക്കൂടി ഒരു യാത്ര

February 10, 2019 , ജോസഫ് പടന്നമാക്കല്‍

Afro American banner-1അമേരിക്കന്‍ ഐക്യനാടുകളില്‍ ഫെബ്രുവരിമാസം ആഫ്രോ അമേരിക്കന്‍ ജനതയുടെ ദിനങ്ങളായി ആചരിച്ചുവരുന്നു. കറുത്തവരുടേതായ ഈ ആഘോഷവേളകളില്‍ ചരിത്രം കുറിക്കുമ്പോള്‍ ആദ്യമായി ഓര്‍മ്മ വരുക മനുഷ്യാവകാശ പ്രവര്‍ത്തകരായ റോസപാര്‍ക്ക്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ എന്നിവരെപ്പറ്റിയായിരിക്കും. അവര്‍, വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ പോരാട്ടങ്ങളും മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനു നല്‍കിയ സംഭാവനകളും ചരിത്ര നേട്ടങ്ങളായി കരുതുന്നു. ഇവര്‍ രണ്ടുപേരെയും പാടി പുകഴ്ത്തുന്നതുമൂലവും കറുത്ത വര്‍ഗക്കാര്‍ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയതുകൊണ്ടും ജനം അവരെ അറിയുന്നു. എങ്കിലും അറിയപ്പെടാത്ത ലോകത്തിനു നിരവധി സംഭാവനകള്‍ നല്‍കിയ കറുത്തവരും ചരിത്രത്തില്‍ ഇടം കിട്ടാതെ അജ്ഞാതരായി മറഞ്ഞു പോയിട്ടുണ്ട്. അക്കൂടെ ലോകത്തിനു ചെറുതും വലുതുമായ നിരവധി സംഭാവനകള്‍ നല്കിയവരുമുണ്ട്. സത്യത്തില്‍ കറുത്തവരുടെ ചരിത്രമെന്നു പറയുന്നത് ഒന്നോ രണ്ടോ വ്യക്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. കറുത്തവനോ വെളുത്തവനോ എന്നിങ്ങനെ തിരിച്ചുവിത്യാസമില്ലാതെ ഓരോ നേട്ടങ്ങളും അമേരിക്കയുടെ നേട്ടങ്ങളായി കരുതണം. ചരിത്രം തിരിച്ചു വിത്യാസമില്ലാതെ സമത്വഭാവനയോടെ എല്ലാവര്‍ക്കും തുല്യമായിട്ടുള്ളതാണ്. ശാസ്ത്ര നേട്ടങ്ങളോ കണ്ടുപിടുത്തങ്ങളോ ഉണ്ടാവുമ്പോള്‍ അതിന്റെ ഉപജ്ഞാതാവ് കറുത്തവനോ വെളുത്തവനോ എന്ന് നാം ചിന്തിക്കാറില്ല. ലോകത്തിനു സംഭാവനയെന്നോണം പുതിയതായുള്ള ശാസ്ത്ര നേട്ടങ്ങള്‍ പുരോഗതിക്ക് ഉതകുമെങ്കില്‍ അതിന്റെ ഉപജ്ഞാതാവിന്റെ വര്‍ഗ വര്‍ണ്ണ തരം തിരിവുകളുടെ ആവശ്യമില്ല.

അടിമത്വം ആദ്യം നിര്‍ത്തലാക്കിയ സംസ്ഥാനം വെര്‍മോണ്ടെന്നു (Vermont) കരുതുന്നു. 1777ല്‍ അവിടെ അടിമത്വ വ്യാപാരം പാടില്ലെന്ന് നിയമമുണ്ടാക്കി. വെര്‍മോണ്ട് അമേരിക്കയുടെ പതിനാലാമത്തെ സ്‌റ്റേറ്റായി പരിഗണിക്കുന്നുവെങ്കിലും അതിന് സ്‌റ്റേറ്റിന്റെ പദവിയുണ്ടായത്1791ലാണ്. അതുകൊണ്ടു അടിമത്വം നിര്‍ത്തലാക്കിയ ആദ്യത്തെ സ്‌റ്റേറ്റ് ‘പെന്‍സില്‍വേനിയ’ എന്നും അവകാശപ്പെടുന്നു. ഏറ്റവും വലിയ സ്‌റ്റേറ്റായ പെന്‍സില്‍വേനിയായില്‍ 1780ല്‍ അടിമത്വം നിര്‍ത്തലാക്കി.

