വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 21)

21 banner sizedനമ്മുടെ നാട്ടിലെ കോടതികളില്‍ കാത്തിരിക്കാന്‍ ബലമുള്ള ഇരുമ്പിന്റെ കാലും ചെലവാക്കാന്‍ പണമുള്ള സ്വര്‍ണത്തിന്റെ കൈയും അത്യന്താപേക്ഷിതമാണ്. ഒച്ചിഴയുന്നതു പോലെ മാത്രമേ കേസ് മുന്നോട്ട് പോവുകയുള്ളൂ. ജസ്റ്റീസ് ഡിലൈഡ് ഈസ് ജസ്റ്റീസ് ഡിനൈഡ് എന്നും ജുഡീഷ്യല്‍ ആക്ടിവിസം എന്നും പറയുന്നതൊക്കെ തികച്ചും ആലങ്കാരികമായി മാത്രമാണ്.

മീഡിയേഷന്‍ കഴിഞ്ഞു വന്ന ഡേറ്റില്‍ അവളുടെ വക്കീല്‍ കോടതി കൂടിയ നിമിഷം തന്നെ ഹാജരായി. അവള്‍ എത്തും മുന്‍പേ വക്കീല്‍ വന്നിരുപ്പായിക്കഴിഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് വന്നില്ല. ജഡ്ജി അയാളെ ഫോണില്‍ വിളിച്ച് ‘സ്വയം വരുന്നുണ്ടോ അതോ പോലീസിനെ വിടണോ’ എന്ന് ചോദിച്ചു. അപ്പോഴാണ് അയാള്‍ വരാന്‍ തയാറായത്.

കുട്ടിയെ തരില്ലെന്നും കോടതി ഓര്‍ഡര്‍ അനുസരിക്കാന്‍ സാധ്യമല്ലെന്നും അയാള്‍ ജഡ്ജിയോട് പറഞ്ഞു. കുട്ടിക്ക് ഇഷ്ടമില്ലെന്ന് പറഞ്ഞു കഴിഞ്ഞല്ലോ എന്നും അയാള്‍ പറയാതിരുന്നില്ല. കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അയാള്‍ അറസ്റ്റിലാകുമെന്നും കുട്ടിയെ പോലീസിനെക്കൊണ്ട് കോടതിയില്‍ കൊണ്ടുവരീക്കാന്‍ ജഡ്ജിയെ നിര്‍ബന്ധിക്കരുതെന്നും ജഡ്ജി അയാളെ താക്കീതു ചെയ്തു.

അയാള്‍ വഴങ്ങിയില്ല. ജഡ്ജിയുടെ ഉത്തരവ് അയാള്‍ മാനിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ കൊണ്ടുവരാന്‍ ജഡ്ജി പോലീസിനു നിര്‍ദ്ദേശം നല്‍കി. ഒരാഴ്ച സമയമായിരുന്നു അനുവദിച്ചത്.

അവള്‍ക്ക് യാതൊരു മനസ്സമാധാനവുമുണ്ടായിരുന്നില്ല. ഒരാഴ്ചയില്‍ മോനെ കിട്ടുമോ കിട്ടുകയില്ലയോ അവനിണങ്ങുമോ ഇണങ്ങുകയില്ലയോ ബോര്‍ഡിംഗ് സ്‌കൂളില്‍ വിടാന്‍ കഴിയുമോ ഇല്ലയോ …

ആലോചിച്ചാലോചിച്ച് അവള്‍ തളര്‍ന്നു. .

ജോലി അവളിലെ സ്ത്രീയുടെ ഏറ്റവും വലിയ ആശ്വാസവും പ്രതീക്ഷയും സമരവും ആവുന്നതെങ്ങനെയെന്ന് ഇക്കാലങ്ങളില്‍ അവള്‍ക്ക് മനസ്സിലായി.

അവള്‍ പുരുഷന്മാരായ എന്‍ജിനീയര്‍മാര്‍ മാറി നില്‍ക്കുന്ന അപകടം പിടിച്ച മേഖലകളില്‍ കൂടി വൈദഗ്ദ്ധ്യം നേടുകയായിരുന്നു. ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങാനും ആകാശത്തിന്റെ ഉയരങ്ങളിലേക്ക് കയറിപ്പോകാനും അവളിലെ പെണ്ണിന് ഭയം തോന്നിയതേയില്ല.

‘മാഡം, വേണ്ട… വേണ്ട…’ എന്ന് പുരുഷന്മാരായ എന്‍ജിനീയര്‍മാര്‍ വിക്കുമ്പോഴും വിയര്‍ക്കുമ്പോഴും അവള്‍ നിത്യപ്പതിവിന്റെ അനായാസതയോടെ അവര്‍ക്ക് നേരെ പുഞ്ചിരി തൂകി.

ഓഫീസിലെ സെക്യൂരിറ്റി മുതല്‍ കമ്പനിയുടമസ്ഥര്‍ വരെ അവളിലെ മാറ്റം കണ്ട് അമ്പരന്നു. ജീവിതമെത്ര നിസ്സാരമെന്ന ചിന്തയില്‍ അവള്‍ മെല്ലെ മെല്ലെ ആത്മീയമായിപ്പോലും ധൈര്യവതിയാവുകയായിരുന്നു. അവള്‍ പോലുമറിയാതെ അവളില്‍ വലിയ മാറ്റങ്ങള്‍ ഉടലെടുത്തു..

അടുത്ത കേസ് ഡേറ്റിലും അയാളോ കുട്ടിയോ പോലീസോ വന്നില്ല. എസ് എച്ച് ഓ വന്ന് ജഡ്ജിയുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നുവെങ്കിലും കുട്ടിയെ ഹാജരാക്കിയില്ല. ജഡ്ജി വാറന്റ് ഒപ്പിട്ടില്ല എന്ന ന്യായമായിരുന്നു അയാള്‍ പറഞ്ഞത്.

അന്ന് വനിതാ ജഡ്ജി അവളോട് പറഞ്ഞു. ‘കുട്ടി ഒപ്പം വരില്ലെന്ന് പറഞ്ഞാല്‍ .. ചൈല്‍ഡ് ഈ സ് നോട്ട് എ ഒബ്‌ജെക്ട്.’

അവള്‍ക്കറിയാത്തതല്ല അത്. പക്ഷെ, അവനെ പണം കിട്ടാനുള്ള ഒരു ഉപകരണമായി, വില പേശാനുള്ള ഒരു തന്ത്രമായി ഉപയോഗിക്കുമ്പോള്‍ കോടതിയല്ലാതെ മറ്റാരാണ് കുഞ്ഞിനെ സംരക്ഷിക്കേണ്ടത്?

ജഡ്ജിയോട് അവള്‍ ചോദിച്ചു. ‘വെല്‍ഫെയര്‍ ഓഫ് ദി ചൈല്‍ഡ് ഈസ് പാരാമൌണ്ട് ‘എന്ന നിയമവാചകത്തിന്റെ അര്‍ഥം അപ്പോഴെന്താവും?’

ജഡ്ജി മന്ദഹസിച്ചു, ‘ലെറ്റ് ദ ചൈല്‍ഡ് കം… ‘എന്നവര്‍ അവസാനിപ്പിക്കുകയും ചെയ്തു.

സമയം കടന്നു പോവുകയായിരുന്നു. . ബോര്‍ഡിംഗ് സ്‌കൂളുകാര്‍ സെക്കന്‍ഡ് ടേമിലും അവനെ അവിടെ പ്രവേശിപ്പിച്ചുകൊള്ളാമെന്ന് അവള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. എങ്കിലും കുഞ്ഞിനെ കിട്ടാതെ അത് സാധിക്കില്ലല്ലോ.

പിന്നത്തെ ഡേറ്റില്‍ എസ് എച്ച് ഓ മുഖ്യമന്ത്രിയുടെ കാവലിനു പോയി. അന്നും കുട്ടിയെ ഹാജരാക്കിയില്ല. അവള്‍ കോടതിയില്‍ ചെന്നു കുറെ സമയം കാത്തിരുന്നിട്ട് മടങ്ങിപ്പോന്നു.

വീണ്ടും തിയതി നീട്ടി.

