Flash News

രോഗികളെ ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കുന്ന ആശുപത്രികളും കേരളത്തിലുണ്ട്: മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍

March 1, 2019

vlcsnap-3982-12-28-15h52m16s440കോഴിക്കോട്: കേരളത്തിലെ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സാ ഫീസ് ഈടാക്കുന്നതില്‍ അറവുശാലകളെ പോലെയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. യാതൊരു ഔചിത്യബോധവുമില്ലാതെയാണ് ഫീസ് ഈടാക്കുന്നതെന്ന് സുരേന്ദ്രന്‍ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ കാത്ത് ലാബിന്റെയും എംആര്‍ ഐ സ്‌കാന്‍ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കവെ പറഞ്ഞു.

സഹകരണ ആശുപത്രിയില്‍ 18 കോടി മുടക്കി ഏര്‍പ്പെടുത്തിയ കാത്ത് ലാബില്‍ ആഞ്ചിയോപ്ലാസ്റ്റി, സ്കാനിംഗ് എന്നിവയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതിന്റെ എതാണ്ട് നേര്‍ പകുതിയേ വാങ്ങുകയുള്ളൂ എന്ന ബാങ്ക് പ്രസിഡന്റും മുന്‍ മേയറുമായ എം.ഭാസ്‌ക്കരന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്ന മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ തന്റെ മണ്ഡലത്തില്‍ ഈയ്യിടെ ഉണ്ടായ ഒരനുഭവം വിവരിച്ചു.

“പരിചയത്തില്‍ പെട്ട ഒരാളുടെ മരണ വാര്‍ത്തയറിഞ്ഞു അനുശോചിക്കാന്‍ ചെന്നു. മരിച്ച വ്യക്തിയുടെ ഭാര്യ തന്നെ കണ്ടപ്പോള്‍ അകത്തു പോയി വലിയൊരു കടലാസ് ചുരുളുമായി പുറത്തു വന്നു തന്റെ കയ്യില്‍ ഏൽപ്പിച്ചു. റബ്ബര്‍ ബാന്റിട്ട ആ കടലാസ് ചുരുള് കണ്ട് തെല്ലൊന്ന് അമ്പരന്ന താന്‍ എന്താണ് ഇതെന്ന് അന്വേഷിച്ചു. ഭര്‍ത്താവിനെ ചികിത്സിച്ച മധ്യ കേരളത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയുടെ ബില്ലാണെന്ന് ആ വനിത പറഞ്ഞു. ചുരുള്‍ നിവര്‍ത്തി നോക്കി തിരിച്ചു നല്‍കി എത്ര രൂപയായെന്ന് അന്വേഷിച്ചു. ഒന്നര കോടി രൂപ! 62 ദിവസം വെന്റിലേറ്ററിലായിരുന്നുവത്രെ. മൃതദേഹം വിട്ടു കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ ആദ്യം തയ്യാറായില്ല. കാരണം ബില്‍തുകയില്‍ പത്ത് ലക്ഷം രുപ ബാക്കി നല്‍കാനുണ്ടായിരുന്നുവത്രെ. പിന്നീട് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ബാക്കിയുള്ള പത്ത് ലക്ഷത്തില്‍ ഒരു ലക്ഷം കുറച്ചു നല്‍കിയാല്‍ മതിയെന്ന് അവര്‍ സമ്മതിച്ചു. അങ്ങിനെയൊരു ഔദാര്യം വേണ്ടെന്നും മുഴുവന്‍ തുകയ്ക്കും ചെക്ക് നല്‍കി പ്രിയതമ്‌ന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നുവെന്നും ആ വനിത വിശദീകരിച്ചു” – മന്ത്രിയുടെ ഈ വാക്കുകള്‍ കേട്ട് ഞെട്ടലോടെയാണ് സദസ്യര്‍ പ്രതികരിച്ചത്.

രോഗികളോട് അനുഭാവപൂര്‍വ്വം പെരുമാറുന്ന സ്വകാര്യ ആശുപത്രികള്‍ കേരളത്തിലുണ്ടെന്നും പക്ഷെ ചില ആശുപത്രികള്‍ അങ്ങിനെയല്ലെന്നുള്ളതിന്റെ ധാരാളം അനുഭവങ്ങള്‍ പലര്‍ക്കും നാട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു. അത്‌കൊണ്ടാണ് സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ജില്ലാതലത്തിലെങ്കിലും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എര്‍പ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സഹകരണാശുപത്രിയുടെ സംരംഭം മാതൃകാപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആശുപത്രിയിലെ കാർഡിയോളജി ഐ.സി.യു.മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top