Flash News

സിസ്റ്റര്‍ ലൂസി കളപ്പുര വടക്കെ അമേരിക്കന്‍ പ്രവാസികളോട് സംസാരിക്കുന്നു: ചാക്കോ കളരിക്കല്‍

March 5, 2019

sister-lucy.1.98176മാര്‍ച്ച്13, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോർത്ത് അമേരിക്കയുടെ പതിനഞ്ചാമത് ടെലികോണ്‍ഫറന്‍സില്‍, സിസ്റ്റര്‍ ലൂസി കളപ്പുര “കേരളത്തിലെ കന്യാസ്ത്രീ ജീവിതം”എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരിയില്‍ ജനിച്ച സിസ്റ്റര്‍ ലൂസി മൂന്ന്‌ പതിറ്റാണ്ടുകളിലധികമായി കേരളത്തിലെ ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് സന്യാസിനീ സമൂഹത്തിലെ അംഗമായി സന്യസ്ത ജീവിതം നയിക്കുന്നു. ഗണിത ശാസ്ത്രത്തില്‍ ഡിഗ്രി എടുത്തശേഷം ബിഎഡ് പാസായി. മാനന്തവാടി താലൂക്കിലെ SHHSS DWARAKA – സ്കൂളിലെ അധ്യാപികയാണിപ്പോള്‍. ഫ്രാങ്കോ-ലൈംഗിക വിഷയവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട്ടെ അഞ്ച് കന്യാസ്ത്രികള്‍ വഞ്ചി സ്ക്വയറില്‍ നടത്തിയ നിരാഹാര സമരത്തിന് സിസ്റ്റര്‍ ലൂസി അവിടെപ്പോയി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അതിനെത്തുടര്‍ന്ന് പല കുറ്റങ്ങള്‍ ആ സിസ്റ്ററിന്റെ മേല്‍ ആരോപിച്ചുകൊണ്ട് അവരുടെ മദര്‍ ജനറല്‍ ഒരു ‘വിശദീകരണ കത്ത്‌’നല്‍കി, ശിക്ഷണ നടപടികളിലേക്ക് നീങ്ങിയ സാഹചര്യവും ആ നീക്കത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഗൗരവാവസ്ഥയും നാമെല്ലാവരും മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സിസ്റ്റര്‍ ലൂസിയുടെ കേരളത്തിലെ കന്യാസ്ത്രീകളുടെ ജീവിതത്തെ സംബന്ധിച്ചുള്ള അവലോകനം ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്.

കേരള സഭയില്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനേ കുറയുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കാലത്ത് നമ്മുടെ ഇടവകകളില്‍ നിറസാന്നിദ്ധ്യമായിരുന്ന സന്യാസിനിമാരുടെ ഇപ്പോഴുള്ള വരള്‍ച്ചയ്ക്ക് ഒരു കൂട്ടര്‍ നിരത്തുന്ന കാരണങ്ങള്‍ കുട്ടികളുടെ എണ്ണക്കുറവ്, വര്‍ദ്ധിച്ചുവരുന്ന ജോലി സാധ്യതകള്‍, സ്ത്രീ വിമോചനം, സാമ്പത്തിക ഭദ്രതമൂലമുള്ള സുഖജീവിതം, ആധ്യാത്മിക പാപ്പരത്വം മുതലായവയാണ്‌. സത്യത്തില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ മേല്പറഞ്ഞവകളൊക്കെയാണോ? അടുത്ത ദിവസത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഖത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് കന്യാസ്ത്രികള്‍ മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന്. പുരോഹിതരുടെ വസ്ത്രം അലക്കാനും അവര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാനും സന്യാസിനികള്‍ നിര്‍ബന്ധിതരാകുന്നു എന്ന കാര്യം മാര്‍ വിതയത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. ‘മഠം ചാടികള്‍’ എന്ന് നാം വിളിച്ചാക്ഷേപിക്കുന്ന നമ്മുടെ സഹോദരികളായ, മക്കളായ എത്ര കന്യാസ്ത്രീകളാണ്, അവര്‍ അനുഭവിച്ച ലൈംഗിക ചൂഷണത്തെയും മാനസിക പീഡനങ്ങളെയും മഠങ്ങളിലെ ഉച്ചനീചത്വത്തെയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ മാനസിക രോഗികളാക്കുന്ന വിധങ്ങളെയും അടിമപ്പണി ചെയ്യിപ്പിക്കുന്നതുമെല്ലാം അവരുടെ പുസ്തകങ്ങളില്‍ വിവരിച്ചിട്ടുള്ളത്. ധനാര്‍ത്തിപൂണ്ട സഭാ നേതൃത്വവും സന്യാസ സമൂഹവും വിദ്യാഭ്യാസ/ആതുര/ ആശുപത്രി മേഖലകള്‍ പണം കൊയ്യാനുള്ള വേദികളാക്കി. സന്യാസിനി സഭകളുടെ സാമ്പത്തിക ലക്ഷ്യം യേശുവിനെതിരായ സാക്ഷ്യമായി മാറി. ആത്മീയ ചൈതന്യം നഷ്ടപ്പെട്ട സന്ന്യാസിനിസഭകളില്‍ സമ്പൂർണ അരാജകത്വം നടക്കും. ഉദാഹരണത്തിന് ആലുവായിലുള്ള ഒരു യുവ കന്യാസ്ത്രീ ഡ്രൈവറുമായി നടത്തുന്ന കാമകേളികള്‍ യൂട്യൂബില്‍ ഞാനും കണ്ടതാണ്. യേശു പടിയിറങ്ങിയ മഠങ്ങളില്‍ പിടിക്കപ്പെടാത്ത എത്രയോ ജന്മങ്ങള്‍ വേറെയും! മനഃസ്സാക്ഷിയുള്ള ഒരു സഹോദരിക്ക് മഠം ദുസ്സഹമാകും. സന്യാസിനി സഭകളിലെ അഴിമതിയും അരാജകത്വവും ചോദ്യം ചെയ്ത് മഠത്തിന്റെ പടിയിറങ്ങിയ കന്യാസ്ത്രീകള്‍ അനേകര്‍ ഉണ്ട്. എന്നാല്‍ മഠം ചാടിയാല്‍ കുടുംബവും സമൂഹവും അവരെ കൈവെടിയും. സഭ അങ്ങേയറ്റം വരെ അവരെ പലവിധ ദ്രോഹങ്ങള്‍ കൊണ്ട് പീഡിപ്പിക്കും. അവരുടെ മുക്തി കിണറ്റിലോ ടാങ്കിലോ ആയിരിക്കാം. അടുത്ത കാലത്ത് എത്ര കന്യാസ്ത്രീകളാണ് മഠം വിട്ടിറങ്ങിയത്!

ഞാറയ്ക്കല്‍ ചെറുപുഷ്പം മഠത്തില്‍ അവിടത്തെ വികാരിയും കൊച്ചച്ചനും ഗുണ്ടകളും ചേര്‍ന്ന് കന്യാസ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചത്‌ കന്യാസ്ത്രീകളുടെ സ്കൂള്‍ തട്ടിയെടുക്കാന്‍ വേണ്ടി മാത്രമായിരുന്നു. രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് ആരെയും കൈക്കലാക്കി കാര്യം കാണുന്നത് സഭയുടെ ചീഞ്ഞഴിയലാണ്. കന്യാസ്ത്രീ മഠങ്ങളില്‍ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ചിന്താസ്വാതന്ത്ര്യം പോലും നിഷേധിച്ച് നൂറായിരം വിലക്കുകളുടെ വേലിക്കെട്ടിനുള്ളില്‍ കഴിയുന്ന കന്യാസ്ത്രീ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ നാം ഊഹിക്കുന്നതിലും വലുതാണ്. വ്രതാനുഷ്ഠാനം, ആദ്ധ്യാത്മീകത, ഭരണസംവിധാനം, ജീവിതചര്യ, ലോകവീക്ഷണം വര്‍ഗ ലിംഗ വിവേചനം, അഴിമതി, സ്വജനപക്ഷപാതം, തേങ്ങലുകള്‍, വിങ്ങലുകള്‍, പുരുഷ മേധാവിത്വം, ലൈംഗികത, കീഴടങ്ങല്‍, അരാജകത്വം, പീഡനം എല്ലാം കന്യാസ്ത്രീ ജീവിതത്തിന്റെ ഭാഗമാണ്. ആദര്‍ശമുള്ള ഒരു കന്യാസ്ത്രീക്ക് മഠത്തിലെ കൂട്ടായ്മയില്‍ സ്ഥാനമുണ്ടായിരിക്കുകയില്ല. സെമിനാരിയില്‍ ചേരുന്നവരില്‍ ഏകദേശം 25% വൈദികരാകുന്നെങ്കില്‍ കന്യാസ്ത്രീയാകാന്‍ ചേരുന്നവരുടെ അവസ്ഥ നേരെ തിരിച്ചാണ്. എല്ലാം കൂട്ടി വായിക്കുമ്പോള്‍ മഠങ്ങളിലെ ദയനീയാവസ്ഥ സ്പഷ്ടമാണ്. ഇന്നത്തെ ഈ സാഹചര്യത്തില്‍ നല്ല കുടുംബങ്ങളില്‍ നിന്ന് മഠത്തിലേക്ക് ഏതെങ്കിലും മാതാപിതാക്കള്‍ മക്കളെ പറഞ്ഞുവിടുമോ? അനുസരണ വ്രതമെന്ന കൊടുവാള്‍ ഉയര്‍ത്തി കുറ്റിയില്‍ കെട്ടിയിട്ടിരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര മാനസിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഊര്‍ജസ്വലതയും ധൈര്യവും പുഞ്ചിരിയും കൈവെടിയാതെ അങ്ങകലെയുള്ള നമ്മളോട് കന്യാസ്ത്രീ മഠങ്ങളുടെ അകത്തളങ്ങളിലേക്ക് നമ്മള്‍ സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ കാണിച്ച ഹൃദയവിശാലതയ്ക്കും ധീരതയ്ക്കും നമോവാകം. കന്യാസ്ത്രീകള്‍ക്കും മനുഷ്യാവകാശമുണ്ട് എന്ന് മനസ്സിലാക്കാനുള്ള ഈ സുവര്‍ണ്ണാവസരം അമേരിക്കന്‍ മലയാളികള്‍ പാഴാക്കുകയില്ലെന്ന് കരുതുന്നു.

ടെലികോണ്‍ഫറന്‍സിന്റെ വിശദ വിവരങ്ങള്‍: മാര്‍ച്ച് 13, 2019, ബുധനാഴ്ച (March 13, 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George. The number to call: 1-605-472-5785; Access Code: 959248#


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top