Flash News

ഹര്‍ത്താലില്‍ സംഘര്‍ഷം; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്, കടകള്‍ അടപ്പിക്കുന്നു

February 18, 2019

youthകോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. അര്‍ദ്ധരാത്രിയില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ ജനങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കി. ഇവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പലയിടത്തും തുറന്ന കടകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

തിരുവനന്തപുരത്ത് കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ഇവിടെ അഞ്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. അതേസമയം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ കടകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ബസുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വെസ്റ്റ് കൊച്ചിയില്‍ പൊലീസ് നോക്കി നില്‍ക്കേ യാത്രക്കാരെ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മിക്ക കടകളും തുറന്നിരിക്കുകയാണ്.

അതേസമയം കോഴിക്കോട് കുന്ദമംഗലം പന്തീര്‍പ്പാടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലത്തും പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കൊല്ലം, ചവറ, ശങ്കര മംഗലം എന്നിവിടങ്ങളിലും കണ്ണൂര് പയ്യോളിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു.

108568-bmihxoyjsa-1545327125ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചില്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.

കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു.

 

കോടതി ഉത്തരവുകളെ മാനിക്കാത്തവര്‍ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി; ഡീന്‍ കുര്യാക്കോസിനും ബെന്നി ബെഹനാനും നോട്ടീസ്

അര്‍ധരാത്രിയില്‍ ഹര്‍ത്താലാഹ്വാനം ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്രതീക്ഷിതമായി അര്‍ദ്ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടു കൂടി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ ഹര്‍ത്താല്‍ ആഹ്വാനം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കോടതി ഉത്തരവുകള്‍ മാനിക്കാത്തവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പൊതുമുതലടക്കം നശിപ്പിച്ചാല്‍ അതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണഘടനാ വിരുദ്ധമായി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ജനപ്രാധിനിത്യ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ കഴിയുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോടും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മാത്രമേ കമ്മീഷന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

ഇന്നലെ കാസര്‍ഗോഡ് പെരിയയിലുണ്ടായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അര്‍ധരാത്രി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആദ്യം കാസര്‍ഗോഡ് ജില്ലയില്‍ മാത്രമായിരുന്നു ആഹ്വാനം എങ്കിലും പിന്നീട് ഫേസ്ബുക്കിലൂടെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “ഹര്‍ത്താലില്‍ സംഘര്‍ഷം; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്, കടകള്‍ അടപ്പിക്കുന്നു”

  1. വായനക്കാരന്‍ says:

    ഇത് തെമ്മാടിത്തരമാണ്. ഡീന്‍ കുര്യാക്കോസിനെയും അവന്റെ ശിങ്കിടികളേയും അറസ്റ്റു ചെയ്ത് ജയിലിലടക്കുക.

  2. രാജു says:

    കോടതിയെ വരെ വെല്ലുവിളിക്കുന്ന ഇവന്മാര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണം. താക്കീതിലൊതുക്കാതെ മേലില്‍ ഇത്തരം ചെറ്റത്തരങ്ങള്‍ കാണിക്കാതിരിക്കാനുള്ള ശിക്ഷ തന്നെ വേണം. ഒരുത്തന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ ഉടനെ ഹര്‍ത്താല്‍ നടത്തുന്ന ഒരൊറ്റ യൂത്തന്മാരേയും വെറുതെ വിടരുത്…. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് അതിന്റെ ഇരട്ടി വസൂലാക്കണം. ഏതായാലും കോടതി ഇടപെട്ട് സ്വയം കേസെടുത്തത് നന്നായി.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top