Flash News

വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ

February 28, 2019

ct-pakistan-india-fighter-pilot-20190228-003സൈനിക നടപടിക്കിടെ പാക്കിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥൻ വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയയ്ക്കും. പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും ഡെസ്ക്കിലടിച്ചാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഭയന്നിട്ടല്ല, സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏത് നടപടി സ്വീകരിക്കാനും പാക്കിസ്ഥാന്‍ തയ്യാറാണെന്നും ഇമ്രാൻഖാൻ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

“ദില്ലിയിലെ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ചില രേഖകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. തുറന്ന ഹൃദയത്തോടെ തന്നെ ഇന്ത്യ കൈമാറിയ തെളിവുകളും വിവരങ്ങളും ഞങ്ങള്‍ പരിശോധിക്കും. അവയില്‍ എന്തെങ്കിലും സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടെങ്കില്‍ അക്കാര്യം സജീവമായി പരിഗണിക്കും.”- പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും വ്യക്തമാക്കി.

screen-shot-2019-02-27-at-10.26.13-amപൈലറ്റിനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകൾക്കൊന്നും ഇല്ലെന്നും പാക്കിസ്ഥാനെ അറിയിച്ചു. പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. വൈമാനികന് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പാക്കിസ്ഥാനുമേൽ രൂപപ്പെട്ടിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരിട്ട് സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താനുള്ള ശ്രമങ്ങളില്‍ ഇടപെട്ടെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് പാക്കിസ്ഥാനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടതും വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും കരുതുന്നു. എന്നാൽ ഇമ്രാന്‍ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്ന നയതന്ത്ര വിദഗ്ധര്‍ സംശയത്തോടെയാണ് പാക്കിസ്ഥാന്റെ നടപടികളെ നിരീക്ഷിക്കുന്നത്.

ഇതിനിടെ, അതിര്‍ത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നതിനാൽ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം ഇന്ത്യ വിളിച്ചു ചേർത്തു. പത്ത് വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്. ജര്‍മ്മനി, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബെൽജിയം അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത്

നിലവിലെ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ തയ്യാറാവുന്ന പക്ഷം അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ഉപാധിയും ഇല്ലാതെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കണം എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ശക്തമായി തന്നെ പാകിസ്ഥാനെ ഇന്ത്യ അറിയിച്ചിരുന്നു. സംയമനം പാലിക്കണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടിരുന്നു. സൗദി വിദേശകാര്യമന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനില്‍ എത്തിയേക്കുമെന്ന് ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി അഭിനന്ദനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന.

അതേസമയം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തും. അതിർത്തിയിലെ സുരക്ഷാ കാര്യങ്ങൾ മന്ത്രി പരിശോധിക്കും. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിലെ മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും. മൂന്നു സേനാ വിഭാഗങ്ങളുടെയും സംയുക്ത വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കും. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവൻമാര്‍‌ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ സേനാമേധാവികൾ മന്ത്രിയുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവും നടക്കും.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. കശ്മീരിലെ സാഹചര്യങ്ങൾ വഷളായതിൽ ജപ്പാൻ ഉത്കണ്ഠ രേഖപ്പെടുത്തി. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ശക്തമായി അപലപിക്കുകയാണെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി താരോ കോനോ പറഞ്ഞു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ആക്രമണ നീക്കങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യസുരക്ഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം മോദി കാണുന്നില്ല. സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും വേണുഗോപാൽ പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top