Flash News

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിക്കും

March 8, 2019

election-tharoor-kummanaന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു. തിരുവനന്തപുരത്ത് കുമ്മനം എൻ.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകും. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. മിസോറാമിലെ മാധ്യമങ്ങളും കുമ്മനം രാജശേഖരന്‍ രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. അസം ഗവര്‍ണര്‍ പ്രഫ. ജഗ്ദിഷ് മുഖിക്ക് മിസോറാമിന്റെ കൂടി ചുമതല നല്‍കി രാഷ്ട്രപതിയുടെ വാര്‍ത്താ കുറിപ്പും വന്നിട്ടുണ്ട്.

ആര്‍.എസ്.എസ് കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ബിജെപി ദേശീയ നേതൃത്വവും ഇതിനെ അനുകൂലിച്ചു. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമുള്ള നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം എടുത്തത്. ഈ സമ്മർദ്ദമാണ് കുമ്മനത്തെ തിരിച്ചെത്തിച്ചത്.

കുമ്മനം മടങ്ങിയെത്തിയതോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയാരെന്ന ആകാംക്ഷയ്ക്കും അവസാനമായി. ശശി തരൂരിനോടും സി. ദിവാകരനോടും കൊമ്പുകോര്‍ക്കാന്‍ കുമ്മനത്തിന് സാധിക്കുമെന്ന നിലപാടാണ് പ്രവര്‍ത്തകര്‍ക്കുമുളളത്. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം മണ്ഡലം ഒരുങ്ങുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം.

കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്‍.എസ്.എസ്. ആവശ്യം ആദ്യം ബിജെപി. കേന്ദ്രഘടകം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഈയിടെ പാലക്കാട് സന്ദര്‍ശിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ആര്‍.എസ്.എസ് ഘടകം വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ കുമ്മനത്തെ ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു എന്നാണു അറിയുന്നത്. ഗവര്‍ണര്‍ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയം ഉറപ്പാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം മേയിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. ഇതില്‍ കേരളത്തിലെ ആര്‍.എസ്.എസ്. ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നു. കുമ്മനത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കാന്‍ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. ഇതോടെ തെരഞ്ഞെടുപ്പു ചിത്രവും വ്യക്തമായി. കഴിഞ്ഞതവണ 15000 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു കയറിയത്.

അവിവാഹിതനായ കുമ്മനം രാജശേഖരന്‍ സാത്വികനായ രാഷ്ട്രീയപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. കുമ്മനം മിസോറാമില്‍ പോയ ശേഷമാണ് ബിജെപിയും അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയത്. കുമ്മനം പോയതു മുതല്‍ തിരിച്ചു വരണമെന്ന അഭിപ്രായമാണ് അണികള്‍ പങ്കുവച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോടെ ഈ ആവശ്യത്തിന്റെ ശക്തി കൂടി. തിരുവനന്തപുരത്ത് കുമ്മനമാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പല വിധത്തില്‍ ചര്‍ച്ചകളെത്തി. ഇതിനെ ശമിപ്പിക്കാനാണ് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ നീക്കം നടത്തിയതും. ഇതും നടന്നില്ല. ഇതോടെ കുമ്മനം എന്ന ഒറ്റപേരിലേക്ക് ചര്‍ച്ചകളെത്തുകയായിരുന്നു.

ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറിയിരുന്നു. പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മല്‍സരിച്ചതുകൊണ്ടാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്‌നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തല്‍. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂര്‍ രാജഗോപാലിനെ മറികടന്നത്. കുമ്മനത്തിന് ഈ മേഖലകളില്‍ എല്ലാം നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന കുമ്മനം രാജശേഖരനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ലോക്സഭാ തെരഞ്ഞടുപ്പോടെ മോദി ഭരണം അവസാനിച്ചാല്‍ കുമ്മനത്തിന്‍റെ ഗവര്‍ണര്‍ പദവിയും പോകും. അതു മുന്‍കൂട്ടി മനസിലാക്കിയുള്ള നടപടിയാണ് അദ്ദേഹത്തിന്‍റേതെന്നും വിജയരാഘവന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top