പാക്കിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തെളിവുകളില്ലെന്ന് സ്ഥിരീകരിച്ച് ഉപഗ്രഹ ചിത്രങ്ങള്‍

balakotപുല്‍‌വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക്കിസ്താനിലെ ബാലാക്കോട്ടില്‍ നടത്തിയ ബോംബാക്രമണം വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായി. ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക്ക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) മുഖേന അമേരിക്കന്‍ കമ്പനിയായ പ്ലാനറ്റ് ലാബ് ആണ് ഇന്ത്യ ബോംബ് വര്‍ഷിച്ച സ്ഥലത്തെ ചിത്രങ്ങള്‍ ശേഖരിച്ചത്. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് ഇതിന്റെ ആഘാതം കമ്പനി വിലയിരുത്തിയിട്ടുള്ളതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

12 മിറാഷ് യുദ്ധ വിമാനങ്ങള്‍ 10000 കിലോ ബോംബുകള്‍ വര്‍ഷിച്ച് മുപ്പതോളം ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് 350 ഭീകരരെ വധിച്ചു എന്നായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതൊന്നും ചിത്രങ്ങളില്‍ വ്യക്തമല്ല. വനപ്രദേശത്ത് ബോബ് വീണ സ്ഥലങ്ങള്‍ ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതാകട്ടെ കെട്ടിടങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥലങ്ങളിലുമാണ്. ബോംബ് വീണതില്‍നിന്ന് ഏറെ മാറിയാണ് പ്രദേശത്തുള്ള ഏതാനും കെട്ടിടങ്ങള്‍. ഇവയ്ക്ക് പോറലൊന്നും ഏറ്റിട്ടില്ലെന്നാണ് ആ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

ഫെബ്രുവരി 26നായിരുന്നു ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തികടന്ന് ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ഫെബ്രുവരി 27 ന് രാവിലെ എടുത്ത ചിത്രത്തിലാണ് പ്ലാനറ്റ് ലാബ് പഠനം നടത്തിയത്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ അസറിന്റെ അളിയന്‍ മൗലാന യുസഫ് അസര്‍ ഉള്‍പ്പടെ 350ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ഇന്ത്യന്‍ വ്യോമസേനയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനടുത്ത ദിവസം സംഭവ സ്ഥലത്തെ ചിത്രങ്ങള്‍ പാക് മാധ്യമങ്ങളും അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും അല്‍ജസീറയും പുറത്തുവിട്ടിരുന്നു. സ്‌ഫോടനത്തില്‍ സംഭവിച്ചതുപോലുള്ള വലിയ കുഴികളുടേതായിരുന്നു ചിത്രങ്ങള്‍.

ഭീകര താവളമെന്ന് ഇന്ത്യ അവകാശപ്പെടുന്ന സ്ഥലത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന സംശയങ്ങളാണ് ഇപ്പോള്‍ ലഭിച്ച സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്. വനവും കൃഷിയിടവും ഉള്‍പ്പെടുന്നതാണ് ആക്രമണം നടത്തിയ സ്ഥലം. 150 നും 200 നും മീറ്ററിനിടയില്‍ മൂന്ന് സ്ഥലത്ത് വലിയ കുഴികള്‍ രൂപപ്പെട്ട ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് പ്രാദേശിക പത്ര ലേഖകനും അവകാശപ്പെടുന്നുണ്ട്.

ഫെബ്രുവരി 26 ന് പുലര്‍ച്ചെ പാക് അധീന കാശ്മീരിലെ ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയ് ഖോഖലെ സ്ഥിരീകരിച്ചിരുന്നു. ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് തകര്‍ത്തതെന്ന് വിജയ് ഖോഖലെ അറിയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം ജയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂട്ടിയുളള ആക്രമണം നടത്തിയത്.

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ 1000 കിലോ ബോംബുകള്‍ വര്‍ഷിച്ചതായും 350 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നും മറ്റുമുള്ള സൈന്യത്തിന്റെ അനുമാനവും പുറത്തുവന്നിരുന്നു. ഈ വാദങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ് പ്ലാനറ്റ് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍.

ഇന്ത്യ പറയുന്ന തരത്തില്‍ ആക്രമണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി അല്‍ ജസീറ

balakot1പാക് അതിര്‍ത്തി കടന്ന് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തെന്ന ഇന്ത്യന്‍ വാദം തള്ളി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ബോംബാക്രമണം പാക് അതിര്‍ത്തിയിലെ ആള്‍ത്താമസില്ലാത്ത പ്രദേശങ്ങളിലും വിജനമായ വന മേഖലയിലും കൃഷിഭൂമിയിലുമാണ് പതിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജെയ്ഷയുടെ ഒരു രഹസ്യ പരിശീലന കേന്ദ്രം ബോംബ് പതിച്ചതിന്റെ സമീപത്തുണ്ടായിരുന്നെന്നാണ് സൂചന.

പാകിസ്താനിലെ വടക്കന്‍ ഗ്രാമമായ ജാബയുടെ വിജനമായ പാടങ്ങളിലാണ് ബോംബുകള്‍ പതിച്ചത്. തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് നൂറുകിലോമീറ്റര്‍ മാറിയാണ് ഇത്.

പ്രദേശത്തെ പൈന്‍ മരങ്ങളും പാറകളും ബോംബാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇതൊഴിച്ചാല്‍ മറ്റ് യാതൊരു നാശ നഷ്ടമോ അപകടങ്ങളോ പ്രദേശത്തുണ്ടായിട്ടില്ല. ബോംബിന്റെ അവശിഷ്ടങ്ങള്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

balakot2ചൊവ്വാഴ്ച പുലര്‍ച്ചെ പാക് അതിര്‍ത്തി കടന്ന് ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങള്‍ വ്യോമ സേന ബോംബിട്ട് തകര്‍ത്തെന്നായിരുന്നു ഇന്ത്യ അവകാശപ്പെട്ടത്. നിരവധി ഭീകരരും പരിശീലകരും മുതിര്‍ന്ന പാക് കമാന്‍ഡോകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അല്‍ ജസീറ പ്രദേശത്തെത്തി നിജസ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബോംബ് വീണ കൃഷിഭൂമിയുടെ ചിത്രങ്ങളും പരുക്കേറ്റ കര്‍ഷകന്റെ പ്രതികരണവുമെല്ലാം ചേര്‍ത്താണ് അല്‍ ജസീറയുടെ പാകിസ്താനില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട്.

വ്യോമാക്രമണ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പ്രദേശത്തെ ആശുപത്രികളിലേക്ക് എത്തിവരും തങ്ങള്‍ ബോംബാക്രമണങ്ങളില്‍ പരിക്കേറ്റവരെയോ മൃതശരീരങ്ങളോ അവിടെ കണ്ടില്ലെന്ന് വ്യക്തമാക്കി. ഇത്തരത്തില്‍ അപകടം സംഭവിച്ച ആരും ചികിത്സ തേടി ആശുപത്രിയിലെത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറയുന്നു.

ഇന്ത്യയുടെ രണ്ട് ബോംബുകള്‍ വീണത് നൂറാന്‍ ഷാ എന്ന കര്‍ഷകന്റെ കൃഷിഭൂമിയിലാണ്. നൂറാന്‍ ബോംബ് വീണതിനെക്കുറിച്ച് പറയുന്നതിങ്ങനെ, ഉറങ്ങുകയായിരുന്ന ഞാന്‍ വലിയ ശബ്ദംകേട്ട് ഞെട്ടി എഴുന്നേല്‍ക്കുകയായിരുന്നു. ഉടനെ പുറത്തേക്കിറങ്ങി ഓടി. രണ്ടാമത്തെ പൊട്ടിത്തെറിയും സമീപത്തുനിന്നും കേട്ടു. പുറത്തിറങ്ങി നോക്കുന്ന സമയത്ത് കല്ലിന് സമാനമായ എന്തോ വസ്തു നെറ്റിയില്‍ പതിച്ച് മുറിവുണ്ടായെന്നും നൂറാന്‍ പറയുന്നു.

balakot3
നൂറാന്‍ ഷാ

പൊട്ടിത്തെറി കേട്ട് വീടിന് പുറത്തേക്കിറങ്ങിയ അയല്‍വാസി സെയ്ദ് റഹ്മാന്‍ ഷായ്ക്കും പറയാനുള്ളത് സമാന അനുഭവമാണ്. സെക്കന്റുകള്‍ക്കുള്ളില്‍ നാലോളം വലിയ ശബ്ദങ്ങള്‍ കേട്ടു. പ്രദേശത്ത് തീയും പുകയും നിറഞ്ഞു. തലയില്‍ എന്തോ വന്ന് ഇടിച്ച് ബോധരഹിതനായി നിലത്തുവീണ സെയ്ദിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ജെയ്ഷ നേതാവ് മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

കശ്മീര്‍ അതരിര്‍ത്തി പട്ടണമായ പുല്‍വാമയില്‍ ജെയ്ഷ ഇ മുഹമ്മദിന്റെ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ 42 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്.

ജെയ്ഷ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനി ഇന്റലിജന്‍സ് ആണെന്നതിന് തെളിവുണ്ടെന്ന് ഇന്ത്യയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പാകിസ്താന്‍ തള്ളി. 2002 മുതല്‍ രാജ്യത്ത് ജെയ്ഷയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നുമാണ് പാകിസ്താന്‍ പറയുന്നത്. 1999ല്‍ ഇന്ത്യന്‍ കസ്റ്റഡിയില്‍നിന്നും മോചിതനായതിന് ശേഷമാണ് മസൂദ് അസ്ഹര്‍ ജെയ്ഷ ഇ മുഹമ്മദ് സ്ഥാപിച്ചത്.

Print Friendly, PDF & Email

Related News

Leave a Comment