Flash News

റഫാല്‍: അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി; കൂടുതല്‍ തെളിവുകള്‍ പുറത്ത്

February 11, 2019

newsrupt_2019-02_e3a8f6bc-3aa2-4fd0-b1d5-3aaaa5b54080_rafale_dealറഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 787 കോടി യൂറോയുടെ ഇടപാടില്‍ മോദി സര്‍ക്കാര്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കിയിരുന്നതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരം മറച്ചു വെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്.

കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍നിന്നോ പിഴ ഈടാക്കാനാകില്ല.

അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ചട്ടങ്ങളില്‍ ഇളവു വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുമായുളള കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

ഇന്ത്യയും ഫ്രാന്‍സുമായി ഏര്‍പ്പെട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകള്‍ ഇളവുവരുത്തിയത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിട്ടില്ലെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട സപ്ലൈ പ്രോടോക്കോളില്‍നിന്നാണ് വ്യവസ്ഥകള്‍ മാറ്റിയത്. ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കയാണ്.

ഇങ്ങനെ അഴിമതി തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കരാരുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേര്‍ എതിര്‍ത്തു. അവര്‍ സമര്‍പ്പിച്ച വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ദി ഹിന്ദു ഇന്ന് സുപ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എം പി സിംഗ്, എ ആര്‍, സുലെ, രാജീവ് വര്‍മ്മ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

അവരുടെ വിയോജനക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തി. ‘ ഇരു രാജ്യങ്ങള്‍ തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെങ്കിലും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് ഫ്രഞ്ച് ഇന്റസ്ട്രിയല്‍ സപ്ലൈയേഴ്‌സിലെക്ക് മാറ്റിയിരിക്കയാണ്. എന്നുമാത്രമല്ല, പണം ഫ്രഞ്ച് സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഇന്റസ്ട്രിയല്‍ സപ്ലൈയേഴിസിന് ആണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടില്‍ കാണിക്കേണ്ട അടിസ്ഥാന പരിഗണന പോലും ബലികഴിക്കുന്ന ഈ വ്യവസ്ഥകള്‍ നല്ലതല്ല.’ കരാറുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മറ്റൊരു അക്കൗണ്ടുവഴി വിതരണക്കാര്‍ക്ക് പണം നല്‍കുന്നതിനുള്ള -എസ്‌ക്രൂ എക്കൗണ്ടുവഴി – വ്യവസ്ഥകളാണ് മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ പേരിലാണ് ഇത്തരം നടപടികള്‍. എന്നാല്‍ ദാവോ എന്ന കമ്പനിയാണ് ഇന്ത്യയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യേണ്ടത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാര്‍. ദാവോയുമായുള്ള പണമിടപാട് ഫ്രഞ്ച് സര്‍ക്കാര്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ടത്. എന്നാല്‍ മോഡി സര്‍ക്കാര്‍ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സര്‍ക്കാരിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപടെല്‍ സാധ്യമാകാതെ വരും. കരാറിന്റെ ഭാഗമായി നല്‍കേണ്ട സോവറീന്‍ ഗ്യാറന്റിയുടെ ബാധ്യതയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരിനെ ചട്ടങ്ങള്‍ മറികടന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാന്‍സ് പ്രധാനമന്ത്രി നല്‍കുന്ന ലെറ്റര്‍ ഓഫ് കംഫേട്ട് മാത്രമാണ് നല്‍കിയത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ വേണം കമ്പനികള്‍ക്ക് പണം കൈമാറാന്‍ എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സുധാന്‍ശു മൊഹാന്തി ശുപാര്‍ശ ചെയ്തിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ സോവിറിന്‍ ഗ്യാരന്റി നല്‍കാത്ത പാശ്ചത്തലത്തില്‍ ഇത് അത്യാവിശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

തുടക്കത്തില്‍ കാരാറുമായി ബന്ധപ്പെട്ട് നിസ്സംഗമായ നിലപാടുകള്‍ സ്വീകരിച്ച മനോഹര്‍ പരിക്കര്‍ പിന്നീട് ഭേദഗതി ചെയ്ത വ്യവസ്ഥകളോടെ കരാര്‍ നടപ്പിലാക്കാന്‍ ധൃതി കാണിക്കുകയായിരുന്നുവെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top