കാഷ്മീരിന്റെ ചരിത്രവും സായുധ പോരുകളും (അവലോകനം)

a2പുരാതന കാലം മുതല്‍ 1947 വരെ മത സൗഹാര്‍ദ്ദത്തിന് കേള്‍വികേട്ട കാഷ്മീരില്‍ ഹിന്ദുക്കളും മുസ്ലിമുകളും സമാധാനത്തില്‍ ജീവിച്ചിരുന്നു. 1947നു ശേഷം മതതീവ്രചിന്തകള്‍ കാഷ്മീരില്‍ പടരുകയും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണങ്ങളാവുകയും ചെയ്തു. പ്രകൃതിയുടെ സ്വര്‍ഗ്ഗമെന്നു കരുതുന്ന മനോഹരമായ ഈ താഴ്വരകളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കു നേരെ മൂന്നു യുദ്ധങ്ങള്‍ നടത്തി. ആയിരക്കണക്കിന് ജീവനുകളെ കൊന്നൊടുക്കി. യുദ്ധത്തിന്റെ മാരകപ്രഹരത്തില്‍ ഈ രണ്ടു രാജ്യങ്ങളിലും മത സഹിഷ്ണത തീര്‍ത്തും ഇല്ലാതായി. മഹാരാജാ ഹരിസിങ്ങ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൌണ്ട് ബാറ്റണ്‍ പ്രഭു, ഷേക്ക് അബ്ദുള്ള, മുഹമ്മദാലി ജിന്ന’ എന്നീ അഞ്ചു പ്രമുഖ വ്യക്തികളുടെ പിടിവാശികള്‍ കാഷ്മീരിലെ പ്രശ്‌നങ്ങള്‍ക്കു കാരണമായിരുന്നു. കാഷ്!മീരില്‍ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഷേക്ക് അബ്ദുള്ളായുമായുള്ള നെഹ്രുവിന്റെ സൗഹാര്‍ദ ബന്ധവും പ്രശ്‌നങ്ങള്‍ തീവ്രമായി വഷളാക്കുകയും ചെയ്തു. സര്‍ദാര്‍ പട്ടേലിനെ ‘നെഹ്‌റു’ കാഷ്മീര്‍ പ്രശ്!നം പരിഹരിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് കാഷ്മീരിന്റെ ചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു. എങ്കില്‍, 1947ല്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്ന 500 നാട്ടുരാജ്യങ്ങളോടൊപ്പം സമാധാനത്തില്‍ അധിഷ്ഠിതമായ കാഷ്മീരിന്റെ ചരിത്രവും എഴുതപ്പെടുമായിരുന്നു.

കാഷ്മീരും തടാകങ്ങളും ‘കാശ്യപ്പ് മുനിയുടെ’ താപസ സ്ഥലങ്ങളായിരുന്നുവെന്നും ‘കാഷ്മീര്‍’ എന്ന പേര് ലഭിച്ചത് ഈ മുനിയില്‍ നിന്നായിരുന്നുവെന്നും ഇതിഹാസം പറയുന്നു. ‘കശ്യപമര്‍’ എന്ന നാമം പിന്നീട് കാഷ്മീരായി ലോപിക്കുകയായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ അവിടെ മൗര്യന്‍ രാജാക്കന്മാര്‍ ബുദ്ധമതം പ്രചരിപ്പിച്ചു. ഒമ്പതാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെ കാഷ്മീര്‍ താഴ്വരകളില്‍ ഹൈന്ദവ സംസ്ക്കാരം നിലനിന്നിരുന്നു. എ.ഡി. 1346 വരെ ഹൈന്ദവ രാജകുടുംബങ്ങള്‍ പരമ്പരാഗതമായി രാജ്യം ഭരിച്ചുവന്നിരുന്നു. പിന്നീട് ‘കാഷ്മീര്‍’ മുസ്ലിം രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്നു. അഞ്ചു നൂറ്റാണ്ടോളം മുസ്ലിം ഭരണം അവിടെ നിലനിന്നിരുന്നു. 1819ല്‍ കാഷ്മീര്‍ പഞ്ചാബ് രാജ്യത്തോട് ചേര്‍ക്കപ്പെട്ടു. 1846ല്‍ ദോഗ്ര രാജവംശം അവിടം ഭരിക്കാന്‍ തുടങ്ങി. സിക്കുകാരുമായുള്ള യുദ്ധത്തിനുശേഷമാണ് ദോഗ്ര രാജാവായ രാജഗുലാബ് സിങ് കാഷ്മീരിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചത്. കിഴക്ക് സിന്ധു നദിയുടെയും പടിഞ്ഞാറ് രവി നദിയുടെയും മദ്ധ്യേയുള്ള ഹിമാലയന്‍ രാജ്യമായിട്ടായിരുന്നു കാഷ്മീരിനെ കരുതി വന്നിരുന്നത്.

