Flash News

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 20): എച്മുക്കുട്ടി

February 19, 2019 , എച്മുക്കുട്ടി

Vyazhavattam 20-1അന്നത്തെ കേസ് ദിവസത്തില്‍ അയാളും മകനും വക്കീലും വന്നു. മകന്‍ ശത്രുവിനെ നോക്കും പോലെ അവളെ നോക്കി.

ജഡ്ജി എത്താന്‍ വൈകി. കോടതി മുറികളാണെങ്കില്‍ അമ്പതോളമുണ്ട്. അവളുടെ വക്കീലിനു അതിലൊക്കെ കേസുകളുമുണ്ട്. അതുകൊണ്ട് ജഡ്ജി വരുമ്പോള്‍ വിളിക്കുവെന്നറിയിച്ച് വക്കീല്‍ മറ്റ് കോടതി മുറികളിലേക്ക് പാഞ്ഞു.

അവള്‍ കാത്തിരിക്കുമ്പോഴെല്ലാം വിചാരിച്ചു. മോന്‍ നോക്കും ഒരു കള്ളച്ചിരിയെങ്കിലും ചിരിക്കും. ഇല്ല. ഒന്നുമുണ്ടായില്ല. തികച്ചും അപരിചിതനായ ഒരു പുരുഷനെപ്പോലെ അവന്‍ അച്ഛന്റേയും വക്കീലിന്റേയുമിടയില്‍ സ്വസ്ഥമായി ഇരുന്നു.

അവളുടെ വക്കീല്‍ ഒരിക്കല്‍ വന്നു നോക്കി. അന്നേരവും ജഡ്ജി വന്നിരുന്നില്ല.

അവള്‍ കാത്തിരുന്നു ഉരുകിയുരുകി.

ഒടുവില്‍ ജഡ്ജി വന്നു. പല കേസുകള്‍ തുരുതുരെ വിളിച്ചു.

അവളുടെ കേസ് വിളിച്ചപ്പോള്‍ വക്കീല്‍ എത്തിച്ചേര്‍ന്നിരുന്നില്ല. വക്കീല്‍ വന്നിട്ടില്ലെന്നറിഞ്ഞപ്പോള്‍ ജഡ്ജിക്ക് കഠിനമായ ക്ഷോഭം തോന്നി.

അവര്‍ രൂക്ഷമായി പ്രതികരിച്ചു.

വക്കീല്‍ വന്നില്ലെന്ന് വെച്ച് കേസ് നടത്താതിരിക്കാന്‍ പറ്റുമോ?

അവള്‍ വക്കീലിനു മെസ്സേജ് അയച്ചു.

അപ്പോഴേക്കും അയാളുടെ വക്കീലും അയാളും മകനും കൂടി ഒന്നിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. കുട്ടിയുടെ ടി സി അവള്‍ വാങ്ങിച്ചെന്നും എന്നിട്ട് അവനെ പഠിപ്പിക്കാതെ റോഡിലലയാന്‍ വിടുകയായിരുന്നുവെന്നും അമ്മ അവന്റെ കൈ അടിച്ചൊടിച്ചുവെന്നും കൈ പൊള്ളിയപ്പോള്‍ നോക്കിയില്ലെന്നും അവര്‍ മല്‍സരിച്ചു പറഞ്ഞു.

അവള്‍ പല സ്‌ക്കൂളില്‍ അഡ്മിഷനു ശ്രമിച്ചതും ലക്ഷങ്ങള്‍ കെട്ടിവെച്ചതും എല്ലാം റെക്കാര്‍ഡുകളായി വക്കീലിന്റെ ഫയലിലുണ്ടായിരുന്നു, പക്ഷെ, അയാള്‍ വന്നിട്ടില്ലല്ലോ. അതുകൊണ്ട് വേറീസ് ദ റെക്കാര്‍ഡ് എന്ന് ജഡ്ജി ചോദിച്ചപ്പോഴൊന്നും അവള്‍ക്ക് ഒന്നും കാണിക്കാന്‍ കഴിഞ്ഞില്ല. എങ്കിലുമവള്‍ വിശദമായി വിവരങ്ങള്‍ അവതരിപ്പിച്ചു.

മകന്‍ ഉറക്കെ ഉറക്കെ അലറി. ‘അമ്മേടൊപ്പം പാര്‍ക്കില്ല… ബോര്‍ഡിംഗ് സ്‌കൂളില്‍ പോവില്ല. .. എന്നെ കാണാന്‍ വന്നിട്ട് അമ്മ എന്നെ അപമാനിക്കും. അമ്മ എന്നെ പെറ്റിട്ട് മാത്രമേയുള്ളൂ. വളര്‍ത്തിയതൊക്കെ അച്ഛനാണ്. ‘

ജഡ്ജി മകനെ ശാസിച്ചു. ‘മോനെ നിനക്ക് നിന്റെ അമ്മയോട് യാതൊരു ബഹുമാനവുമില്ലെന്ന് എനിക്ക് മനസ്സിലായി. നീ ഇനി കൂടുതല്‍ സംസാരിക്കണമെന്നില്ല.’

ജഡ്ജി അവളോട് ചോദിച്ചു. ‘നിങ്ങളുടെ മകന്‍ നിങ്ങള്‍ക്കൊപ്പം വരില്ലെന്ന് പറയുന്നു. എനിക്കവനെ എടുത്ത് മടിയില്‍ വെച്ചു തരാന്‍ കഴിയുമോ?’

അവളുടെ നെഞ്ച് ഒരു കരിമ്പാറക്കെട്ടില്‍ ഇടിച്ചു. അവള്‍ക്ക് തല കറങ്ങി. വായില്‍ ഉമിനീര്‍ വറ്റി..രക്തം ചുവച്ചു.

അടിവയര്‍ പൊട്ടിപ്പിളരുന്നതായി അവള്‍ക്ക് തോന്നി.

എങ്കിലും തകരാതെ അവള്‍ ജഡ്ജിയോട് പറഞ്ഞു. ‘എന്റെ മകന്‍ എന്നെ അസഭ്യം പറയും. അച്ഛന്‍ പറയുന്നത് കേട്ട് അത് പറയുവാന്‍ ശീലിച്ചു. അവന്‍ എന്നെ അടിക്കും. അതും അവന്‍ അച്ഛനില്‍ നിന്ന് ശീലിച്ചതാണ്. ജീവിതമെന്തെന്ന് അറിയാത്ത ഒരു കുട്ടിയുടേ തീരുമാനത്തിനനുസരിച്ച് രൂപപ്പെടാന്‍ അവന്റെ ജീവിതത്തെ ബഹുമാനപ്പെട്ട കോടതി വിട്ടുകൊടുക്കരുത്, പെറ്റമ്മയൊടിങ്ങനെ പെരുമാറുന്ന മകന്‍ നാളെ ഏതു സ്ത്രീയോടുമിങ്ങനെ പെരുമാറും.’

ഏങ്ങലടിച്ചു കരയുന്ന അവളെ നിര്‍ന്നിമേഷം നോക്കിയിട്ട് ജഡ്ജി കേസ് മീഡിയേഷനു വെച്ചു. അടുത്ത മൂന്നാഴ്ചകളില്‍ മീഡിയേഷന്‍.. പിന്നെ വീണ്ടും കേസ്.

അവള്‍ കരഞ്ഞു കരഞ്ഞു കണ്ണും മുഖവും ചുവന്നു. വക്കീല്‍ ഓടിക്കിതെച്ചെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

വക്കീലിനെ കണ്ടപ്പോള്‍ അവള്‍ക്ക് വലിയ ക്ഷോഭം തോന്നി. അവള്‍ വായില്‍ വന്നതെല്ലാം വിളിച്ചു പറഞ്ഞു. ‘ലക്ഷക്കണക്കിനു കാശും മേടിച്ച് വെച്ച് എന്റെ കേസ് നടക്കുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല ?’

വക്കീല്‍ എഴുന്നള്ളിച്ച ന്യായങ്ങളും ക്ഷമാപണങ്ങളുമൊന്നും അവള്‍ക്ക് ബോധ്യമായില്ല. അവള്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. അപമാനമായിരുന്നു, വഞ്ചിക്കപ്പെടുന്നതിന്റെ നോവായിരുന്നു അവളുടേത്.

മീഡിയേഷനു വന്ന വക്കീലിന്റെ മുന്നില്‍ അവള്‍ കണ്ണീരോടെ ഇരുന്നു. അവളുടെ വക്കീല്‍ ഗുമസ്തന്‍ അവള്‍ക്ക് കൂട്ടായെന്ന പോലെ ആ മുറിയില്‍ തന്നെ മറ്റൊരു കസേരയില്‍ ഇരുപ്പു പിടിച്ചിരുന്നു. കുട്ടിയെ നല്ല സ്‌കുളില്‍ , ബോര്‍ഡിംഗില്‍ നിറുത്തി അവന്റെ ജീവിതം നന്നാക്കണമെന്ന മോഹം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. മുഴുവന്‍ സമയവും അച്ഛന്‍ അമ്മയെ ദുഷിക്കുന്നത് കേട്ട് കേട്ട് , ഒന്നിനും ഒരു അടുക്കും ചിട്ടയും സംസ്‌ക്കാരവുമില്ലാതെ വളര്‍ന്ന് അവന്‍ നശിച്ചു പോകരുതെന്ന ഉല്‍ക്കണ്ഠയായിരുന്നു അവളുടേത്. അവധിക്കാലം അവന്‍ അച്ഛനൊപ്പം തന്നെ ചെലവഴിച്ചോട്ടെ… പഠിത്തത്തിലും സ്‌പോര്‍ട്‌സിലും ഒക്കെ മിടുക്കനാവാന്‍ , ഈ വഴക്കിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറി നില്‍ക്കുന്നതല്ലേ മകനു നല്ലതാവുക എന്നായിരുന്നു അവളുടെ വിചാരം.

മകന്‍ അച്ഛനൊപ്പം കുറച്ച് ദൂരെ ഇരുന്ന് ‘കൊല്ലും, കൊന്നു കളയും’ എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. ‘തുലഞ്ഞു പോ’ എന്ന് ശപിക്കുന്നുണ്ടായിരുന്നു. അവന്‍ ഇടതു കൈയിന്റെ നടുവിരല്‍ നിവര്‍ത്തിക്കാണിക്കുന്ന അശ്ലീലാംഗ്യം കൂടി പ്രദര്‍ശിപ്പിച്ചപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. അവളുടെ ഭര്‍ത്താവ് അവനെ വിലക്കുന്നതിനു പകരം പലതും പറഞ്ഞ് എരികേറ്റി പ്രോല്‍സാഹിപ്പിക്കുകയാണെന്നും അവള്‍ കണ്ടു.

കുട്ടിയെ ബോര്‍ഡിംഗില്‍ വിടണമെന്ന അവളുടെ ആവശ്യം ന്യായമാണെന്ന് മീഡിയേഷന്‍ വക്കീലിനു സമ്മതിക്കേണ്ടി വന്നു.

അവള്‍ക്ക് ശേഷം മോനും ഭര്‍ത്താവും മീഡിയേറ്ററോട് സംസാരിച്ചു. അമ്മയെ കാണാന്‍ പുരുഷന്മാര്‍ ആ വീട്ടില്‍ വരാറുണ്ടെന്നും അമ്മയുടെ ചേട്ടത്തിയമ്മയാണ് എല്ലാറ്റിനും കാരണമെന്നും മകന്‍ പറഞ്ഞു. അമ്മ അവനെ തല്ലുമെന്നും ആഹാരം നല്‍കില്ലെന്നും തന്നെ വെച്ചു കഴിക്കാന്‍ നോക്കിയപ്പോള്‍ കൈ പൊള്ളിയെന്നും അവന്‍ പരാതിപ്പെട്ടു.

ചേട്ടത്തിയമ്മയെ കൊല്ലണമെന്നാണ് ആഗ്രഹമെന്ന് അവളുടെ ഭര്‍ത്താവ് രോഷം കൊണ്ടപ്പോള്‍ മീഡിയേറ്റര്‍ പറഞ്ഞു. ‘എന്നാ പിന്നെ അങ്ങനാവട്ടെ. അവരു മരിക്കും , നിങ്ങള്‍ ജയിലിലാകും, കുട്ടിയെ നിങ്ങളുടെ ഭാര്യ കൊണ്ടുപോകും. ‘

അവള്‍ പിഴച്ചവളാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനും മകനുമൊപ്പം അവിടെ ഇരിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ആ പ്രക്രിയ തീരും വരെ കാത്തിരിക്കാന്‍ അവള്‍ നിര്‍ബന്ധിതയായിരുന്നു.

അവന്‍ അവളെ അധിക്ഷേപിക്കുമ്പോഴും അവളിലെ അമ്മയ്ക്ക് പ്രസവിച്ച മകന്റെ താടിക്ക് ഒന്നു പിടിക്കണമെന്ന് കൊതി തോന്നി. അവള്‍ അവനെ ഒന്നു തൊടാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ ഭര്‍ത്താവ് അലറി.
‘ഡോണ്ട് ടച്ച് ഹിം.’

ആ നിമിഷം ഒരു കത്തിയോ തോക്കോ കൈയിലുണ്ടായിരുന്നെങ്കില്‍ അവള്‍ ഒരു കൊലപാതകിയായിത്തീരുമായിരുന്നു.

വീണ്ടും രണ്ടു ദിവസം കൂടി മിഡിയേഷന്‍ വെച്ചിരുന്നെങ്കിലും അവള്‍ അതിനു പോയില്ല. അവള്‍ക്ക് പുതുതായൊന്നും പറയാനുണ്ടായിരുന്നില്ല.

അയാള്‍ വന്നിരുന്നുവെന്ന് വക്കീല്‍ ഗുമസ്തന്‍ അവളോട് ഫോണില്‍ പറഞ്ഞു.

ഡൊമസ്റ്റിക് വയലന്‍സ് കേസില്‍ പരാതി ഫയല്‍ ചെയ്ത് ഒമ്പതു മാസമായിട്ടും മജിസ്ടറേറ്റ് കോടതി ഒരുത്തരവും പുറപ്പെടുവിച്ചിരുന്നില്ല.

അത്തവണത്തെ കേസ് ഡേറ്റിനു അവള്‍, ഫ്‌ലാറ്റിന്മേലുള്ള അവളുടെ അവകാശം, അവള്‍ വാങ്ങിയ കടയുടെ ഓണര്‍ഷിപ്പ് പേപ്പര്‍, ലോക്കറിലും ഫ്‌ലാറ്റിലും അവള്‍ വെച്ചിട്ടുള്ള സ്വര്‍ണം, അയാള്‍ക്ക് അവള്‍ വാങ്ങിക്കൊടുത്ത ഭൂമിയ്ക്ക് ചെലവാക്കിയ പണം എല്ലാറ്റിന്റേയും പുറത്ത് അവകാശമുന്നയിച്ചുകൊണ്ടുള്ള പെറ്റീഷന്‍ മജിസ്‌റ്റ്രേറ്റ് കോടതിയില്‍ നല്‍കി. അന്നയാള്‍ കോടതിയില്‍ വന്നതേയില്ല. കരിങ്കല്ലിന്റെ മുഖഭാവവുമായി ഇരിക്കുന്ന വനിതാ മജിസ്‌ട്രേറ്റ് കേസ് അടുത്ത അവധിയ്ക്ക് വെച്ചു.

കാത്തിരിപ്പിന്റെ കാലം അങ്ങനെ സെക്കന്‍ഡുകളായി കടന്നു പോയി.

( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top