Flash News

വെള്ളാപ്പള്ളിയുടെ വളയമില്ലാത്ത ചാട്ടം

February 26, 2019

vellaഎസ് എന്‍ ഡി പി ഒടുവില്‍ ഇടതുമുന്നണിയുടെ കീഴ്ഘടകമാവുമോ? എസ്എഫ് ഐയും, സിഐടിയുവും പോലെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ പോഷകസംഘനയായി കരുതാനാവുമോ? മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ നാലു മന്ത്രിമാരും  ഒരുമിച്ച്  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ ചെന്നു കണ്ടതിന്റെ പശ്ചാത്തലത്തില്‍ ആരെങ്കിലും അങ്ങിനെ സംശയിച്ചാല്‍  തെറ്റു പറഞ്ഞു കൂടാ.

മുഖ്യമന്ത്രിയേയും സഹമന്ത്രിമാരേയും സ്വീകരിക്കുന്നതില്‍ നടേശനും ഭാര്യ  പ്രീതിയും അടുത്ത അനുയായികളും പ്രകടിപ്പിച്ച ആഹ്ലാദാവേശവും അവരെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖത്ത് തെളിഞ്ഞു കണ്ട സന്തോഷവും പ്രത്യാശയും ശ്രദ്ധിച്ചവര്‍ക്ക് സംഘടനയുടെ പിന്‍തുണ വരും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉറപ്പാണെന്ന് ഊഹിക്കാം. ( ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. നടേശന്റെ മകനും ബിഡിജെഎസിന്റെ സംസ്ഥാന പ്രസിഡന്‌റുമായ തുഷാര്‍  വെള്ളാപ്പള്ളിയെ അവിടെയെങ്ങും കണ്ടില്ല.)

സര്‍ക്കാര്‍ സംഘടിപ്പിച്ച നവോത്ഥാന വനിതാ  മതിലില്‍ കൈമെയ്മറന്ന് സഹകരിച്ച വെള്ളപ്പള്ളിയോട് പിണറായിക്കും സഹപ്രവര്‍ത്തകര്‍ക്കും  വര്‍ദ്ധിച്ച  സ്‌നേഹവും അനുഭാവവും തോന്നുക സ്വാഭാവികം. മുന്‍ കാലങ്ങളില്‍ വെള്ളാപ്പള്ളിക്ക് എതിരെ  സിപിഎം. നേതാക്കള്‍, എന്തിന് പിണറായിപോലും നടത്തിയ വിമര്‍ശനവും ഭർത്സനവും തല്‍ക്കാലം മറക്കാമെങ്കിലും വനിതാ മതിലിന് ശേഷമുള്ള ഇരുവിഭാഗത്തിന്റെയും നിലപാടുകളും സഹകരണമനോഭാവവും നിരീക്ഷിക്കുന്നവര്‍ക്ക് എസ്എന്‍ഡിപിയുടെ വോട്ട് ഒരു പരിധിവരേ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് കണക്ക് കൂട്ടാം. ‘ഒരു പരിധി വരേ’ എന്ന് കരുതാന്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ തന്നെയാണ് തെളിവ്.  എസ്എന്‍ഡിപിയില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലൊ.

വോട്ടുറപ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ താല്‍പ്പര്യം മാത്രമല്ല,  വെള്ളാപ്പള്ളിക്ക്  തിരിച്ചും താത്പര്യമുണ്ടെന്ന് വേണം കരുതാൻ. ഭരണത്തിന്റെ, പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മനസറിഞ്ഞുളള സഹായം ആവശ്യമുണ്ടെന്നും അത്‌കൊണ്ട് പുതിയ സൗഹൃദം ഒരു പരസ്പര സഹായത്തിന്റെ കണക്കില്‍ പരിഗണിക്കാമെന്നുമാണ് ഇരുവിഭാഗത്തിന്റെയും  രാഷ്ട്രീയ ശത്രുക്കള്‍ പറയുന്നത്. അതിന്റെ പശ്ചാത്തലം വെള്ളാപ്പള്ളിക്ക് എതിരെയുള്ള മൈക്രോഫിനാന്‍സ് ആരോപണങ്ങള്‍ തന്നെ. സര്‍ക്കാര്‍ എജന്‍സിയില്‍ നിന്നും ചുരുങ്ങിയ പലിശയ്ക്ക് വാങ്ങിയ വായ്പാതുക ഉയര്‍ന്ന പലിശ നിരക്കില്‍ വിതരണം ചെയ്തുവെന്നതിന്റെ പേരില്‍  വെള്ളാപ്പള്ളിക്ക് എതിരെ വിജിലന്‍സ് 44 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാലുകേസുകൾ നടപടിയുടെ വക്കിലാണ്. വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായിയാണല്ലൊ. അത്‌കൊണ്ട് പിണറായിയുമായി അടുപ്പമുണ്ടാവേണ്ടത് അനിവാര്യമെന്ന് വെള്ളാപ്പിള്ളി കരുതിയെങ്കില്‍ തെറ്റു പറഞ്ഞുകൂടാ.

ഇവിടെ  സര്‍ക്കാരും വെള്ളാപ്പള്ളി പ്രസിഡന്റായ ക്ഷേത്രത്തിന് വലിയൊരു സഹായം  നല്‍കുന്നുണ്ട്. കണിച്ചു കുളങ്ങര ദേവി ക്ഷേത്രത്തോടനുബന്ധിച്ച്  ഭക്തര്‍ക്കായി ഒരു  വിശ്രമ കേന്ദ്രം പണിയാന്‍ സര്‍ക്കാര്‍ മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കൂര വൃത്തിയാക്കാന്‍  വാഗ്ദാനം ചെയ്ത പതിനായിരം രുപ പോലും വിതരണം ചെയ്യാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സര്‍ക്കാറിന് മൂന്നര കോടി നല്‍കാൻ സാധിച്ചത് കണിച്ചുകുളങ്ങര ദേവിയുടെ അനുഗ്രഹം കൊണ്ടാവാമെന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് സംശയമുണ്ടാവില്ല. കെട്ടിടത്തിന്റെ തറക്കല്ലിടാന്‍ എത്തിയ മുഖ്യമന്ത്രിയെയും സഹമന്ത്രിമാരേയും പുകഴ്ത്തിയ വെള്ളാപ്പള്ളിയുടെ സ്വാഗതപ്രസംഗത്തില്‍ നിന്നും തന്നെ ദേവിയുടെ അനുഗ്രഹത്തിന്റെ കാര്യം സ്മരിച്ചിട്ടുമുണ്ട്.

എന്തായാലും ഒരു കാര്യം വ്യക്തം.  അത്ഭുതമൊന്നും സംഭവിക്കുന്നില്ലെങ്കില്‍, വെള്ളാപ്പള്ളിയുടെ മനസ് മാറുന്നില്ലെങ്കില്‍  ഇത്തവണ വെള്ളാപ്പള്ളിയുടെ ആരാധകരുടെ വോട്ട്  ഇടതു പക്ഷത്തിന്റെ ചിഹ്നത്തില്‍ വീണുകൂടെന്നില്ല എന്ന് മുന്നണി പ്രവര്‍ത്തകര്‍ കണക്ക് കൂട്ടുന്നുണ്ടാവും, തീര്‍ച്ച.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top