എസ്.രാജേന്ദ്രന് തിരിച്ചടി; മൂന്നാറിലെ കെട്ടിട നിര്‍മ്മാണം സ്‌റ്റേ ചെയ്ത് ഹൈക്കോടതി

rajendകൊച്ചി: മൂന്നാറില്‍ പ‌ഞ്ചായത്തിന്‍റെ കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണം സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാരിന്‍റെ ഉപഹര്‍ജിയും ഔസേപ്പിന്‍റെ ഹര്‍ജിയും ഇനി ഒരുമിച്ചു പരിഗണിക്കും . എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതേ സമയം ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

കണ്ണൻദേവൻ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്ത് മൂന്നാർ പഞ്ചായത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ല എന്ന നിലപാടിലാണ് പഞ്ചായത്ത് നിർമാണം നടത്തിവന്നത്. തോട്ട നിയമ പരിധിയിൽ വരുന്ന ഭൂമിയിൽ നിർമാണം നടത്താൻ അനുമതിയില്ലെന്നുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിർമാണം സ്റ്റേ ചെയ്തിരിക്കുന്നത്. ഈ വിവരം സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർ വാദങ്ങളിൽ എല്ലാ വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത ദേവികുളം സബ്കലക്ടർ ഡോ. രേണു രാജിനെ സ്ഥലം എംഎൽഎ എസ്. രാജേന്ദ്രൻ അപമാനിച്ചത് വൻ വിവാദമായിരുന്നു. നിയമപ്രകാരം പുഴയിൽ നിന്ന് 45 മീറ്റർ അകലെ മാത്രമെ നിർമാണം നടത്താവു എന്നിരിക്കെ അഞ്ചു മീറ്റർ മാത്രം ദൂരപരിധിയിലാണ് നിർമാണം നടക്കുന്നതെന്ന് സബ് കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ എല്ലാം കാണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചത്. സബ് കളക്ടറുടെ സത്യവാങ്മൂലത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ അപമാനിച്ചതായി പരാമർശമുണ്ട്. മാധ്യമങ്ങൾക്ക് മുന്നിലും,കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ചും അപമാനിച്ചുവെന്ന് സബ് കളക്ടര്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

നേരത്തെ മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങള്‍ സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന ആവശ്യം എജി തള്ളിയെങ്കിലും മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റുകയും ഹര്‍ജി നല്‍കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment