Flash News

ആമസോണും അമേരിക്കയുടെ വ്യാകുലതകളും (വാല്‍ക്കണ്ണാടി)

March 8, 2019 , കോരസണ്‍

Amazonum banner1രാവിലെ ജോലിക്കു പോകുവാന്‍ ട്രെയിനില്‍ കയറി സ്ഥിരം സ്ഥലം പിടിച്ചിരുന്നു. ട്രെയിനിന്റെ താളത്തിനു പതിവുള്ളപോലെ ഒന്ന് കണ്ണടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വലിയ ബഹളംകേട്ടു ഞെട്ടി !! അല്‍പ്പം തൊലിവെളുപ്പുള്ള ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ എഴുന്നേറ്റു നിന്നു ഉച്ചത്തില്‍ പ്രസംഗിക്കുകയാണ്. ട്രെയിനില്‍ തിങ്ങി നിറഞ്ഞുനിന്ന പല രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരായ എത്തിയവരോടാണ് അയാളുടെ സന്ദേശം. നിങ്ങള്‍ ഒക്കെ നിങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകൂ, നിങ്ങള്‍ ഈ രാജ്യത്തിനു ഒരു ഭാരമാണ് . നിങ്ങള്‍ ഈ രാജ്യത്തെ കൊള്ളയടിച്ചു സമ്പത്തു നിങ്ങളുടെ രാജ്യത്തേക്കു കൊണ്ടുപോകയാണ്. ഞങ്ങള്‍ക്ക് ഇവിടെ ജോലി ഇല്ല, ജീവിക്കാന്‍ നന്നേ കഷ്ടപ്പെടുകയാണ്. നികുതിയടച്ചു കയ്യില്‍ കിട്ടാന്‍ പണം കുറവ് . ചിലവുകള്‍ കൂടുന്നു. സര്‍ക്കാര്‍ ഉള്ള പണമെല്ലാം നിയമാനുസൃതമല്ലാതെ ഇവിടെ കടന്നു വന്നവര്‍ക്കായി ചിലവഴിക്കുകയാണ്.

അയാള്‍ നിരത്തുന്ന വാദങ്ങള്‍ക്ക് അനുബന്ധമായുള്ള വിശദീകരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുമുണ്ട്. അയാളുടെ മുഖത്തു വല്ലാത്ത അസഹിഷ്ണുതയും വൈരാഗ്യവും നിഴലിക്കുന്നുണ്ട്. ആര്‍ക്കും അവകാശമായി കയ്യില്‍ കൊണ്ട് നടക്കാവുന്ന തോക്കുകളുള്ള രാജ്യത്തു അടുത്ത നടപടി എന്താണെന്നു ആകുലപ്പെട്ടു ആളുകള്‍ ഭയന്ന് ഇരിക്കയാണ്. ഉള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന വര്‍ഗ്ഗിയ വിദ്വേഷം പരസ്യമായി പുറത്തു ഇറങ്ങുകയാണ്. അമേരിക്കയെ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പ്രയാസമാക്കിയ എല്ലാ ഉത്തരവാദിത്വവും കുടിയേറ്റക്കാരില്‍ അയാള്‍ ചുമത്തുകയാണ്.

പ്രസിഡന്റ് ട്രംപ്, അദ്ദേഹത്തിന്റെ വോട്ടു ബാങ്കുകള്‍ എങ്ങനെയും ഭദ്രമാക്കാന്‍, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ തയ്യറെടുക്കുകയാണ്. അതിനു ജനപ്രതിനിധിസഭ പൂര്‍ണ്ണമായി അംഗീകാരം നല്‍കുന്നില്ല എന്ന കാരണത്താല്‍, ആഭ്യന്തര അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാര്‍ എല്ലാം കൊടും കുറ്റവാളികളും മയക്കുമരുന്നു കച്ചവടക്കാരുമാണെന്നു നാഴികക്ക് അമ്പതുവട്ടം അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടു വന്മതില്‍ കെട്ടി ദേശീയ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രെസിഡന്റിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്രയും വെറുപ്പും വിദ്വേഷവും ചീറ്റുമ്പോള്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ വന്നു വീഴുന്ന അസഹിഷ്ണുതക്കും അങ്കലാപ്പുകള്‍ക്കും ആരാണ് ഉത്തരവാദി?.

നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാര്‍ക്ക് എന്തിനു െ്രെഡവിംഗ് ലൈസന്‍സ്, സാമൂഹ്യ ക്ഷേമ നിധി ഒക്കെ തുറന്നു കൊടുക്കുന്നു? അവര്‍ക്കു ഇവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വവും പഠിക്കാനുള്ള എല്ലാ സഹായങ്ങളും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും കൊടുക്കുന്നു. ഇതിനൊക്കെ പണം കണ്ടെത്തുന്നത് സാധാരക്കാരായ കഷ്ട്ടപ്പെടുന്ന ജോലിക്കാരില്‍നിന്നുമാണ്. അവര്‍ റോഡില്‍ അപകടം ഉണ്ടാക്കിയാല്‍ കുഴപ്പമില്ലാതെ തടിയൂരുന്നു. പിടിച്ചു അതിര്‍ത്തിക്ക് പിന്നില്‍ കൊണ്ട് വിട്ടാല്‍ ഏതാനും മാസങ്ങള്‍ക്കകം വീണ്ടും ഇവിടെ തിരിച്ചെത്തും. അപ്പൊ പിന്നെ മതില് കെട്ടുകയല്ലാതെ എന്ത് ചെയ്യും എന്നാണ് സാധാരക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

ബാത്ത് റൂമിലെ സണ്‍ഷേഡിന്റെ കൊളുത്തുകള്‍ കാണാനില്ലായിരുന്നു അതാണ് അടുത്ത ഹോം ഡിപ്പോയിലേക്കു ചെന്നത്. സണ്‍ഷേഡിയന്റെ നിരകള്‍ അടുക്കിയിരുന്ന സ്ഥലത്തു ചെന്ന് അവിടെയുള്ള വിദഗ്ദ്ധനോട് വിവരങ്ങള്‍ തിരക്കാണ് ശ്രമിച്ചു. അപ്പോള്‍ അയാള്‍ അവിടെയെത്തിയ വെള്ളക്കാരായ ദമ്പതികളെ സഹായിക്കുകയും ഒപ്പം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാനായി. അവരുടെ തിരക്ക് കഴിയാനായി ഞാന്‍ അവിടെ കാത്തുനിന്നു. മൂവരും മദ്ധ്യവയസ്സ് കഴിഞ്ഞ വെള്ളക്കാരുതന്നെയായിരുന്നു. ഞങ്ങള്‍ ട്രംപിന് വോട്ട് ചെയ്തവരാണ് എന്നാല്‍ ഇനിയും അങ്ങനെ അയാള്‍ക്ക് വോട്ട് ചെയ്യാനാകുമോ എന്ന് സ്ത്രീ ഒരു ഫലിത രൂപത്തില്‍ പറയുന്നു, അപ്പോഴേക്കും ഭര്‍ത്താവു ഇടപെട്ടു പറയുകയാണ്, ഇപ്പൊ അഭിപ്രായം ഒന്നും നമുക്ക് മാറ്റേണ്ട, കുറച്ചുകൂടി അങ്ങോട്ട് നോക്കട്ടെ.

അപ്പോള്‍ ട്രംപിന്റെ നിലപാടുകള്‍ ശരിയാണെന്ന് അക്കമിട്ടു നിരത്തുകയാണ് ജോലിക്കാരന്‍. അയാളുടെ ഉള്ളില്‍ നിറയെ കുടിയേറ്റക്കാരോടുള്ള പകയും വെറുപ്പും ഇടക്കുള്ള എന്നോടുള്ള നോട്ടത്തില്‍ നിന്നും വ്യക്തമായിരുന്നു. എന്നെ സഹായിക്കാനുള്ള ഊഴം വന്നപ്പോള്‍ അയാള്‍ വളരെ പെട്ടന്ന് തീരുമാനമാക്കി. ഞാന്‍ തിരക്കിയ കൊളുത്തുകള്‍ അവിടെയില്ല, അത് അതിന്റെ കമ്പനിയില്‍ തന്നെ നേരിട്ട് അന്വേഷിക്കണം, എന്ന് പറയുന്നു കൂട്ടത്തില്‍, വളരെ ഉറക്കെ പരിഹാസമുള്‍ക്കൊള്ളുന്ന ഒരു കമെന്റ് : നിങ്ങളൊക്കെ നിയമവിരുദ്ധമായി കടന്നുവന്നവര്‍ക്കല്ലേ ജോലി കൊടുക്കൂ, അവന്മാര്‍ ഒക്കെ നശിപ്പിച്ചിട്ടല്ലേ പോകയുള്ളൂ. ട്രംപ് ഉയര്‍ത്തുന്ന ആശങ്കയില്‍ കൃത്യമായി വീണുപോകുന്ന ഒരു വലിയ കൂട്ടത്തെയാണ് കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് എന്ന് വ്യക്തമായി.

2015 ലെ കണക്കുകള്‍ അനുസരിച്ചു് അമേരിക്കയില്‍ 11 മില്യണിലധികം അനധിര്‍ക്കൃത കുടിയേറ്റക്കാര്‍ ഉണ്ട് . ജനസംഖ്യയുടെ ഏതാണ്ട് 3.4 ശതമാനം വരും ഇവര്‍. ഇതില്‍ത്തന്നെ 53 ശതമാനവും മെക്‌സിക്കോയില്‍ നിന്നുള്ളവരാണ്. നാലു ലക്ഷം പേരുള്ള നാലാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. അമേരിക്കന്‍ തടുവുകാരില്‍ അഞ്ചില്‍ ഒന്നും കുടിയേറ്റക്കാരാണ് അതില്‍ കൂടുതലും ശരിയായ രേഖകള്‍ ഇല്ലാത്തവരും. സര്‍ക്കാര്‍ പുറത്തുവിടുന്ന ഇത്തരം കണക്കുകള്‍ ഒക്കെ തട്ടിക്കൂട്ടിയ കണക്കാണെന്നാണ് കുടിയേറ്റക്കാരോട് അനുഭാവമുള്ളവര്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ വഴങ്ങുന്ന സ്വഭാവം ഉള്ള, പേടിച്ചു ജീവിക്കുന്ന ഒരു വലിയകൂട്ടം നിയമവിരുദ്ധമായി കടന്നുവന്ന തൊഴിലാകളാണ് അമേരിക്കയുടെ അഭിവൃദ്ധി നിലനിര്‍ത്തുന്നത്. ഏതാണ്ട് 12 ബില്യണ്‍ ഡോളര്‍ ആണ് ഇവര്‍ ഒരു വര്ഷം സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിലേക്ക് കൊടുക്കുന്നത്. 3 ബില്യണ്‍ ഡോളര്‍ ഇവര്‍ മെഡികെയര്‍ ട്രസ്റ്റ് ഫണ്ടിലേക്കും കൊടുക്കുന്നു. ഈ സാമൂഹ്യ പദ്ധതികളില്‍ നിന്നും ഒന്നും അവര്‍ക്കു ഒരു ഡോളര്‍ പോലും പ്രതിഫലം കിട്ടുന്നില്ല.

ചുരുക്കത്തില്‍, അവര്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സങ്കേത നഗരങ്ങളില്‍ (Sanctuary Cities) ഇവരുടെ മൂല്യം മനസ്സിലാക്കി, ഇവരെ അനുഭാവപൂര്‍വ്വമാണ് പരിഗണിക്കുന്നത്. ഇവരുടെ കുട്ടികള്‍ക്ക് സ്കൂളില്‍ ചേര്‍ന്ന് പഠിക്കാനും മറ്റുമുള്ള സൗകര്യങ്ങളും കൊടുക്കുന്നു. ലോസ് ആഞ്ചലോസ്, ന്യൂ യോര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍ ഡി. സി. തുടങ്ങിയ ഇത്തരം സങ്കേത നഗരങ്ങളില്‍, ഇവരുടെ കുറ്റകൃത്യങ്ങള്‍ കുറവും, സമ്പദ്‌വ്യവസ്ഥ ശക്തവുമാണ്.

അര മില്യണിന്‍ലധികം നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരുള്ള ന്യൂയോര്‍ക് സിറ്റിയില്‍, ഹോട്ടല്‍, നിര്‍മ്മാണം, ചില്ലറകച്ചവടം, െ്രെഡവിംഗ് , വിതരണം, ശുചീകരണം, എന്നീ മേഖലകളില്‍ ഇവരുടെ സഹായം കൂടാതെ പ്രവര്‍ത്തിക്കാനാകുമോ എന്ന് തന്നെ സംശയമാണ്. താരതമ്യേന കുറഞ്ഞ വേതനവും, ആനുകൂല്യങ്ങള്‍ ഒഴിവാക്കുകയും വഴി ഇവര്‍ സമസ്ത മേഖലകളിലും അടിസ്ഥാന സാന്നിധ്യമാണ്. വീട്ടു ജോലികള്‍ക്കും നമ്മുടെ ഒരു അത്താണിയാണ് ഇവര്‍. ഇന്ത്യന്‍ കടകളില്‍ എത്ര ചിക്കന്‍ വേണം എന്ന് മലയാളത്തില്‍ ചോദിക്കുന്ന മെക്‌സിക്കോകാരനും, ചില്ലി ചിക്കന്‍ ഭംഗിയായി ഉണ്ടാക്കി തരുന്ന ഇക്കഡോറുകാരനും ഒക്കെ നമ്മുടെ അഭിവാജ്യ ഘടകമാണല്ലോ. ഇവരെ ഒക്കെ പറഞ്ഞുവിട്ടാല്‍ എന്ത് കൊടുത്താണ് ഒരു അമേരിക്കകാരനെ ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുക?

ആമസോണ്‍ എന്ന അമേരിക്കന്‍ വ്യവസായഭീമന്‍ ന്യൂയോര്‍ക്കില്‍ അവരുടെ മുഖ്യകാര്യാലയം തുറക്കാന്‍ പോകയായിരുന്നു. അതിനു ന്യൂ യോര്‍ക്കിലെ നികുതിദായകര്‍ 3 ബില്യണ്‍ ഡോളര്‍ നികുതിയിളവുകള്‍ കൊടുക്കാം അതിനു പകരം ആയിരക്കണക്കിന് മുന്തിയ തൊഴിലവസരങ്ങള്‍ സിറ്റിയില്‍ ഉണ്ടാക്കാം എന്നായിരുന്നു ധാരണ. ന്യൂ യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. ഇത്തരം ഒരു ബിസിനസ് വമ്പന്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന വികസനത്തെക്കുറിച്ചു കച്ചവടക്കാരും നിവാസികളും ദിവാസ്വപ്നം കാണുന്നതിടെ പെട്ടന്ന് ആമസോണ്‍ , ന്യൂയോര്‍ക്കിലെ പുതിയ സംരംഭത്തില്‍ നിന്നും പിന്‍വാങ്ങി.

ന്യൂ യോര്‍ക്കിലെ തൊഴില്‍ നിബന്ധനകളും യൂണിയന്‍ പരിപാടികള്‍ ഒന്നും അവര്‍ അംഗീകരിക്കില്ല. അവര്‍ പദ്ധതിയിടുന്ന നഗരത്തിനു അവരുടേതായ ചില കാഴ്ചപ്പാടുകള്‍ ഒക്കെ ഉണ്ട് . അതിനനുസരിച്ചു ഭരണകൂടങ്ങള്‍ ചലിക്കണം . അത് നിര്ബന്ധമാണ്. അങ്ങനെ പ്രാദേശീക ഭരണകൂടങ്ങള്‍ക്കും മേലേ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനുകള്‍ക്കു മനുഷ്യബന്ധമായ നടപടിക്രമങ്ങള്‍ ഒക്കെ അനഭിലഷണീയം !. ഇതാണ് ഇനിയും അമേരിക്കന്‍ നഗരങ്ങളെ കാത്തിരിക്കുന്ന ജന്‍ട്രിഫിക്കേഷന്‍ എന്ന വ്യാളി. അവിടെ ഒഴിവാക്കപ്പെടേണ്ടത് കുടിയേറ്റക്കാരും, സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യ പദ്ധതികളുമാണ്.

പല അമേരിക്കന്‍ നഗരങ്ങളും പ്രത്യക്ഷത്തില്‍ രണ്ടു നിറം ആയിക്കഴിഞ്ഞു. എത്രയും ചെലവു വഹിക്കാന്‍ കഴിവുണ്ടായിരിക്കുക എന്നത് മാത്രമാണ് നിവാസിയുടെ നിലവാരം, ആകാത്തവര്‍ സ്ഥലം കാലിയാക്കുക എത്രയും വേഗം. വളരെ വേഗം ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്നതു നഗരത്തിന്റെ ഗതിവിധികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്കു മനസ്സിലാകുന്നുണ്ട്. തല്ക്കാലം, നവാഗതയായ ചെറുപ്പക്കാരിയായ അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ അലക്‌സാണ്ഡ്രിയ ഒക്കാഷിയോ കോര്‍ട്ടസ്, ആമസോണിന്റെ പിന്‍വാങ്ങലിനെ നൃത്തം ചവിട്ടി ആഘോഷിച്ചു. ഇനി എത്രനാള്‍ ഈ നൃത്തം ചവിട്ടി നില്‍ക്കാനാവുമെന്നുള്ളത് കാലം തെളിയിക്കും.

(ശ്രീ. എം.പി വീരേന്ദ്രമാകുമാറിന്റെ “ആമസോണും കുറെ വ്യാകുലതകളും” എന്ന പുസ്തകത്തോട് യാതൊരു ബന്ധവും ഈ ലേഖനത്തിനില്ല)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top