അവനെ ബോര്‍ഡിംഗിലാക്കാനാവുമോ എന്നറിയില്ലെങ്കിലും അവള്‍ എല്ലാ തയാറെടുപ്പുകളും ചെയ്തുവെച്ചു. അവളുടെ മനസ്സിനുള്ളില്‍ ആശയും നിരാശയും സ്വപ്നവും ദു:സ്വപ്നവും മോഹവും വ്യാമോഹവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമായിരുന്നു .

കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ട തീയതിക്കു മുമ്പ് വന്ന ഞായറാഴ്ച വൈകീട്ട് പോലീസുകാര്‍ അവള്‍ക്ക് ഫോണ്‍ ചെയ്തു. ‘തിങ്കളാഴ്ചയാണോ വെള്ളിയാഴ്ചയാണോ’ ഹാജരാക്കേണ്ടതെന്ന സംശയം ചോദിച്ചു. ‘വെള്ളിയാഴ്ചയാണല്ലോ’ എന്ന് അവള്‍ ഉത്തരം നല്‍കിയപ്പോള്‍ അവര്‍ ‘ശരി ശരി’യെന്ന് ഫോണ്‍ വെച്ചു.

വെള്ളിയാഴ്ച കോടതിയില്‍ ചെന്നപ്പോള്‍ പോലീസുകാര്‍ റിപ്പോര്‍ട്ട് എഴുതി കോടതിയില്‍ നല്‍കുകയായിരുന്നു. അതനുസരിച്ച് അവര്‍ ചെന്നന്വേഷിക്കുമ്പോഴൊക്കെ ആ വീട് പൂട്ടിയിരിക്കയായിരുന്നുവെന്നും അവര്‍ ഹൈക്കോടതിയിലേക്ക് പോയിരിക്കുകയാണെന്ന് അവിടെ കണ്ട ആരോ പറഞ്ഞുവെന്നും മറ്റുമായിരുന്നു റിപ്പോര്‍ട്ട്.

ജഡ്ജി ക്ഷുഭിതയായി.

‘പതിനാലര വയസ്സുള്ള ഒരു കുട്ടിയെ ഹാജരാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല അല്ലേ? ഇനി അതിനു എത്ര ദിവസം വേണം ? ‘

പോലീസുകാരന്‍ സംസാരിച്ചില്ല.

രണ്ടാഴ്ച കൂടി സമയം തരാമെന്ന് ജഡ്ജി ഫയലില്‍ കുറിയ്ക്കാന്‍ തുടങ്ങുമ്പോള്‍ തികച്ചും നാടകീയമായി ഭര്‍ത്താവിന്റെ പുതിയ വക്കീല്‍ പ്രത്യക്ഷപ്പെട്ടു. കുട്ടി പത്ത് മിനിറ്റിനകം ഹാജരാകുമെന്ന് അയാള്‍ അറിയിച്ചു.

പറഞ്ഞതു പോലെ അവളുടെ മകന്‍ ഹാജരായി. അവള്‍ അവനെ അത്ര അടുത്തു കണ്ടത് അന്നാണ്. അത്ര തൊട്ടടുത്ത്. അവന്റെ തലമുടി പാതിയും നരച്ചു കഴിഞ്ഞിരുന്നു. മുഖം കറുത്തു കരിവാളിച്ചിരുന്നു. കവിളുകള്‍ നിറയെ മുഖക്കുരു. അതില്‍ പാതിയും പഴുത്തു പൊട്ടിയിരുന്നു. ചുണ്ട് കടിച്ചിരുന്നിരുന്ന് കീഴ് ചുണ്ട് പൊട്ടി രക്തം പൊടിഞ്ഞിരുന്നു.
അവളുടെ മകന്‍ അല്ല അതെന്ന് തോന്നും വിധം അവന്‍ മാറിക്കഴിഞ്ഞിരുന്നു. ക്രുദ്ധനായ ഒരു പാമ്പിന്റെ നോട്ടമായിരുന്നു അവന്റേത്.

അവളുടെ അമ്മമനം അലമുറയിട്ടു.

അവന്‍ ജഡ്ജിയോട് തീര്‍ത്തു പറഞ്ഞു. ‘അമ്മയ്‌ക്കൊപ്പം പോവില്ല. അമ്മ ചേര്‍ക്കുന്ന സ്‌കൂളില്‍ പഠിക്കില്ല. അമ്മ എന്നെ തല്ലും. അല്ലെങ്കില്‍ അമ്മ ആളെ വെച്ച് എന്നെ തല്ലിക്കും’

ജഡ്ജി ചിരിച്ചു.

‘മോനെ … വിശ്വസിക്കാവുന്ന കളവുകള്‍ പറയൂ. . ഇത്ര കൃശഗാത്രിയായ നിന്റെ അമ്മ നിന്നെപ്പോലെ ഒത്ത ഒരാളെ എങ്ങനെ അടിക്കുമെന്നാണ്? അവരുടെ മുഴുവന്‍ ശക്തിയുമെടുത്താലും നിനക്ക് ഒരു പരിക്കും പറ്റില്ലല്ലോ’

അവന്‍ തത്തയെപ്പോലെ പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിച്ചു.

ജഡ്ജി അവനോട് ‘കോടതി ഉത്തരവ് മാനിച്ചില്ലെങ്കില്‍ നിന്റെ അച്ഛനെ അറസ്റ്റു ചെയ്യേണ്ടതായി വരും. ഈ നിലപാട് കൊണ്ടാണ് പോലീസിനെ വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നത് , മനസ്സിലായോ’ എന്ന് ചോദിച്ചു.

അവന്‍ വീണ്ടും തത്തയായി.

‘കോടതി മുറിയുടെ വാതില്‍ കടക്കും വരെ എങ്കിലും അമ്മയ്‌ക്കൊപ്പം പോയേ തീരു അതു കഴിഞ്ഞ് ഇഷ്ടം പോലെ ചെയ്‌തോളൂ’ എന്ന് ജഡ്ജി ഔദാര്യം കാട്ടി.

അവന്‍ കൂട്ടാക്കിയില്ല.

ജഡ്ജിക്ക് കേസ് തീര്‍ക്കണമായിരുന്നു.

‘കുട്ടിയെ കിട്ടി’ എന്ന് അവളെക്കൊണ്ട് ഒപ്പിടുവിച്ച് അവര്‍ കേസ് അവസാനിപ്പിച്ചു. ആ നിമിഷം തന്നെ അവനും വക്കീലും ചേര്‍ന്ന് ഒരു പുതിയ പെറ്റീഷനും കോടതിയില്‍ സമര്‍പ്പിച്ചു. അവന്‍ ഒപ്പിടാന്‍ തുനിഞ്ഞപ്പോള്‍ ബെഞ്ച്ക്ലര്‍ക്ക് അവനെ വിലക്കി. അവന്‍ മൈനര്‍ ആണെന്നും ഒപ്പിടാന്‍ പറ്റില്ലെന്നും അയാള്‍ തീര്‍ത്തു പറഞ്ഞു.

അപ്പോഴാണ് അവളുടെ ഭര്‍ത്താവ് കോടതിയില്‍ വന്നത്. അയാള്‍ സ്വര്‍ണ ഫ്രെയിമുള്ള കണ്ണട ധരിച്ചിരുന്നു. ക്ലീന്‍ ഷേവ് ചെയ്തിരുന്നു. അവള്‍ക്ക് സമ്മാനമായി ആരോ മുമ്പ് നല്‍കിയ വിലയേറിയ ഒരു തോല്‍സഞ്ചിയും പിടിച്ചിരുന്നു.

