Flash News

“കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തി; കൃത്യത്തിന് ശേഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചു”- ഗുരുതര ആരോപണങ്ങളുമായി ശരത് ലാലിന്റെ പിതാവ്

February 22, 2019

y_4കാസര്‍കോട്: ഏറെക്കാലം ആസൂത്രണം ചെയ്തതിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞതെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തിയാണ് കൃത്യം നടത്തിയതെന്നും സത്യനാരായണന്‍ ആരോപിച്ചു.

ശാസ്താ ഗംഗാധരന്‍ തന്റെ സുഹൃത്താണ്. ഇയാളാണ് കൊലയാളികള്‍ക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്. ഗംഗാധരന്റെ വസ്തുവിലൂടെയുള്ള സ്വകാര്യ റോഡിലൂടെയാണ് കൊല നടന്ന സ്ഥലത്തേയ്ക്ക് സംഭവ ദിവസം വണ്ടികള്‍ എത്തിയത്. കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തി. കൊല്ലപ്പെടേണ്ടവര്‍ കൊലയാളികളെ കണ്ട് ഓടുകയാണെങ്കില്‍ എതിരേ ചെന്ന് പിടികൂടാനായിരുന്നു ഇങ്ങിനെ ചെയ്തത്. കൃത്യം നടത്തിയ ശേഷം കൊലയാളികള്‍ സ്വകാര്യ റോഡിലൂടെ രക്ഷപ്പെട്ട് കാഞ്ഞിരങ്ങോട്ടെ വീട്ടിലെത്തി വസ്ത്രം മാറി. ശേഷം പടക്കം പൊട്ടിച്ച് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്ലാദ പ്രകടനം നടത്തിയെന്നും സത്യനാരായണന്‍ പറഞ്ഞു.

പീതാംബരനും ഏതാനും ആളുകളും ചേര്‍ന്ന് നടത്തിയ കൊലപാതകമല്ല. പുറത്ത് നിന്ന് ആളെ കൊണ്ടുവന്നാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും സത്യനാരായണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രത്തില്‍ നിന്ന് ഒരു വാഹനം പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കുഞ്ഞിരാമന്റെ ഇടപെടല്‍ മൂലം ആ വാഹനം കസ്റ്റഡിയിലെടുത്തില്ല. ഇതിന് അടുത്ത ദിവസമാണ് സജി ജോര്‍ജ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് വൈകിപ്പിച്ചതും കുഞ്ഞിരാമനാണെന്ന് സത്യനാരായണന്‍ ആരോപിച്ചു.

പ്രാദേശിക നേതാക്കള്‍ക്കും എം‌എല്‍‌എക്കുമെതിരെ കൂടുതല്‍ തെളിവുകള്‍

udumകൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫ എന്നിവര്‍ക്കെതിരെയാണു വെളിപ്പെടുത്തലുകള്‍. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമെന്നുമാണു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നത്.

പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സി.ജെ. സജിയെ (സജി ജോര്‍ജ്) പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കെ.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സിപിഐഎം നേതാക്കള്‍ മോചിപ്പിച്ചതായി സാക്ഷി. കൊലപാതകം നടന്നതിന്റെ പിറ്റേന്ന്, രാത്രി 8.30നു ശേഷം വെളുത്തോളി പാക്കം ചെറോട്ടിയിലെ ഊടുവഴിയില്‍ സജിയുടെ വാഹനം കണ്ടു. വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ സജി സ്ഥലത്തെത്തി. തുടര്‍ന്നു സജിയെ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ 2 പ്രാദേശിക നേതാക്കള്‍ക്കൊപ്പം കെ.വി. കുഞ്ഞിരാമന്‍ സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി:

”എന്ത് വിവേകമില്ലായ്മയാണു കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പൊലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി മാത്രം എടുത്താല്‍ മതി” എന്നായിരുന്നു വാക്കുകള്‍. ബലം പ്രയോഗിച്ചു കാറിന്റെ ഡോര്‍ തുറന്നു സജിയെ പുറത്തിറക്കി ഇവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പിറ്റേന്നു മറ്റു പ്രതികള്‍ക്കൊപ്പം സജി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയായിരുന്നു.

പ്രദേശത്ത് നിരന്തരം സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നു കൊല്ലപ്പെട്ട ശരത്‌ലാലിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം കല്യോട്ട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാസംഘം ഓഫിസ് തീവച്ചു നശിപ്പിച്ചതിനു പിന്നാലെ തൊട്ടടുത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഐഎം ഓഫിസ് തകര്‍ത്തിരുന്നു. പിറ്റേന്ന് കെ.കുഞ്ഞിരാമന്‍ സിപിഐഎം ഓഫിസ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ‘ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ടുമതി ബാക്കി നടപടികള്‍’ എന്നു കൂടിനിന്ന അണികളോടു പറഞ്ഞു. എന്നാല്‍ തീവച്ചു നശിപ്പിക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ചിരുന്നു. പക്ഷേ, അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് കുഞ്ഞിരാമന്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും സിബിഐ പോലെ ഒരു സ്വതന്ത്രമായ അന്വേഷണ സംഘം വന്നാല്‍ മാത്രമേ ഇതിന് കഴിയുവെന്നും സത്യനാരായണന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top