Flash News

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

February 19, 2019

youthകാസര്‍ഗോഡ്: കാസര്‍ഗോഡ് തന്നിത്തോടില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ ക്രൈം ഡിവൈഎസ്പിയുടെ കീഴില്‍ അന്വേണത്തിന് ആറംഗ സംഘത്തെ രൂപീകരിച്ചു. മൂന്ന് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. കൂടുതല്‍ അന്വേഷണത്തിന് ഡിജിപി കര്‍ണാടക പൊലീസിന്റെ സഹായം തേടി.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചില്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.

കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു.

കൊടുവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ എന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. സിപിഐഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

kasargod-murder-2കൃപേഷിന്റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി.

ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിന് താഴെ മാത്രം 5 വെട്ടുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവാണ് ഉണ്ടായിരുന്നത്. ശരത്തിന്റെ വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മുറിവ് മരണകാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേസിലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നേക്കാമെന്ന നിഗമനത്തില്‍ ഡി.ജി.പി കര്‍ണാടക പൊലീസിനോട് സഹായം തേടിയിരുന്നു. തുടര്‍ന്ന് പൂര്‍ണ പിന്തുണ നല്‍കാമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചതായും ഡി.ജി.പി വ്യക്തമാക്കി.

അതേസമയം, കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ച് സിപിഐഎം കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു. കൊലപാതക രാഷ്ട്രീയത്തിന് സിപിഐഎം എതിരാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

kripeshകാസര്‍കോട്ടെ സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിപിഐഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രിയുമായി കോടിയേരി എകെജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്. തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് എകെജി സെന്ററില്‍ എത്തിയ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.

അതേസമയം, ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തെ കാണാന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും എത്തി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ പൊട്ടിക്കരയുകയായിരുന്നു മുല്ലപ്പളളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം രാജ് മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

kripesh-homeകൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.ഐഎമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അതേസമയം, ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും വാള്‍ തലപ്പ് കൊണ്ട് സിപിഐഎം അരിഞ്ഞു കളയുകയായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാര്‍ട്ടിയായ സിപിഐഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഐഎം ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും വിമര്‍ശിച്ച് ഷാഫി പറമ്പിലും രംഗത്തെത്തി. എത്ര തലകള്‍ അറുത്തുമാറ്റിയാലാണ് നിങ്ങളുടെ ചോരക്കൊതി തീരുക എന്നും എത്രകാലം നിങ്ങള്‍ കൊന്നുകൊണ്ടേയിരിക്കും എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം? എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും? ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം. ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍’-ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം, മകനെ സിപിഐഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണെന്ന് പ്രതികരിച്ച് കാസര്‍ഗോഡ് വെട്ടേറ്റ് മരിച്ച കൃപേഷിന്റെ ബന്ധുക്കള്‍. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. സിപിഎമ്മുകാര്‍ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി രാഷ്ട്രീയ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏക മകനായിരുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ അവന്റെ പഠിത്തവും മുടങ്ങി.’ കൃപേഷിന്റെ അച്ഛന്‍ പറയുന്നു.

kripesh-veedu‘നേരത്തേ സിപിഐഎമ്മുകാരുമായി രാഷ്ട്രീയതര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇനി പ്രശ്‌നങ്ങളില്‍പെട്ടാല്‍ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞതാണ്. സിപിഎമ്മുകാര്‍ കൊല്ലുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല.’ എന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. പെയിന്റുപണിക്കാരനാണ്. ‘ചെറുപ്പത്തില്‍ സിപിഎമ്മിന് വേണ്ടി നിരവധി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പോകും, എല്ലാ തെരഞ്ഞെടുപ്പിനും.’ തൊണ്ടയിടറി കൃപേഷിന്റെ അച്ഛന്‍ പറയുന്നു.

തൊട്ടടുത്ത് പ്രശ്‌നമുണ്ടെന്നും കൃപേഷ് എന്നൊരു പയ്യന് കുത്തേറ്റുവെന്നും കേട്ടപ്പോ ആദ്യമത് വിശ്വസിച്ചില്ലെന്ന് കൃഷ്ണന്‍ പറയുന്നു. 21 വയസ്സുകാരനായ പയ്യനാണ് മരിച്ചതെന്നാണ് ആദ്യം കേട്ടത്. പിന്നെയാണ് അത് കൃപേഷ് തന്നെയാണെന്ന് മനസ്സിലായത്. ‘എനിക്കറിയാലോ ഇവിടത്തെ കുഞ്ഞന്‍മാരെയെല്ലാം. ആരൊക്കെയാ ഇവിടെയുള്ളതെന്ന് എനിക്കറിയാലോ.’ കൃഷ്ണന്‍ മാധ്യമങ്ങളോട് മകന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുകയായിരുന്നു.

പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് മകന്‍ വന്ന് പറയാറുള്ളത് ഓര്‍ക്കുന്നു കൃഷ്ണന്‍. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണ് പെരിയയും കല്യോട്ടും. പക്ഷേ, ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കണ്ട എന്നാണ് സിപിഎം അനുഭാവിയായ കൃഷ്ണന്‍ മകനോട് പറഞ്ഞത്. ‘നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്‌നമുണ്ടാക്കാന്‍ പോകരുത്.’ എന്നാണ് കൃഷ്ണന്‍ കൃപേഷിനോട് പറഞ്ഞത്.

‘പിന്നെ, പോളി ടെക്‌നിക്കില്‍ വച്ച് ഒരിക്കല്‍ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളേജില്‍ കയറി എസ്എഫ്‌ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു, പ്രശ്‌നമുണ്ടാക്കില്ല എന്ന് ഉറപ്പ് തന്നാല്‍ മാത്രം നീ ഇനി കോളേജില്‍ പോയാല്‍ മതി, എന്ന്. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അങ്ങനെ അവന്റെ പഠിത്തം മുടങ്ങി.’ കൃഷ്ണന്‍ പറയുന്നു.

‘ഈയടുത്ത് ഇവിടെ ഒരു ക്ലബ് കത്തിച്ചു, സിപിഐഎമ്മുകാര്. അതറിഞ്ഞ് വീട്ടില്‍ നിന്ന് അവന്‍ ഇറങ്ങിയപ്പോ ഞാന്‍ പറഞ്ഞു, ഇവിടന്ന് ഇതിന്റെ പേരില്‍ ഇറങ്ങുകയാണെങ്കില്‍ നീയിനി ഇവിടേക്ക് തിരിച്ചു കയറണ്ടെന്ന്. അവനങ്ങനെ പോയില്ല. പിന്നെ, ഇവിടെ ക്ലബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അന്ന് കടകള്‍ അടപ്പിക്കാന്‍ ഇവനും കൂടെയുണ്ടായിരുന്നു. അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍, നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു. അവനത് എന്നോടും പറഞ്ഞിരുന്നു.’ കൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടി നേരിട്ടുവെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ട് മേഖലാ ജാഥകളിലായി പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് എതിരാളികള്‍ക്കെതിരെ വലിയ രാഷ്ട്രീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പെരിയയിലെ ഇരട്ടക്കൊല നടക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ജാഥകള്‍ ഒരു ദിവസത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നതും രാഷ്ട്രീയമായി പാര്‍ട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടിയായെന്ന് സിപിഐഎം വിലയിരുത്തുന്നു.

kodi-1ഇതിനിടെ, സിപിഐഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്തെത്തി. അതിദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. ആ വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഐഎം സംസ്ഥാനജില്ലാ നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ മന്ത്രിയില്‍ നിന്ന് ഇത്തരത്തില്‍ പരോക്ഷ വിമര്‍ശനമുണ്ടായത്.

ഇതിനിടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി പറഞ്ഞു. ഇപ്പോള്‍ നടന്നത് ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടിവരും. ആരെങ്കിലും ഹര്‍ത്താലിനാഹ്വാനം ചെയ്താല്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തരുതെന്നും വിദ്യാര്‍ഥികളടക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

എന്നാല്‍, ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിരപരാധികളായ രണ്ട് സഹപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെമ്പാടുമുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഒരിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.

RDESControllerഅതേസമയം യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാവ് ആരെന്നും മിന്നല്‍ ഹര്‍ത്താല്‍ എങ്ങനെ നടത്താനാവുമെന്നും ഹൈക്കോടതി ചോദിച്ചു. ഡീന്‍ കുര്യാക്കോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോടതിക്കു കൈമാറി. എന്നാല്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കും ബാധ്യതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസില്ലാതെ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ ഇന്നലെ അര്‍ദ്ധരാത്രി ഫേസ്ബുക്കിലൂടെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം.ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനുായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top