a11908ല്‍ ഇല്ലിനോയിലെ സ്പ്രിങ്ഫീല്‍ഡില്‍ ഏതാനും ആഫ്രോ അമേരിക്കന്‍ നേതാക്കന്മാര്‍ ഒത്തുകൂടി പൗരാവകാശ സമരങ്ങള്‍ സംഘടിപ്പിക്കുകയും 1909ഫെബ്രുവരിയില്‍ എന്‍.എ.എ.സി.പി (National Association for the Advancement of Colored People) എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. 1926ല്‍ കാര്‍ട്ടര്‍ ജി.വുഡ്‌സണ്‍ എന്ന ചരിത്രകാരന്റെ ശ്രമഫലമായി ‘നീഗ്രോ ചരിത്ര വാരം’ (Negro History Week) ആരംഭിച്ചു. അദ്ദേഹം പണ്ഡിതനും വിദ്യാഭ്യാസ ചിന്തകനും നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവുമായിരുന്നു. 1976മുതല്‍ ഫെബ്രുവരി മാസത്തെ ആഫോ അമേരിക്കന്‍ ചരിത്ര മാസമായി പ്രഖ്യാപിച്ചു. ആഫ്രോ അമേരിക്കന്‍ ജനതയെയും അവരുടെ സാമൂഹികവും സാംസ്ക്കാരികപരവുമായ ചരിത്രങ്ങളെയും ഫെബ്രുവരി മാസത്തില്‍ ആചരിച്ചുവരുന്നു. എബ്രഹാം ലിങ്കന്റെയും ഫ്രെഡറിക് ഡഗ്ലസിന്റെയും ജന്മദിനങ്ങള്‍ ഫെബ്രുവരി മാസത്തിലെ ആഘോഷ ദിനങ്ങളില്‍ വന്നതും യാദൃശ്ചികമായിരുന്നു.

a2 (1)പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന ‘ജീന്‍ ബാപ്ടിസ് പോയിന്റെ ഡ്യൂസബല്‍’ (Jean-Baptiste Pointe DuSable) ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായ ആദ്യത്തെ കറുത്തവനെന്നു കരുതുന്നു. ഷിക്കാഗോയില്‍ അദ്ദേഹത്തിന്‍റെ പേരില്‍ സ്കൂള്‍, മ്യൂസിയം, ഹാര്‍ബര്‍, പാര്‍ക്ക്, പാലങ്ങള്‍ എന്നിങ്ങനെ നിരവധി സ്മാരകങ്ങളും സ്ഥൂപകങ്ങളുമുണ്ട്. ആദ്യകാലങ്ങളില്‍ കറുത്തവരായവര്‍ ‘കാന്‍സസ്’ പട്ടണത്തില്‍ കൂട്ടമായി കുടിയേറിയിരുന്നു. അവര്‍ സ്വാതന്ത്ര്യം മോഹിച്ച് തെക്കന്‍ സംസ്ഥാനത്തുനിന്നു ജോലി തേടി പലായനം ചെയ്തവരായിരുന്നു. അടിമത്വത്തില്‍ നിന്നും രക്ഷപ്പെട്ട് ഈ ധീരന്മാരായവര്‍ വടക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഓടിപോയിരുന്നു. 1879 നും 1880 നുമിടയിലായിരുന്നു ഇവര്‍ കൂട്ടമായി പലായനം ചെയ്തശേഷം സുരക്ഷിതമായ അമേരിക്കയുടെ മറ്റുഭാഗങ്ങളില്‍ താമസമാരംഭിച്ചത്. ഏകദേശം മുപ്പതിനായിരം കുടിയേറ്റക്കാര്‍ കാന്‍സസില്‍ കുടിയേറിയതായി ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്. 1870ല്‍ കറുത്തവരുടെ ജനസംഖ്യ 4.8 മില്യനായിരുന്നു. 2007ലെ കണക്കിന്‍ പ്രകാരം അവരുടെ ജനസംഖ്യ 40.7 മില്യനായി വര്‍ദ്ധിച്ചു. ഇന്ന് ആഫ്രോ അമേരിക്കന്‍ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 13.4 ശതമാനം വരും.

സമ്പന്നമായ ഒരു സാഹിത്യ ചരിത്രം അമേരിക്കയിലെ കറുത്തവര്‍ക്കുണ്ട്. മനുഷ്യാവകാശങ്ങളെപ്പറ്റി പഠിക്കാനുതകുന്ന നിരവധി കറുത്തവരുടെ സാഹിത്യ ചരിത്രവുമുണ്ട്. അടിമത്വം അവസാനിപ്പിക്കാനുള്ള ജീവന്മരണ പോരാട്ടങ്ങളും, ഹാര്‍ലം നവോദ്ധ്വാനങ്ങളും ഗ്രന്ഥങ്ങള്‍ രൂപേണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കറുത്തവരെ സംബന്ധിച്ചുള്ള നോവലുകളും കവിതകളും നാടകങ്ങളും ജിജ്ഞാസുക്കളായ ഗവേഷണ തല്പരര്‍ക്ക് പ്രയോജനപ്പെടുമെന്നതിലും സംശയമില്ല.പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും അടിമകളായിരുന്ന കറുത്ത വര്‍ഗക്കാര്‍ എഴുതിയ ചെറുതും വലുതുമായ അനേകം പുസ്തകങ്ങളും ലഘുലേഖകളും ലൈബ്രറി ശേഖരങ്ങളിലുണ്ട്. എ.ഡി.1700ന്റെ ആരംഭഘട്ടങ്ങളില്‍ അടിമകളുടെ ചരിത്രമറിയാന്‍ അമേരിക്കയിലും ബ്രിട്ടനിലുമുള്ള ജനങ്ങള്‍ക്ക് ഒന്നുപോലെ താല്പര്യമുണ്ടായിരുന്നു. പ്രത്യേകിച്ച് ‘ഗുസ്താവ്‌സ് വാസ’ (Gustavus Vassa) യുടെ അടിമ ജീവിതം വായിക്കാന്‍ ലണ്ടന്‍ മുതല്‍ ബോസ്റ്റണ്‍ വരെയുള്ളവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കറുത്ത വര്‍ഗക്കാരുടെ കവിതകളും നോവലുകളും മറ്റു സാഹിത്യ കൃതികളും ബ്രിട്ടനിലെ ജനങ്ങളില്‍ സ്വാധീനിക്കുന്നതിന് കാരണമായി. ബ്രിട്ടനില്‍നിന്നും അമേരിക്കയിലെ അടിമത്വത്തിനെതിരെയുള്ള മുറവിളികള്‍ക്ക് പിന്തുണ ലഭിച്ചുകൊണ്ടുമിരുന്നു.

a2ആഫ്രോ അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ സാഹിത്യത്തില്‍ നീണ്ട ചരിത്രമുണ്ടെങ്കിലും പൗരാവകാശ സമരങ്ങളിലും ഏറ്റുമുട്ടലുകളിലുമുള്ള ജീവിതമായിരുന്നതിനാല്‍ അവരുടെ നിരവധി സാഹിത്യ കൃതികള്‍ വേണ്ടവിധം വെളിച്ചത്തു വന്നില്ല. അതിനാല്‍ ആഫ്രോ അമേരിക്കന്‍ ചരിത്രത്തെ വിലയിരുത്തുകയെന്നതും പ്രയാസകരമാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ആഫ്രോ അമേരിക്കന്‍ ചരിത്രം ആദ്യം പ്രസിദ്ധീകരിക്കുന്നത്. ആ കാലഘട്ടത്തില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ നിലവില്‍ വന്നിട്ടേയുണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യ മോഹികളായ രാജ്യത്തിലെ പൗരന്മാരെ തന്നെ തിരിച്ചറിയുന്ന കാലഘട്ടവുമായിരുന്നു. കറുത്തവരായ ജനങ്ങളില്‍ ഒരു വിഭാഗം കൊളോണിയല്‍ ബ്രിട്ടനോട് അനുഭാവമുള്ളവരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലങ്ങളും വ്യവസ്ഥിതികളും സംബന്ധിച്ച നിരവധി എഴുത്തുകളും സാഹിത്യശേഖരങ്ങളും ഗ്രന്ഥപ്പുരകളിലുണ്ട്. അടിമകള്‍ തങ്ങളുടെ കഷ്ടപ്പാടുകളെ വിവരിക്കുന്ന കാവ്യ ശേഖരങ്ങളുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ‘ജിം ക്രോ’യുടെ നയങ്ങള്‍ തെക്കു മുഴുവന്‍ വിപ്ലവ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. അക്കാലത്ത് രചിച്ച വികാരപരമായ ചില കഥകളും നോവലുകളും ചരിത്ര ശേഖരങ്ങളില്‍ അമൂല്യമായി തന്നെ സൂക്ഷിച്ചിരിക്കുന്നു.

ഫ്രഡറിക് ഡഗ്‌ളസിന്റെ ആത്മകഥ വായിക്കാന്‍ അക്കാലത്തു ബ്രിട്ടനിലും അമേരിക്കയിലും വായനക്കാര്‍ ധാരാളമുണ്ടായിരുന്നു. 1845ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു മുമ്പായി പുസ്തകത്തിന്റ 30000 കോപ്പികള്‍ ചെലവായതും അക്കാലത്ത് റിക്കോര്‍ഡായിരുന്നു. അടിമത്ത വ്യവസ്ഥിതി നിലവിലുണ്ടായിരുന്ന കാലഘട്ടങ്ങളില്‍ അതിനെതിരായ രാഷ്ട്രീയ നിരീക്ഷണങ്ങളടങ്ങിയ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ നോവല്‍ രൂപത്തില്‍ രചിച്ച ഒരു ‘അടിമ പെണ്ണിന്റെ കഥ’ മനം കവരുന്നതായിരുന്നു. 1861ല്‍ ജീവിച്ചിരുന്ന കറുത്തവരായവരുടെ ജീവിതത്തിന്റെ തീക്തഫലങ്ങളാണ് അടിമപ്പെണ്ണില്‍ക്കൂടി വിവരിച്ചിരിക്കുന്നത്. ‘ഹാരീ ജേക്കബ്’ എന്നയാള്‍ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് അജ്ഞാത നാമത്തിലായിരുന്നു.

എ.ഡി 1910 മുതല്‍ എ.ഡി. 1920 വരെയുള്ള കാലങ്ങളില്‍ ചിന്താശീലരായ കറുത്തവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരണ ശാലകളില്‍ നിറഞ്ഞിരുന്നു. ബൗദ്ധികവും ചിന്തകളും നിറഞ്ഞ പുസ്തകങ്ങള്‍ വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കാനും തുടങ്ങി. അക്കാലങ്ങളില്‍ നോവലും കവിതകളും ധാരാളം രചിക്കപ്പെട്ടു. ജമൈക്കയില്‍നിന്ന് കുടിയേറിയശേഷം ‘ക്ലൗഡി മക്കെ’  (Claude McKay)  എന്ന ആഫ്രോ അമേരിക്കന്‍ ആധുനിക കവിതകളുടെ ശബ്ദമായി തീര്‍ന്നു. കൃതികള്‍ കൂടുതലും മനുഷ്യരോടുള്ള ഹീനമായ പ്രവര്‍ത്തികളും പൗരാവകാശങ്ങളും സംബന്ധിച്ചുള്ളതായിരുന്നു. ‘ഹാര്‍ലം’ പുനരുദ്ധാരണങ്ങളെ സംബന്ധിച്ചുള്ള ”ക്ലൗഡി മക്കെ’യുടെ’ കൃതികള്‍ വളരെ പ്രസിദ്ധങ്ങളായി അറിയപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള ആഫ്രോ അമേരിക്കന്‍ നോവലുകള്‍ പരിശോധിച്ചാല്‍ അതിലെ പ്രധാന വസ്തുതകള്‍ കറുത്തവര്‍ നടത്തിയിരുന്ന മനുഷ്യാവകാശ സമരങ്ങളായിരുന്നുവെന്ന് കാണാം.

a6രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു മുമ്പ് മിസ്സിസ്സിപ്പിയില്‍ ജനിച്ച് ഷിക്കാഗോയില്‍ യൗവനം കഴിച്ച റിച്ചാര്‍ഡ് വറൈറ്റിന്റെ 1940ല്‍ പ്രസിദ്ധീകരിച്ച ‘നേറ്റീവ് സണ്‍’ (Native son) എന്ന നോവല്‍ കറുത്തവരുടെ ജീവിതാനുഭവങ്ങളെ സ്പര്‍ശിക്കുന്നു. വര്‍ണ്ണ വിവേചനത്തെ അതിരൂക്ഷമായി ആവിഷ്ക്കരിച്ചിരിക്കുന്നു. മനുഷ്യാവകാശ സമരങ്ങള്‍ മരണത്തിലേക്കും വഴി തെളിയിക്കാമെന്നും സമര്‍ത്ഥിക്കുന്നു. ‘ഭീമന്‍’ എന്ന അര്‍ത്ഥത്തില്‍ വിളിച്ചിരുന്ന ഷിക്കാഗോയില്‍ ജീവിച്ചിരുന്ന കറുത്തവനായ െ്രെഡവര്‍ ‘ബിഗ് തോമസിന്റെ’ കഥയാണിത്. അയാള്‍ തന്റെ വെളുത്തവനായ യജമാനന്റെ മകളെ കൊല്ലുന്നു. എന്നാല്‍ കഥയുടെ ചുരുക്കത്തെക്കാളും ജീവിച്ചിരുന്ന സാഹചര്യങ്ങളാണ് അയാളെ അതിന് പ്രേരിപ്പിച്ചത്. വിധിയുടെ തീച്ചൂളയില്‍ സംഭവിച്ചുപോയ ആ കൊലപാതകത്തിന് രാജ്യം മുഴുവന്‍ ഉത്തരവാദിയെന്നു തീര്‍പ്പുകല്പിച്ചുകൊണ്ട് നോവല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.

1950ല്‍ ‘റാല്‍ഫ് എല്ലിസണ്‍’ എന്നയാള്‍ ‘ഇന്‍വിസിബിള്‍ മാന്‍’ (Invisible Man) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്കിലെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതി വിശേഷങ്ങളാണ് ഈ നോവലിലെ സാരം. വര്‍ണ്ണ വിവേചനം എന്നുള്ളത് ഒരു പ്രത്യേക ഭൂപ്രദേശത്ത് ഒതുങ്ങി നില്‍ക്കുന്നതല്ല മറിച്ച് ദേശീയ മനസാക്ഷിയില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നുവെന്ന സന്ദേശവും നോവല്‍ നല്‍കുന്നുണ്ട്. വര്‍ണ്ണ വിവേചനത്തിനെതിരെ സ്ത്രീകളുടെ സാഹിത്യ രചനകളും സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാം. 1980ല്‍ കത്തുകളുടെ രൂപത്തില്‍ പ്രസിദ്ധീകരിച്ച ‘ദി കളര്‍ പര്‍പ്പിള്‍’ എന്ന നോവലില്‍ ആലീസ് വാള്‍ക്കര്‍ 1930ലുണ്ടായിരുന്ന വര്‍ണ്ണ വിവേചനത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. പുലിറ്റ്‌സര്‍ സമ്മാനം നേടിയ നോവലാണിത്. പതിനൊന്ന് ഓസ്ക്കാര്‍ അക്കാദമിക്ക് അവാര്‍ഡ് നേടിയ അഭ്രപാളിയിലും നോവല്‍ പിന്നീട് പകര്‍ത്തിയിരുന്നു. 1987ല്‍ ‘ടോണി മോറിസണ്‍’ ബിലവെഡ് (beloved) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ പൗരാവകാശ സമരങ്ങളില്‍ അടിമത്വത്തില്‍ മുറിവേറ്റവരുടെ ജീവിതങ്ങളാണ് കഥാപാത്രങ്ങളില്‍ക്കൂടി ആവിഷ്കരിച്ചിരിക്കുന്നത്. 1988ല്‍ മോറിസനും നോവല്‍ സാഹിത്യത്തില്‍ പുലിറ്റ്‌സര്‍ സമ്മാനം നേടി. 1993ല്‍ അവര്‍ നോബല്‍ സമ്മാനം നേടുകയും ചെയ്തു.