a3 (1)കാഷ്മീരികള്‍ വര്‍ഗ്ഗാനുസാരമായി കാഷ്മീര്‍ താഴ്വരകളില്‍ ജീവിതം നയിച്ച പ്രത്യേകമായ ഒരു ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്. ഇന്‍ഡോ ആര്യന്‍ ഭാഷാ വിഭാഗത്തില്‍പ്പെട്ട കാഷ്മീര്‍ ഭാഷ അവര്‍ സംസാരിക്കുന്നു. ഇന്‍ഡ്യ സ്വതന്ത്രമാകുന്നതിനു മുമ്പ് നാട്ടു രാജാക്കന്മാര്‍ ഭരിച്ചുകൊണ്ടിരുന്നു. ജമ്മു കാഷ്മീരിന്റെ 45% ഇന്ത്യയുടെ അധീനതയിലും 35% പാകിസ്ഥാന്റെ നിയന്ത്രണത്തിലുമാണ്. 1962 മുതല്‍ 20% ചൈനയും കൈവശപ്പെടുത്തിയിരിക്കുന്നു. സിയാച്ചിന്‍ മലകളും ജമ്മുവും കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അധീനതയിലാണ്. ആസാദ് കാഷ്മീരും ബാള്‍ട്ടിസ്തനും പാക്കിസ്ഥാന്‍ ഭരിക്കുന്നു. അക്‌സായിചിന്‍, കാറക്കോറം മേഖലകള്‍ ചൈനയുടെ നിയന്ത്രണത്തിലുമാണ്. കാഷ്മീരി ബ്രാഹ്മണന്മാര്‍ കാഷ്മീര്‍ താഴ്വരകളിലും ജമ്മു കാഷ്മീരിന്റെ പര്‍വ്വത മേഖലകളിലും താമസിച്ചിരുന്ന ഒരു സമൂഹമാണ്. ഇവര്‍ സരസ്വതി ബ്രാഹ്മണ സമുദായത്തില്‍പ്പെടുന്നു. കാഷ്മീര്‍ പണ്ഡിറ്റുകളെന്നും അറിയപ്പെടുന്നു. കാഷ്മീരിന്റെ പൗരാണിക സാംസ്ക്കാരികത പടുത്തുയര്‍ത്തിയവര്‍ കാഷ്മീര്‍ പണ്ഡിറ്റുകളുടെ പൂര്‍വിക തലമുറകളായിരുന്നു.സൂഫി മുസ്ലിമുകളുടെ കേന്ദ്ര സ്ഥാനമാണ് കാഷ്മീര്‍. 1931ല്‍ ഏകാധിപതിയായിരുന്ന ഹിന്ദു രാജാവ് ഹരിസിംഗിനെതിരെ കാഷ്മീര്‍ മുസ്ലിമുകള്‍ പ്രഷോപണം ആരംഭിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ നടത്തിയ ആ പ്രക്ഷോപണം രാജാവിന്റെ പട്ടാളക്കാര്‍ അടിച്ചമര്‍ത്തുകയാണുണ്ടായത്.

കാഷ്മീര്‍ പ്രശ്‌നം വഷളാകുന്നതില്‍ ഷേക്ക് അബ്ദുള്ളയ്ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ജമ്മു കാഷ്മീരില്‍ രാജാവായിരുന്ന ഹരിസിംഗിന്റെ ഭരണത്തില്‍ മുസ്ലിമുകള്‍ അതൃപ്തരായിരുന്നു. രാജഭരണം അവസാനിപ്പിക്കാനായി ഷേക്ക് അബ്ദുള്ള പ്രക്ഷോപങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കാഷ്മീരിനെ രാജഭരണത്തില്‍ നിന്നും മുക്തമാക്കുന്നതിനായി 1932ല്‍ ഷേക്ക് അബ്ദുള്ള ‘ആള്‍ ജമ്മു ആന്‍ഡ് കാഷ്മീര്‍ (All Jammu and Kasmir) എന്ന സംഘടന സ്ഥാപിച്ചു. മുസ്ലിമുകള്‍ക്ക് സംസ്ഥാനത്ത് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. 1932ല്‍ രാജാവ് മുസ്ലിമുകളുടെ ക്ഷേമം അന്വേഷിക്കാനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും മുസ്ലിമുകള്‍ക്ക് ഭരണത്തില്‍ അര്‍ഹമായ സ്ഥാനം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും രാജാവ് വാക്കുകള്‍ പാലിച്ചില്ല. അതില്‍ പ്രതിക്ഷേധിച്ച് ഷേക്ക് അബ്ദുള്ള പ്രക്ഷോപങ്ങള്‍ ആരംഭിച്ചു. രാജ ഹാരിസിങ് കാഷ്മീര്‍ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഷേക്ക് അബ്ദുള്ള അറസ്റ്റിലാവുകയും ചെയ്തു.

1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ നാട്ടു രാജാക്കന്മാര്‍ക്ക് ഇന്ത്യയോടൊ പാക്കിസ്ഥാനോടോ ചേരുകയോ അല്ലെങ്കില്‍ സ്വതന്ത്രമായി ഭരിക്കാനോ അവകാശമുണ്ടായിരുന്നു.ഇന്ത്യന്‍ ജനത നീണ്ട കാലത്തെ ശ്രമം കൊണ്ട് നേടിയ സ്വാതന്ത്ര്യത്തെ നാട്ടു രാജാക്കന്മാരുടെ അധീനതയില്‍ കൊണ്ടുവരാന്‍ അന്നത്തെ നേതൃത്വം ആഗ്രഹിച്ചിരുന്നില്ല. അന്നുണ്ടായിരുന്ന നാട്ടു രാജാക്കന്മാരില്‍ ഭൂരിഭാഗം പേരും സ്വതന്ത്ര രാജ്യം ഇഷ്ടപ്പെട്ടിരുന്നെങ്കിലും പാരമ്പര്യമായി അവര്‍ രാജാക്കന്മാരായിരുന്നെങ്കിലും അവര്‍ക്കെല്ലാം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഭൂപ്രകൃതിയനുസരിച്ച് കാഷ്മീര്‍ ഇന്ത്യയോടൊ, പാക്കിസ്ഥാനോടോ ചേരുന്നതെന്ന ചോദ്യവും വന്നു. നാട്ടുരാജ്യങ്ങള്‍ ചേരി തിരിഞ്ഞ് ഇരു രാജ്യങ്ങളിലുമായി ചേര്‍ന്നു. ഒരു രാജ്യത്തോടും ചേരി ചേരാതെ ഹൈദ്രബാദ്, തിരുകൊച്ചി, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ നിലകൊണ്ടു. കാഷ്മീരിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി ഭരിക്കാമെന്നായിരുന്നു ഹരിസിങ് മഹാരാജാവ് കരുതിയിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യ ശേഷം സംഭവ ബഹുലമായ കാര്യങ്ങളാണ് കാഷ്മീരിലുണ്ടായത്. പടിഞ്ഞാറേ അതിര്‍ത്തിയില്‍ മുസ്ലിം ജനങ്ങളുടെയിടെയില്‍ വിപ്ലവം പൊട്ടി പുറപ്പെട്ടിരുന്നു.

കാഷ്മീരില്‍ ചില ജനവിഭാഗങ്ങള്‍ പാക്കിസ്ഥാനോടൊപ്പം ചേരണമെന്ന് ലഹള കൂട്ടിയപ്പോള്‍ കാഷ്മീര്‍രാജാവ് ഹരിസിങ്ങ് അവരുടെ നേരെ നിറതോക്കൊഴിച്ചു. ആയിരക്കണക്കിനാളുകള്‍ ലഹളകളിലും തോക്കിന്‍ മുനയിലും കൊല്ലപ്പെട്ടു. അനേകമായിരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. പാക്കിസ്ഥാനില്‍ നിന്നും പാക്ക് പട്ടാളത്തിന്റെ സഹായത്തോടെ അവരില്‍ അനേകര്‍ തിരിച്ചുവന്ന് സിക്കുകാരെയും ഹിന്ദുക്കളെയും കൊന്നുകൊണ്ടിരുന്നു. അവരില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ ജമ്മുവിലേക്കും ഓടി രക്ഷപ്പെട്ടു. ആസാദ് കാഷ്മീര്‍ എന്ന പേരില്‍ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഹിന്ദുക്കളും സിക്കുകാരും ഒത്തുചേര്‍ന്ന് ജമ്മുവില്‍ കേറി മുസ്ലിമുകളെയും കൂട്ടക്കൊലകള്‍ തുടങ്ങി. ഇത്രമാത്രം രക്തച്ചൊരിച്ചിലുകള്‍ ഉണ്ടായിട്ടും രാജാവ് ഹിന്ദുക്കളോടൊപ്പമായിരുന്നു. 1947ഒക്ടോബറില്‍ പഠാന്‍ ഗോത്രവര്‍ഗക്കാര്‍ കാഷ്മീരിനെ ആക്രമിച്ചു. പാക്കിസ്ഥാന്‍ സൈനികരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ ആക്രമണത്തെ തടയാന്‍ രാജാവിന് കഴിവില്ലാതെ വന്നപ്പോള്‍ രാജാവ് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം അപേക്ഷിച്ചു. കാഷ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമല്ലാത്തതിനാല്‍ ഇന്ത്യയ്ക്ക് സൈനിക സഹായം നല്‍കാന്‍ കഴിയില്ലെന്ന് രാജാവിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഭൂരിഭാഗം മുസ്ലിം ജനത വസിക്കുന്ന കാഷ്മീരും ഇന്ത്യന്‍ യൂണിയനുമായി ചേരുന്ന ഉടമ്പടി രാജാവും ഇന്ത്യ ഗവര്‍മെന്റുമായി ഒപ്പു വെച്ചു. ഉടമ്പടിയനുസരിച്ച് പ്രതിരോധം, വാര്‍ത്താ വിനിമയം, വിദേശം എന്നീ മൂന്നു മേഖലകളില്‍ മാത്രമേ കാഷ്മീരിന്റെ പേരില്‍ ഇന്ത്യ സര്‍ക്കാരിന് അവകാശമുണ്ടായിരുന്നുള്ളൂ. തര്‍ക്ക പ്രദേശമായ കാഷ്മീരില്‍ ഹിതപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാടുള്ളൂവെന്നും ഉടമ്പടിയില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കിയിരുന്നു.

