Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (അദ്ധ്യായം 19)

February 11, 2019 , എച്മുക്കുട്ടി

Vyazhavattam 19അസുഖം മാറിയപ്പോള്‍ അവള്‍ തനിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങി. അവളുടെ വാടക വീട് ഘനീഭവിച്ച ഏകാന്തതയും പൊടിയും അഴുക്കുമായി അവളെ സ്വാഗതം ചെയ്തു. വീട്ടിലേക്ക് ഒറ്റയ്ക്ക് ചെന്ന് കയറുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു.

ജോലിക്ക് പോവാന്‍ തുടങ്ങിയെങ്കിലും അവളില്‍ ആരോഗ്യത്തിന്റെ ഒരു പൊട്ട് പോലും അവശേഷിച്ചിരുന്നില്ല.

അതിഭയങ്കര വേദനയായിരുന്നു രോഗം ബാക്കി വെച്ചത്. അതിനുള്ള മരുന്നുകളാവട്ടെ കഴിച്ചാല്‍ ബോധക്കേടുണ്ടാക്കുന്നതു പോലെ ഉറക്കം വരുത്തുന്നതുമായിരുന്നു. ഒരുതരത്തില്‍ അത് അനുഗ്രഹമായി. ഒന്നും ആലോചിക്കാതെ ഒട്ടും വേദനിക്കാതെ ഉറങ്ങാമെന്നായി. രാത്രിയില്‍ അവള്‍ ബോധം കെട്ട് ഉറങ്ങി.. പകലുകളാവട്ടെ ഉറക്കത്തിലും ഉണര്‍ച്ചയിലുമായി ഓഫീസിലെ തിരക്കുകളില്‍ കൂടിക്കുഴഞ്ഞിരുന്നു.

അവളുടെ ഭര്‍ത്താവ് അതിനകം തന്നെ കോടതികളില്‍ നല്‍കിയ മറുപടികള്‍ വക്കീല്‍ ഒരു ദിവസം അവളെ ഏല്‍പ്പിച്ചു.

ഡൊമസ്റ്റിക് വയലന്‍സ് കേസില്‍ അവള്‍ അയാള്‍ക്കൊപ്പം നയിച്ച ദയനീയ ജീവിതത്തെ അയാള്‍ മുഴുവനായും നിഷേധിച്ചിരുന്നു. രോഗിണിയായ അവളുടെ അമ്മയുള്‍പ്പടെ ഉള്ളവര്‍ മാത്രമായിരുന്നു അവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. അവരില്ലെങ്കില്‍ പിന്നെ ഒരു പ്രശ്‌നവുമില്ല. അവരുടെ സാമ്പത്തിക അത്യാഗ്രഹം നടപ്പാക്കാന്‍ അവര്‍ ഇരുവരുടേതുമായ പണം ഉപയോഗിക്കരുതെന്ന് അയാള്‍ക്കുണ്ട്. അതു മാത്രമാണ് പ്രശ്‌നം. ബാക്കിയൊക്കെ ആ ചേട്ടത്തിയമ്മയുടെ കണ്‍കെട്ട് വിദ്യയില്‍ പെട്ട് അവള്‍ ചുമ്മാ എഴുതിയ കഥകളാണ്. അവളുടെ ചേട്ടനും ചേട്ടത്തിയമ്മയും മകളുമാണ് കഥയിലെ ദുഷ്ട കഥാപാത്രങ്ങള്‍. അവളുടെ അമ്മയും അനിയത്തിയും അനിയത്തിയുടെ മകളും ഇവര്‍ക്ക് ആവശ്യമായ ഒത്താശ നല്‍കുന്നു. അയാളുടെ പക്കല്‍ അവളുടെ സ്വര്‍ണമില്ല. അവളുടെ ബാങ്ക് ലോക്കര്‍ കീ അയാളുടെ കൈയില്‍ ഇല്ല. അവള്‍ അയാള്‍ക്ക് പണം ചെലവാക്കി ഭൂമി വാങ്ങിക്കൊടുത്തിട്ടില്ല. അയാള്‍ അവളെ അടിക്കുന്നതു പോയിട്ട് അതിനെപ്പറ്റി ആലോചിച്ചിട്ട് പോലുമില്ല. എന്നിട്ട് വേണ്ടേ മകനെക്കൊണ്ട് അടിപ്പിക്കാന്‍.. മകന്‍ അവളെ മോശം വാക്കുകള്‍ ഒന്നും വിളിക്കില്ല. കാരണം ആ വാക്കുകളുടെ അര്‍ഥമൊന്നും അവനറിയില്ല. എന്നാല്‍ മകനെതിരേ സ്വന്തം ചേട്ടത്തിയമ്മയുടെ താല്‍പര്യത്തില്‍ പോലീസില്‍ പരാതിപ്പെട്ടു അവള്‍ എന്ന അമ്മ. പെര്‍മനന്റ് കസ്റ്റഡി കൊടുത്തിട്ടും അവള്‍ കുഞ്ഞിനെ പഠിപ്പിക്കുന്നില്ല. തന്നെയുമല്ല അവന്‍ പഠിത്തമില്ലാതെ റോഡിലലയുമ്പോള്‍ പോലീസ് പിടിച്ചുകൊണ്ടു പോവാന്‍ വേണ്ടി അവന്റെ ടി സിയും കൂടി അവള്‍ സ്വന്തമാക്കിവെച്ചിരിക്കുന്നു. മകനു ന്യായമായി ലഭിയ്‌ക്കേണ്ടുന്ന അവളൂം അയാളും കൂടി സമ്പാദിച്ച സ്വത്ത് അവനു തന്നെ കിട്ടാനായിട്ടാണ് അയാള്‍ പരിശ്രമിക്കുന്നത്. അവള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ് അയാള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടവും മറ്റുകഷ്ട നഷ്ടങ്ങളും ദു:ഖദുരിതങ്ങളും പരിഹരിക്കാന്‍ കോടതിയോട് അയാള്‍ താഴ്മയായി അപേക്ഷിക്കുന്നു. ഏറെക്കുറെ ഇത്രയും തന്നെ എഴുതി ഡൈവോഴ്‌സ് പെറ്റീഷനും അയാള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കോടതി നാലു മാസമപ്പുറത്തുള്ള ഒരു തീയതിയാണ് ഡൈവോഴ്‌സിനുള്ള അവളുടെ കാരണങ്ങളും വിശദീകരണങ്ങളും സാക്ഷികളും തെളിവുകളും എല്ലാം ഹാജരാക്കാനായി പ്രഖ്യാപിച്ചിരുന്നത്. നമുക്ക് ഇഷ്ടംപോലെ സമയമുണ്ടെന്ന് വക്കീല്‍ അവളെ സമാധാനിപ്പിച്ചു.

കസ്റ്റഡി കേസിന്റെ വിധി നടപ്പിലായില്ലെന്ന വിവരം കോടതിയെ അറിയിക്കണമെന്ന സ്വന്തം നിലപാട് അവള്‍ വക്കീലിനെ വ്യക്തമായി ധരിപ്പിച്ചു. അവനും അയാളും കോടതിയില്‍ വരട്ടെ. അവര്‍ക്ക് പറയാനുള്ളത് പറയട്ടെ. കുട്ടിയെ തരുന്നതായി പ്രഖ്യാപിക്കുകയും കുട്ടിയുമായി അവള്‍ക്ക് ഒരു ബന്ധവും ഇല്ലാതിരിക്കാനുള്ള വിദ്യകള്‍ എല്ലാം നോക്കുകയും ചെയ്യുക. എന്നിട്ട് അവള്‍ കുട്ടിയെ വേണ്ടാ പഠിപ്പിക്കാന്‍ തയാറല്ല എന്നൊക്കെ പറഞ്ഞുവെന്നും മറ്റും ആരോപിക്കുക .. ഇത്തരം കള്ളങ്ങള്‍ കോടതിയില്‍ അയാള്‍ തെളിയിക്കട്ടെ. കുട്ടിയും അമ്മയെ വേണ്ടാ കാണണ്ടാ എന്ന് പറയുന്നെങ്കില്‍ പറയട്ടെ.. അയാള്‍ അവളോട് ചെയ്ത കുറ്റങ്ങള്‍ക്ക് ഏതെല്ലാം വകുപ്പുകളില്‍ നിയമനടപടി സ്വീകരിക്കാമെന്ന് കണ്ടുപിടിക്കണമെന്നും അതനുസരിച്ച് കൂടുതല്‍ കേസുകളുമായി മുന്നോട്ട് പോകാമെന്നും അവള്‍ വക്കീലിനോട് ഉറപ്പിച്ചു പറഞ്ഞു.

സത്യങ്ങളെ അഭിമുഖീകരിക്കാനും തീരുമാനങ്ങള്‍ എടുക്കാനും തീരുമാനങ്ങളുടെ ചുമതലകള്‍ വഹിക്കാനും എല്ലാവരും പ്രാപ്തരാകുന്നത് അങ്ങനെയാണെന്നും ചില കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ നിര്‍ബന്ധിതരാക്കേണ്ടത് എല്ലാവര്‍ക്കും നല്ലതാണെന്നും ഉള്ള അവളുടെ തീര്‍പ്പ് കണ്ടപ്പോള്‍ വക്കീല്‍ അല്‍ഭുതപ്പെട്ടു പോയി.

അനീതിയ്‌ക്കെതിരേ പൊരുതാന്‍ തയാറായ അവളുടെ ഉറച്ച നിലപാട് അദ്ദേഹത്തിനും അളവറ്റ സന്തോഷം നല്‍കി.

വലിയൊരു സമരത്തിന്റെ വ്യക്തിഗതമായ ഒരു മുഖം മാത്രമാണ് അവള്‍ക്ക് നയിക്കാനുള്ളതെന്ന് കോടതികളിലെ അനുഭവങ്ങള്‍ അവളെ മനസ്സിലാക്കിക്കൊടുത്തു. അവള്‍ ഒരുകാലത്തും ഒരു ആക്ടിവിസ്റ്റോ സ്ത്രീ വിമോചനപ്രവര്‍ത്തകയോ ഒന്നുമായിരുന്നില്ല. ഇപ്പോഴുമല്ല. കുടുംബം തകരാതിരിക്കാന്‍ അവള്‍ ആവതു ശ്രമിച്ചു. സാധിച്ചില്ല. അതുകൊണ്ട് ഈ സമരം… അത് ഭംഗിയായി, കുടുംബം തകരാതിരിക്കാന്‍ അവള്‍ എടുത്ത സഹനത്തിനു തുല്യമായ ആര്‍ജ്ജവത്തോടെ നയിക്കണമെന്ന് അവള്‍ മനസ്സു കൊണ്ടുറപ്പിച്ചു. ഇത് അവളുടെ അഭിമാനത്തിന്റെ, സ്‌നേഹത്തിന്റെ, വിശ്വാസത്തിന്റെ , വാല്‍സല്യത്തിന്റെ, കരുതലിന്റെ സമരമാണ്. അവളെപ്പോലെ ഇനിയും സ്ത്രീകള്‍ ഉണ്ടാവും ഈ പ്രപഞ്ചത്തില്‍ .. വഴങ്ങുന്നവര്‍.. സഹിക്കുന്നവര്‍.. കൈയിലുള്ളതെന്തും മറ്റുള്ളവര്‍ക്ക് നല്‍കുന്നവര്‍ .. ആരേയും കുറ്റം പറയാത്തവര്‍ … എന്നിട്ടും എല്ലാം നഷ്ടപ്പെട്ടു വേദനിക്കുന്നവര്‍.. …അങ്ങനെ എല്ലാവരുടെ മുന്നിലും പരിഹാസപാത്രമാകുന്നവര്‍ .. തോറ്റവര്‍..

തോറ്റവര്‍ക്കൊപ്പം നില്‍ക്കാന്‍ ആള്‍ക്കാരുണ്ടാവില്ല. അവരവരുടെ സുഖകരമായ ജീവിത പരിതസ്ഥിതികളില്‍ നിന്നു കൊണ്ട് തോറ്റവര്‍ എന്തുകൊണ്ട് തോറ്റു എന്ന പഠനവും തോല്‍ക്കാതിരിക്കാന്‍ അവര്‍ എന്തൊക്കെ ചെയ്യണമായിരുന്നു എന്ന നിര്‍ദ്ദേശവും അവര്‍ വേണ്ടപ്പോള്‍ ഒന്നും ചെയ്തില്ല എന്ന കുറ്റപ്പെടുത്തലും അവര്‍ തന്നെയാണ് അവരുടെ തോല്‍ വികള്‍ക്ക് കാരണം എന്ന സ്ഥിരീകരണവും മാത്രമാണവര്‍ക്ക് മറ്റുള്ളവരില്‍ നിന്നും എപ്പോഴും ലഭിക്കുക. തോറ്റവര്‍ക്ക് ഏകാന്തതയും വേദനകളും നഷ്ടപ്പെടലും പരിഹാസവും ഏറിപ്പോയാല്‍ ലേശം സഹതാപവും മാത്രമാണ് സ്വന്തം.

യുദ്ധം ചെയ്യുന്നത് പോയിട്ട് , യുദ്ധരംഗത്ത് പ്രത്യക്ഷപ്പെടാന്‍ പോലും മാനസികമായി കഴിവില്ലാത്തവര്‍, യുദ്ധഭൂമിയില്‍ വിയര്‍പ്പും രക്തവും ചിന്തി, അംഗഭംഗങ്ങള്‍ നേരിട്ട് ജീവനും സ്വത്തും സമ്പാദ്യവും ഒക്കെ പണയപ്പെടുത്തുന്നവരെ പറ്റി തണുത്ത നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് കപ്പലണ്ടി കൊറിച്ചുകൊണ്ട് വിലയിരുത്തുന്നതാണ് മനുഷ്യജീവിതമെന്ന് അവള്‍ കണ്ടു മനസ്സിലാക്കുകയായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും ജനങ്ങള്‍ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് ചെയ്യുന്ന സമരവും പോലെയല്ല .. ഒറ്റപ്പെട്ടവരുടെ യുദ്ധങ്ങളും സമരങ്ങളും… അതിന് അപാരമായ ധൈര്യവും മനസ്സാന്നിധ്യവും വേണം. കൂട്ടത്തില്‍ കൂടുന്നത് എളുപ്പവും ഒറ്റയാകുന്നത് കഠിനവുമാണ്..

നമ്മുടെ നാട്ടിലെ കോടതികളില്‍ നടക്കുന്ന കേസുകള്‍ എന്ന സമരങ്ങള്‍ക്ക് അവസാനം കാണാന്‍ ഒത്തിരി സമയം ആവശ്യമാണ്. അവള്‍ ആ സമയത്തെ ക്ഷമയോടെ കാത്തിരിക്കാനും… ആ കാത്തിരിപ്പിലൂടെ തന്നെ പൊരുതാനും തീരുമാനിച്ചു. .. ആരും സഹായത്തിനില്ലാത്തവര്‍ക്ക് സ്റ്റേറ്റിനോടാണ് സഹായം ചോദിക്കാന്‍ കഴിയുക. സ്റ്റേറ്റിന്റെ മെഷീനറികളിലൂടെയാണ് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാന്‍ കഴിയുക ..

നമ്മുടെ ശ്ലോകങ്ങളിലൊക്കെയല്ലേ കാവല്‍ഭടന്മാരുള്ളൂ. ശരിക്കും ഭടന്മാരൊക്കെ ശത്രുക്കളായിത്തീരുന്ന അപൂര്‍വ നിസ്സഹായതയാണല്ലോ അവളെപ്പോലെയുള്ള പെണ്ണുങ്ങളുടെ ജീവിതം..

എങ്കിലും എത്ര കഠിന സങ്കടവും ഒരു ജീവിതത്തിന്റെയും അവസാനമാകുന്നില്ല. …കാരണം ജീവിതം എപ്പോഴും പുതിയപുതിയ അല്‍ഭുതങ്ങളുടെ പാരാവാരമാണ്.

കുട്ടിയെ അവള്‍ക്ക് കൈമാറണമെന്ന കോടതി ഉത്തരവ് അയാള്‍ അനുസരിക്കുന്നില്ലെന്നും അത് നടത്തിത്തരണമെന്നും പറഞ്ഞ് അവള്‍ കോടതിയെ സമീപിക്കാന്‍ നിശ്ചയിച്ചുവെങ്കിലും കുടുംബകോടതി ജഡ്ജി അവധിയിലായതിന്റെ പേരില്‍ ഉദ്ദേശിച്ചതിലും ഒരു മാസം വൈകിയേ അവള്‍ക്ക് ഹര്‍ജ്ജി സമര്‍പ്പിക്കാന്‍ സാധിച്ചുള്ളൂ. കേസുകളുടെ ആധിക്യം നിമിത്തം ജഡ്ജി അവളുടെ കേസിനു ഡേറ്റ് നല്‍കിയത് പിന്നെയും രണ്ട് മാസം കഴിഞ്ഞാണ്.

ക്ഷമിച്ച് കാത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.

ഈ ദിവസങ്ങളിലൊന്നും മോന്‍ അവളെ അന്വേഷിച്ചതേയില്ല. മനസ്സ് ഒതുങ്ങാതാവുമ്പോള്‍ അവള്‍ വാട്ട് സാപ്പില്‍ ഒരു മെസ്സേജ് ഇടും. അതും ആരും വായിക്കാതെയായപ്പോള്‍ ഒടുവില്‍ അവള്‍ അത് നിറുത്തി, അവനുമായി കമ്യൂണിക്കേഷന്‍ ഉണ്ടാക്കാന്‍ ഒരു വഴിയും അവള്‍ക്ക് മുന്നില്‍ തുറന്നു വന്നില്ല.

അവള്‍ തനിയെ ഫ്‌ലാറ്റില്‍ ജീവിച്ചു. അസുഖത്തിന്റെ വേദനയും ഭയാനകമായ ക്ഷീണവും ഉണ്ടായിരുന്നു. എങ്കിലും തനിച്ചാണ് ലോകത്തിലേക്ക് വന്നത് തനിച്ചു തന്നെ പോവുകയും വേണമെന്ന ശാശ്വതമായ സത്യത്തിനോടും അറിവിനോടും പൊരുത്തപ്പെടുവാന്‍ ശ്രമിക്കുകയായിരുന്നു അവള്‍ .

ഓഫീസും ജോലിയും അനാരോഗ്യത്തിനു വെല്ലുവിളികളായിരുന്നുവെങ്കിലും അവയെ അവള്‍ സമര്‍ഥമായി നേരിട്ടു. കാരണം സമയം അവളുടെ പക്കല്‍ ഉണ്ടായിരുന്നു. അവള്‍ ജോലികളിലാണ്ടു മുങ്ങി ബാക്കിയെല്ലാ സങ്കടങ്ങളുടേയും ശരീരവേദനകളുടെയും പുറത്ത് ഒരു മുഖം മൂടി ധരിപ്പിച്ചു. അതുകൊണ്ട് ജോലികളില്‍ മിടുക്കിയെന്ന പേര് മിക്കവാറും എല്ലായ്‌പോഴും അവളെ തേടി വന്നു.

മകന്‍ അവളെ മുഴുവനായും മറന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. എങ്കിലും അവന്റെ പിറന്നാളിനു കേക്കും ഉടുപ്പ് വാങ്ങാന്‍ പണവും ഡ്രൈവര്‍ വശം അവള്‍ കൊടുത്തയച്ചു. അത് തിരികെ വന്നില്ല. അവന്റെ ടെഡിബെയറിനേ കൊടുത്തയയ്ക്കാനുമവള്‍ മറന്നില്ല.

കേസ് ആദ്യം കോടതിയില്‍ വന്നപ്പോള്‍ കുട്ടിയെ ഹാജരാക്കാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവളുടെ ഭര്‍ത്താവ് തനിച്ചാണ് വന്നത്. ആദ്യം കുട്ടിക്ക് പനിയാണെന്നും പിന്നെ അവനു പരീക്ഷയാണെന്നും അയാള്‍ പറഞ്ഞു. പരീക്ഷ എന്ന് തീരുമെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അയാള്‍ക്കുത്തരമില്ലായിരുന്നു.

കേസ് നാലു ദിവസം കഴിഞ്ഞ് ഒരു തീയതിയിലേക്ക് മാറ്റി. അന്ന് അയാളുടെ ജ്യേഷ്ഠന്‍ ഒപ്പം വന്നു. തന്നെയുമല്ല അയാളുടെ വക്കീലും ഹാജരായി. പരീക്ഷയുടെ ഡേറ്റ് ഷീറ്റ് അയാള്‍ ജഡ്ജിക്ക് കൈമാറി. അങ്ങനെ കേസ് അടുത്ത മാസത്തിലേക്ക് നീട്ടി.

അയാളുടെ ജ്യേഷ്ഠനോട് സംസാരിച്ചപ്പോള്‍ അവള്‍ കരഞ്ഞു പോയി..

‘എന്റെ കുഞ്ഞിനെ എനിക്ക് തരാതെ ഇങ്ങനെ കാണിക്കുന്നതിനു കൂട്ടുനില്‍ക്കരുത്.’

ജ്യേഷ്ഠന്‍ ഒന്നും പറഞ്ഞില്ല.

അന്നു രാത്രി മകനും ഭര്‍ത്താവിന്റെ ജ്യേഷ്ഠനും കൂടി അവളെ കാണുവാന്‍ വന്നു. അവളുടെ ഭര്‍ത്താവ് ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുറ്റത്ത് നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ.

മകന്റെ മുഖം കണ്ട് അവളുടെ മുലകള്‍ കിടുകിടുത്തു. അവന്‍ ആറടിയിലധികം ഉയരം വെച്ചു കഴിഞ്ഞിരുന്നു. അവന്റെ മുഖത്തെ നിഷ്‌കളങ്കതയും ശൈശവത്വവും പോയ്ക്കഴിഞ്ഞിരുന്നു. എങ്കിലും ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കണമെന്ന് അവള്‍ക്ക് തോന്നി. പക്ഷെ, അവള്‍ അതിനൊന്നും മുതിര്‍ന്നില്ല. അവന് ഇഷ്ടമില്ലാതെ അവനെ തൊട്ടാല്‍ .. അവന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലല്ലോ.

അവളുടെ പേരില്‍ പഴയ വീട്ടിലുണ്ടായിരുന്ന ഗ്യാസ് കണക് ഷന്‍ റദ്ദാക്കി അയാളുടെ പേരില്‍ ഒന്നെടുക്കാനുള്ള പദ്ധതിയായിരുന്നു അവര്‍ വന്നതിനു പിന്നിലെ രഹസ്യം. ഗ്യാസ് കണക് ഷന്‍ കല്യാണത്തിനു എത്രയോ കാലം മുന്‍പ് അവള്‍ എടുത്തതായിരുന്നു. അതു റദ്ദാക്കാന്‍ അവള്‍ ആ വീട്ടില്‍ പാര്‍ക്കുന്നില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുക്കാനുള്ള പേപ്പറുമായാണ് അവര്‍ വന്നത്.

മകന്‍ അവള്‍ക്ക് സമ്മാനമായി ഒരു സാന്‍‌ഡ്‌വിച്ച് ടോസ്റ്റര്‍ കൊണ്ടുവന്നിരുന്നു. അത് അവള്‍ ഇറങ്ങിപ്പോന്ന ആ വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായിരുന്നു.

വീട്ടിനകത്ത് കയറി ഇരിയ്ക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ പ്രതിഷേധിച്ചു .

‘എനിക്ക് അമ്മയെ വിശ്വാസമില്ല. അതുകൊണ്ട് അകത്ത് വരില്ല.’

മോന്‍ ഏതു സ്‌ക്കൂളിലാ ചേര്‍ന്നതെന്ന് അവള്‍ ചോദിച്ചു. അവന്‍ വല്യച്ഛന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. വല്യച്ഛനും ചിരി മടക്കി നല്‍കി. ഉത്തരം കിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി.

അവര്‍ കൊണ്ടുവന്ന പേപ്പറില്‍ ഒപ്പിടാന്‍ അവള്‍ കൂട്ടാക്കിയില്ല.

അപ്പോള്‍ മകന്‍ അവളോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. പൊട്ടുന്ന ഹൃദയത്തോടെ അവള്‍ വെള്ളംകൊണ്ടു വന്നു കൊടുത്തു.

അത് കുടിച്ച് ഗ്ലാസ് അമ്മയ്ക്ക് നല്‍കി , അവന്‍ വല്യച്ഛനോടൊപ്പം ഇറങ്ങിപ്പോയി. തുറന്ന വാതിലിനപ്പുറത്ത് അവള്‍ സ്തബ്ധയായി നിന്നു.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top