Flash News

പറഞ്ഞതിന്റെ 10 ശതമാനം പോലും ചെയ്തില്ല: ഒ. രാജഗോപാല്‍ എം എല്‍ എ

February 21, 2019 , പ്രസ് റിലീസ്

Rajagopal banner-small“പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു. ഇനി നവകേരള നിര്‍മ്മാണം” എന്നു പറഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ 1000-ാം ദിനം ആഘോഷിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതേപോലെ കാപട്യം നിറഞ്ഞ അവകാശവാദം ഒരു സര്‍ക്കാറും നടത്തിയിട്ടില്ല. 1000-ാം ദിനാഘോഷം തന്നെ ഒരുതരം കാപട്യമാണ്. സര്‍ക്കാരുകളുടെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുക സാധാരണം. പിണറായി സര്‍ക്കാര്‍ ഒന്നും രണ്ടും വാര്‍ഷികങ്ങള്‍ ആഘോഷിച്ചതുമാണ്. മൂന്നാം വാര്‍ഷികത്തിന് മൂന്നു മാസം മാത്രം ശേഷിക്കേ കോടികള്‍ ഒഴുക്കി ഒരാഘോഷം എന്തിന് എന്നറിയാന്‍ ജനത്തിന് അവകാശമുണ്ട്. ഖജനാവ് കാലി എന്നു പറഞ്ഞ് മുറവിളി കൂട്ടുകയും മുറിക്കിയുടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ഓണാഘോഷങ്ങള്‍ക്ക് പോലും അവധി നല്‍കുകയും ചെയ്തിട്ട് ഇപ്പോള്‍ അനാവശ്യ 1000-ാം ദിന ആഘോഷത്തിന്റെ യുക്തി മനസ്സിലാകുന്നില്ല.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നഗ്നമായ അഴിമതികളും നാറിയ കേസുകളും ഉയര്‍ത്തിക്കാട്ടി എല്ലാം ശരിയാകും എന്നു പറഞ്ഞ് പ്രകടനപത്രിക മുന്നില്‍ വെച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മതനിരപേക്ഷ അഴിമതിരഹിത വികസന കേരളം എന്നതായിരുന്നു വാഗ്ദാനം. സര്‍ക്കാര്‍ അധികാരിത്തില്‍ വന്നാല്‍ ചെയ്യുന്ന 35 ഇന പരിപാടികള്‍ അക്കമിട്ടു നിരത്തി. പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ ഈ 35 ഇനങ്ങളും ചെയ്തിരിക്കണം. അതു പരിശോധിക്കുമ്പോഴാണ് അവകാശവാദത്തിന്റെ പൊള്ളത്തരം വെളിച്ചത്തു വരുക.

ആദ്യ വാഗ്ദാനം 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതായിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഏര്‍പ്പെടുത്തി എന്നതല്ലാതെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി. 1500 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നതായിരുന്നു രണ്ടാമത്തെ വാഗ്ദാനം. 1000 നൂതന ആശയങ്ങള്‍ക്ക് 2 ലക്ഷം രുപ വീതം പ്രോത്സാഹനവും 250 എണ്ണത്തിന് ഒരു കോടി ഈടില്ലാ വായ്പയും. ചില സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കേന്ദ്ര പദ്ധതിയുടെ ഭാഗമായി പിന്തുണ ലഭിച്ചു എന്നതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല. ഐ ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍നിന്ന് 2.3 കോടിയായി ഉയര്‍ത്തി രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമായോ. വിദേശ ടുറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും എന്നതായിരുന്നു നാലാമത്തെ വാഗ്ദാനം. പകുതിയില്‍ താഴെയായി എന്ന് ടുറിസം മന്ത്രി തന്നെ സമ്മതിക്കും.

പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും വിശപ്പില്ലാ കേരളം സൃഷ്ടിക്കുമെന്നും പ്രകടന പത്രികിയില്‍ പറഞ്ഞിരുന്നു. വിശപ്പടക്കാന്‍ അരി മോഷ്ടിച്ചതിന് ആദിവാസി യുവാവിനെ തല്ലിക്കൊന്നതല്ലാതെ എന്തുണ്ടായി. കര്‍ഷകകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും, 2500 മെഗാ വാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കും, 5000 കോടിയുടെ തീര പാക്കേജ്, ദേശീയ ജലപാതകള്‍ പൂര്‍ത്തീകരിക്കും, റെയില്‍വേ പാത നാലുവരിയാക്കാന്‍ പ്രത്യേക കമ്പനി, ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടം, ആയൂര്‍വേദ സര്‍വകലാശാല, സ്ത്രീകള്‍ക്ക് പ്രത്യേക വകുപ്പ്, ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ്, പ്രവാസി വികസന നിധി, കേരളാ ബാങ്ക്…തുടങ്ങ് അക്കമിട്ട് നിരത്തിയ 35 ഇനങ്ങളില്‍ അവസാനമായി പറഞ്ഞത് അഴിമതിക്ക് അന്ത്യം കുറിക്കും, സദ്ഭരണം ഉറപ്പാക്കും എന്നാണ്.

പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു എന്നവകാശപ്പെടുന്ന മുഖ്യമന്ത്രി സമയം കിട്ടുമ്പോള്‍ പഴയ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നും വായിച്ചു നോക്കണം. അവകാശവാദത്തിന്റെ പൊള്ളത്തരം പരസഹായമില്ലാതെ തിരിച്ചറിയാനാകും. പറഞ്ഞതില്‍ 10 ശതമാനം പോലും ചെയ്തില്ല എന്ന് ബോധ്യപ്പെടും.

അഴിമതിക്ക് അന്ത്യം കുറിക്കും എന്നു പറഞ്ഞ് അധികാരത്തിലേറി മധുവിധു തീരും മുന്‍പ് അഴിമതി നടത്തിയതിന് സിപിഎം മന്ത്രി രാജി വെയ്ക്കുന്നത് കേരളം കണ്ടു. വലിയ അഴിമതി നടത്തിയ ഘടകക്ഷി മന്ത്രിയെ സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാധാച്ചില്ല. ഇഷ്ടക്കാരനായ മറ്റൊരു മന്ത്രിക്കെതിരെ ഒന്നിനു പുറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ വരുമ്പോഴും സംരക്ഷണകവചം തീര്‍ക്കുന്നതും ജനം തിരിഞ്ഞു. അഴിമതി പൂര്‍ണ്ണമായി നീക്കാന്‍ കഴിഞ്ഞില്ലന്ന് മുഖ്യമന്ത്രി തന്നെ കുമ്പസരിക്കുമ്പോള്‍ പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു എന്ന അവകാശം സ്വയം പൊളിയുകയല്ലേ.

കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, ദേശീയപാതാ വികസനം, ഗയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി എന്ന അവകാശവാദമാണ് 1000-ാം ദിനം ആഘോഷിക്കുന്നതിനു കാരണമായി മുഖ്യമന്ത്രി പറയുന്നത്. ആരാന്റെ കുഞ്ഞിനെ സ്വന്തം എന്നു പറയുന്നവരുണ്ടാകും. എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞുകള്‍ അപഹാസ്യ കഥാപാത്രങ്ങളാണെന്ന് ഓര്‍ത്താല്‍ നന്ന്. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളും ഇടതുമുന്നണി പിണറായി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളാണ് ഇതെല്ലാം എന്ന് ആര്‍ക്കാണ് അറിയാത്തത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം കിട്ടി എന്നു വെച്ച് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ സ്വന്തം അക്കൗണ്ടില്‍ പെടുത്താമോ. പണത്തിന്റെ കുറവുകൊണ്ട് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങില്ലന്ന് പ്രധാനമന്ത്രി ആദ്യ കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി മറക്കരുത്. വന്‍കിട പദ്ധതികള്‍ക്കുണ്ടായിരുന്ന ചെറിയ തടസ്സങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെ കുറച്ചു കാണുന്നില്ല. വികസനേട്ടമായി ഈ പദ്ധതികള്‍ മാത്രമേ എടുത്തു കാട്ടാനുള്ളു എന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നരേന്ദ്രമോദിയുടേയും നിഥിന്‍ ഗഡ്കരിയുടേയും ചിത്രം വെച്ച് ഇവര്‍ ഇവിടുത്തെ ഐശ്വര്യം എന്നെഴുതിവെയ്ക്കണം. എത്രയെത്ര കേന്ദ്ര പദ്ധതികളാണ് കേരളത്തില്‍ അവതാളത്തിലായതെന്നും നോക്കണം. നഗര വികസനത്തിമായി കേന്ദ്രം അംഗീകാരം നല്‍കിയ 2250 കോടിയുടെ പദ്ധതിയുടെ പത്തു ശതമാനം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് കഴിഞ്ഞ നിയമസഭയിലും രേഖാമൂലം സമ്മതിച്ചതല്ലേ. എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയെ ലൈഫ് എന്നു പേരുമാറ്റി സ്വന്തം പദ്ധതിയാക്കിയിട്ടും 20 ശതമാനത്തില്‍ താഴെയെ ലക്ഷ്യം കണ്ടുള്ളൂ എന്നതും നിയമസഭയില്‍തന്നെയല്ലേ പറഞ്ഞത്. പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ചികിത്സ കിട്ടുന്ന ആയൂഷ് മാന്‍ പദ്ധതിയോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിന്റെ കാരണം എന്ത്.

മത നിരപേക്ഷ കേരളം സൃഷ്ടിക്കും എന്ന പ്രകടന പത്രികയിലെ വാഗ്ദാനം എവിടെ എത്തി എന്നും ചിന്തിക്കണം. കേരളം മതനിരപേക്ഷം തന്നെയാണ്. സൃഷ്ടിക്കലിന്റെ ആവശ്യമൊന്നുമില്ല. നശിപ്പിക്കാതിരുന്നാല്‍ മതി. ശബരിമല പ്രശ്‌നത്തിലും പള്ളി കേസുകളിലും കൈയ്യേറ്റ പ്രശ്‌നങ്ങളിലും അനാവശ്യ ഇടപെടല്‍ നടത്തി മതവിദ്വേഷം വളര്‍ത്താനാണ് പിണറായി ഭരണം വഴിവെച്ചത്.

വികസനത്തേക്കാള്‍ പ്രാധാനം സ്വൈര്യ ജീവിതമാണ്. ക്രമസമാധാനം ഇത്രയും വഷളായ ഭരണം ഏതു സര്‍ക്കാറിന്റെ കാലത്താണ് ഉണ്ടായിരിക്കുന്നത്. പോലീസു തന്നെ അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. നിരപരാധിയെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചും കാറിനു മുന്നില്‍ തള്ളിയിട്ടും കൊല്ലുന്ന പോലീസുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. പ്രതിയെ പിടിക്കാന്‍ ഓഫീസില്‍ കയറിയ ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കസേര ഇരുട്ടി വെളുക്കും മുന്‍പ് തെറിപ്പിക്കുന്നു. നടു റോഡിലും സ്‌റ്റേഷനകത്തും വെച്ച് പോലീസിനെ തല്ലുന്ന സഖാക്കള്‍ക്ക് മന്ത്രിമാരുടെ പരിപാടികളില്‍ പോലും വിവിഐപി പരിഗണന കിട്ടുന്നു. രണ്ടു യുവാക്കളെ കുരുതി കൊടുത്തുകൊണ്ടാണ് 1000-ാം വാര്‍ഷികാഘോഷത്തിന് തിരശ്ശീല ഉയര്‍ന്നത് എന്നത് മറക്കരുത്. അധികാരത്തിലെത്തി രണ്ടര വര്‍ഷം കൊണ്ട് 20 രാഷ്ടീയ കൊലപാതകങ്ങള്‍ നടത്തുകയും 16 ലും ഭരിക്കുന്ന പാര്‍ട്ടിതന്നെ പ്രതികളാകുകയും ചെയ്തു എന്നതിലുണ്ട് ക്രമസമാധാനത്തിന്റെ നേര്‍ചിത്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top