g-w-carverആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ കഴിഞ്ഞ കാല നേട്ടങ്ങളെ ഒന്നു അവലോകനം ചെയ്യാം. പരുത്തി കടഞ്ഞെടുക്കുന്ന യന്ത്രം കണ്ടുപിടിച്ചത് കറുത്തവനായിരുന്നു. അതുപോലെ സ്‌റ്റോപ്പ് ലൈറ്റ്, ബൈസിക്കിള്‍, എയര്‍ കണ്ടിഷന്‍, സെല്‍ ഫോണ്‍ എന്നിവകളും ശാസ്ത്ര ലോകത്തിന് നല്‍കിയത് കറുത്തവര്‍ തന്നെ. ‘ജോര്‍ജ് വാഷിംഗ്ടണ്‍ കാര്‍വെര്‍’ പൊട്ടെറ്റോ കൊണ്ട് 118 വിവിധതരം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കി. ‘പെക്കന്‍ നട്‌സ്’ (Pecan) കൊണ്ട് 75 തരം ഉത്പന്നങ്ങളും കണ്ടുപിടിച്ചു. അക്കൂടെ ചീസ്, മില്‍ക്ക്, കോഫി, മഷി, സോപ്പ്, മെഡിസിനല്‍ ഓയില്‍, കോസ്‌മോറ്റിക്‌സ് മുതലാവകള്‍ ഉള്‍പ്പെടും. അദ്ദേഹത്തെ ‘പീനട്ട് ബട്ടറി’ന്റെ (peanut butter) ഉപജ്ഞാതാവെന്നും അറിയപ്പെടുന്നു. ഒരു ബൊട്ടാണിസ്റ്റും കോളേജ് പ്രൊഫസറെന്ന നിലയിലും മൂന്നു പ്രസിഡണ്ടുമാരുടെ കീഴില്‍ ജോലിയും ചെയ്തിട്ടുണ്ട്. ‘തോമസ് എല്‍ ജെന്നിങ്ങ്‌സ്’ (Jennings) ആദ്യത്തെ ‘ഡ്രൈ ക്ലീനിംഗ് മെഷീന്‍’ കണ്ടുപിടിച്ചു. 1821ല്‍ ഈ മെഷീന്റെ യുഎസ് പേറ്റന്റ് നേടി. ജെന്നിങ്ങ്‌സ് അടിമത്വത്തില്‍നിന്നും വിമോചിതനായി സ്വതന്ത്ര മനുഷ്യനായി ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്നു. അടിമത്ത വിരുദ്ധ പോരാളിയായിട്ടും ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു. കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി 1909ല്‍ സ്ഥാപിച്ച എന്‍.എ.എ.സി.പി. സംഘടനയുടെയും നേതാവായിരുന്നു. ഫ്രഡറിക്ക് ജോണ്‍സ്, ഏകദെശം 61 കണ്ടുപിടുത്തങ്ങളുടെ അവകാശങ്ങള്‍ നേടിയ ആഫ്രോ അമേരിക്കനാണ്. 1943ല്‍ മെഷീനില്‍ക്കൂടി ടിക്കറ്റെടുക്കുന്ന സംവിധാനം അദ്ദേഹം കണ്ടുപിടിച്ചു. ഇത് തീയേറ്ററുകള്‍ക്കും ടിക്കെറ്റെടുക്കേണ്ടുന്ന മറ്റു കലാപരിപാടികള്‍ക്കും വിനോദ വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമായി തീര്‍ന്നിരുന്നു. കൂടാതെ പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍, പോര്‍ട്ടബിള്‍ റഫറീജറേഷന്‍, രണ്ടു ചക്ര ഗ്യാസ്‌ലൈന്‍ എന്‍ജിന്‍ എന്നിവകള്‍ അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങളില്‍പ്പെടുന്നു.

‘റോബര്‍ട്ട് ലോറന്‍സ്’ (Robert Lawrence Jr) ആദ്യത്തെ ആഫ്രോ അമേരിക്കനായ ബഹിരാകാശ യാത്രികനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ 1967ല്‍ ഒരു വിമാനാപകടത്തില്‍ അദ്ദേഹം മരണപ്പെട്ടതുമൂലം ബഹിരാകാശ മിഷ്യന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പതിനാറു വര്‍ഷത്തിനുശേഷം ‘ഗയന്‍ ബ്ലുഫോര്‍ഡ്’ ആ ദൗത്യം ഏറ്റെടുത്തു. അദ്ദേഹമാണ് കറുത്തവരുടെ ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശ യാത്രികന്‍. 1992ല്‍ ഡോക്ടര്‍ ‘മാ ജേമിസോണ്‍’ ശൂന്യാകാശ യാത്ര നടത്തിയ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീയായിരുന്നു. അവരുടെ എട്ടു ദിവസത്തെ മിഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ക്കൂടി അസ്ഥി കോശങ്ങളുടെ (‘ബോണ്‍ സെല്‍’) പരീക്ഷണങ്ങള്‍ നടത്തുകയും ശാസ്ത്ര ലോകത്തിന് നേട്ടങ്ങള്‍ നല്‍കുകയും ചെയ്തു. അവരോടൊപ്പം അമേരിക്കയുടെയും ജപ്പാന്റെയും മറ്റു ഗവേഷകരും ഗവേഷണങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.

a71945ല്‍ ‘ജോ ലൂയി’ ഹെവി വെയിറ്റ് ബോക്‌സിങ് ചാമ്പ്യന്‍ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ‘ജോ’ പട്ടാള സേവനം ചെയ്യവേ പട്ടാളത്തില്‍ വര്‍ണ്ണ വിവേചനം ഇല്ലാതാക്കാനും അദ്ദേഹം ഒരു നിമിത്തമായി. 1942ല്‍ നാവികര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ ശ്രമത്തില്‍ ഒരു ഫണ്ട് ഉണ്ടാക്കിയിരുന്നു. താമസിയാതെ മിലിട്ടറിയില്‍ വോളന്റീര്‍ ജോലിയും തുടങ്ങി. കറുത്തവര്‍ക്ക് മാത്രമായ ഒരു യുണിറ്റിലായിരുന്നു പരിശീലനം നേടിയിരുന്നത്. അവിടുത്തെ സേവനശേഷം പട്ടാളത്തില്‍ ഒരു സ്‌പെഷ്യല്‍ കേഡറില്‍ അദ്ദേഹത്തെ ജോലിക്കെടുക്കുകയും ചെയ്തു. അന്നുമുതല്‍ പട്ടാളത്തില്‍ കറുത്തവരോടുള്ള അവഗണന അവസാനിക്കുകയും കറുത്തവര്‍ക്കും പട്ടാളത്തില്‍ അവസങ്ങള്‍ നല്‍കാനും തുടങ്ങി.

1854ല്‍ ഒഹായോയില്‍ നിന്ന് വക്കീല്‍ പരീക്ഷ പാസായ ‘ജോണ്‍ മെര്‍സെര്‍ ലംഗ്സ്റ്റന്‍’ കറുത്ത വര്‍ഗക്കാരില്‍നിന്നുമുളള ആദ്യത്തെ വക്കീലായി കരുതുന്നു. അദ്ദേഹം ഒഹായോയില്‍ ബ്രൗണ്‍ ഹേം എന്ന ടൗണില്‍ 1855ല്‍ ടൌണ്‍ ക്ലര്‍ക്കായി നിയമിതനായപ്പോള്‍, ചരിത്രത്തില്‍ പബ്ലിക്ക് ഓഫിസില്‍ നിയമിതനായ ആദ്യത്തെ ആഫ്രോ അമേരിക്കനായും അറിയപ്പെട്ടു. ‘ഹാര്‍ലം’ നവോദ്ധാനത്തിന്റെ കവിയായ ‘ലംഗ്സ്റ്റന്‍ ഹ്യൂഗിന്റെ മുത്തച്ഛനും കൂടിയായിരുന്നു അദ്ദേഹം. ആഫ്രോ അമേരിക്കക്കാരില്‍ ‘തര്‍ഗൂഡ് മാര്‍ഷല്‍’ ആദ്യത്തെ യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു. പ്രസിഡന്റ ലിണ്ടന്‍ ബി ജോണ്‍സനാണ്’ അദ്ദേഹത്തെ ജഡ്ജിയായി നിയമിച്ചത്. 1967 മുതല്‍ 1991 വരെ അദ്ദേഹം ജഡ്ജിയായി ഔദ്യോഗിക പദവിയിലുണ്ടായിരുന്നു.

a2 (2)കറുത്ത വര്‍ഗക്കാരിയായ ‘ഷിര്‍ലേ ചിഷോം’ (Shirley Chisholm) അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ആദ്യത്തെ തിരഞ്ഞെടുത്ത ഹൌസ് ഓഫ് റപ്രസെന്‍റ്റിറ്റീവ് ആയിരുന്നു. 1968ല്‍ ന്യൂയോര്‍ക്കിനെ പ്രതിനിധികരിച്ച് ആ സ്ഥാനം വഹിച്ചിരുന്നു. നാലു വര്‍ഷത്തിനുശേഷം അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. ആഫ്രോ അമേരിക്കന്‍ സ്ത്രീ സമൂഹത്തില്‍ നിന്നും ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ക്രെഡിറ്റും അവര്‍ക്കു ലഭിച്ചു. അവര്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു. 1972ലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ മൂന്നുപ്രാവശ്യം വധശ്രമത്തില്‍നിന്നും അവര്‍ രക്ഷപെടുകയുണ്ടായി. ‘ഹീരാം റോഡാസ് റെവല്‍സ്’ അമേരിക്കയുടെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ സെനറ്ററായി അറിയപ്പെടുന്നു. 1870 മുതല്‍ 1871 മാര്‍ച്ചു വരെ അദ്ദേഹം സ്‌റ്റേറ്റ് ഓഫ് മിസ്സിസിപ്പിയെ പ്രതിനിധാനം ചെയ്തിരുന്നു. 2009ല്‍ ആഫ്രോ അമേരിക്കക്കാരില്‍ ബാറാക്ക് ഒബാമയെ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 2009 മുതല്‍ 2017 വരെ അദ്ദേഹം രണ്ടു പ്രാവിശ്യം അമേരിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്തു.

അമേരിക്കയില്‍ വന്ന ആദ്യകാല ആഫ്രിക്കന്‍ കലാകാരന്മാരെല്ലാം അടിമകളായിരുന്നു. കലാരൂപങ്ങള്‍ ധാരാളമായുണ്ടെങ്കിലും അവരുടെ പേരുകളൊന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അടിമ മുതലാളിമാര്‍ അവരെ ബലം പ്രയോഗിച്ച് അമേരിക്കയില്‍ കൊണ്ടുവരികയായിരുന്നു. തങ്ങളുടെ രാജ്യങ്ങളില്‍നിന്നും പാരമ്പര്യമായി ലഭിച്ച കലാവിരുതുകളുമായിട്ടായിരുന്നു അവര്‍ ഇവിടെ ജീവിതമാരംഭിച്ചിരുന്നത്. മെറ്റലിലും തടിയിലുമുള്ള ചിത്രപ്പണികള്‍, കളിമണ്ണുകൊണ്ടുള്ള വാഹനങ്ങള്‍, കുട്ട നെയ്യല്‍, കൈകള്‍കൊണ്ടു നെയ്‌തെടുത്ത പുതപ്പുകള്‍, എന്നിങ്ങനെ കറുത്തവരുടേതായ കലാവസ്തുക്കള്‍ അമേരിക്കന്‍ കലകളുടെ ചരിത്രത്തിനുതന്നെ അഭിമാനകരമാണ്. അമേരിക്കന്‍ മ്യൂസിയങ്ങളില്‍ അതെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്.

a3സാഹിത്യ രചയിതാക്കള്‍, കഥാകൃത്തുക്കള്‍, കവികള്‍, നാടക കര്‍ത്താക്കള്‍, സംഗീതജ്ഞര്‍, നടന്മാര്‍ എന്നിങ്ങനെ നിരവധി കലാ സാഹിത്യ ലോകത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ ന്യൂയോര്‍ക്കില്‍ ഹാര്‍ലമില്‍ ജീവിച്ചിരുന്നു. എഴുത്തുകാരുടെയും കലാകാരന്മാരുടെതുമായ ഒരു കോളനി തന്നെ അവിടെയുണ്ടായിരുന്നു. ആഫ്രോ അമേരിക്കരുടെ തനതായ വ്യക്തിത്വത്തെയും സംസ്ക്കാരങ്ങളെയും ജീവിതരീതികളെയും നിലനിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. 1940ല്‍ ‘ഹാറ്റി മാക് ഡാനിയേല്‍’ എന്ന ആഫ്രോ അമേരിക്കന്‍, ചലച്ചിത്ര നടനെന്ന നിലയില്‍ ആദ്യത്തെ ഓസ്കാര്‍ അവാര്‍ഡ് കരസ്ഥമാക്കി. ആഫ്രോ അമേരിക്കനായ ജേക്കബ് ലോറന്‍സ് (1917 – 2000) കൗമാരപ്രായത്തില്‍ ഹാര്‍ലമില്‍ വന്നു താമസം തുടങ്ങി. ഹാര്‍ലം നവോദ്ധാന കാലങ്ങളില്‍ അദ്ദേഹം കലാപരമായ വിഷയങ്ങളില്‍ താല്പര്യമെടുത്ത് പഠിച്ചിരുന്നു. ആഫ്രിക്കന്‍ ജീവിതരീതികളെയും പഴമകളെയും പഠിക്കാന്‍ പിന്നീട് നൈജീറിയായില്‍ യാത്ര ചെയ്തു. അദ്ദേഹം വരച്ച ച്ഛായാപടങ്ങളും മറ്റു കലാരൂപങ്ങളും ആഫ്രിക്കന്‍ സംസ്ക്കാരത്തെയും അവരുടെ ജീവിതരീതികളെയും പകര്‍ത്തയെടുക്കുന്നതായിരുന്നു. കൂടാതെ കറുത്തവരെ പീഡിപ്പിച്ച ചരിത്രങ്ങളും കലാരൂപങ്ങളില്‍ ദൃശ്യവുമാണ്. അദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം ശോകമയമായ ഭാവനകളോടെയുള്ളതായിരുന്നു.

1760 മുതല്‍ 1832 വരെ ജീവിച്ച ‘ജോഷുവ ജോണ്‍സണ്‍’ ആണ് കറുത്തവരുടെ ഇടയില്‍നിന്നും രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ആഫ്രോ അമേരിക്കന്‍ കലാകാരന്‍. അടിമത്വത്തിലാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപ്പറ്റി ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്നു. 1910ല്‍ എടുത്ത സെന്‍സസില്‍ ജോണ്‍സണ്‍ അടിമത്വത്തില്‍ നിന്നും മോചിതനായ ഒരു സ്വതന്ത്ര ആഫ്രോ അമേരിക്കനായി കാണുന്നു. കലയെ തൊഴിലായി സ്വീകരിച്ചു ജീവിച്ച ജോണ്‍സന്റെ ചിത്രങ്ങള്‍ കൂടുതലും യൂറോപ്പ്യന്‍ പശ്ചാത്തലത്തിലായിരുന്നു രചിച്ചിരുന്നത്. ജോണ്‍സണ്‍ വരച്ച ഓരോ പടങ്ങളിലേയും വസ്ത്ര ധാരണരീതികള്‍ ഭാവനകള്‍ നിറഞ്ഞതും വളരെ ശ്രദ്ധേയവുമാണ്.

കലാലോകത്ത് ആഗോള പ്രസിദ്ധനായ ആഫ്രിക്കന്‍ അമേരിക്കന്‍ ‘ഹെന്‍റി ഒസ്സാവ ടാനര്‍’ എന്നയാളായിരുന്നു. 1859ല്‍ പെന്‍സില്‍വാനിയായില്‍ പിറ്റ്‌സ്ബര്‍ഗിലായിരുന്നു, അദ്ദേഹത്തിന്‍റെ ജനനം. പിതാവ് സ്കൂള്‍ ടീച്ചറും പാസ്റ്ററുമായിരുന്നു. ഒരു കലാകാരനാകണമെന്നുള്ള മോഹമുണ്ടായിരുന്നതിനാല്‍ ‘പെന്‍സില്‍വേനിയ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സില്‍’ ചേര്‍ന്ന് കലകളുടെ ശാസ്ത്രീയ വശങ്ങളെ പഠിച്ചിരുന്നു. കൂടാതെ അദ്ദേഹം ആഫ്രിക്കന്‍ അമേരിക്കരുടെ ദൈനം ദിന ജീവിതത്തെപ്പറ്റിയും മനസിലാക്കിയിരുന്നു. ടാനര്‍ വളരെ പ്രസിദ്ധനായെങ്കിലും സാമൂഹികമായി കൂടുതല്‍ സ്വാതന്ത്ര്യം മോഹിച്ച് അദ്ദേഹം ഫ്രാന്‍സില്‍ പോയി ജീവിച്ചു. 1920 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ ഹാര്‍ലം നവോദ്ധാന മുന്നേറ്റത്തിലും പങ്കാളിയായിരുന്നു.

5890cd721b0000250004d89bആരോണ്‍ ഡഗ്ലസ് (Aaron Douglas (1899-1979) പ്രമുഖനായ ഒരു കലാകാരനായിരുന്നു. കന്‍സാസില്‍ ജനിച്ച അദ്ദേഹം 1925ല്‍ ഹാര്‍ലത്ത് വന്നു. അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങള്‍ ‘ഫിസ്ക് യൂണിവേഴ്‌സിറ്റി’യുടെ ഗ്രന്ഥപ്പുരകളില്‍ ശേഖരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും നിരവധി ആഫ്രോ അമേരിക്കന്‍ കലാകാരന്മാര്‍ ഉയര്‍ന്നു വന്നിരുന്നു. 1950ല്‍ യുവ ആഫ്രോ അമേരിക്കക്കാര്‍ ഹാര്‍ലം നവോദ്ധാന കാലഘട്ടത്തോടെ കലാരംഗങ്ങളില്‍ തിളങ്ങാനും തുടങ്ങി. ‘റോമറെ ബെയര്‍ഡന്‍’ (Romare Bearden) 1911ല്‍ ജനിക്കുകയും 1988’ല്‍ മരിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു. ന്യൂസ്‌പേപ്പര്‍, പ്രിന്‍റിംഗ് എന്നീ മേഖലകളില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. അദ്ദേഹത്തിന്റെ കലകളും സാഹിത്യ കഴിവുകളും ആഫ്രോ അമേരിക്കന്‍ സംസ്കാരങ്ങളെ എടുത്തുകാണിക്കുന്നതായിരുന്നു.

ഈ ലേഖനം ചുരുക്കുന്നതോടൊപ്പം വായനക്കാരെ അറിയുക, നിങ്ങളും ഞാനും വസിക്കുന്ന സ്വപ്ന ഭൂമിയായ അമേരിക്ക പടുത്തുയര്‍ത്തിയത് കറുത്തവരായ ആഫ്രോ അമേരിക്കക്കാരുടെ വിയര്‍പ്പുതുള്ളികള്‍കൊണ്ടായിരുന്നു. കറുത്തവരായവരുടെ ചരിത്രമെന്നു പറയുന്നത് അമേരിക്കയുടെ ചരിത്രംതന്നെയാണ്. വൈറ്റ് ഹൌസില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഓരോ കല്ലുകള്‍ക്കും കറുത്തവന്റെ ചരിത്രം പറയാനുണ്ട്. അന്നവര്‍ അടിമകളായിരുന്നു. സ്വാതന്ത്ര്യത്തിനായി കൊളോണിയല്‍ ഭരണത്തിനെതിരെ തോക്കുകള്‍ ചൂണ്ടി വെടിവെച്ചുകൊണ്ടിരുന്ന പട്ടാളക്കാരായിരുന്നു, അവര്‍. സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി പടപൊരുതിയ കറുത്തവരുടെ പൂര്‍വിക പിതാക്കന്മാരെ ലോകമാകമാനമുള്ള സ്വാതന്ത്ര്യമോഹികള്‍ ആദരിക്കുന്നു. നാമും ആദരിക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ സംസ്ക്കാരമെന്നു പറയുന്നത് അമേരിക്കന്‍ സംസ്ക്കാരം തന്നെയാണ്. കറുത്തവരുടെ ചരിത്രം അവശിഷ്ടമാകാതെ ജീവിച്ചുകൊണ്ടുതന്നെയിരിക്കണം. പുസ്തകങ്ങളില്‍ വായിച്ചുതന്നെ വരുവാനിരിക്കുന്ന തലമുറകളും മനസിലാക്കണം. ഇവിടെ ജീവിക്കുന്ന ഓരോ കുടിയേറ്റക്കാരനും നമ്മുടെ കറുത്ത സഹോദരന്മാരോട് കടപ്പാടുള്ളവരെന്നുള്ള കാര്യവും മറക്കരുത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top