Flash News

മതസഹിഷ്ണുത ഇന്ത്യയിലോ അതോ പാക്കിസ്താനിലോ?

March 8, 2019 , മൊയ്തീന്‍ പുത്തന്‍‌ചിറ

newsrupt_2019-03_549ed374-c8a2-492f-96c8-539f67cea85b_modi_n_other_pampsഹിന്ദുക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പാക്കിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ സാംസ്ക്കാരിക വകുപ്പു മന്ത്രി ഫയ്യാസുല്‍ ഹസന്‍ ചോഹാനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ വിവരം ലോകം കേട്ടത് അത്ഭുതത്തോടെയാണ്. കഴിഞ്ഞ മാസം ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഹിന്ദുക്കള്‍ പശുമൂത്രം കുടിക്കുന്നവരാണെന്ന് മന്ത്രി പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പാക്കിസ്താനിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിഷയത്തില്‍ ഇടപെടുകയും മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവു കൂടിയായ ഫയ്യാസുല്‍ ഹസന്‍ ചോഹാനെ പ്രധാനമന്ത്രി പുറത്താക്കുകയായിരുന്നു.

ഫയ്യാസിനെതിരെ നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയകാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ അസിസ്റ്റന്റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ വെച്ചു പൊറുപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പാക്കിസ്താനിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷെറെന്‍ മസാരി ഉൾപ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.

fayyaz-ul-hassan-chohan

ഫയ്യാസുല്‍ ഹസന്‍ ചോഹാന്‍

പാക്കിസ്താനിലെ ന്യൂനപക്ഷ ഹിന്ദു സമുദായക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല ഫയ്യാസ് നടത്തിയ പരാമര്‍ശം, മറിച്ച് എല്ലാ ഹിന്ദുക്കളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് മനുഷ്യാവകാശ വകുപ്പ് മന്ത്രി വിലയിരുത്തിയത്. ആരുടെയെങ്കിലും മതവിശ്വാസം ദുര്‍വിനിയോഗം ചെയ്യുന്നതല്ല പാക്കിസ്താന്റെ പാരമ്പര്യം. സഹിഷ്ണുതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത രാജ്യമാണ് പാക്കിസ്താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയെ പുറത്താക്കിയ വിവരം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി തെഹ്രീക്കെ ഇ ഇന്‍സാഫും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ലോകത്തെ അറിയിച്ചത്. ഒരു മത രാഷ്ട്രമായ പാക്കിസ്താനില്‍ നിന്ന് ഇത്തരമൊരു തീരുമാനമുണ്ടായതിന് സ്വാഭാവികമായും വലിയ സ്വീകാര്യത ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ലഭിക്കുകയും ചെയ്തു. ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പുല്‍‌വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും നടന്നുകൊണ്ടിരിക്കെ തന്നെയാണ് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഈ വിഷയം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ സ്വാഭാവികമായും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും താരതമ്യം ചെയ്യപ്പെട്ടു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ പരസ്യമായി കലാപം ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിമാരും ബിജെപി/സംഘ്‌പരിവാര്‍ നേതാക്കളേയും സം‌രക്ഷിക്കുന്ന മതേതര ഇന്ത്യയിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയാണ് പാക്കിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി താരതമ്യം ചെയ്യപ്പെട്ടത്. ‘പാക്കിസ്താന്‍’ എന്ന പേര് ഉച്ചരിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും അവരെ പാക്കിസ്താനിലേക്ക് നാടുകടത്തണമെന്ന് നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപി നേതാക്കളില്‍ കേരളത്തില്‍ നിന്നുള്ള എ എന്‍ രാധാകൃഷ്ണന്‍ തന്റെ മുസ്ലിം വിരുദ്ധത യാതൊരു മറയുമില്ലാതെയാണ് പ്രകടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ബിജെപിയുടെ വര്‍ഗീയത എത്രത്തോളം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാം.

439660_4948822_PM-Imran-CPEC_updates

ഇമ്രാന്‍ ഖാന്‍

പാക്ക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധ്‌മാന്റെ സമാധാന സൂചകമായി ഇന്ത്യക്ക് മടക്കി നല്‍കാന്‍ തീരുമാനിച്ച ഇമ്രാന്‍ ഖാന് നന്ദി അറിയിച്ചതിനും, ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതിനുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ വര്‍ഗീയച്ചുവയോടെ വിമര്‍ശിച്ചത്. കൂടാതെ രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്, ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം.  ഉമ്മന്‍ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പുറത്താക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബിജെപി പരിഗണിക്കുമെന്നും എന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം.  എന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം. പാക്കിസ്താന്‍ പ്രധാന മന്ത്രിയുടേയും പാക് പട്ടാളത്തിന്റേയും മെഗാഫോണാണ് ഉമ്മന്‍ ചാണ്ടിയെന്നും, ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാക്കിസ്താന്റേയും ഭാഷയാണെന്നും പറഞ്ഞുകൊണ്ടാണ് രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ പേരിടീല്‍ നടത്തിയത്.

എന്നാല്‍ ഉമ്മര്‍ ഖാന്‍ എന്ന പേരിന് എന്താണ് കുഴപ്പമെന്നും, അങ്ങനെയാണ് പേരെങ്കില്‍ തന്നെ അതോടെ രാജ്യ ദ്രോഹിയാവുമോ മിസ്റ്റര്‍ രാധാകൃഷ്ണാ എന്നായിരുന്നു വി ടി ബല്‍‌റാം രാധാകൃഷ്ണന് മറുപടി നല്‍കിയത്. വാ തുറന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ മാത്രം സംസാരിക്കുന്ന ഈ ബിജെപി നേതാവിനെതിരെ ഐപിസി സെക്ഷന്‍ 295 എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോയെന്നും ബല്‍റാം ചോദിച്ചു.

Untitledമുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ആദ്യ ബിജെപി നേതാവല്ല എഎന്‍ രാധാകൃഷ്ണന്‍, ബിജെപി അധികാരത്തില്‍ വന്നതിന് മുന്‍പും ശേഷവും പലരും അത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കശ്മീരികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്ന, അവരെ പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്ന, മോഡിയെ എതിര്‍ക്കുന്നവരോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെടുന്ന ബിജെപി നേതാക്കളുടെ സ്വരവും എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയും ഒരേ പോലെയാണ്. എല്ലാത്തിലും ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ശബ്ദം മറഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിനെതിരെയൊന്നും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് മാത്രം. ഇത്രയേറെ വിമര്‍ശനങ്ങളുണ്ടായിട്ടും രാധാകൃഷ്ണനോ, മറ്റേതെങ്കിലും ബിജെപി നേതാവോ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നതാണ് വാസ്തവം.

2015ല്‍ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കുറിച്ച് പറഞ്ഞത് “മുസ്ലീം ആണ് എങ്കില്‍ പോലും അദ്ദേഹം ഒരു വലിയ മനുഷ്യനും ദേശ സ്‌നേഹിയും മനുഷ്യസ്‌നേഹിയും ആയിരുന്നു”വെന്നാണ്. “മുസ്ലീം ആണെങ്കില്‍ പോലും” എന്ന മന്ത്രിയുടെ പ്രസ്താവന അന്ന് വിവാദമായെങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായില്ല. പ്രധാനമന്ത്രിയ്ക്കുള്‍പ്പെടെ ഇതേക്കുറിച്ച് പ്രതികരിക്കണമെന്നു പോലും തോന്നിയില്ല.

കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഡ്‌ഗെ 2016ല്‍ പറഞ്ഞത് “ഇസ്ലാം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം ഭീകരവാദം നിലനില്‍ക്കും” എന്നാണ്. ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഇസ്ലാം തന്നെ ഇല്ലാതാക്കണമെന്നും ലോക സമാധാനത്തിന് തന്നെ ബോംബാണ് ഇസ്ലാമെന്നും പറഞ്ഞ ഹെഡ്‌ഗെക്ക് സ്ഥാനം നഷ്ടമാകുകയല്ല, മറിച്ച് കര്‍ണാടകയില്‍ മന്ത്രിസ്ഥാനം നല്‍കിയാണ് ബിജെപി ആദരിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയില്‍ നിന്ന് “മതേതര രാജ്യം” എന്നത് എടുത്തു മാറ്റുമെന്ന് പിന്നാടാവര്‍ത്തിച്ച ഹെഡ്‌ഗെക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കൂടുകയാണ് ചെയ്തത്.

2014ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ “രാമന്റെ പിന്മുറക്കാരുടെ സര്‍ക്കാരാണോ അതോ അവിഹിതത്തില്‍ ജനിച്ചവരുടെ സര്‍ക്കാരാണോ വേണ്ടതെന്ന്” ചോദിച്ച ബിജെപി നേതാവ് സാധ്വി നിരഞ്ജന്‍ വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയപ്പേള്‍ മോഡി പ്രതികരിച്ചിരുന്നു. പക്ഷേ ലോക്‌സഭാ എംപിയായ സാധ്വി അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് മൃദുവായ പരാമര്‍ശം മാത്രമായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത്.

മുസ്ലീങ്ങള്‍ ഒരുപാട് കുട്ടികളെ ഉത്പാദിപ്പിക്കുന്നുവെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആയിരുന്നു മോദിക്ക് വോട്ട് ചെയ്യാത്തവരെല്ലാം പാകിസ്താനിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ആദ്യമെത്തിയവരില്‍ ഒരാള്‍. ബജ്രംഗദളിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി വിനയ് കത്യാര്‍ മുസ്ലിംങ്ങള്‍ക്ക് അവരുടെ ഭൂമി പാകിസ്താനും ബംഗ്ലാദേശുമായി നല്‍കി കഴിഞ്ഞെന്നും അവര്‍ അങ്ങോട്ട് പോകണമെന്നുമാവശ്യപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായിരുന്നില്ല.

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപമിച്ചത് ലഷ്‌കര്‍ ഇ തോയ്ബ നേതാവ് ഹാഫിസ് സയീദിനോടായിരുന്നു. അഞ്ചു തവണ ലോക്‌സഭയിലെത്തിയ യോഗി ഷാരൂഖിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞത് ‘അയാള്‍ പിന്നെ തെരുവിലൂടെ സാധാരണ മുസ്ലീമിനെ പോലെ നടക്കുമെന്നായിരുന്നു’. അതിന് മുന്‍പും വിദ്വേഷ പ്രസംഗം നടത്തിയതിന് യോഗിക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പരാമര്‍ശത്തിലും ഒന്നും തന്നെ സംഭവിച്ചില്ല.

തെലങ്കാന എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപി എംഎല്‍ എ ടി രാജ സിങ്ങ്, ഒവൈസിയുടെ തല 5 മിനിറ്റുനുള്ളില്‍ തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരുമെന്നും ഇല്ലെങ്കില്‍ തന്റെ പേര് മാറ്റുമെന്നും ആവശ്യപ്പെട്ടിരുന്നു. ബീഫ് കഴിക്കുന്ന മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ രാജ സിങ്ങ് ഹിന്ദു രാഷ്ട്രത്തിന് തടസമായി നില്‍ക്കുന്നത് മതേതര ഹിന്ദുക്കളാണെന്ന പ്രസ്താവനയും നടത്തി, പാര്‍ട്ടിയില്‍ ഇപ്പോഴും സ്വാധീനശക്തിയായി തുടരുന്നു.

പുല്‍വാല ഭീകരാക്രമണത്തിന് ശേഷം കശ്മീരികളെയും കശ്മീരി ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടത് മുതിര്‍ന്ന ബിജെപി നേതാവും മേഘാലയ ഗവര്‍ണറുമായ തദാഘട്ട റോയിയാണ്. നടപടി ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ആ ആഹ്വാനം പലരും നടപ്പാക്കുകയും ചെയ്തു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവന ഒരു ഭരണാധിപന്റെ ഭാഗത്തുനിന്നുണ്ടായിട്ടും പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കിയില്ല.

ഈ സന്ദര്‍ഭത്തിലാണ് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യപ്പെടേണ്ടത്. എവിടെയാണ് വര്‍ഗീയത, ആരാണ് വര്‍ഗീയതക്ക് വളം വെച്ചു കൊടുക്കുന്നത്? മതസഹിഷ്ണുത ഇന്ത്യയിലാണോ അതോ പാക്കിസ്താനിലോ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top