Flash News

കാസര്‍ക്കോട് ഇരട്ടക്കൊല: രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍നിന്നും മാറ്റിയതായി സൂചന

February 21, 2019

kasarkകാസര്‍ക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും സജിത്തിന്റെയും കൊലപാതകമന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ നിന്നും ഒരു ഡിവൈഎസ്പിയേയും സര്‍ക്കിള്‍ ഇന്‍സ്പക്ടറേയും മാറ്റിയതായി സൂചന. ഇവര്‍ അതീവജാഗ്രതയോടെ പഴുതടച്ച് അന്വേഷണം നടത്തിയേക്കുമെന്ന് ഭയപ്പെടുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പ്പര്യമനുസരിച്ചാണ് വാക്കാല്‍ മാറി നില്‍ക്കാന്‍ പറഞ്ഞതെന്നാണ് ശ്രുതി. പീതാംബരന്‍ പറഞ്ഞതനുസരിച്ച് പൊട്ടക്കിണറ്റില്‍ നിന്നും തുരുമ്പിച്ച ഒരു വടിവാളും ഇരുമ്പ് വടികളും മറ്റും കണ്ടെടുക്കാന്‍ നേതൃത്വം നല്‍കിയവരില്‍ ഈ ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. കിട്ടിയ ആയുധങ്ങള്‍ ഉപയോഗിച്ച് കൊല നടത്താന്‍ എളുപ്പമല്ലെന്നും കൊലയ്ക്ക് ഉപയോഗിച്ചത് കണ്ടെത്തിയവയല്ലെന്നും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവത്രെ. ഈ സംശയം നാട്ടുകാരില്‍ പരക്കെ ഉള്ള സ്ഥിതിക്ക് അന്വേഷണം തങ്ങള്‍ ആഗ്രഹിക്കുന്ന ചാനലില്‍ പോകില്ലെന്ന് നേതാക്കള്‍ക്ക് തോന്നിയതിനാലാണ് ഇവരെ മാറ്റിയതെന്ന് പറയപ്പെടുന്നു.

ഇതേ അവസരത്തില്‍ സ്ഥലം എം.എല്‍എയ്ക്കും മുന്‍ എം.എല്‍എക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് മരണപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. അത് കൊണ്ട് പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമാവില്ലെന്നും അന്വേഷണം സിബിഐയെ എല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ട്. കോണ്‍ഗ്രസ് നേതാക്കളും സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ്.

ഇതേ അവസരത്തില്‍ യുവാക്കളെ വെട്ടിയെന്ന് സമ്മതിക്കുന്ന സിപിഎം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യയും അമ്മയും മകളും ചാനലുകളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിന് കടുത്ത തലവേദനയായിട്ടുണ്ട്. ഭര്‍ത്താവ് പാര്‍ട്ടിക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നും പാര്‍ട്ടി പറഞ്ഞാല്‍ പീതാംബരന്‍ എന്തും ചെയ്യുമെന്നുമുള്ള അവരുടെ പ്രതികരണമാണ് പാര്‍ട്ടിക്ക് അലോസരമായത്.

പാര്‍ട്ടി പറയാതെ അഛന്‍ ഈ കൃത്യം ചെയ്യില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ഒട്ടും പതറാതെ പീതാംബരന്റെ മകള്‍ ചാനലില്‍ പറഞ്ഞ വാക്കുകളും കേട്ടവരുടെ മനസില്‍ നിന്നും പെട്ടെന്ന് മാഞ്ഞുപോവാന്‍ ഇടയില്ല . ഈ പ്രതികരണം പുറത്ത് വന്ന ഉടന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ പീതാംബരന്റെ ഭാര്യയെ കണ്ട് പറഞ്ഞത് തിരുത്തി പറയാൻ നിർദ്ദേശിച്ചിരുന്നു. പീതാംബരനും കുടംബത്തിനും പൂര്‍ണ്ണ സംരക്ഷണം നല്‍കാമെന്നും അവർ അറിയിച്ചിരുന്നു. പണം വച്ചു നീട്ടിയെങ്കിലും അവര്‍ സ്വീകരിച്ചില്ല. പ്രാദേശിക നേതാക്കളുടെ നിര്‍ബന്ധം മുലം കുടുംബം തവാട്ടിലേക്ക് മാറിയിട്ടുണ്ട്. വീടും പരിസരവും പാര്‍ട്ടി പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തിലുമാണ്. പീതാംബരന്റെ വീട് ആരോ അടിച്ചു തകര്‍ത്തുവെന്നും പറയപ്പെടുന്നുണ്ട്.

പീതാംബരന്‍ പിടിയിലാവും മുമ്പ് സുഹൃത്തുക്കളില്‍ ഏതാനും പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അവരുടെ പേര് വെളിപ്പെടുത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. പീതാംബരന്‍ പറയുന്നതിന്നനുസൃതമായി പറയാന്‍ ഇവരെ പഠിപ്പിക്കാനായിരിക്കുമോ ഇവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും സംശയിക്കുന്നു.

പുറമേ നിന്നും കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നും അത് സംബന്ധിച്ച അന്വേഷണം എത് തട്ടുവരെ എത്തിയേക്കുമെന്ന ആശങ്കയും പലര്‍ക്കുമുണ്ടത്രെ. ഇപ്പോള്‍ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെങ്കില്‍ കേസ് തേഞ്ഞു മാഞ്ഞുപോകാനും ഇതിന്നകം പിടിയിലായവര്‍ ഊരി പോരാനും സാദ്ധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അത് കൊണ്ടാണ് സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കാന്‍ തയ്യാറാവുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top