കന്നിയാത്രയില്‍ത്തന്നെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകൾ പണിമുടക്കി: പ്രതിഷേധവുമായി യാത്രക്കാര്‍

ksr_0തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസുകൾ കന്നിയാത്രയില്‍ പണിമുടക്കി. ബസിന്റെ ബാറ്ററിചാര്‍ജ് തീര്‍ന്നതോടെയാണ് നിന്നു പോയത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തല വച്ച് ചാര്‍ജില്ലാതെ നില്‍ക്കുകയായിരുന്നു. ചേര്‍ത്തല എക്‌സറേ ജംക്ഷനില്‍ എത്തിയപ്പോഴാണ് ബസ് ഓഫായി പോയത്. തൊട്ടുപിന്നാലെ ഇതേ റൂട്ടിലുള്ള മറ്റൊരു ബസ് വൈറ്റില വരെ എത്തിയെങ്കിലും ജംക്‌ഷനിൽവച്ച് ചാർജ് തീർന്നതോടെ ട്രിപ്പ് അവസാനിപ്പിച്ചു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു.

വൈറ്റില, ചേർത്തല ഡിപ്പോകളിൽ ചാർജർ പോയിന്റ് ഇല്ലാത്തതിനാൽ എപ്പോൾ സർവീസ് പുനഃരാംരംഭിക്കുമെന്നു പറയാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് ബസിന്റെ കമ്പനി പ്രതിനിധികൾ നേരിട്ടെത്തിയാൽ മാത്രമേ ഇനി ബസ് ചാർജ് ചെയ്യാനാകൂ എന്നും പറയപ്പെടുന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംക്‌ഷനുകൾ കടന്നു മുൻകൂട്ടി നിശ്ചയിച്ച സമയത്തു ബസ് എത്തിയില്ലെങ്കിൽ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയതാണത്രെ.

ഔദ്യോഗിക ഉദ്ഘാടനചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകളുടെ സര്‍വ്വീസാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ബസ് ഓഫായി പോവാന്‍ കാരണം ട്രാഫിക്ബ്ലോകാണെന്ന് ഒരു ബസിലെ കണ്ടക്ടര്‍ ഫാത്തിമ പ്രതികരിച്ചു.

തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നുവെന്നും മുമ്പ് പുറപ്പെട്ട മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്നെന്നും ഫാത്തിമ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment