ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ജയരാജനും രാജേഷുമെന്ന് സിബിഐ കുറ്റപത്രം

SHUKKOORകൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമാണെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദേശമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

കൃത്യത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. 32ാം പ്രതി പി. ജയരാജനും 33-ാം പ്രതി ടി.വി രാജേഷ് എംഎല്‍എയും 30-ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍.

ഗൂഢാലോചനയുടെ തെളിവായി ദൃക്‌സാക്ഷി മൊഴികളാണ് സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയത്. അരിയില്‍ ഷുക്കൂര്‍ അടക്കമുള്ളവരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയത് കേട്ടെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ജയരാജനും ടി വി രാജേഷും നേരിട്ട് നിര്‍ദ്ദേശം നല്‍കുന്നത് കേട്ടെന്ന സാക്ഷി മൊഴികള്‍ കുറ്റപത്രത്തൊടൊപ്പം സിബിഐ ഹാജരാക്കിയിട്ടില്ല.

കുറ്റപത്രം തള്ളിക്കളയണമെന്ന് പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെടും. സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികള്‍ ഷുക്കൂറിന്റെ കുടുംബവും ശക്തമാക്കും.

മുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇല്ലെന്നായിരിക്കും പി ജയരാജന്റെയും ടിവി രാജേഷിന്റെയും വാദം. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസുകള്‍ സിബിഐ കോടതിയില്‍ പരിഗണക്കണമെന്നാവശ്യപ്പെട്ടായിരിക്കും കേസ് എറണാകുളം കോടതിയിലേക്ക് മാറ്റാന്‍ സിബിഐ ആവശ്യപ്പെടുക. ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. ഇവരുള്‍പ്പെടെ 28 മുതല്‍ 33 പ്രതികള്‍ക്കെതിരേയാണ് വധഗൂഢാലോചനക്കുറ്റം ചുമത്തിയത്.

കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയത് ആശുപത്രി മുറിയില്‍വച്ചാണെന്നും പി ജയരാജനും ടിവി രാജേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. അരിയില്‍ ലോക്കല്‍ സെക്രട്ടറി തിരിച്ചറിഞ്ഞതിന് ശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

2012 ഫെബ്രുവരി 20ന് പി ജയരാജനും ടിവി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി മണിക്കൂറുകള്‍ക്കുശേഷം ഷുക്കൂറിനെ വധിച്ചെന്നാണ് കേസ്. സിപിഐഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഷുക്കൂറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയില്‍ പ്രദേശത്തെ ഒരു വീട്ടില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. സക്കരിയയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ലീഗ് ആക്രമണത്തിനുശേഷം പരിക്കേറ്റ പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തിലാണ് സിപിഐഎം പ്രാദേശിക നേതാക്കള്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തുകയും കൊലപാതകത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തതെന്നാണ് ആരോപണം.

ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ 2016 ഫെബ്രുവരി രണ്ടിനാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment