സ്വര്‍ഗ്ഗസ്ഥനായ പിതാവേ! (കവിത)

SWargasthanaya banner-1(മനുഷ്യ വര്‍ഗ്ഗ മഹായാനത്തിലെ മഹത്തായ ഒരു വിളക്കു മരമായിരുന്നു യേശുവിന്റെ ജീവിതം. ദൈവത്തിന്റെയും, മനുഷ്യന്റെയും പ്രതീകവും, പ്രതിനിധിയുമായി ഉജ്ജ്വലിച്ചു നിന്ന ആ വിളക്കു മരത്തില്‍ നിന്നുള്ള പ്രകാശ വീചികള്‍ സഹസ്രാബ്ദങ്ങളുടെ തടസ മതിലുകള്‍ തുരന്ന് ഇന്നും മനുഷ്യ ജീവിതത്തില്‍ വെളിച്ചമായി പരന്നൊഴുകുന്നു. ” നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിപ്പീന്‍ ” എന്ന് പറഞ്ഞു കൊണ്ട് അവിടുന്ന് മനുഷ്യ രാശിയെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, സര്‍വ പ്രപഞ്ചത്തേയും ഉള്ളിലൊതുക്കി നില്‍ക്കുന്ന ‘ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന് തുടങ്ങുന്ന എട്ടു വാചകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥന. ഒരു ക്രിസ്ത്യാനിക്ക് എന്നല്ല, മനുഷ്യന്‍ ഉള്‍പ്പടെയുള്ള സര്‍വ ചരാചരങ്ങല്‍ക്കും ഇതില്‍ കൂടുതലായി ഒന്നും പ്രാര്‍ത്ഥിക്കേണ്ടതില്ലാ. ഒരുവന്റെ മാനസികമായ നാല് അന്തര്‍ദ്ദാഹങ്ങളെയും, ശാരീരികമായ നാല് അന്തര്‍ദ്ദാഹങ്ങളെയും ഫുള്‍ഫില്‍ ചെയ്യുന്നവയാണ് ഈ എട്ടു വാചകങ്ങള്‍. ആത്മാര്‍ത്ഥതയോടെ, അര്‍പ്പണബോധത്തോടെ ഈ എട്ടു വാചകങ്ങള്‍ അര്‍ഥിക്കുന്നതായാല്‍ മാനസികമായും, ശാരീരികമായും അനുഭവപ്പെടുന്ന ഒരു നിറവില്‍ നിങ്ങള്‍ സ്വയം ആയിത്തീരുന്നതായി അനുഭവപ്പെടുന്നതാണ്. അനുപമമായ ഈ പ്രാര്‍ത്ഥനാ മന്ത്രത്തിന്റെ അഗമ്യമായ ആഴങ്ങളിലേക്ക്, അത് വിഭാവനം ചെയ്യുന്ന ‘ അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും ‘ എന്ന വിശാല സ്വപ്നത്തിലേക്ക് ഒരെത്തി നോട്ടം.)

അവിടുത്തെ തിരുനാമത്തിന്
മഹത്വമുണ്ടാകട്ടെ !
സകല ഭൂമിയിലും, ഭൂമിയുടെ അറ്റങ്ങളിലും,
സകല ഗൃഹങ്ങളിലും, അവയുടെ ഉപഗ്രഹങ്ങളിലും,
ക്ഷീര പഥത്തിലെ കേവല നക്ഷത്രമായ
സൂര്യനിലും,
സൂര്യന്റെ കുട്ടികള്‍ കളിച്ചു വളരുന്ന
ക്ഷീര പഥത്തിലും,
അനന്ത കോടി ക്ഷീര പഥങ്ങളുടെ
ഭണ്ഡാകാരമായ പ്രപഞ്ചത്തിലും,
അവയുടെ ചൈതന്യമായി,
ആത്മാവായി,
ശക്തി സ്രോതസ്സായി,
അവിടുന്ന് നിറഞ്ഞു നില്‍ക്കുന്നുവല്ലോ?

പദാര്‍ത്ഥങ്ങളുടെ
ഘടനാ വിഘടനാ പ്രിക്രിയയിലെ
വര്‍ത്തമാനാവസ്ഥ
അതാണ് പ്രപഞ്ചം !
ഘടിച്ചും, വിഘടിച്ചും
പ്രപഞ്ച വസ്തുക്കള്‍ രൂപം കൊള്ളുന്നു !
ഘടിപ്പിക്കപ്പെട്ടത് വിഘടിപ്പിക്കപ്പെടുന്നു,
വിഘടിപ്പിക്കപ്പെട്ടത് ഘടിപ്പിക്കപ്പെടുകയും?
വസ്തുക്കള്‍ക്ക് നാശം സംഭവിക്കുന്നില്ലാ,
മാറ്റം സംഭവിക്കുന്നതേയുള്ളു.
അചേതനമെന്ന് വിവക്ഷിക്കുന്ന വസ്തുക്കളില്‍പ്പോലും,
അജ്ഞാതമായ ഒരു സ്പന്ദനം !
എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന സജീവ തേജസ്സ് !
സര്‍വ്വ പ്രപഞ്ചത്തെയും കൂട്ടിയിണക്കുന്ന
ഒരു മാസ്മരിക ചരട്,
ആ ചരടിന്റെ ഇഴകളില്‍ വര്‍ത്തിക്കുന്ന
ഒരു കണ്‍ട്രോളിംഗ് പവ്വര്‍,
നിയന്ത്രണ കേന്ദ്രം !

അനുസ്യൂതവും, അവിരാമവുമായി
ആവിഷ്ക്കരിക്കപ്പെടുന്ന രംഗങ്ങള്‍ !
രാവിലെ സൂര്യന്‍ ഉദിക്കാതിരിക്കുന്നില്ല,
രാവില്‍ നിലാവ് പരക്കാതിരിക്കുന്നില്ല,
വസന്തവും, ശിശിരവും വരാതിരിക്കുന്നില്ല,
പൂക്കളും,തുന്പികളും സന്ധിക്കാതിരിക്കുന്നില്ല,
എവിടെയും ഒരു ഹര്‍ഷ പുളകം,
അവിടെയും ഒരു സജീവ സാന്നിധ്യം !

ഇവക്ക് ഒരു താളവും ചലനവുമുണ്ട്,
താള നിബദ്ധമായ ചലനം !
ആകര്‍ഷണ വികര്‍ഷണങ്ങള്‍ക്കിടയില്‍,
ആപേക്ഷിക, നിരാപേക്ഷികത !
ഐന്‍സ്‌റ്റെയിന്‍ മൂക്കത്ത് വിരല്‍ ചേര്‍ക്കുന്നു,
പ്രപഞ്ച ചേതനയുടെ ആത്മാവിഷ്ക്കാരം !,

ഗ്രഹങ്ങള്‍ കൂട്ടി മുട്ടുന്നില്ലാ,
ഉല്‍ക്കകള്‍ നമ്മുടെ ഉച്ചിയില്‍ പതിക്കുന്നില്ല,
സമുദ്രങ്ങള്‍ കരകളെ വിഴുങ്ങുന്നില്ലാ,
യുഗ യുഗാന്തരങ്ങളായി ഭൂമിയിലെ മണ്ണ്
വളക്കൂറുള്ളതായി തുടരുന്നു,
അതിലെ സസ്യങ്ങള്‍ തഴച്ചു വളരുന്നു,
അവയെ ആഹാരമാക്കി ജന്തുക്കള്‍ പുലരുന്നു !

ഞാഞ്ഞൂലുകള്‍
തങ്ങളുടെ മാളങ്ങളില്‍ നിന്ന് പുറത്തു വന്ന്
ഇണകളെ സന്ധിക്കുന്നു.
കാട്ടാടുകള്‍ സമയത്ത് ചനയേല്‍ക്കുന്നു,
തൂക്കായ പാറക്കെട്ടുകളില്‍ അവ പ്രസവിക്കുന്നു,
അവയുടെ കുട്ടികള്‍ക്ക് കാല്‍ വഴുതുന്നില്ല.
കരിം കല്ലുകളില്‍,
അവയുടെ കുളന്പടിയുടെ ‘ ധിം ‘ കാരവം.
മല നിരകള്‍ക്കൊടുവില്‍
മാനം ഐഡി മുഴക്കുന്നു,
മഴ പെയ്ത് ഭൂമിയെ തണുപ്പിക്കുന്നു.
കരിന്പും, കാഞ്ഞിരവും ഒരേ മണ്ണില്‍ വളരുന്നു,
ഒരേ ജലം കൊണ്ട് നനക്കപ്പെടുന്നു,
എന്നിട്ടും ഒന്നില്‍ മധുരവും, മറ്റേതില്‍ കൈപ്പും ?
സയന്‍സിന് ഉത്തരം കിട്ടുന്നില്ല,
അന്വേഷണങ്ങള്‍ക്ക് അവസാനമാകുന്നില്ല.

