അയോധ്യയില്‍ ഈ മാസം തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ഹിന്ദു സംഘടനകള്‍

ayodhyaഅയോധ്യ: അയോധ്യയില്‍ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവര്‍ത്തിച്ച് ഹിന്ദു സംഘടനകള്‍. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സന്യാസികളാണ് ഇതിനായി നീക്കങ്ങള്‍ നടത്തുന്നത്. ഈ മാസം പതിനേഴിന് പ്രയാഗ് രാജിലെ കുംഭമേളയില്‍ നിന്ന് അയോധ്യയിലേക്ക് തിരിക്കുമെന്ന് സ്വാമി സ്വരൂപാനന്ദ പറഞ്ഞു.

ബാബരി മസ്ജിദ് ഭൂ തര്‍ക്ക കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്, രാമക്ഷേത്രത്തിനായുള്ള സംഘ്പരിവാര്‍ സംഘടനകളുടെയും സന്യാസിമാരുടെയും വിവിധ തരം നീക്കങ്ങള്‍. വി.എച്ച്.പി നടത്തുന്ന നീക്കങ്ങളോട് നേരത്തേ മുതല്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ സ്വാമി സ്വരൂപാനന്ദയാണ് ഒടുവില്‍ നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്. അയോധ്യയില്‍ ഈ മാസം തറക്കല്ലിടുമെന്ന് കുംഭമേളയ്ക്കിടെ നടന്ന സന്യാസ യോഗത്തില്‍ വച്ച് നേരത്തെ തന്നെ ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ആവര്‍ത്തിച്ച സ്വരൂപാനന്ദ, ഈ മാസം 17 ന് അയോധ്യയിലേക്ക് യാത്ര ആരംഭിക്കുമെന്നും പറഞ്ഞു.

ലോക്‌സഭയില്‍ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാന്‍ ശ്രമിക്കാത്തത് സര്‍ക്കാര്‍ പിടിപ്പ് കേടാണെന്നും സ്വരൂപാനന്ദ വിമര്‍ശിക്കുന്നു. ബാബരി മസ്ജിദ് നില നിന്നിരുന്ന 2.77 ഏക്കര്‍ ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ഇത് ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കണമെന്ന സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും സ്വരൂപാനന്ദ അടക്കമുള്ള സന്യാസിമാര്‍ ആരോപിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment