Flash News

അഭിനന്ദനെ മാനസികമായി പീഡിപ്പിച്ചു; നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പ്രതിഷേധം അറിയിക്കാനൊരുങ്ങി ഇന്ത്യ

March 3, 2019

D0pLr57U0AA9RWmഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചേക്കും. പാകിസ്ഥാന്‍ കരസേനയും ഐഎസ്‌ഐ ഉദ്യോഗസ്ഥരും തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചുവെന്നാണ് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവരം. ഇത് ജനീവ കരാറിന്റെ ലംഘനമാണെന്ന് കാണിച്ച് നയതന്ത്രതലത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ആലോചിക്കുന്നത്. വ്യോമസേനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

അഭിനന്ദന്‍ വര്‍ദ്ധമാനെ തടങ്കലില്‍ വച്ചിരിക്കുമ്പോള്‍ ചിത്രീകരിച്ച നിരവധി വീഡിയോകള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ സേന തന്നോട് മാന്യമായാണ് പെരുമാറിയതെന്നാണ് ഈ വീഡിയോകളില്‍ അഭിനന്ദന്‍ പറയുന്നത്. എന്നാല്‍ ഇവ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതായിരുന്നുവെന്ന് അഭിനന്ദന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അഭിനന്ദന്റെ വാരിയെല്ലിന് നേരിയ പരിക്കുണ്ടെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പരിക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്ന് രണ്ട് ദിവസത്തിനുളള്ളില്‍ അഭിനന്ദന്‍ ആശുപത്രി വിട്ടേക്കും. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിത്. പാകിസ്താന്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്ന് സ്‌കാനിംഗില്‍ വ്യക്തമായെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

D0pdAhaUcAATBKWവ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ (എഎഫ്‌സിഎംഇ) നടത്തിയ വൈദ്യപരിശോധനകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വിമാനം നല്ല ഉയരത്തിലായിരുന്നപ്പോഴാണ് അഭിനന്ദന്‍ സീറ്റ് സഹിതം എടുത്തെറിയപ്പെട്ടത്. പാരഷൂട്ട് ഉപയോഗിച്ചാണു നിലത്തിറങ്ങിയതെങ്കിലും നട്ടെല്ലിനു ചെറിയ പരിക്കേറ്റിട്ടുണ്ടെന്നാണ് സ്‌കാനിംഗില്‍ വ്യക്തമാകുന്നത്.

കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമ വ്യൂഹങ്ങളിലുള്ളവരുടെ ചികിത്സയ്ക്കുള്ളതാണ് എഎഫ്‌സിഎംഇ.

അതേസമയം അഭിനന്ദനെ വ്യോമസേന ഇന്റലിജൻസ്, ഐബി, റോ എന്നീ ഏജൻസികൾ ചോദ്യം ചെയ്യും. പാകിസ്താൻ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാൽ ജനീവ കൺവൻഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ‌അഭിനന്ദൻ വർധമാൻ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും ഇന്നലെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.

അഭിനന്ദനുമായി കുടുംബാംഗങ്ങൾ സമയം ചെലവഴിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ കലുഷിതമായ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന സംജോത എക്സ്പ്രസ്സ്‌ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top