a2 (2)1947 ഒക്‌ടോബര്‍ 27 ന് ഇന്ത്യന്‍ പട്ടാളം ജമ്മുകാഷ്മീരില്‍ പ്രവേശിച്ചു. ഇന്ത്യയുടെ പട്ടാള നടപടി പാക്കിസ്ഥാന്‍ അംഗീകരിച്ചില്ല. മാത്രമല്ല, പാക്കിസ്ഥാന്‍ പട്ടാളം കാഷ്മീരിലെത്തുകയും ചെയ്തു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ടു നിര്‍ദ്ദേശങ്ങള്‍ വച്ചു. പാകിസ്ഥാന്‍ പട്ടാളത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണം; ഇന്ത്യ ഹിത പരിശോധന നടത്താം. എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ പരസ്യമായ നെഹ്‌റു ചായ്‌വും കാരണം കാഷ്മീര്‍ ജനതയ്ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍ വാദിച്ചു. സ്വന്തം പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്നും പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. ഇതിനെ തുടര്‍ന്ന് കാഷ്മീരില്‍ ആദ്യത്തെ ഇന്തോ–പാക് യുദ്ധം നടന്നു.

1948 ജനുവരി ഒന്നാം തിയതി ജമ്മു കാഷ്മീരിന്റെ ഭാവിയെ സംബന്ധിച്ച പ്രമേയം ഐക്യ രാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. അമേരിക്ക, ചെക്കോസ്ലൊവോക്കിയ, അര്‍ജന്റീന, ബെല്‍ജിയം കൊളംബിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചു. ഈ കമ്മീഷന്‍ കാഷ്മീരില്‍ സമാധാനം സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കുകയും അതനുസരിച്ച് ഇന്ത്യ പാക്കിസ്ഥാന്‍ ഉടമ്പടി 1948 ഏപ്രില്‍ 21ന് തയ്യാറാക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തല്‍ നടപ്പാക്കാനും കാഷ്മീരില്‍ ഹിത പരിശോധനയ്ക്ക് തയ്യാറാകാനുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് കാഷ്മീരിന്റെ ഭൂരിഭാഗവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാഷ്മീര്‍ പാക്കിസ്താന്റെ നിയന്ത്രണത്തിലും വന്നു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടു രാജ്യങ്ങളും പട്ടാളത്തെ പിന്‍വലിച്ചില്ല. ഇന്ത്യ പിന്നീടൊന്നും ഹിത പരിശോധനയ്ക്ക് തയ്യാറായുമില്ല. 1948 ഒക്ടോബര്‍ 30 നു ഷേക്ക് അബ്ദുള്ള പ്രധാന മന്ത്രിയായി ചുമതലയേറ്റുകൊണ്ട് കാഷ്മീരില്‍ ഒരു താല്‍ക്കാലിക ഗവണ്മെന്റുണ്ടാക്കി

കാഷ്മീരിന് പ്രത്യേക പദവി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭരണഘടന ‘370’ എന്ന വകുപ്പ് എഴുതിയുണ്ടാക്കിയതും നെഹ്രുവിന്റെ പിടിപ്പുകേടു തന്നെ. പാര്‍ലമെന്റില്‍ അന്ന് ചര്‍ച്ച ചെയ്യാതെയാണ് കാഷ്മീരിനെപ്പറ്റി പ്രത്യേക കോഡുകള്‍ ഉണ്ടാക്കി നിയമം നിര്‍മ്മിച്ചത്. ഭരണഘടന നിര്‍മ്മിച്ച അംബേദ്ക്കറും ഭരണഘടനയുടെ 370 വകുപ്പിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അംബേദ്ക്കറിന്റെ വാക്കുകള്‍ നെഹ്‌റു ചെവികൊണ്ടില്ല. നെഹ്‌റുവിന് ഷേക്ക് അബ്ദുള്ളായുടെ അഭിപ്രായങ്ങളും സൗഹാര്‍ദവുമായിരുന്നു പ്രാധാന്യം. പിന്നീട് കാഷ്മീരില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഷേക്ക് അബ്ദുള്ളയെ ജയിലില്‍ അടക്കുകയും ചെയ്തു.

a2 (1)കാഷ്മീരിന് സംഭവിച്ച പ്രശ്‌നങ്ങളിലും ഭരണഘടനയിലെ തിരിമറികളിലും ആദ്യം പ്രതിഷേധങ്ങളുമായി വന്നത് കാഷ്മീരുകാരനല്ലാത്ത ശ്യാമ പ്രസാദ മുക്കര്‍ജിയായിരുന്നു. 370 വകുപ്പു പ്രകാരം കാഷ്മീരിനുവേണ്ടിയുള്ള നിയമങ്ങള്‍ ദേശീയ താല്പര്യങ്ങള്‍ക്കും കാഷ്മീരിന്റെ പുരോഗതിക്കും തടസമാകുന്നതായിരുന്നു. കാഷ്മീരികള്‍ക്കുള്ള വിദ്യാഭ്യാസം, ആദിവാസികളുടെ നവോദ്ധാനങ്ങള്‍, സാമൂഹിക പരിവര്‍ത്തനങ്ങള്‍, അവരുടെ പുരോഗമനം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടന തടസമായി നില്‍ക്കുന്നു. ഒരു ബംഗാളിയായ ശ്യാമ പ്രസാദ് അനുവാദം കൂടാതെ ജമ്മു കാഷ്മീരില്‍ കടക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലില്‍ അടക്കുകയും ചെയ്തു. ജയിലില്‍ വെച്ച് മുക്കര്‍ജി മരിച്ചനാള്‍ മുതലാണ് കാഷ്മീരിലെ നിയമാവകാശങ്ങള്‍ ഇന്ത്യന്‍ ജനം മനസിലാക്കാന്‍ തുടങ്ങുന്നത്.

