Flash News

ചർച്ച് ആക്ടിനെപ്പറ്റി സത്യവിരുദ്ധ പ്രസ്താവനകള്‍

March 2, 2019 , ചാക്കോ കളരിക്കല്‍

Chacko Kalarikal1. ചര്‍ച്ച് ആക്ടിനെപ്പറ്റി പാംപ്ലാനി മെത്രാന്റെ അഭിപ്രായം. 2018 മാര്‍ച്ചിലാണെന്ന് തോന്നുന്നു, അദ്ദേഹം ഏതാണ്ട് ഇപ്രകാരം എഴുതി. ചര്‍ച്ച് ആക്ട് എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെയാണ്. എല്ലാ സ്വത്തും സര്‍ക്കാരിന് കൊണ്ടുപോയി സമര്‍പ്പിക്കലാണ്.

ചര്‍ച്ച് ആക്ടിനെപ്പറ്റി ആദ്യമായി തിരുവാ തുറന്ന പാംപ്ലാനി മെത്രാന് അഭിനന്ദനങ്ങള്‍. എങ്കിലും എല്ലാ സ്വത്തും സര്‍ക്കാറിന് സമര്‍പ്പിക്കലാണ് ചര്‍ച്ച് ആക്ട് ചെയ്യുന്നതെന്ന ഒന്നാംതരം കള്ളപ്രസ്താവന ചെയ്തതിന് മാപ്പില്ലാതെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

2. പോള്‍ തേലേക്കാട്ടച്ചന്‍ മംഗളം പത്രത്തില്‍ എഴുതിയത്: “സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്കോ?”

2009-ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്‌ണയ്യര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കരടു ബില്ലിലോ 2019-ല്‍ ജസ്റ്റിസ് കെ റ്റി തോമസ് സര്‍ക്കാരിനു സമര്‍പ്പിച്ച കരടു ബില്ലിലോ ഏതു വകുപ്പാണ് സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കണമെന്ന് പറയുന്നത്?

3. മെത്രാന്‍ സിനഡിനു ശേഷം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലറില്‍ ഇപ്രകാരം വായിക്കുന്നു: “സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നു.”

കരടു ബില്ലിലെ ഏതു വകുപ്പിലാണ് സഭാസ്വത്തുക്കള്‍ സര്‍ക്കാരിനെ ഏല്പിക്കണമെന്ന് പറഞ്ഞിരിക്കുന്നത്? സഭാസ്വത്തുക്കള്‍ സുതാര്യമായി ഭരിക്കപ്പെടുന്നതിനുള്ള വകുപ്പുകളേ കരടു ബില്ലില്‍ ഉള്ളു. ആ സത്യം അറിഞ്ഞുകൊണ്ട് പച്ചക്കള്ളം മെത്രാന്മാരും അച്ചന്മാരും എഴുതിവിടുന്നു. കുഞ്ഞാടുകള്‍ മൊത്തം പൊട്ടന്മാരാണെന്ന് നിങ്ങള്‍ ദയവായി ധരിക്കരുത്. സത്യം വിളിച്ചു പറയുന്നവരെ സഭാവിരുദ്ധരാക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് ഇനി വിലപ്പോകുകയുമില്ല.

4. ചര്‍ച്ച് ആക്ടിനെപ്പറ്റി കെസിബിസിയുടെ സര്‍ക്കുലറില്‍ കൊടുത്തിരിക്കുന്നത്: “ക്രൈസ്തവ സഭകളെ പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ താല്പര്യമുള്ളതുകൊണ്ടോ വ്യക്തിപരമായ കാരണങ്ങളാല്‍ സഭയോടും സഭാധികാരികളോടും വിദ്വേഷം വെച്ചു പുലര്‍ത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്‌ത താല്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മര്‍ദ്ദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സഭയിലെ അസംതൃപ്‌തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്. സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല.”

ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളുടെയും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളുടെയും അഭിപ്രായണെങ്കില്‍ കെസിബിസി എന്തിന് വ്യാകുല പ്രസംഗം നടത്തുന്നു? സഭാ വിശ്വാസികളുടെ പൊതു അഭിപ്രായമല്ലന്ന് പ്രസ്താവിക്കാന്‍ ചര്‍ച്ച് ആക്ട് വിഷയത്തില്‍ വിശ്വാസികളുടെ ഇടയില്‍ കെസിബിസി ഒരു സര്‍വേ നടത്തിയോ? വിശ്വാസികളെയും ലോ കമ്മീഷനെയും അവഹേളിക്കുന്ന ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്ന കെസിബിസിയോട് സഹതാപം തോന്നുന്നു.

5. ഇനി വേറൊരു റവ. ഡോ. യുടെ വിലാപം: ജോര്‍ജ് തെക്കേക്കരയച്ചന്‍ നേര്‍ക്കാഴ്ച്ച എന്ന പ്രസിദ്ധീകരണത്തില്‍ “ക്രൈസ്തവസഭകളുടെ സ്വത്ത് ദേശസാല്‍ക്കരിച്ച്‌ ഗവണ്മെന്റിന്റെ അധീനതയിലാക്കണമെന്ന് ശഠിക്കുന്ന……” ചര്‍ച്ച് ആക്ടിന് ‘ദേശസാല്‍ക്കരണ’ സിന്‍ഡ്രോം ചാര്‍ത്തിക്കൊടുക്കാന്‍ ഇദ്ദേഹത്തിന് എവിടെന്നാണാവോ ഐഡിയ കിട്ടിയത്. സിവില്‍ നിയമത്തിലും കാനോന്‍ നിയമത്തിലും ഡിഗ്രിയുള്ള ദേഹം. അധികാരത്തിന്റെ തിമിരം പിടിച്ചാല്‍ ഡിഗ്രി കൊണ്ടൊക്കെ എന്തു പ്രയോജനം?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top