പുൽവാമ ഭീകരാക്രമണം: മുഖ്യ ആസൂത്രകൻ അബ്ദുൽ റാഷിദ് ഗാസിക്കുവേണ്ടി തിരച്ചിൽ ഊർജ്ജിതം

DzgpTw2UUAEvALTശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസിക്കുവേണ്ടി സൈന്യം തിരച്ചിൽ ഊർജിതമാക്കി. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് ഇയാൾ. പുൽവാമ ആക്രമണത്തിനായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറാണ് ഇയാളെ നിയോഗിച്ചത്. മസൂദ് അസ്ഹര്‍, അബ്ദുള്‍ റാഷിദ് ഗാസിക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

അബ്ദുള്‍ റാഷിദ് ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്നാണ് റിപ്പോർട്ട് . അന്വേഷണസംഘത്തിനാണ് ഇയാള്‍ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദ പരിശീലകനായ അബ്ദുൽ റാഷിദ് ഗാസി ഈ മാസം 11ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അഫ്ഗാനിൽ അമേരിക്കയ്ക്കെതിരെ പോരാടിയിട്ടുണ്ട് ഇയാൾ. അത്യുഗ്ര സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. മസൂദ് അസ്ഹറിന്റെ അനന്തരവൻമാരെ കൊലപ്പെടുത്തിയതിനു പകരം വീട്ടാൻ കശ്മീരിലെ പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കുകയായിരുന്നു അബ്ദുൽ റാഷിദ് ഗാസിയുടെ ദൗത്യം. പുൽവാമയിൽ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറിനെ ഒരു വർഷത്തോളം രഹസ്യമായി ഇയാൾ പരിശീലിപ്പിച്ചുവെന്നാണ് വിവരം.

പാർലമെന്റ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തില്‍ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചിരുന്നു. ഇന്ത്യയെ കരയിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു പിടിച്ചെടുത്ത ശബ്ദസന്ദേശം. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ വിലയിരുത്തുന്നതില്‍ ഉദ്യോഗസ്ഥരും ഇന്റലിജന്‍സും പരാജയപ്പെട്ടുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയ്ഷെയിലെ അഫ്സൽ ഗുരു സ്ക്വാഡിന്റെ പങ്കാളിത്തത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഇതുവരെ ചാവേറാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ പുല്‍വാമ, അവന്തിപ്പോറ എന്നിവിടങ്ങളില്‍നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട് . പുല്‍വാമ ഭീകരാക്രമണത്തിനുവേണ്ട സ്‌ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ച് നല്‍കിയെന്ന് കരുതുന്ന പ്രദേശവാസിക്ക് വേണ്ടിയും പോലീസ് അന്വേഷണം തുടരുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News