എസ്. രാജേന്ദ്രന്‍ എംഎല്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

eco_1തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുകാ രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന തരത്തില്‍ എസ് രാജേന്ദ്രന്‍ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏത് തലത്തിലുള്ളവരായാലും പുരുഷന്മാര്‍ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ മാന്യത കാണിക്കണം. ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പാലക്കാട്ടു പറഞ്ഞു.

മൂന്നാറിലെ അനധികൃതനിര്‍മാണത്തെ പിന്തുണച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ ദേവികുളം സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കി. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍, എംഎല്‍എ സബ് കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമര്‍ശിച്ചിട്ടില്ല. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മുതിരപ്പുഴയാറിന്റെ തീരം കൈയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമേഖലയിലാണ് കെട്ടിടനിര്‍മാണം. നടപടി നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് സ്റ്റോപ് മെമോ നടപ്പാക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ നടപടി കോടതിയലക്ഷ്യമാണ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കോടതിയലക്ഷ്യനടപടി വേണം. ഹൈക്കോടതിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ എജിക്ക് കൈമാറിയത്.

അതേസമയം രാജേന്ദ്രനെ പാര്‍ട്ടി പോലും തള്ളി പറഞ്ഞിരിക്കുകയാണ്. കൈയ്യേറ്റത്തിനെതിരായ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് സബ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതികരിച്ചു. സ്വന്തം ഉത്തരവാദിത്വമാണ് സബ് കളക്ടര്‍ നിര്‍വഹിച്ചതെന്നും നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐ.എ.എസ്. കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട എം.എല്‍.എ. പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment