Flash News

വൈത്തിരിയിലെ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് മാവോവാദി നേതാവ് സിപി ജലീലെന്ന് സ്ഥിരീകരണം

March 7, 2019

er-horzലക്കിടി: വയനാട്ടിലെ ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ബുധനാഴ്ച രാത്രി നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ടയാള്‍ മാവോവാദി നേതാവ് സിപി ജലീലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബ്കളക്ടര്‍ എന്‍എസ് ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയോടെ ലക്കിടിയിലേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തി. കണ്ണൂര്‍ റേഞ്ച് ഐജിയും വയനാട്ടിലെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്.

ആദ്യം മാവോവാദികളാണ് വെടിയുതിര്‍ത്തതെന്നാണ് പറയുന്നത്. പൊലീസുകാര്‍ക്ക് ആര്‍ക്കും പരുക്കില്ല. പൊലീസ് ഇതുവരെയും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ഐജി ബല്‍റാം ഉപാധ്യായ അറിയിച്ചു. മുപ്പതോളം പേര്‍ അടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ഇപ്പോഴും കാട്ടില്‍ തുടരുകയാണ്.

റിസോര്‍ട്ടിലുള്ളവരോട് പണവും പത്ത് പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടാനാണ് ആയുധധാരികളായ അഞ്ച് മാവോവാദികള്‍ എത്തിയത്. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടി. റിസോര്‍ട്ടിന് സമീപത്ത് തന്നെ പൊലീസ് സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തി. ബാക്കിയുള്ളവര്‍ കാടുകളിലേക്ക് ഓടിയൊളിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രദേശം പൂര്‍ണമായും പൊലീസ് വലയത്തിലാണ്.

ബുധനാഴ്ച രാത്രി മാവോവാദികള്‍ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തു. റിസോര്‍ട്ട് വളഞ്ഞ പൊലീസ് തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാത്രി വൈകിയും തുടര്‍ന്നു. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അവിടെയും തിരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്തെ ആദിവാസി കോളനികളില്‍ തമ്ബടിച്ച ശേഷമാണു മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലേക്കെത്തിയതെന്നും വൈത്തിരി അംബ സുഗന്ധഗിരി മേഖലയില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോര്‍ട്ട് ആക്രമണമെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട്-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതത്തെ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. റിസോര്‍ട്ടിനുള്ളില്‍നിന്നു രാത്രി വൈകിയും വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്ബും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കു മുമ്പേ മാവോവാദികള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെത്തിയ മാവോവാദികള്‍ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും മാവോവാദി അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന സേട്ടുക്കുന്നില്‍ വീണ്ടും മാവോവാദികളെത്തുകയും സമീപത്തെ വീട്ടില്‍നിന്ന് കട്ടന്‍ ചായ വാങ്ങി മടങ്ങുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനായി പൊലീസ് സുഗന്ധഗിരിയില്‍ പൊലീസ് ഔട്ട് പോസ്റ്റ് തുറന്നിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തന്റെ സഹോദരന്‍ സി.പി. ജലീല്‍ തന്നെയെന്ന് റഷീദ്

jaleelവൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തന്റെ സഹോദരന്‍ സി.പി. ജലീല്‍ തന്നെയെന്ന് ജലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി. റഷീദ്. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ ചിത്രം അദ്ദേഹം തിരിച്ചറിഞ്ഞു. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ്.

മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ക്കു വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് ആരോപിച്ചു. ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കല്‍പറ്റയില്‍ എത്തിയിട്ടുണ്ട്.

മാവായിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ചുവെടിവച്ചതെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോടു പറഞ്ഞു. 2014 മുതല്‍ ജലീല്‍ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ സാംസ്‌കാരിക പരിപാടികളിലും മറ്റും ജലീലിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജലീലിന്റെ സഹോദരന്മാരായ മൊയ്തീനും ഇസ്മയിലും മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്. മറ്റൊരു സഹോദരന്‍ റഷീദ് മനുഷ്യാവകാശ പ്രവര്‍ത്തകനും. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജലീലിന്റെ പേരില്‍ കേസുകളുണ്ടെന്നാണു പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി. ജലീലാണ് കൊല്ലപ്പെട്ടതെന്നു ഐജി മാധ്യമങ്ങളോടു പറഞ്ഞു. റിസോര്‍ട്ടിനുള്ളിലെ മീന്‍ കുളത്തോട് ചേര്‍ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം. റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും ജീവക്കാരെയും പൊലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോകും. റിസോര്‍ട്ടിലെത്തിയ സായുധസംഘത്തിലെ മറ്റുള്ളവര്‍ സമീപത്തെ കാട്ടിലേക്കു രക്ഷപ്പെട്ട സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന തുടരുന്നു. ഐജിയുടെ നേതൃത്വത്തില്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയില്‍ യോഗം ചേര്‍ന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top