ഇന്ന്, കാഷ്മീര്‍ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ഒരു ധാരണയുണ്ട്. അവിടുന്നുള്ള അഭയാര്‍ത്ഥി പ്രശ്‌നങ്ങളും വ്യവസായങ്ങളും അമര്‍നാഥ് രഥയാത്രകളും സംബന്ധിച്ചുള്ള കാര്യങ്ങളും ബോധപൂര്‍വമായി ജനങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നു. കാഷ്മീര്‍ താഴ്വരകള്‍ എല്ലായിടവും പ്രശ്‌ന സങ്കീര്‍ണ്ണങ്ങളല്ല. ജമ്മു കാഷ്മീരിലെ 22 ഡിസ്ട്രിക്റ്റുകളില്‍ അഞ്ചു ഡിസ്ട്രിക്റ്റുകളില്‍ മാത്രമാണ്, പ്രശ്‌നങ്ങളുള്ളത്. 86 ശതമാനം കാഷ്മീര്‍ പ്രദേശങ്ങളും സമാധാനത്തില്‍ തന്നെയാണ് ജീവിക്കുന്നത്. അവിടെയുള്ള ജനങ്ങള്‍ സമാധാനവും പുരോഗതിയും കാംക്ഷിക്കുന്നു.

1957ല്‍ കാഷ്മീരിനെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം കാഷ്മീരിന് പ്രത്യേകമായ ഒരു പദവി നല്‍കി. കാഷ്മീരികളല്ലാത്തവര്‍ക്ക് അവിടെ വസ്തു വകകള്‍ മേടിക്കാന്‍ പാടില്ലന്നുള്ള നിയമ വ്യവസ്ഥയാണ് എഴുതിയുണ്ടാക്കിയത്. കാഷ്മീരിന് സ്വന്തമായ കൊടിയും ഭരണഘടനയുമുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്‌ക്കോ ഇന്ത്യയിലെ സുപ്രീം കോടതിക്കോ കാഷ്മീരിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാവകാശമില്ല. പ്രതിരോധം, വാര്‍ത്താ വിനിമയം, വിദേശ നയം എന്നീ കാര്യങ്ങളില്‍ മാത്രമേ ഇന്ത്യയ്ക്ക് കാഷ്മീരിന്റെ മേല്‍ അധികാരമുള്ളൂ. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കുന്ന നിയമങ്ങള്‍ പോലും കാഷ്മീരികളെ ബാധിക്കില്ല.

a6കാഷ്മീര്‍ പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രണ്ടാംതവണയും 1965ല്‍ യുദ്ധം പൊട്ടി പുറപ്പെടുകയും 1966 ജനുവരി ഒന്നാം തിയതി താഷ്ക്കന്തില്‍ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ്ഖാനും തമ്മില്‍ ഉടമ്പടികള്‍ ഒപ്പു വെക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശാസ്ത്രീയുടെ മരണവും യാഹ്യാഖാന്റെ രാഷ്ട്രീയ വളര്‍ച്ചയും പരിപൂര്‍ണ്ണമായ തീരുമാനങ്ങള്‍ക്ക് തടസ്സമാവുകയും പ്രശ്‌നങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെയും വന്നു.

1971ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ മൂന്നാമതൊരു യുദ്ധമുണ്ടാവുകയും കിഴക്കേ പാക്കിസ്ഥാന്‍, പാക്കിസ്ഥാനില്‍ നിന്ന് വേര്‍പിരിയുകയും ബംഗ്‌ളാദേശ് എന്ന ഒരു പുതിയ രാഷ്ട്രമുണ്ടാവുകയും ചെയ്തു. ഇന്ത്യയിലേക്ക് മില്യണ്‍ കണക്കിന് അഭയാര്‍ത്ഥി പ്രവാഹങ്ങളും ആരംഭിച്ചു. പാക്കിസ്ഥാന്‍ എയര്‍ ഫോഴ്‌സ് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് ബോംബിട്ടപ്പോഴാണ് ഇന്ത്യ 1971 ഡിസംബര്‍ മൂന്നാംതിയതി പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പട്ടാളം ഡാക്കയില്‍ പ്രവേശിക്കുകയും പാക്കിസ്ഥാന്‍ പട്ടാളം മൂന്നുദിവസത്തെ യുദ്ധത്തിന് ശേഷം കീഴടങ്ങുകയും ചെയ്തു. പടിഞ്ഞാറേ തീരത്ത് കറാച്ചി തുറമുഖം ഇന്ത്യന്‍ പട്ടാളം ബ്ലോക്ക് ചെയ്തിരുന്നു. പാക്കിസ്ഥാന്റെ അതിര്‍ത്തി ഭേദിച്ച് 50 കിലോമീറ്ററോളം ഉള്ളിലോട്ടു നീങ്ങിയ ഇന്ത്യന്‍ ആര്‍മി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1972ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ ഭൂട്ടായും തമ്മില്‍ സിംല ഉടമ്പടിയില്‍ ഒപ്പുവെക്കുകയും താഷ്‌ക്കെന്റിലുള്ള ഉടമ്പടിയെ പുനര്‍ ജീവിപ്പിക്കുകയും ചെയ്തു. അങ്ങനെ പാക്കിസ്ഥാനും ഇന്ത്യയും സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയുമുണ്ടായി.

a4വടക്കേ കാഷ്മീരില്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചിരുന്ന അതിര്‍ത്തി ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല. 1949ല്‍ ചൈന കമ്മ്യൂണിസ്റ്റ് ഭരണമായ ശേഷം ലഡാക്കിന്റെ അതിര്‍ത്തിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പടിഞ്ഞാറേ ടിബറ്റുമായി പീക്കിങ്ങിന് ബന്ധം സ്ഥാപിക്കാന്‍ അതിര്‍ത്തികളില്‍ റോഡുകളും നിര്‍മ്മിക്കാന്‍ ആരംഭിച്ചു. 1962 ഒക്ടോബറില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ആ യുദ്ധത്തില്‍ ചൈന വടക്കു കിഴക്കേ ലഡാക്ക് ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്തു. അന്നുള്ള യുദ്ധത്തിന്റെ കെടുതികള്‍ക്ക് ശമനം വന്നത് 1980നു ശേഷമാണ്. ചൈനയുമായി ബന്ധം സാധാരണ രീതിയിലെങ്കിലും ലഡാക്കുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇതുവരെ ഒരു ഒത്തുതീര്‍പ്പുണ്ടായിട്ടില്ല.

കാഷ്മീര്‍ പുകയുന്ന പ്രശ്‌നമായിരുന്നെങ്കിലും ഇന്ത്യയ്ക്കും പാക്കിസ്ഥാനും മറ്റു ആഭ്യന്തര പ്രശ്‌നങ്ങളുമുണ്ടായിരുന്നു. 1975ല്‍ ഇന്ദിരാഗാന്ധി ദേശീയ അടിയന്തിരാവസ്ഥ (എമര്‍ജന്‍സി) പ്രഖ്യാപിച്ചു. എന്നാല്‍ 1978ലെ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയുമുണ്ടായി. സുല്ഫക്കാര്‍ ആലി ഭൂട്ടോയുടെ അധികാരം നഷ്ടപ്പെടുകയും 1977ല്‍ അദ്ദേഹത്തെ തൂക്കി കൊല്ലുകയും ചെയ്തു. ജനറല്‍ സിയാ ഉല്‍ ഹാഖ് പാക്കിസ്ഥാന്റെ ഏകാധിപതിയായി ഭരണ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഇന്ത്യയെപ്പറ്റി 1947 മുതല്‍ 1965 വരെയുണ്ടായിരുന്ന കാഷ്മീരികളുടെ അഭിപ്രായം 1980 ആയപ്പോള്‍ ഇല്ലാതായി. മിസ്സസ് ഗാന്ധി കാഷ്മീരില്‍ ഒരു പാവ സര്‍ക്കാരിനെ നിയമിച്ചപ്പോള്‍ മുതല്‍ കാഷ്മീരികളെ കുപിതരാക്കിയിരുന്നു. പാക്കിസ്ഥാനോട് കൂറുള്ള ഒരു വിഭാഗം ജനങ്ങള്‍ കാഷ്മീര്‍ താഴ്വരകളില്‍ ഗൊറില്ല യുദ്ധങ്ങള്‍ക്ക് സന്നാഹങ്ങളൊരുക്കിക്കൊണ്ടിരുന്നു. അവര്‍ കാഷ്മീര്‍ താഴ്വരയില്‍ താമസിച്ചിരുന്ന ഹിന്ദുക്കളെ അവിടെനിന്നും ഇന്ത്യന്‍ ആര്‍മി വരുന്നതിനു മുമ്പ് പലായനം ചെയ്യിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നിത്യം സാധാരണയുമായി. കാഷ്മീര്‍ മുഴുവനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു.

1948ല്‍ സ്വയം നിര്‍ണ്ണയ അവകാശത്തിനായി ഒരുങ്ങിയ ഇന്ത്യ 1990 ആയപ്പോള്‍ അത്തരം ഒരു തീരുമാനത്തെ ഒളിപ്പിച്ചു വെച്ചുകൊണ്ട് സിംല ഉടമ്പടിയെ മുറുകെ പിടിച്ചു. കാഷ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാമതൊരു പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും തീരുമാനം ആവശ്യമില്ലെന്നുള്ള നിഗമനത്തില്‍ എത്തുകയും ചെയ്തു. 1998 മെയില്‍ ഇന്ത്യയും പാക്കിസ്ഥാനും ന്യുകഌയര്‍ ബോംബുകള്‍ ടെസ്റ്റ് ചെയ്തു. ഇന്ത്യയുടെ അഗ്‌നി രണ്ട് പരീക്ഷണങ്ങള്‍ നടന്നശേഷം ഒരാഴ്ച കഴിഞ്ഞു പാക്കിസ്ഥാന്‍ ഗൗരി 2 മിസൈല്‍ ന്യൂക്ലിയര്‍ ബോംബുകള്‍ ടെസ്റ്റ് ചെയ്തു. ന്യൂക്ലിയര്‍ ബോംബുകള്‍ പാക്കിസ്ഥാന്റെ സ്വയം നിര്‍മ്മിത ബോംബുകളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 1999 ജൂലയില്‍ നോര്‍ത്ത് കൊറിയയില്‍ നിന്ന് പാക്കിസ്ഥാന്റെ ന്യൂക്ലിയര്‍ ബോംബുകളുടെ ഘടക വസ്തുക്കള്‍ ഇന്ത്യന്‍ ഏജന്റ്‌സ് കണ്ടു കെട്ടിയിരുന്നു.

1999 ഫെബ്രുവരി ഇരുപതാം തിയതി വാജ്‌പേയി പ്രധാന മന്ത്രിയായിരുന്ന കാലത്ത് ലാഹോറുമായി ഒരു ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ നാല് ദിവസമുള്ള ദല്‍ഹി ലാഹോര്‍ ബസ് രണ്ടു രാജ്യങ്ങളുമായി സൗഹാര്‍ദ്ദത്തിന് വഴിയൊരുക്കുമെന്ന് ലോകം മുഴുവന്‍ കരുതി. കാഷ്മീര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുമെന്ന് വിചാരിച്ചു. എന്നാല്‍ 1999ല്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങിയതില്‍ പിന്നീട് ടെന്‍ഷന്‍ വീണ്ടും വര്‍ദ്ധിച്ചു. 1999ല്‍ വേനല്‍ക്കാലത്തു കാര്‍ഗില്‍ എത്തിയ ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ടത് അവര്‍ തണുപ്പുകാലത്തിനു മുമ്പ് താമസിച്ചിരുന്ന കുന്നിന്‍ സ്ഥലങ്ങള്‍ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളം കയ്യടക്കി വെച്ചിരിക്കുന്നതായിരുന്നു. നുഴഞ്ഞു കയറ്റക്കാര്‍ക്ക് പരിശീലനം കൊടുത്തിരുന്നത് പാക്കിസ്ഥാന്‍ പട്ടാളമായിരുന്നു. പാക്കിസ്ഥാന്‍ ഗവര്‍മെന്റിന്റ മുഴുവന്‍ അറിവോടെയായിരുന്ന കാര്‍ഗില്‍ ഇവര്‍ കയ്യേറിയിരുന്നത്. അഫ്ഗാനിസ്ഥാനിലും മറ്റു വിദേശത്തു നിന്നുമുള്ള തീവ്ര വാദികളും കയ്യേറ്റക്കാരോടൊപ്പം കാര്‍ഗിലുണ്ടായിരുന്നു. പാക്കിസ്ഥാന്‍ അവരെ സ്വാതന്ത്ര്യ പടയാളികളെന്നും വിളിച്ചു. കാഷ്മീര്‍ ഭീകരരായ ഇവര്‍ക്ക് എല്ലാവിധ പിന്തുണകളും പാക്കിസ്ഥാന്‍ നല്‍കിയിരുന്നു. ഇന്ത്യ ജെറ്റ് വിമാനങ്ങളയച്ചു അവരെ വെടിവെച്ച് വീഴ്ത്താനും തുടങ്ങി. 1999 ജൂലൈ നാലാം തിയതി നവാസ് ഷെരിഫ് അമേരിക്കയില്‍ ബില്‍ ക്ലിന്റനുമായി അഭിമുഖ സംഭാഷണം നടത്തിയശേഷമാണ് യുദ്ധം അവസാനിച്ചത്. അതിനുള്ളില്‍ ജൂലൈ നാലാം തിയതി ഇന്ത്യന്‍ പട്ടാളം ഭൂരിഭാഗവും തീവ്ര വാദികള്‍ കുടിയേറിയ സ്ഥലങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഉഭയ സമ്മത പ്രകാരം തീരുമാനങ്ങള്‍ എടുക്കണമെന്നും അതില്‍ അമേരിക്ക ഇടപെടില്ലെന്നും അറിയിച്ചു. ആ മാസം തന്നെ പാക്കിസ്ഥാന്‍ പട്ടാളത്തെ പിന്‍വലിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ഏകദേശം 500 പട്ടാളക്കാരോളം ഇന്ത്യക്ക് നഷ്ടപ്പെട്ടു. അതിന്റെ ഇരട്ടി നുഴഞ്ഞു കയറ്റക്കാരും കൊല്ലപ്പെട്ടു. യുദ്ധം പോലുള്ള സ്ഥിതി വിശേഷമായിരുന്നെങ്കിലും ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചില്ലായിരുന്നു. അങ്ങനെ ഇന്ത്യയുടെ ഭൂമിയില്‍ തന്നെ ഇന്ത്യയ്ക്ക് പട്ടാളക്കാരെ നഷ്ടപ്പെടുത്തേണ്ടി വന്നു. പാക്കിസ്ഥാന്റെ രാജ്യാതിര്‍ത്തി കടന്നുള്ള യുദ്ധം വേണ്ടെന്നും ഇന്ത്യ തീരുമാനിച്ചു.

a3പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള കാര്‍ഗില്‍ എക്കാലവും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭൂപ്രദേശങ്ങളായിരുന്നു. എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇരുകൂട്ടരും അതിര്‍ത്തികളില്‍ പതിയെ പതിയെ സമാധാനത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാന്തത കൈവരുവാനും തുടങ്ങി. ഇന്ത്യയും പാക്കിസ്ഥാനും പരസ്പ്പരം സൗഹാര്‍ദ്ദ ബന്ധം സ്ഥാപിക്കാന്‍ തുടങ്ങി. രാജ്യങ്ങള്‍ തമ്മില്‍ പരസ്പ്പര ധാരണയിന്മേല്‍ സഹകരിക്കാനും തുടങ്ങി. 2005ല്‍ ശ്രീനഗറും മുസര്‍ഫര്‍ബാദും തമ്മില്‍ അതിര്‍ത്തിയില്‍ ബസ്’ സര്‍വീസ് വീണ്ടും പുനരാരംഭിച്ചു. അതിനടുത്ത വര്‍ഷം ഭൂമി കുലുക്കമുണ്ടായപ്പോള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ പരസ്പ്പരം സഹായിക്കുകയും ചെയ്തു. അതിര്‍ത്തി കടന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ട്രക്കുകള്‍ പോവാന്‍ അനുവദിച്ചിരുന്നു. കൂടാതെ 2008ല്‍ വാണിജ്യ ബന്ധങ്ങളും ആരംഭിച്ചു. 1947നു ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കച്ചവട ബന്ധങ്ങള്‍ സ്ഥാപിച്ചത്. കാഷ്മീരില്‍ ഉത്ഭാദിപ്പിക്കുന്ന സാധനങ്ങള്‍ ശ്രീ നഗറിലും മുസഫര്‍ ബാദിലും റാവല്‍കോട്ടിലും പുഞ്ചിലും എത്തിച്ചിരുന്നു.

a5കാഷ്മീര്‍ താഴ്വരകളില്‍ നമ്മുടെ പട്ടാളക്കാര്‍ ശത്രുക്കളുടെ വെടിയുണ്ടകളേറ്റു മരിക്കുന്ന സമയം, നാം അവരെ സ്മരിക്കാറുണ്ട്. ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയ 1947 മുതല്‍ കാഷ്മീര്‍ പ്രശ്!നം തുടങ്ങിയതാണ്. ഒരു പട്ടാളക്കാരന്റെ ജീവിതം എന്നും ദുരിതം നിറഞ്ഞതായിരിക്കും. ലോകം ഉറങ്ങുമ്പോള്‍ അവന്‍ മഞ്ഞും വെയിലുമില്ലാതെ രാത്രിയും പകലും വ്യത്യാസമില്ലാതെ ജാഗരൂകനായി അതിര്‍ത്തി കാത്തുകൊണ്ടിരിക്കണം. നാളിതുവരെ നമ്മുടെ ജനാധിപത്യം കാത്തു സൂക്ഷിക്കാനുള്ള കാരണം രാഷ്ട്രീയക്കാരോ, ഫ്യൂഡല്‍ വ്യവസ്ഥിതിയോ, ക്യാപിറ്റലിസമോ സോഷ്യലിസമോ അല്ല. അതിന് കാരണം, അതിര്‍ത്തി കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാരനാണ്. ഒരു ഏകാധിപത്യ രാജ്യത്ത് സ്വതന്ത്രമായ പത്രപ്രവര്‍ത്തനം സാധിക്കില്ല. ഇന്ത്യ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അനുഭവിക്കുന്ന കാരണവും നമ്മുടെ പട്ടാളം തന്നെയാണ്. ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യവും നാളിതുവരെ ഭാരതമണ്ണില്‍ മുഴങ്ങി കേള്‍ക്കാന്‍ കാരണവും രാഷ്ട്രീയക്കാരല്ല അതിര്‍ത്തി കാക്കുന്ന പട്ടാളത്തിന്റെ കഴിവാണ്. പുലര്‍കാലേ അവന്‍ ഭാരതത്തിന്റെ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നു. പതാകയെ വന്ദിച്ചുകൊണ്ടു രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നു. രണഭൂമിയില്‍ വീഴുന്ന അവന്റെ മൃതശരീരം പതാകയില്‍ പൊതിയുന്നു. പുല്‍ഹാരിയിലും നാല്‍പ്പതു പട്ടാളക്കാരുടെ ജീവന്‍ പൊലിഞ്ഞു. ജീവന്‍ ബലിയര്‍പ്പിച്ച ഓരോ പട്ടാളക്കാരനും ഒരു വലിയ ‘സല്യൂട്ട്’ അര്‍പ്പിക്കട്ടെ. രാജ്യം നന്ദിയോടെ അവരെ ഓര്‍മ്മിക്കുന്നുമുണ്ട്. നമുക്കുവേണ്ടത് യുദ്ധമല്ല. യുദ്ധമില്ലാത്ത ലോകവും സമാധാനവുമാണ്. അതിര്‍ത്തിക്കപ്പുറത്തുള്ളവനും വെടിയേല്‍ക്കുന്നു. അവനും അവന്റെ രാജധര്‍മ്മം ചെയ്യുന്നു.

Print Friendly, PDF & Email

Related News

Leave a Comment