ആകാശത്തിലെ പറവകള്‍ പാടുന്നു,
ചക്രവാളങ്ങളിലേക്ക് പറക്കുന്നു,
മുട്ടയിട്ട് അടയിരിക്കുന്നു, തലമുറകളെ വിരിയിക്കുന്നു !
വിതക്കുന്നില്ല, കൊയ്‌യുന്നില്ല,
കളപ്പുരകള്‍ കെട്ടുന്നില്ല,
കൂട്ടി വച്ച് നശിപ്പിക്കുന്നില്ല.
കാട്ടു ചെടികള്‍ അവക്ക് വേണ്ടി പൂക്കുന്നു,
ഏതു കാലത്തും ഫലം പുറപ്പെടുവിക്കുന്നു,
പക്ഷികള്‍ പട്ടിണി കൊണ്ട് മരിക്കുന്നില്ല,
ദൈവം അവക്ക് വേണ്ടി കരുതുന്നു !

സമുദ്രത്തിലെ മല്‍സ്യങ്ങള്‍ പെറ്റു പെരുകുന്നു,
‘അമ്മ അവയെ പരിചരിക്കുന്നേയില്ല,
അടയിരിക്കുന്നില്ല, മുലയൂട്ടുന്നില്ല.
കാലാ കാലങ്ങളില്‍
അമ്മക്ക് പേറ്റുനോവ് തട്ടുന്നു,
വിസര്‍ജ്ജന സുഖം അനുഭവേദ്യമാവുന്നു,
ലക്ഷോപലക്ഷം മുട്ടകള്‍ പുറത്തു വരുന്നു,
സൂര്യപ്രകാശം അവയെ വിരിയിക്കുന്നു !
കടല്‍പ്പായല്‍ അവക്ക് ആഹാരമാവുന്നു,
പ്രകൃതി തഴുകി അവയെ വളര്‍ത്തുന്നു,
മൃദു ചിറകുകള്‍ വീശി അവ തുഴഞ്ഞു പോകുന്നു.
ഉപരിതലവും, അടിത്തട്ടും അവക്ക് സുപ്രാപ്യമാവുന്നു !

മരങ്ങള്‍ക്ക് മനസ്സുണ്ടോ ?
കല്ലുകള്‍ക്ക് കരളുണ്ടോ ?
ഉണ്ടെന്നു പറയുവാന്‍ നാമാര് ?
ഇല്ലെന്നു പറയുവാന്‍ നാമാര് ?
വ്യവച്ഛേദിക്കാനാവാത്ത സത്യങ്ങള്‍,
പ്രപഞ്ച സനാതന സത്യം !
‘ യാദൃശ്ചികത ‘ യുടെ സിദ്ധാന്തങ്ങള്‍ തോല്‍ക്കുന്നു,
അവയുടെ വാള്‍പ്പല്ലുകള്‍ മടങ്ങുന്നു,
പ്രപഞ്ച ചേതനയുടെ സര്‍ഗ്ഗ ഭണ്ഡാകാരം,
അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം,
അഗമ്യം, അനിഷേധ്യം, അപ്രമേയം !

പെറ്റുവീണ കുട്ടിയുടെ ആത്മാവില്‍ ഒരാമന്ത്രണം,
തനിക്കു വേണ്ടി കരുതി വച്ച പാല്‍ക്കുടത്തിന്റെ സ്വപ്നം.
അമ്മയുടെ മുലക്കാന്പില്‍ ഒരു തുടുപ്പ്,
വിസര്‍ജ്ജന സുഖത്തിന്റെ അഭിനിവേശം !
തപ്പിത്തടയുന്ന ചോരിവായില്‍,
മുല ഞെട്ടുകളുടെ ദിവ്യ സ്പര്‍ശന മിറാക്കിള്‍
ചുരന്നൊഴുകുകയായി,
പ്രപഞ്ച സ്‌നേഹ പ്രചുരിമയുടെ പ്രവാഹിനി !
പ്രപഞ്ചം സ്‌നേഹത്തിനായി ദാഹിക്കുന്നു,
പ്രപഞ്ചം സ്‌നേഹത്തില്‍ നില നില്‍ക്കുന്നു,
പ്രപഞ്ചത്തിന്റെ ആത്മാവുകുന്നു ദൈവം,
ദൈവം സ്‌നേഹമാകുന്നു !

രാത്രി പകലുകള്‍ വന്നു പോകുന്നു!
ശബ്ദാനമായ പകലുകള്‍, നിശബ്ദ രാത്രികള്‍.
രാത്രിയാമ സുഷുപ്തികളില്‍ നാം മരിക്കുന്നു,
തിരിച്ചറിയലിന്റെ ചരടുകള്‍ അയഞ്ഞ്,
നമ്മുടെ അസ്തിത്വം നമുക്ക് നഷ്ടമാവുന്നു.
അനന്തമായ പ്രപഞ്ചത്തിലെ,
അനേക കോടി വസ്തുക്കളിലെ,
കേവലമൊന്നു മാത്രമായിത്തീരുന്നു നാം?
പ്രപഞ്ച മഹാ സാഗരത്തിലെ,
അളവില്ലാത്ത അതിന്റെ ജല ശേഖരത്തിലെ,
ഒരംശം മാത്രമാകുന്നു നമ്മള്‍?
അവിടെ നമ്മള്‍ എന്ന തുള്ളിയില്ല,
കോടാനുകോടി തുള്ളികള്‍ ചേര്‍ന്നുണ്ടായ
ജല ശേഖരം മാത്രമായി നമ്മള്‍.
ഉണര്‍ന്നിരുന്നപ്പോള്‍ നാം തുള്ളിയായിരുന്നു,
മത്തായിയോ, മമ്മതോ എന്ന പ്രത്യേക തുള്ളി.
ഈ ‘ തുള്ളി ‘ ത്വമായിരുന്നു നമ്മുടെ ഭൗതിക അസ്തിത്വം,
ഉറങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായത്,
‘ തുളിത്വ’ മെന്ന ഈ ആസ്തിത്വമായിരുന്നു,
എല്ലാ പ്രപഞ്ച വസ്തുക്കളെയും പോലെ ഒന്ന്,
സ്ഥൂലപ്രപഞ്ചത്തിന്റെ ഭാഗം മാത്രമായ
ഞാനും, നീയും എന്ന പ്രപഞ്ച ഭാഗം !

രാത്രി യാമങ്ങളുടെ അബോധ തമസ്സില്‍,
വെളിച്ചത്തിന്റെ തരിയായി ജനിക്കുന്ന ബോധാവസ്ഥ,
സുഷുപ്തിയുടെ മൃദു തന്തുവില്‍,
ഒരു സ്‌പോടനം സൃഷ്ടിച്ചു നമ്മെ ഉണര്‍ത്തുന്നു.
ദൈവം നമ്മിലേക്ക് വരുന്നു.
പ്രത്യാശയുടെ തിളക്കം അനുഭവേദ്യമാകുന്നു.
അനാസ്തിത്വത്തില്‍ നിന്നും ആസ്തിത്വത്തിലേക്ക്,
സ്വപ്നങ്ങളിലേക്ക്, ശബ്ദങ്ങളിലേക്ക്,ചലനങ്ങളിലേക്ക്,
ജീവിതത്തിലേക്ക്, ജീവിത സമസ്യകളിലേക്ക്,
അതിന്റെ അര്‍ത്ഥ തലങ്ങളിലേക്ക്,
നമ്മുടെ വര്‍ത്തമാനാവസ്ഥയിലേക്ക് !

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അവിടുത്തെ തിരുനാമത്തിന് മഹത്വമുണ്ടാവട്ടെ !
ആദി മുതല്‍ അനാദി വരെ,
സര്‍വ കാലത്തോളവും !!!

അടുത്തതില്‍:
“അവിടുത്തെ രാജ്യം വരേണമേ !”

Print Friendly, PDF & Email

Related News

Leave a Comment