Flash News

നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഒരുവീക്ഷണം: കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും പ്രഭാഷണവും

February 28, 2019 , എ.സി. ജോര്‍ജ്ജ്

3-Kerala writers Forum February Meeting news photo 1ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയുംസാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം ഫെബ്രുവരി 24-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് പതിവുപോലെ പ്രതിമാസ യോഗം നടത്തി. കേരളാ റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ഡോ. സണ്ണി എഴുമറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഈശോ ജേക്കബ് മോഡറേറ്ററായിരുന്നു.

5-Kerala writers Forum February Meeting news photo 3വിവിധ രംഗങ്ങളിലുണ്ടായതും ഭാവിയില്‍ സംഭവിക്കാവുന്നതുമായ നവോത്ഥാന പ്രസ്ഥാനങ്ങളേയും നവോത്ഥാനങ്ങളേയും ആസ്പദമാക്കി ജോണ്‍ മാത്യു, മാത്യു മത്തായി, ജോണ്‍ കൂന്തറ, ഡോ. മാത്യു വൈരമണ്‍, എ.സി. ജോര്‍ജ്ജ്, ഡോ. സണ്ണി എഴുമറ്റൂര്‍, റവ. ഫാ. ഡോ. തോമസ് അമ്പലവേലില്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയുമുണ്ടായി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പോസിറ്റീവായ മാറ്റങ്ങളെ സാധാരണയായി നവോത്ഥാനമായി കരുതുന്നു. മാനുഷിക സംസ്ക്കാരങ്ങളെ ഒരു നെഗറ്റീവ് ദിശയിലേക്ക് നയിക്കുന്ന ഒരു മാറ്റത്തെയോ പരിണാമത്തെയോ ഒരു തരത്തിലും നവോത്ഥാനമായി പരിഗണിക്കുന്നില്ല. ഇന്ന് നവോത്ഥാന ചിന്തകളോ പ്രസ്ഥാനങ്ങളോ ആയി ഗണിക്കപ്പെടുന്ന പലതും കാലത്തിന്റെ കുത്തൊഴുക്കില്‍ തനി പഴഞ്ചനായി മാറിയേക്കാം. വിദേശ ഭരണത്തിന്റെ അടിമത്വത്തില്‍ നിന്ന് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹ നിരായുധ സമരത്തിലൂടെ ഭാരത്തിന് സ്വാതന്ത്ര്യം നേടിയതും ജനാധിപത്യ ഭരണം സ്ഥാപിച്ചതും നവോത്ഥാനമാണ്. സ്വന്ത ലാഭത്തിനായാല്‍ പോലും ബ്രിട്ടീഷുകാരടക്കമുള്ള വിദേശികളുടെ പല രംഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സംഭാവനകള്‍ നവോത്ഥാനങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ പല അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അവര്‍ നിയമ നിര്‍മ്മാണം നടത്തി. ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗങ്ങളില്‍ സാംസ്കാരിക രംഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വരുത്തിയ നവോത്ഥാനങ്ങള്‍ അളവറ്റതാണ്.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നെടുനായകത്വം ശ്രീനാരായണഗുരുവിനാണെന്നു പറയാം. തൊട്ടുകൂടാത്തവര്‍ക്കും തീണ്ടിക്കൂടാത്തവര്‍ക്കും വേണ്ടി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കുമെതിരായി അദ്ദേഹം ഒരു ആത്മീയ പരിവര്‍ത്തന വിപ്ലവം തന്നെ നടത്തി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ചിന്ത കേരള സമൂഹത്തിന് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും നല്‍കി. കേരള പിറവിക്കുശേഷം ലോകത്ത് തന്നെ ആദ്യമായി ബാലറ്റു പെട്ടിയിലൂടെ അധികാരത്തില്‍ വന്ന ഇ.എം.എസ്. നമ്പൂതിരിപാടിന്റ നേത്യത്തിലുള്ള കമ്മ്യണിസ്റ്റു മന്ത്രിസഭ ഭൂപരിഷ്ക്കരത്തിലൂടെയും മറ്റും കേരള സമൂഹത്തില്‍ വിപ്ലവാത്മകങ്ങളായ നവോത്ഥാന പരിവര്‍ത്തനങ്ങളാണ് നടത്തിയത്.

4-Kerala Writers Forum February Meeting news photo 2ഇന്നും പ്രതീകാത്മകമായി ചിലര്‍ കോണ്‍ക്രീറ്റു മതിലുകളും മനുഷ്യ മതിലുകളും കെട്ടിയും പൊളിച്ചും നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നു. വളരെ നെഗറ്റീവായ മനുഷ്യനു തുല്യ നീതി നല്‍കാത്തതും മാനവ പുരോഗതിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പല ആചാരങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളെ പിന്നോട്ടടിക്കുന്നതായും കാണുന്നു. ഇപ്രകാരം പല ആശയങ്ങളും മുന്നോട്ടു വച്ച പ്രബന്ധങ്ങളിലും പ്രഭാഷണങ്ങളിലും അവതാരകരെ കൂടാതെ ചര്‍ച്ചയില്‍ ബാബു കുരവയ്ക്കല്‍, ജോസഫ്‌ ജേക്കബ്, കുര്യന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ബോബി മാത്യു, മേരി കുരവക്കല്‍, തോമസ്‌ വര്‍ഗീസ് തുടങ്ങിയവര്‍ വളരെ സജീവമായി പങ്കെടുത്തു.

ജോസഫ് തച്ചാറ എഴുതി വായിച്ച “മൃഗദേവത’’ എന്ന കവിത സമീപകാലത്ത് പശുവെന്ന മൃഗത്തെ ദൈവമായി കരുതി പ്രത്യേകിച്ച്‌ വടക്കെ ഇന്ത്യയില്‍ ഒരുപറ്റം മത ഭ്രാന്തന്മാര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളേയും കോലാഹലങ്ങളേയും ആധാരമാക്കിയുള്ള ഒരു ആക്ഷേപഹാസ്യമായിരുന്നു. ഇത്തരം ആഭാസ പ്രകടനങ്ങള്‍ നവോത്ഥാന ചിന്തകള്‍ക്ക് തീര്‍ത്തും എതിരാണെന്ന് കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top