അയാള്‍ അവനു വേണ്ടി പെറ്റീഷന്‍ ഒപ്പിട്ടു. മകന്റെ പെര്‍മനന്റ് കസ്റ്റഡി അവള്‍ക്ക് നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ മകനോ അയാളോ അംഗീകരിക്കുന്നില്ല എന്നും അവന്റെ കസ്റ്റഡി അച്ഛനില്‍ മാത്രം നിക്ഷിപ്തമാക്കണമെന്നും ആയിരുന്നു ആ പെറ്റീഷന്‍. അത് മകന്‍ തന്റെ സുഹൃത്തായ അച്ഛന്‍ വഴി അമ്മയെ പ്രതിയാക്കി നല്‍കുന്ന പെറ്റീഷനായിരുന്നു. അവള്‍ മകന്റെ ജീവിതത്തില്‍ ഫോണ്‍ വിളിച്ചും ഈ മെയില്‍ അയച്ചും വാട്ട്‌സാപ്പ് അയച്ചും ശല്യമായി മാറരുതെന്നും മകനെ സ്‌കൂളില്‍ ചെന്ന് കാണരുതെന്നും എന്നാല്‍ മകന്റെ വിദ്യാഭ്യാസച്ചെലവ് മുഴുവനും അവള്‍ വഹിക്കണമെന്നും അതില്‍ പറഞ്ഞിരുന്നു. കോടതി അച്ഛനായ അയാളെ പറ്റിച്ചുവെന്നും വെള്ളക്കടലാസ്സില്‍ ഒപ്പിട്ട് വാങ്ങി കുട്ടിയുടെ കസ്റ്റഡി അച്ഛന്‍ അമ്മയ്ക്ക് കൊടുക്കുന്നുവെന്ന് എഴുതിച്ചേര്‍ത്തുവെന്നും അതിലുണ്ടായിരുന്നു. അക്കാര്യം ഓര്‍ഡര്‍ വന്നപ്പോള്‍ മാത്രമാണ് അവരറിഞ്ഞതെന്നും കോടതിയെ കുറ്റപ്പെടുത്തിയിരുന്നു.

ജഡ്ജി മകനോട് പറഞ്ഞു.’ യൂ ആര്‍ നോട്ട് ഗ്രൂംഡ് വെല്‍. നിന്റെ മാര്‍ക്കുകള്‍ മോശമാണ്. നിന്റെ ആകെ മൊത്തമുള്ള പെരുമാറ്റം വളരെ മോശമാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ നിന്റെ അച്ഛനില്‍ കസ്റ്റഡി ഒരിയ്ക്കലും നിക്ഷിപ്തമാവാന്‍ പോകുന്നില്ല.’

അവന്‍ വീണ്ടും പറഞ്ഞു. ‘അമ്മയ്‌ക്കൊപ്പം പോവില്ല.’

അപ്പോള്‍ അവള്‍ ഇടപെട്ടു.’ഞാന്‍ പ്രസവിച്ച ഈ മകനെക്കൊണ്ട്, ഇവന്റെ അച്ഛന്‍ എന്നെ അടിപ്പിച്ചതു കാരണമാണ് മാഡം, ഞാന്‍ വീട് വിട്ടത്. അയാള്‍ അടിച്ചതെല്ലാം ഞാന്‍ സഹിച്ചു. എന്നിട്ടും മതിയാവാതെ അവന്റെ കൈയില്‍ ചെരിപ്പ് കൊടുത്ത് ഭയപ്പെടുത്തി എന്നെ അടിപ്പിച്ചു. ഈ സംസ്‌ക്കാരത്തില്‍ വളരുന്ന കുട്ടി…’ അത്രയുമെത്തിയപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

കോടതി ഒരു നിമിഷം സ്തംഭിച്ചു. ആ മുറിയിലുണ്ടായിരുന്ന എല്ലാവരും പോലീസുകാരുള്‍പ്പടെ നിശ്ചലരായിരുന്നു പോയി. അവര്‍ക്കെല്ലാവര്‍ക്കും അമ്മമാരുണ്ടല്ലോ. എങ്കിലും അമ്മയെ മകനെക്കൊണ്ട് അടിപ്പിക്കുന്ന അച്ഛന്മാര്‍ അവര്‍ക്കാര്‍ക്കുമുണ്ടായിരുന്നില്ല. ലോകത്തിലെ ചെറുതും വലുതും താഴ്ന്നതും ഉയര്‍ന്നതുമായ സംസ്‌ക്കാരങ്ങളിലൊന്നും അങ്ങനൊരു കാര്യമില്ലല്ലോ.

ജഡ്ജി അവളെ കാരുണ്യത്തോടെ നോക്കി, അവര്‍ പറഞ്ഞു. ‘ഐ അണ്ടര്‍സ്റ്റുഡ് എവരിതിംഗ്. ..’

( തുടരും )

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment