Flash News

കളഞ്ഞുപോയ ഹൃദയം (കവിത) : മിനി പി.സി.

February 14, 2019

Kalanjupoya hridayam bannerസഖീ ,ആ പഴയ ഗുഹാക്ഷേത്ര കവാടത്തിലൂടെ ….
ഇന്നലെകളിലേക്കൊരു യാത്ര പോകാം !
അന്ന് നീ കൈതട്ടിത്തൂവിയ ചെഞ്ചായക്കൂട്ടുകളിലെങ്ങോ
എന്‍റെ ഹൃദയം കളഞ്ഞുപോയിരിക്കുന്നു
ഇന്ന് നീ എന്നോടൊപ്പം വരിക ….
അതെനിക്കായ് കണ്ടെടുത്തു തരിക !

യാത്രയ്ക്കായൊരുങ്ങവേ വന്നൂ ദ്വാരപാലകര്‍ ……..

ചോദിച്ചു വാങ്ങി ഇന്നിന്‍റെയെല്ലാമെല്ലാം !
ആരതിയുഴിഞ്ഞു സാലഭഞ്ജികകള്‍ മൊഴിഞ്ഞു ,
മൃദു സ്മേരത്തോടെ ………..
ഇനി ഇന്നിന്‍റെ നിങ്ങളില്ല ……
ഇന്നലകളിലെ നിങ്ങളിലേക്കാണ് യാത്ര !

പുറപ്പെടും മുന്‍പ് പുറത്തെ വെട്ടത്തില്‍
നോക്കി നിന്നൂ അവരൊരുവേള മുഖാമുഖം !
പിന്നെ …..നടന്നൂ ….അകത്തെയിരുട്ടിലൂടെ ഇന്നലകളിലേയ്ക്ക് …..!
ഉള്ളില്‍ ..നീണ്ട ഇടനാഴികളില്‍ മുനിഞ്ഞു കത്തും
മണ്‍ ചെരാതുകള്‍ കടന്നുപോകെ അവളാരാഞ്ഞു ,
“എവിടെ ഞാനത് കൈതട്ടിത്തൂവി ?

പോകും വഴികളില്‍ കാണായ് പ്രഭാപൂരം !
കേള്‍ക്കാറായ് വസന്തമര്‍മ്മരങ്ങള്‍
പൊട്ടിച്ചിരികള്‍ ..ആരവങ്ങള്‍ ….
ഇന്നലയുടെ ഉള്‍ത്തുടിപ്പാര്‍ന്ന സൌഹൃദങ്ങള്‍
അവിടെല്ലാം അവള്‍ തിരഞ്ഞു ആ ഹൃദയം !
പൊടുന്നനെ മാനം മേഘാവൃതമായ് ……….
മഴ പെയ്തിറങ്ങി ……
ആ മഴത്തുള്ളികളോരോന്നും …
പണ്ടെന്നോ മാനത്തെ കറുത്ത ക്യാന്‍വാസില്‍
അവള്‍ ,കോറിയിട്ട അജ്ഞാത ചിത്രങ്ങളെ പേറി
അയാളിലേക്ക് പെയ്തിറങ്ങെ
അയാള്‍ മന്ത്രിച്ചു
“സഖീ ….നീയതു കണ്ടെടുത്തിരിക്കുന്നു !
ഇനിയുള്ള യാത്രകളില്‍ അത്
നിന്നോടൊപ്പം ചേര്‍ത്തു കൊള്‍ക .”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top